പൂവറ്റൂർ ബാഹുലേയൻ

July 10, 2020, 5:00 am

അമേരിക്കയുടെ കെണിയില്‍ ഇന്ത്യ വീണുപോയാല്‍

Janayugom Online

പൂവറ്റൂർ ബാഹുലേയൻ

ന്ത്യ‑ചെെന ഭായി ഭായി’ എന്ന വിശേഷണത്തില്‍ നിന്നും ഇന്ത്യയും ചെെനയും തമ്മിലുള്ള ബന്ധം ഇന്ന് ശത്രുതയുടേതുമാത്രമായി മാറിയിരിക്കുന്നു. 45 വര്‍ഷത്തോളമായി ആയുധമെടുക്കാത്ത ഇന്ത്യ‑ചെെന ബന്ധത്തിനിടയില്‍ ഒട്ടേറെ തവണ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും 2020 ജൂണ്‍ 15 രാത്രിയിലെ സംഭവം ഇന്ത്യയുടെ ആത്മാവിനെ മുറിവേല്പിക്കുന്നതായി. വാക്കു പാലിക്കാതെ വഞ്ചനയുടെ ഒരുപാട് കഥകള്‍ പേറുന്ന ചെെനയോട് എന്തെന്നില്ലാത്ത പ്രതിഷേധവും രോഷവുമാണ് ഓരോ ഇന്ത്യക്കാരനുമുള്ളത്. അമേരിക്കയെയോ മറ്റാരെയോ കൂട്ടുപിടിച്ചായാലും ചെെനയെ ഒരു പാഠം പഠിപ്പിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. ഇനിയൊരു ലോകയുദ്ധം ഇന്ത്യ‑ചെെന യുദ്ധത്തോടെയാവാമെന്നു കരുതുന്നവരും ഉണ്ട്. അതിർത്തിയിൽ നിന്ന് ചൈന പൂർണ്ണമായും പിന്മാറിയെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി അറിയിച്ചെങ്കിലും അത് എത്രമാത്രം ശരിയെന്നതിനെക്കുറിച്ചാണ് ഏറ്റവും പുതിയ ചർച്ച. സേനാപിന്മാറ്റത്തിലൂടെ സമാധാനവും സാഹോദര്യവും പുനസ്ഥാപിക്കട്ടെയെന്നാണ് സർവരും ആഗ്രഹിക്കുന്നത്.

ഇന്ത്യയും ചെെനയും തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍ എന്തായിരിക്കും അനന്തരഫലം? ആരുടെയൊക്കെ പിന്തുണ ഉണ്ടായാലും ഇന്ത്യക്ക് ആത്യന്തികമായ നേട്ടമോ സമാധാനമോ ഉണ്ടാവുമോ? ചെെനയുമായി സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമല്ലെന്നും ചരിത്രം അതാണ് വ്യക്തമാക്കുന്നതെന്നുമുള്ള വാദത്തില്‍ കഴമ്പുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തി നിര്‍ണ്ണയിച്ച മക്‌മോഹന്‍ ലെെന്‍ അംഗീകരിക്കാത്ത ചെെന 1959ല്‍ കോംഖാലായില്‍ ഏഴ് ഇന്ത്യന്‍ സെെനികരെ വധിക്കുകയും മൂന്ന് സെെനികരെ തടവിലാക്കുകയും ചെയ്തു. ചെെനയുടെ വഞ്ചനാപരമായ നടപടികളുടെ ആദ്യത്തെ പ്രധാന പ്രഹരമായിരുന്നു ഇത്. കരംസിംഗ് എന്ന ഗ്രൂപ്പ് തലവനും മറ്റ് ഇന്ത്യന്‍ സെെനികരും ചെെനീസ് തടവറയില്‍ അനുഭവിച്ച കൊടുംക്രൂരതകള്‍ ചെെനയുടെ മുഖം വെളിപ്പെടുത്തുന്നതായി. 1962ലെ ഇന്ത്യ‑ചെെന യുദ്ധത്തിന്റെ മുറിവുകളില്‍ നിന്നും മോചനം നേടാന്‍ ഇന്ത്യക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവിനേറ്റ വലിയൊരു ക്ഷതമായിരുന്നു അത്. ഇതിനുശേഷം ചെെന കൊണ്ടുവന്ന ലെെന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി-നിയന്ത്രണരേഖ) ചെെന തന്നെ ലംഘിക്കുന്നതായിട്ടാണ് ചരിത്രം വ്യക്തമാക്കുന്നത്. ഇന്ത്യയും ചെെനയുമായി സമാധാനം നിലനിര്‍ത്തുന്നതിനായി 1988 ഡിസംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചെെന സന്ദര്‍ശിക്കുകയും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തു. തര്‍ക്കങ്ങള്‍‌ക്ക് ഒരു ശാശ്വത പരിഹാരമാവുമെന്ന ധാരണയില്‍ ഇന്ത്യ ലെെന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ 1993ല്‍ അംഗീകരിച്ചു. ഇരുകൂട്ടരും വെടി ഉതിര്‍ക്കുകയോ പരസ്പരം കൊല്ലുകയോ ഇല്ല എന്നതുള്‍പ്പെടെ കൂടുതല്‍ വ്യക്തതയോടെ മറ്റൊരു കരാറും 1996ല്‍ പരസ്പരം അംഗീകരിച്ചു. നിയന്ത്രണരേഖയുടെ ഇരുവശത്തുമുള്ള രണ്ട് കിലോമീറ്റര്‍ പരിധിയില്‍ ഇത് പൂര്‍ണ്ണമായും പാലിക്കുമെന്ന ഈ വ്യവസ്ഥ നിലവിലിരിക്കുമ്പോഴും രണ്ട് കൂട്ടരും അതിര്‍ത്തിയുടെ പല പ്രദേശങ്ങളിലും ഉരസലുകള്‍ നടത്തിയിട്ടുണ്ട്. വെടിയുതിര്‍ക്കാതെ മ്ലേച്ഛമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യന്‍ സെെനികര്‍ക്കുനേരെ കടന്നാക്രമണം നടത്തുന്നതാണ് 2020 ജൂണ്‍ 15ന് ഗല്‍വാനില്‍ കണ്ടത്.

1959 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ പലപ്പോഴും വിശ്വാസവഞ്ചനയുടെയും അതിക്രമത്തിന്റെയും വഴിയിലൂടെ തര്‍ക്കങ്ങളും കുതന്ത്രങ്ങളും നടത്തുകയായിരുന്നു ചെെന. 1962നെ തുടര്‍ന്ന് 1967ലും 2013ലും 2017ലും അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കി. ഇന്ത്യന്‍ മണ്ണ് കെെക്കലാക്കുന്ന സമീപനമാണ് ചെെന സ്വീകരിച്ചത്. ഇപ്പോള്‍ കെെക്കലാക്കിയതാവട്ടെ എട്ട് കിലോമീറ്റര്‍ പ്രദേശവും. അതിക്രമിച്ചു കയറിയ ഈ പാംഗോങ് മലനിരയില്‍ ചെെനയുടെ ഭൂപടവും വരച്ച് പുതിയ തര്‍ക്കങ്ങളും വാദഗതികളുമായി നീങ്ങാനാണ് ചെെനയുടെ കുതന്ത്രം. ഇന്ത്യന്‍ മണ്ണ് കെെവശപ്പെടുത്തുകയും നിരന്തരം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന ചെെനയുമായി എങ്ങനെ സൗഹൃദത്തിലും സമാധാനത്തിലും എത്താനാകും എന്ന് ആരും ചിന്തിച്ചുപോകും.

അമേരിക്കയുടെയും ഇസ്രയേലിന്റെയും ഓസ്ട്രേലിയയുടെയും ജപ്പാന്റെയുമൊക്കെ പിന്തുണയോടെ ചെെനയ്ക്കെതിരെ ആയുധമെടുക്കുന്നതിനെപ്പറ്റിയും സ്വാഭാവികമായും ചിന്തിച്ചുപോകും. തുടക്കത്തില്‍ പറഞ്ഞതുപോലെ എന്തായിരിക്കും ഇതിന്റെ അനന്തരഫലം? ഇവിടെയാണ് സമചിത്തതയോടെ കാര്യങ്ങളെ കാണേണ്ടതിന്റെ പ്രസക്തി. ഗല്‍വാന്‍ വിഷയത്തിലും തുടര്‍ന്ന് ചെെനയ്ക്കെതിരെയുള്ള ഇന്ത്യന്‍ നടപടികളിലും ഇന്ത്യക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുള്ളത്. അമേരിക്കയോടൊപ്പം നില്‍ക്കുന്ന രാജ്യങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കാം. എന്നാല്‍ ഈ പ്രതീക്ഷകളെ ഉത്തമവിശ്വാസത്തിലെടുക്കാനാവുമോ? ഇന്ത്യ‑പാകിസ്ഥാന്‍ വിഷയങ്ങളിലൊക്കെ അമേരിക്ക സ്വീകരിച്ച നിലപാടുകള്‍ ഓര്‍ക്കേണ്ടതുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനങ്ങളെയും നിയമങ്ങളെയും കാറ്റില്‍പ്പറത്തി പലസ്തീനില്‍ നിന്നും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ തുനിയുന്ന നെതന്യാഹുവിന്റെ ഇസ്രയേലിനോട് ഇന്ത്യ എന്ത് സമീപനം സ്വീകരിക്കും? ഇന്ത്യയെ അമേരിക്കയുടെ വരുതിയില്‍ കൊണ്ടുവരാന്‍ ശീതയുദ്ധകാലം മുതല്‍ക്കെ അമേരിക്ക പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തില്‍ നിന്നും ചെെനയെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് ഇന്ത്യ വരണമെന്നുള്ള അമേരിക്കയുടെ 1950ലെ വികാരപ്രകടനം. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു നഷ്ടപ്പെടുത്തിയ ഒരു സുവര്‍ണ്ണാവസരമായിരുന്നു ഇതെന്ന് പല സന്ദര്‍ഭങ്ങളിലും ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയെപ്പോലെയുള്ള പലരും പറഞ്ഞിട്ടുണ്ട്. ആ അവസരം പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ചെെന ഒരിക്കലും ഇത്തരത്തില്‍ ഒരു വന്‍ ശക്തിയാവുകയില്ലായിരുന്നുവെന്നും ഇന്ത്യക്ക് ഇതുപോലെ ഒരു ഭീഷണി ഉയര്‍ത്തുമായിരുന്നില്ലെന്നും വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്.

അമേരിക്കയുടെ വാഗ്ദാനം സ്വീകരിക്കാതെ നെഹ്റു സ്വീകരിച്ച സമീപനം ശരിയായിരുന്നോ? ഇതിനുത്തരം കണ്ടെത്താന്‍ മറിച്ചായിരുന്നു നെഹ്റു തീരുമാനിച്ചിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നു പരിശോധിച്ചാല്‍ മതിയാവും. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുന്ന വേളയായിരുന്നു അത്. കൊറിയയ്ക്ക് പിന്തുണയുമായി ചെെനയും സോവിയറ്റ് യൂണിയനും ഉണ്ടായിരുന്നു. അത്യന്തം അപകടകരമായ ആ വേളയില്‍ ഇന്ത്യ സ്വീകരിക്കുന്ന സമീപനത്തിന്റെ ദൂരവ്യാപകഫലങ്ങളെ ദീര്‍ഘദൃഷ്ടിയോടെ നെഹ്റു നോക്കിക്കണ്ടു. അമേരിക്കയുടെ ഹിതമനുസരിച്ച് ചെെനയ്ക്കെതിരെ തിരിഞ്ഞാല്‍ ചെെനയുടെ നിദാന്ത ശത്രുതയ്ക്കപ്പുറം സോവിയറ്റ് യൂണിയന്റെ സഹകരണംകൂടി നഷ്ടപ്പെടും. ചേരിചേരാനയം വിട്ട് അണുവായുധ ശേഖരങ്ങളുള്ള സൂപ്പര്‍ പവര്‍ രാഷ്ട്രങ്ങളുടെ ഇടയില്‍ ഒരു പക്ഷം ചേര്‍ന്നാലുണ്ടാകാവുന്ന അപകടം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു.

ഇനി അമേരിക്കന്‍ വാഗ്ദാനത്തിന്റെ യഥാര്‍ത്ഥ സാധൂകരണം പരിശോധിച്ചാല്‍ നെഹ്റു സ്വീകരിച്ച നയം ശരിയായിരുന്നോ എന്ന് കൂടുതല്‍ വ്യക്തമാവും. യുഎന്‍ ചാര്‍ട്ടറില്‍ ഭേദഗതി വരുത്താതെ സെക്യൂരിറ്റി കൗണ്‍സിലില്‍ നിന്നും ഒരു സ്ഥിരാംഗത്തെ മാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ സാധ്യമായിരുന്നില്ല. ഇന്ത്യ വേഷംകെട്ടി ഇറങ്ങിയിരുന്നുവെങ്കില്‍ സോവിയറ്റ് യൂണിയന്‍ തന്നെ അതു വീറ്റോ ചെയ്യുകയും ഇന്ത്യയുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയും ചെയ്യുമായിരുന്നു. അതിലുപരി, എല്ലാക്കാലത്തും ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായ സോവിയറ്റ് യൂണിയന്റെ സഹകരണം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. ഇവിടെയാണ് ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടത്. ഇന്ത്യ‑പാ‌കിസ്ഥാന്‍ പ്രശ്നങ്ങളിലും 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്തുമെല്ലാം സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണയും സഹകരണസഹായങ്ങളും എത്ര വലുതായിരുന്നുവെന്ന് കശ്മീര്‍ വിഷയത്തില്‍ എത്ര തവണയാണ് അമേരിക്കന്‍ നീക്കങ്ങളെ പരാജയപ്പെടുത്തി ഇന്ത്യക്കുവേണ്ടി സോവിയറ്റ് യൂണിയന്‍ വീറ്റോ പ്രയോഗിച്ചിട്ടുള്ളത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെെന ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാവുമ്പോള്‍ മുന്‍ സോവിയറ്റ് യൂണിയന്‍ അഥവാ റഷ്യ എന്നും വിശ്വസിക്കാവുന്ന ആത്മാര്‍ത്ഥ സുഹൃത്താണ്. അനുഭവങ്ങളുടെ സാക്ഷ്യംകൊണ്ടും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലംകൊണ്ടും നെഹ്റുവായിരുന്നു ശരിയെന്നു കണ്ടെത്താനാവും. എന്നാല്‍ 1960ല്‍ ഇന്ത്യ സന്ദര്‍ശിച്ച ചെെനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായ് മുന്നോട്ടുവച്ച അതിര്‍ത്തിത്തര്‍ക്ക പരിഹാര വാഗ്ദാനം തള്ളിക്കളഞ്ഞ നെഹ്റുവിന്റെ നടപടി ചരിത്രത്തിലെ കെെവിട്ടുപോയ സുവര്‍ണാവസരമായി കാണേണ്ടതുമുണ്ട്.

അതിരുകളില്ലാതെ മഹാമാരിയുടെ വെെറസുകള്‍ വ്യാപിക്കുമ്പോള്‍ അതിനുത്തരവാദികളെന്നാരോപിക്കപ്പെടുന്ന ചെെന തന്നെ അതിരുകള്‍ ഭേദിച്ച് അക്രമങ്ങള്‍ നടത്തുന്നത് മാനവികതയ്ക്ക് നിരക്കുന്നതല്ല. എന്നാല്‍ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ആരെയും ഉപയോഗിക്കുന്ന അമേരിക്കയുടെ കെണിയില്‍പ്പെട്ട് യുദ്ധത്തിനായി ഇന്ത്യ പുറപ്പെട്ടാല്‍ ശാന്തിയും സമാധാനവും എത്രമാത്രം അകലെയാവും. ചെെനയ്ക്കെതിരെ ലോകമനസാക്ഷിയെ ഉണര്‍ത്തിക്കൊണ്ടുവരേണ്ടത് ചരിത്ര നിയോഗമാണ്. അതില്‍ റഷ്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ കഴിയുന്നത് ഒരുതരത്തിലുള്ള യുദ്ധവിജയമാണ്. അനേകം ജീവനുകളെയും ഭാവിജീവിതങ്ങളെയും മുന്നില്‍ക്കണ്ട് വിവേകപൂര്‍വ്വം സ്വീകരിക്കുന്ന ഏതൊരു നടപടിയും വിജയമായി ഭാവിചരിത്രം വിലയിരുത്തും.