സി ആര്‍ ജോസ്പ്രകാശ്

January 11, 2021, 5:31 am

തകര്‍ച്ചയുടെ നാളുകളില്‍ വരുന്ന കേരള ബജറ്റ്

Janayugom Online

സി ആര്‍ ജോസ്പ്രകാശ്

2020–21 സാമ്പത്തിക വര്‍ഷത്തിലെ കേരള ബജറ്റ് ജനുവരി 15ന് അവതരിപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ വന്നുനില്‍ക്കുന്ന ഘട്ടമായതിനാല്‍ ഒരു സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതില്‍ ധനമന്ത്രിക്ക് പരിമിതികള്‍‍ ഉണ്ട് എന്നത് വ്യക്തം. എന്നാല്‍ ഈ ബജറ്റിന്റെ സവിശേഷതകള്‍ നിരവധിയാണ്.

കോവിഡ് മഹാമാരിയുടെ ദുരന്തവഴിയില്‍ ലോകവും രാജ്യവും കേരളവും എത്തിനില്‍ക്കുന്ന അവസ്ഥ, സമ്പദ്ഘടനയില്‍ അതു സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആഘാതം, കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന നികുതിവരുമാനം പകുതിക്ക് താഴെയായ സ്ഥിതി, ചെലവുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യം, കടവും പലിശനിരക്കും കുതിച്ചുയരുന്ന രീതി, ഭരണത്തിന്റെ കാലാവധി തീരാന്‍ പോകുന്നതിനാല്‍ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാവുന്ന സാമ്പത്തിക സമ്മര്‍ദ്ദം, അതിനുപുറമെ പുതുതായി പ്രഖ്യാപിച്ച 100 ദിനകര്‍മ്മ പരിപാടികള്‍, പുതുവര്‍ഷത്തില്‍ പ്രഖ്യാപിച്ച 10 പ്രഖ്യാപനങ്ങള്‍ ഇവയുടെ നടപ്പിലാക്കല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അര്‍ഹതപ്പെട്ട ശമ്പള പരിഷ്കരണവും പെന്‍ഷന്‍ പരിഷ്കരണവും വെെകിയ സാഹചര്യത്തില്‍ അതു നടപ്പിലാക്കല്‍, 16 ശതമാനം ക്ഷാമബത്ത കുടിശികയായ സ്ഥിതിവിശേഷം, സാമൂഹ്യക്ഷേമ പെന്‍ഷന്‍ വീണ്ടും ഉയര്‍ത്തിയതിന്റെ സാമ്പത്തിക സമ്മര്‍ദ്ദം, കാര്‍ഷിക മേഖലയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സ്വഭാവത്തില്‍ ഏറ്റെടുക്കേണ്ടിവരുന്ന പദ്ധതികളുടെ നടപ്പിലാക്കല്‍, റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയായി ഉയര്‍ത്തേണ്ടിവരുന്ന സാഹചര്യം, കോവിഡ് സാഹചര്യത്തില്‍ ഏപ്രില്‍ വരെ നല്‍കേണ്ട ഭക്ഷ്യകിറ്റിന്റെ ഭീമമായ ചെലവ്, 15-ാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു നല്‍കിയെങ്കിലും അതിനുമേല്‍ തുടര്‍നടപടി ഉണ്ടാകാത്തതിനാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിനു കിട്ടുന്ന വിഹിതമെത്രയെന്നറിയാന്‍ കഴിയാത്തതിന്റെ അനിശ്ചിതത്വം, കേന്ദ്ര ബജറ്റ് ഫെബ്രുവരി മാസത്തിലേ ഉണ്ടാകൂ എന്നതിനാല്‍, ബജറ്റിലൂടെ കേരളത്തിന് എന്തെങ്കിലും കൂടുതലായി കിട്ടുമോ അതോ നിലവിലുള്ള വിഹിതത്തില്‍പോലും കുറവു വരുമോ എന്ന കാര്യത്തിലുള്ള സന്ദിഗ്ധാവസ്ഥയ്ക്കു, ദേശീയപാതയ്ക്കും ശബരി റയില്‍വേ പാതയ്ക്കും സംസ്ഥാനം വിഹിതം നല്‍കേണ്ടിവരുന്ന പുതിയ സാഹചര്യം, കേരളത്തിന് കൂടുതല്‍ ദോഷകരമായി മാറുന്ന വിധത്തില്‍ ഇനിയും ജിഎസ്‌ടി പരിഷ്കാരം ഉണ്ടാകുമെന്ന സൂചന, പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിവരുന്ന പ്രവണത, പ്രവാസികള്‍ കേരളത്തിലേക്കയയ്ക്കുന്ന ഒരു ലക്ഷത്തിലധികം കോടി രൂപയില്‍ വന്‍ ചോര്‍ച്ചയുണ്ടാകുമെന്ന ആശങ്ക, കോവിഡ് വാക്സിന്‍ വില കൊടുത്തുവാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കേണ്ടിവരുമോ എന്ന സംശയം, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കല്‍, കഴിഞ്ഞ മാസം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് കേരള സര്‍ക്കാരില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള വലിയ പ്രതീക്ഷകള്‍ എങ്ങനെ നിറവേറ്റാനാകുമെന്ന വെല്ലുവിളി ഇവയൊക്കെ ഈ ബജറ്റിനെ ആഴത്തില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സമ്പൂര്‍ണമല്ലാത്ത ഈ ബജറ്റ് ഒരുപക്ഷേ ചരിത്രത്തില്‍ ഇടം നേടുന്ന ഒന്നായി മാറിയേക്കാം.

2019–20 ലെ കേരള ബജറ്റ് പ്രകാരം മൊത്തം വരവ് 1,15,354 കോടി രൂപയും ചെലവ് 1,24,125 കോടി രൂപയുമായിരുന്നു. ബജറ്റിലൂടെയും ‘കിഫ്ബി‘യിലൂടെയുമായി മൂലധന ചെലവില്‍ 53.31 ശതമാനം വര്‍ധനവുണ്ടാകാമെന്നാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. ഇതിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ ബജറ്റിനു മുന്നോടിയായുള്ള ‘എക്കണോമിക് സര്‍വെ റിപ്പോര്‍ട്ട്’ വരുന്നതുവരെ കാത്തിരിക്കണം. സംസ്ഥാന നികുതിവരുമാനം, നികുതിയിതര വരുമാനം, കേന്ദ്ര ടാക്സ് വിഹിതം, ഗ്രാന്റ് ഇന്‍ എയ്ഡ്, ലോണ്‍ റിക്കവറി, പൊതുകടം സമാഹരിക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം ഇതൊക്കെ ചേര്‍ന്നതാണ് സംസ്ഥാനത്തിന്റെ മൊത്തം വരവ്. എന്നാല്‍ ഈ കോവിഡ് കാലഘട്ടത്തില്‍ വരുമാനത്തില്‍ ഉണ്ടായ ചോര്‍ച്ച ഭീതിജനകമാണ്. വില്പന നികുതി, രജിസ്ട്രേഷന്‍ ഫീസ്, വാഹന നികുതി, എക്സെെസ് നികുതി ഇതിലെല്ലാം വന്‍ കുറവുണ്ടായി. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള വരുമാനത്തിന്റെ കണക്കെടുത്താല്‍ ഇത് ബോധ്യമാകും. ഒരു വര്‍ഷംകൊണ്ട് നികുതി വരുമാനമായി കിട്ടേണ്ടിയിരുന്ന 55,652 കോടി രൂപയ്ക്ക് പകരം കിട്ടിയത് 25,086 കോടി രൂപ മാത്രമാണ്. വെറും 45.21 ശതമാനം മാത്രം.

നടപ്പു സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ കടം 2,68,353 കോടി രൂപയാണ്. ഇത് 2,90,000 കോടിയില്‍ അധികം രൂപയായി ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ 18 ശതമാനത്തില്‍ അധികം രൂപ പലിശയ്ക്കായി മാറ്റിവയ്ക്കണം. ഓരോ അഞ്ച്, ആറ് വര്‍ഷംകൊണ്ട് കേരളത്തിന്റെ കടം ഇരട്ടി ഇരട്ടിയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലധികമായുള്ള അനുഭവം. 2016–17ല്‍ 1,60,638 കോടി രൂപയായിരുന്നു പൊതുകടം. ഇത് 2017–18ല്‍ 1,89,869 കോടിയായും 2018–19ല്‍ 2,14,618 കോടിയായും 2019–20ല്‍ 2,39,991 കോടിയായും ഉയര്‍ന്നു. 2020–21 ലെ പൊതുകടം എത്രയായിരിക്കുമെന്ന് 2021 മാര്‍ച്ച് 31ന് ശേഷമേ പറയാന്‍ കഴിയൂ. എന്നാല്‍ കടത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കടഭാരം കൂടുന്നു, പലിശ ചെലവ് കൂടുന്നു, പ്രതീക്ഷിച്ച വരുമാനം പകുതിക്ക് താഴെയാകുന്നു, ചെലവുകള്‍ നിയന്ത്രണമില്ലാതെ ഉയരുന്നു, തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്നു; സര്‍ക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ന്നിരിക്കുന്നു, ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു, ധനകാര്യ സ്ഥാപനങ്ങളും ഇതേ നില സ്വീകരിക്കുന്നു. ബജറ്റവതരണത്തിന് ധനമന്ത്രി ഡോ. തോമസ് ഐസക് നേരിടുന്ന വെല്ലുവിളിയുടെ ആഴം ഇവിടെ പ്രകടമാണ്.

നോട്ടുനിരോധനം, അശാസ്ത്രീയമായ രീതിയിലുള്ള ജിഎസ്‌ടി പരിഷ്കാരം, രണ്ടു പ്രളയങ്ങള്‍, കോവിഡ് മഹാമാരി ഇവയാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ താളംതെറ്റിച്ചത്. ജിഎസ്‌ടി പരിഷ്കാരം ഇല്ലായിരുന്നുവെങ്കില്‍, ഓരോ വര്‍ഷവും നികുതി വരുമാനത്തില്‍ 20–22 ശതമാനം വര്‍ധനവുണ്ടാകുമായിരുന്നു. അതില്ലാതായി. ജിഎസ്‌ടി നഷ്ടപരിഹാര തുക അപര്യാപ്തമായിരുന്നു എന്നു മാത്രമല്ല, കൃത്യതയോടെ കിട്ടിയതുമില്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ ചെലവ് കൂടുക സ്വാഭാവികം. മൂലധന നിക്ഷേപം വര്‍ധിക്കുമ്പോഴും ഇതുതന്നെ സംഭവിക്കും. കിഫ്ബിയുടെ പ്രസക്തി ഇവിടെയാണ്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും കേന്ദ്രത്തെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കേരളം കെെവരിച്ചു എന്നതിനെ ചെറുതായി കണ്ടുകൂട. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യവികസനം, പൊതുവിതരണം, റോഡുകളുടെ നവീകരണം തുടങ്ങി മിക്ക മേഖലകളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴും ചെലവുകൂടും. ഇതിനാനുപാതികമായി വരവു കൂടിയില്ലെങ്കില്‍ കടം വാങ്ങുകയല്ലാതെ മറ്റുവഴികള്‍ ഒരു സര്‍ക്കാരിനു മുന്നിലും ഉണ്ടാകില്ല. നാട് വികസിക്കുകയും ജനജീവിതം മെച്ചപ്പെടുകയും വളര്‍ച്ചാനിരക്ക് ശക്തിപ്പെടുകയും ചെയ്യുകയാണെങ്കില്‍, കടം വര്‍ധിക്കുന്നത് അപകടകരമാവില്ല എന്നതാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറ. മാത്രവുമല്ല, തോന്നുന്ന രീതിയിലൊക്കെ കടംവാങ്ങാന്‍ ഒരു സംസ്ഥാനത്തിന് സ്വാതന്ത്ര്യവുമില്ല. സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനം വരുന്ന തുക മാത്രമേ കടമായി വാങ്ങാന്‍ കഴിയു. അതിനപ്പുറം പോകാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കില്ല. ഇത് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം കേരളം ദീര്‍ഘകാലമായി ഉന്നയിക്കുന്നതാണ്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ ആവശ്യം അംഗീകരിച്ചുവെങ്കിലും അതുകിട്ടാന്‍ നാലു നിബന്ധനകള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചു, ഒരു നിബന്ധന പാലിച്ചാല്‍ അര ശതമാനം തുക കൂടി വായ്പ എടുക്കാം. കേരളം ഇതിനകം ഒരു നിബന്ധന പാലിക്കുകയും അരശതമാനമായ 2261 കോടി അധികമായി കടം വാങ്ങുകയും ചെയ്തുകഴിഞ്ഞു. രണ്ട് ശതമാനം തുകയായ 9044 കോടി രൂപയും വാങ്ങിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാനം ഏര്‍പ്പെട്ടിരിക്കുന്നത്. റവന്യൂകമ്മി നഷ്ടപരിഹാര തുകയായി 1277 കോടി രൂപയും ജിഎസ്‌ടി നഷ്ടപരിഹാരമായി 1598 കോടി രൂപയും കഴിഞ്ഞ മാസം വാങ്ങിയെടുക്കാന്‍ കഴിഞ്ഞത് ആശ്വാസമാണ്. ഈ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തിയാകണം ആസൂത്രണ ബോര്‍ഡ് 36,786 കോടി രൂപയുടെ പദ്ധതിക്ക് ഇപ്പോള്‍ രൂപം നല്‍കിയത്. ഇതില്‍ 27,610 കോടി രൂപ സംസ്ഥാന പദ്ധതിക്കും ബാക്കി തുക കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള കേരളത്തിന്റെ വിഹിതവുമാണ്.

കെെവരിച്ച നേട്ടങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തി ഇനി കേരളം മുന്നേറേണ്ട ഒട്ടേറെ മേഖലകള്‍ ഉണ്ട്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്, എല്ലാ വീടുകളിലും ശുദ്ധജലം, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സൗജന്യ ചികിത്സയും സാമൂഹ്യക്ഷേമ പെന്‍ഷനും ഭക്ഷ്യസാധനങ്ങളുടെ വിലനിയന്ത്രണം, അവശേഷിക്കുന്ന റോഡുകള്‍ കൂടി നവീകരിക്കല്‍, പ്ലാസ്റ്റിക് നിരോധനം ഫലപ്രദമാക്കല്‍, പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തല്‍, പാല്‍, മുട്ട, ഇറച്ചിക്കോഴി, ഇല, പൂവ് തുടങ്ങിയ കാര്യങ്ങളില്‍ സ്വയംപര്യാപ്തത നേടല്‍ ഇക്കാര്യങ്ങള്‍ അടുത്ത രണ്ട് വര്‍ഷംകൊണ്ട് നടപ്പിലാക്കാന്‍ അധികം സാഹസപ്പെടേണ്ടിവരില്ല. കാരണം ഇക്കാര്യങ്ങളിലെല്ലാം കേരളം ലക്ഷ്യത്തിനടുത്തെത്തിയിരിക്കുകയാണ്. എന്നാല്‍ എളുപ്പത്തില്‍ സാധ്യമാക്കാനാകാത്ത ധാരാളം വെല്ലുവിളികള്‍ മുന്നിലുണ്ട്. അതില്‍ ഒന്നാമത്തേത്, അഭ്യസ്തവിദ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയാണ്. കാര്‍ഷിക‑ക്ഷീര മേഖലകള്‍, ഐ ടി രംഗം ഇവയുമായി കൂട്ടിയിണക്കി ഒട്ടേറെ നവീന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. മറ്റൊരു രംഗം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പിന്നാക്കാവസ്ഥയാണ്. ഇത്രയും വാഹനങ്ങളും ഇത്രയും വലിപ്പമുള്ള വീടുകളും കേരളത്തിന് താങ്ങാനാകുമോ എന്ന് ചിന്തിക്കണം. വിദ്യാര്‍ത്ഥികളിലും തൊഴിലെടുക്കുന്നവരിലുമടക്കം സെെക്കിളിന്റെ ഉപയോഗം വ്യാപകമാക്കാന്‍ വലിയ പ്രചാരണം നടത്തണം. സാധ്യമായ സ്ഥലങ്ങളില്‍ സെെക്കിള്‍ യാത്രക്കാര്‍ക്ക് പ്രത്യേക പാത ഒരുക്കണം. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനവും വ്യാപകവുമാക്കണം. വാഹന അപകടനിരക്ക് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പകുതിയാക്കുക എന്നത് വലിയൊരു ലക്ഷ്യമായി പ്രഖ്യാപിക്കണം.

മദ്യപാനം കുടുംബങ്ങളിലും ആരോഗ്യരംഗത്തും സമൂഹത്തിലാകെയും സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ മൂന്നിലൊന്നെങ്കിലും കുറയ്ക്കാന്‍ കഴിയണം. ലോകത്തും രാജ്യത്താകെയും സിവില്‍ സര്‍വീസ് ദുര്‍ബലമാകുകയാണ്. എന്നാല്‍ കേരളത്തില്‍ ഇത് ശക്തവും ഫലപ്രദവുമാണ്. ആധുനിക കാലഘട്ടത്തില്‍ ഈ രംഗത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്നവിധം സമൂലമായ അഴിച്ചുപണി ആവശ്യമാണ്. സിവില്‍ സര്‍വീസ് സംരക്ഷിക്കപ്പെടുകയും അത് നവീകരിക്കപ്പെടുകയും വേണം. പരമാവധി സേവനങ്ങള്‍ വീടുകളില്‍, വ്യക്തികളില്‍ എത്തുന്ന അവസ്ഥയുണ്ടാകണം. 2021‑ല്‍ തന്നെ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങണം. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വെെജ്ഞാനിക തൊഴില്‍ സമൂഹത്തെ സൃഷ്ടിക്കുക എന്നത് സാധ്യമായ സംഗതിയാണ്. പുതിയ ഒരു കാലഘട്ടത്തിന് വഴിതുറക്കുന്ന ഒന്നായി ജനുവരി 15ന് ധനമന്ത്രി അവതരിപ്പിക്കുന്ന കേരള ബജറ്റ് മാറും എന്നാണ് പ്രതീക്ഷ.