September 26, 2022 Monday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

ഇനി മാസ്ക് നമ്മുടെ ഭാഗമാക്കാം

സതീഷ്ബാബു കൊല്ലമ്പലത്ത്
May 8, 2020 5:55 am

“എനിക്ക് പേടിയാകുന്നു. ഞാൻ ഒരു ശാസ്ത്രജ്ഞനാണ്, സത്യമാണെങ്കിൽ വസ്ത്രത്തേക്കാൾ ആവശ്യം മാസ്ക് ആണ്.” ഇറ്റലിയിലെ ബലോഗ്നാ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ലിയനാർഡോ സേത്തിയുടെ വാക്കുകളാണ് ഇവ. വടക്കൻ ഇറ്റലിയിലെ ബർഗാമോയിൽ ഈയിടെ നടത്തിയ പഠനത്തിൽ കൊറോണ വൈറസിന്റെയും സാർസിന്റെയും ആർഎൻഎ കാർബണിന്റെ അതിസൂക്ഷ്മ കണങ്ങൾക്കിടയിൽ കണ്ടെത്തിയതാണ് അദ്ദേഹത്തെ അതിശയിപ്പിച്ചത്. ഇറ്റലിയിൽ ഫെബ്രുവരി 21നും മാർച്ച് 13നും ഇടയിലുള്ള കാലത്ത് മൂന്ന് സ്ഥലങ്ങളിൽനിന്ന് എടുത്ത പിഎം 10 പൊടിപടലങ്ങളിലാണ് ഇത് കണ്ടത്. കൊറോണ വൈറസിന് മഞ്ഞുതുള്ളികളിലും കാർബൺ പൊടികളിലും 24 മണിക്കൂറോളം നിൽക്കാന്‍ കഴിയും. ഇവ കാറ്റത്തു പറക്കുന്നതാണ് ഏറെ അപകടം ഉണ്ടാക്കിയതെന്ന സംശയവും ശാസ്ത്രജ്ഞന്റെ വാക്കുകളിൽ കാണാം.

അധികംപേരും നിസ്സാരവൽക്കരിച്ച വായുവിലെ രാസമാറ്റത്തിന്റ ഭീകരത തിരിച്ചറിയാൻ പറ്റാത്ത മനസ്സ് തന്നെയാണ് ഇറ്റലിയുടെയും അമേരിക്കയുടെയും ശാപമായിത്തീർന്നത്. ഇവ ശ്വസിച്ച് ഇരുപത് ലക്ഷത്തോളം ആളുകൾ മരിക്കുമ്പോഴും നമ്മൾ ഒന്നും അറിയാത്തതുപോലെ ഓഫീസിൽ പോകുന്നു. കുട്ടികൾ സ്കൂളിൽ പോകുന്നു. രാഷ്ട്രീയം പറയുന്നു ഒരു വശത്ത്; മറുവശത്ത് മതത്തിന്റ പേരിൽ വെട്ടിക്കൊല്ലുന്നു. നിസ്സംഗതയുടെ ആൾരൂപം ലോകത്തെ മൊത്തം വിഴുങ്ങിയിരിക്കുന്നു. കൊറോണയെക്കാൾ 100 മടങ്ങ് കൊലയാളിയായ മലിനീകരണ അസുഖത്തെ തടയാൻ, കൊറോണക്കെതിരെ കാണിച്ച കരുതലിന്റെ ഒരു ശതമാനമെങ്കിലും കാണിച്ചുകൂടെ നമുക്ക്. വിഷംപുരണ്ട വായു ശ്വസിച്ച് റോഡിൽ പിടഞ്ഞുവീണ് മരണമടയുന്നവരുടെ നിരക്ക് കൂടിയപ്പോഴും നാം ഒന്നും മനസ്സിലാകാത്തതുപോലെ ഓ­ഫീസിൽ പോകുന്നു. ഭക്ഷണം കഴിക്കുന്നു. മഹാത്ഭുതം!

ഈ മഹാമാരി ലോകം പൂർണമായും വിഴുങ്ങിക്കഴിയുന്നതിനു മുൻപെ കീഴടക്കാം കേവലം ഒരു മാസ്ക് ഉപയോഗിച്ച്. വായു വിഷം കലർന്ന് കലങ്ങിമറിഞ്ഞപ്പോൾ ശ്വസിച്ച് അകത്താക്കുന്നതു തടയാൻ ഒരു മുഖംമൂടിയും വേണ്ട! ഒരു പൊലീസ് കേസ് പോലും ഇല്ല! കൊറോണക്കാലത്ത് എല്ലാവരും മുഖംമൂടി ധരിച്ചു പുറത്തിറങ്ങുന്നതിന് നിയമം കൊണ്ടുവന്നതുപോലെ മലിനീകരണത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ സർജിക്കൽ മാസ്ക് നിർബന്ധമാക്കിയാൽ നമുക്ക് രക്ഷിക്കാം ഒരുപാടു പേരെ. ഇല്ലാത്തവർക്കെതിരെ പൊലീസ് കേസ്സെടുക്കുന്ന അവസ്ഥ വേണം. നമ്മുടെ ബോധമനസ്സിന് തോന്നാത്ത ഒന്നാണ് സ്വയം മാസ്ക് ഉപയോഗിക്കുന്ന കാര്യം. ഹൃദയത്തെ തകർക്കുന്ന വിഷവായുവിനെ തടയാൻ, കാൻസർ എന്ന ഭീകരനെ തടയാൻ, ഒരു പത്തു രൂപ വിലയുള്ള സർജിക്കൽ മാസ്ക്ക് ധരിക്കാൻ നമുക്ക് തോന്നുന്നില്ല എന്നത് പരിഹരിക്കാൻ മാർഗ്ഗം വേണം. മാസ്ക് ധരിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും എന്ന തോന്നൽ ഉണ്ടാവണം.

വിഷവാതകം നമ്മുടെ ശരീരത്തിൽ കയറുന്നത് തടയാൻ നാം ഒരു തൂവാലപോലും കെട്ടുന്നില്ല. ഒരു കേസുപോലും ഉണ്ടാവുന്നില്ല. അതിസൂക്ഷ്മ പൊടിപടലങ്ങൾ ശ്വസിക്കുന്നത് തടയാൻ പല വഴികളും ഉണ്ട്. പക്ഷേ, നാം ഉപയോഗിക്കുന്നില്ല. കോവിഡു കാലത്ത് പലചരക്കു കടയിൽ വന്ന മുപ്പത് വയസുകാരി ടീച്ചർക്ക് വായുമാലിന്യത്തിന്റെയും കോവിഡിന്റെയും അപകടം അറിയാം. നല്ലവണ്ണം അറിഞ്ഞിട്ടുപോലും ഒരു ഉൾപ്രേരണ ഇല്ലാത്തതുകൊണ്ട് മാത്രം മാസ്ക് ധരിക്കാതെ വീട്ടിൽ വച്ചിരിക്കുകയാണ്. അവരുടെ രണ്ടു കുട്ടികൾക്കും മാസ്ക് ഇല്ല. “ഇത് ധരിച്ചാൽ പിന്നെ വിമ്മിഷ്ടമാണ്. ശ്വാസം കിട്ടാത്തതുപോലെ തോന്നും. സ്വസ്ഥമായി നടക്കാനും പറ്റില്ല”. ഇത് ധരിക്കുന്നതുകൊണ്ട് അവർക്ക് എന്തെങ്കിലും ഒരു ഗുണം പെട്ടെന്ന് കിട്ടിയതായി തോന്നുമെങ്കിൽ അവർ മാത്രമല്ല, കുട്ടികളെക്കൊണ്ടും ധരിപ്പിച്ചേനെ. അത് ഇല്ല. എന്ത് കൊടുത്താലും മതി ഈ ഉൾപ്രേരണ പ്രവർത്തിക്കാൻ. യാത്രാ കൺസഷൻ പോലെ ഒരു ഉപഹാരമെങ്കിലും ഇത് ധരിക്കുന്നതുകൊണ്ട് കിട്ടിയാലും മതി. ഇതാണ് ഒരു റിസ്ക്, അല്ലെ­ങ്കിൽ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം.

ഇവിടെ സർജിക്കൽ മാസ്ക് സൗജന്യമായി നൽകിയതുകൊണ്ടുതന്നെ ഇവ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ഒരു തന്ത്രത്തിന്റെ ആവശ്യവും ഇല്ല. റോഡിലിറങ്ങുന്നവർ നിർബന്ധമായും സർജിക്കൽ മാസ്ക് ധരിക്കണം എന്ന് ഒരു ഓർഡർ ഇട്ടാൽ മാത്രം മതി. മലിനീകരണം മൂലമുള്ള ഹൃദയാഘാതവും ശ്വാസതടസ്സവും വന്ന് മരണമടയുന്നവരുടെ എണ്ണം കുറയും. അതുപോലെ ന്യൂറോൺ പ്രസരണം വഴി പെട്ടെന്ന് ദേഷ്യം വന്ന് ആക്രമിക്കുന്നവരുടെയും എണ്ണം കുറയുമെന്ന് പറയേണ്ട കാര്യമില്ല. അത് കേവലം ഒരു വഴിപാട് മാത്രമാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ശിക്ഷിക്കപ്പെടും എന്ന ധാരണയാണ് വരുത്തേണ്ടത്. സർജിക്കൽ മാസ്ക് ഉപയോഗിക്കുന്നതിലൂടെ രോഗകാരികളായ അതിസൂക്ഷ്മ പൊടിപടലങ്ങൾ ശ്വാസകോശങ്ങളിൽ എത്തുന്നത് തടയും.

ഏറ്റവും ചെലവുകുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതുമായ പ്രതിരോധ രീതിയാണ് മാസ്ക്കുകളുടെ ഉപയോഗം. അന്‍പത് രൂപപോലും ശരാശരി ദിവസ വരുമാനമില്ലാത്തവർക്ക് 20 രൂപയുടെ മാസ്ക് വാങ്ങാൻ മാത്രം യുക്തിഭദ്രമായി ചിന്തിക്കുന്നവരല്ല. ഇവ സർക്കാർ വെറുതെ നൽകിയിട്ടും ധരിക്കാതിരുന്നാൽ പൊലീസിന് കേസ് എടുക്കാം. പക്ഷെ കോടതിയിൽ ഹാജരായി, ദാരിദ്യ്രം ഉണ്ടാക്കുന്ന രോഗത്തേക്കാൾ വലുതായി മലിനീകരണ രോഗത്തെ കാണാൻ പറ്റില്ല എന്നു പ്രതി പറഞ്ഞാൽ, വാദി പ്രതിയാകും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.