October 1, 2022 Saturday

മോഡിയിൽ ഒരുപാട് പ്രതീക്ഷിച്ച ഒരാളായിരുന്നു ഞാനും

ജയ് ഖോലിയ
July 26, 2020 5:48 am

രു യുവാവിന്റെ രാഷ്ട്രീയ ബോധമണ്ഡലത്തിന് രണ്ട് വശങ്ങളാണുള്ളത്. ഇതിൽ ഒരു വശം യുവാവിനെ നേർവഴിയിലേയ്ക്ക് നയിക്കുന്നു. ആ യാത്ര നിരവധി പോരാട്ടങ്ങൾ നിറഞ്ഞതായിരിക്കും. രണ്ടാമത്തെ വശം ഏറെ പ്രതിലോമ സ്വാധീനം ഉളവാക്കുന്നതാണ്. അത് യുവാവിന്റെ വ്യക്തിത്വത്തിൽ ചിതറിയ സ്വാധീനങ്ങൾ ചെലുത്തുന്നതാകും. അയാളുടെ വ്യക്തിത്വത്തിൽ അനാരോഗ്യകരമായ സ്വാധീനങ്ങൾ സൃഷ്ടിക്കുന്നു. ദൗർഭാഗ്യവശാൽ രണ്ടാമത്തെ വശമാണ് എന്നെ ഏറെ സ്വാധീനിച്ചത്. എന്നാൽ എന്റെ മനഃസാക്ഷിയുടെ പ്രേരണകൾക്ക് വഴങ്ങി രണ്ട് പടി മുന്നോട്ടുവച്ചു. അധികാരവും ഭൗതിക നേട്ടങ്ങളും ഉപേക്ഷിച്ച് സത്യത്തിന്റെ പാതയിലൂടെ നടന്നു.

2014 ലെ പൊതുതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തി. രാജ്യത്തെ യുവജനത പുതിയ ഭരണത്തെ പൂർണമനസോടെ പിന്തുണച്ചു. രാജ്യത്ത് നിലനിന്നിരുന്ന അഴിമതി, കള്ളപ്പണം എന്നിവയുടെ നിർമ്മാർജ്ജനം, പട്ടിണിയുടെ തുടച്ചുനീക്കൽ എന്നിവയായിരുന്നു ഈ യുവജനത കൊതിച്ചത്. ഇങ്ങനെ ഒരുപാട് പ്രതീക്ഷിച്ചവരിൽ ഒരാളായിരുന്നു ഞാനും. രാജ്യത്ത് നിലവിലുള്ള ഒച്ചിന്റെ വേഗത്തിലുള്ള രാഷ്ട്രീയ‑ഭരണ സംവിധാനങ്ങൾക്ക് മാറ്റം അനിവാര്യമാണ്. രാജ്യത്തിനായി തന്നാൽ കഴിയുന്നത് ചെയ്യണമെന്ന ബോധ്യം ആ സാഹചര്യത്തിൽ ഉടലെടുത്തു. അങ്ങനെയാണ് ബിജെപി- സംഘപരിവാറിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയിൽ ചേർന്നത്. 18 വയസുള്ളപ്പോൾ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ആദ്യവർഷ ബിഎസ്‌സി വിദ്യാർത്ഥി എന്ന നിലയിൽ എല്ലാ ദിവസവും സംഘപരിവാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു. പിന്നീട് എന്നെ ദക്ഷിണ മുംബൈ എബിവിപി ഘടകത്തിന്റെ ജോയിന്റ് സെക്രട്ടറിയാക്കി. ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് സമിതി അംഗം… ഈ വേളയിൽ സംഘടനയുടെ വിവിധ ഭാരവാഹികളുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചു. അപ്പോഴാണ് 2019 ൽ ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം മുംബൈയിൽ നിന്നും ഞാൻ ഡൽഹിയിൽ എത്തി. ഈ സമയത്താണ് വ്യത്യസ്ഥ രാഷ്ട്രീയ വീക്ഷണങ്ങളുള്ള വിദ്യാർത്ഥി യൂണിയൻ നേതാക്കളുമായി പരിചയപ്പെടാൻ അവസരം ലഭിക്കുന്നത്. ഇതുകൂടാതെ ഞാൻ അംഗമായ എബിവിപിയുടെ രഹസ്യ അജണ്ട മനസിലാക്കുന്നതും അപ്പോഴാണ്. അവിടെവച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠിക്കുന്നത്. രണ്ടാഴ്ചയോളം അവിടെ പ്രവർത്തിച്ചു. ഈ സമയത്താണ് ഏറ്റവും നിർണ്ണായകമായ തീരുമാനം ഞാൻ കൈക്കൊള്ളുന്നത്.

ഡൽഹിയിൽ വച്ചാണ് ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങൾ മനസിലാക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ‍ഞാൻ പ്രവർത്തിച്ച സംഘപരിവാർ സംഘടനയുടെ ദുഷ്ചെയ്തികൾ മനസിലാക്കുന്നതും ഈ സാഹചര്യത്തിലാണ്. അവിടെവച്ച് ജെഎൻയുവിലെ വിദ്യാർത്ഥികളുമായി അടുത്തിടപഴകി. ആ കൂടിച്ചേരലുകൾ എന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഞാൻ മുംബൈയിൽ തിരികെയെത്തി സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകി. എന്നാൽ വിവാദമായ പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം സംഭവങ്ങളുടെ ഗതിമാറി. ഇന്ത്യാക്കാരായ മുസ്‌ലിങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ഞങ്ങളോട് നേതാക്കൾ പറഞ്ഞത്. ഡിസംബർ 19 ന് എന്റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മാർച്ചും സംഘടിപ്പിച്ചു. അതല്ല വാസ്തവം എന്ന ബോധം അപ്പോഴും എന്റെ ഉപബോധ മനസിലുണ്ടായിരുന്നു.

തങ്ങളുടെ ബാഹ്യമായ പ്രവൃത്തികളെ അന്തരാത്മാവ് വെറുക്കുന്ന ഒരു സാഹചര്യം എല്ലാ പേരിലും നിശ്ചയമായും ഉണ്ടാകും. ആ നിർണായക ഘട്ടം എന്നെയും തേടിയെത്തി. എന്റെ മനസിലും ഒരു മാറ്റമുണ്ടായി. മുസ്‌ലിം സഹോദരങ്ങളെ ഒഴിവാക്കുന്ന സംഘടനയിലാണല്ലോ പ്രവർത്തിക്കുന്നത് എന്ന ചിന്ത മനസിലുണ്ടായി. എന്റെ മനംമാറ്റം സംബന്ധിച്ച് നിരവധി രാവുംപകലും ചിന്തിച്ചു. ഒരു പുതുവർഷത്തിൽ ഞാൻ ഒരു കത്ത് പോലും നൽകാതെ സംഘപരിവാർ സംഘടനയായ എബിവിപി ഉപേക്ഷിച്ചു. മുംബൈയിലെ തെരുവീഥികളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്തണമെന്ന് തോന്നി.

മുസ്‌ലിം സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അന്തരാത്മാവിലായിരുന്നു വിപ്ലവം ഉടലെടുത്തത്. വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തേയ്ക്കുള്ള ഒരു യാത്ര. എല്ലാ ഇന്ത്യാക്കാരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള യാത്ര. അങ്ങനെ എന്റെ എബിവിപി സഹയാത്ര ഒഴിവാക്കി വിശാലമായ ചിന്തകളും ആശയങ്ങളും പിന്തുടരുന്ന ഒരു ലോകത്തേയ്ക്കുള്ള യാത്ര. ഉത്തരവാദിത്തബോധമുള്ള ഒരു പൗരന്റെ യാത്ര തുടങ്ങുന്നു.

(മുംബൈയിൽ ബിഎ സോഷ്യോളജി വിദ്യാർത്ഥിയും മുന്‍ എബിവിപി പ്രവർത്തകനുമാണ് ലേഖകൻ)

കടപ്പാട്: ദി വയർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.