കാനം രാജേന്ദ്രന്‍

July 16, 2020, 6:19 am

വരുംതലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്

Janayugom Online

സ്വാതന്ത്ര്യസമരത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി വളര്‍ന്ന നേതാവായിരുന്നു എന്‍ ഇ ബാലറാം. അദ്ദേഹത്തിന്റെ 26-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സൈദ്ധാന്തികരില്‍ പ്രമുഖനായ ബാലറാം കിടയറ്റ സംഘാടകന്‍ കൂടിയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിവന്ന ആശയസമരത്തിന്റെ അമരക്കാരില്‍ പ്രമുഖന്‍ ബാലറാമായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ സംസ്കൃതത്തില്‍ അവഗാഹം നേടാന്‍ ബാലറാമിന് കഴിഞ്ഞിരുന്നു. അച്ഛന്റെ അമ്മ ശ്രീദേവിയായിരുന്നു ബാലറാമിനെ സംസ്കൃതം പഠിപ്പിച്ചത്. വീട്ടിലെ അംഗങ്ങള്‍‍ പരസ്പരം ആശയവിനിമയം നടത്തിയതുപോലും സംസ്കൃതത്തിലായിരുന്നു. ഈ അന്തരീക്ഷത്തില്‍ വളര്‍ന്ന ബാലറാം സംസ്കൃതത്തിലും വേദാന്തത്തിലും പാണ്ഡിത്യം നേടി. സംസ്കൃതത്തില്‍ കൂടുതല്‍ പഠനത്തിനായി കല്ക്കത്തയിലെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ ബാലറാം ചേര്‍ന്നു. ആശ്രമത്തില്‍ അന്തേവാസിയായി ചേര്‍ന്ന ബാലറാം, ആശ്രമജീവിതത്തില്‍ മനംമടുത്ത് നാട്ടില്‍ തിരിച്ചുവരികയാണ് ചെയ്തത്. തുടര്‍ന്ന് അധ്യാപകനായി. സ്വാതന്ത്ര്യസമരവും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുമാണ് ബാലറാമിനെ ആകര്‍ഷിച്ചത്. അന്ന് അയിത്തത്തിന് എതിരായി വളര്‍ന്നുവന്ന പ്രസ്ഥാനങ്ങളില്‍ ബാലറാം സജീവ പങ്ക് വഹിച്ചു. ബാലറാമിന്റെ പ്രവര്‍ത്തനരംഗമായ തലശ്ശേരിക്കടുത്ത പിണറായിയിലെ പാറപ്രത്തു 1939 ല്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ചാണ് സിപിഐയുടെ കേരള ഘടകം രൂപംകൊണ്ടത്.

ആ സമ്മേളനത്തിനു നേതൃത്വം നല്കിയവരില്‍ ഒരാള്‍ ബാലറാമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണകാലം കൂടുതല്‍ നേതൃനിരയിലുണ്ടായിരുന്ന ബാലറാം 1965 മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1972 ല്‍ സിപിഐ സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാലറാം 1984 വരെ ആ പദവിയില്‍ തുടര്‍ന്നു. 1984 ല്‍ അദ്ദേഹം സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗമായി. രാജ്യസഭയിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട ബാലറാം രാജ്യസഭയിലെ സിപിഐ ഗ്രൂപ്പിന്റെ നേതാവ് കൂടിയായിരുന്നു. ബാലറാമിനൊപ്പം സിപിഐ സംസ്ഥാന നേതൃനിരയില്‍‍ പ്രവര്‍‍‍ത്തിക്കാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. തന്റെ അറിവ് യുവാക്കളായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് പകര്‍ന്ന് നല്കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ല. മറ്റ് പല പൊതുപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തമായി ചരിത്രം, ഭാഷാശാസ്ത്രം, സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളില്‍ അഗാധമായ ജ്ഞാനമുള്ള ഒരു പണ്ഡിതനായിരുന്നു എന്‍ ഇ ബാലറാം.

വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഖനനം ചെയ്ത് പാലി ഭാഷയിലുള്ള ലിഖിതങ്ങള്‍ വ്യാഖ്യാനിച്ച ഗവേഷക സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയം, ചരിത്രം, തത്വശാസ്ത്രം, സാഹിത്യം തുടങ്ങിയ സമസ്ത മേഖലകളിലും സങ്കീര്‍ണമായ വിഷയങ്ങളെക്കുറിച്ച് നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും എഴുതുമ്പോഴും അദ്ദേഹത്തിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നത് ശുദ്ധമായ ഭാഷയും ലളിതമായ ശൈലിയുമാണ്. എന്‍ ഇ ബാലറാം സ്വാതന്ത്ര്യസമരസേനാനി, പൊതുപ്രവര്‍ത്തകന്‍, സംഘാടകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ചരിത്രം, സാഹിത്യനിരൂപണം, പുരാവസ്തുശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വൈജ്ഞാനിക സാഹിത്യ മേഖലയില്‍ മലയാള ഭാഷയ്ക്ക് ബൃഹത്തായ സംഭാവനകള്‍ നല്കിയിരുന്നു എന്ന കാര്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെട്ടിട്ടില്ല. ബാലറാം എഴുതി: ” ‘ഹിന്ദുത്വം’ എന്ന ആശയത്തില്‍ ജാതിവ്യത്യാസത്തിനെതിരായ ഒന്നും ഇല്ലെന്ന കാര്യം ഓര്‍ക്കണം. ഹിന്ദുസമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അവസാനിപ്പിക്കാനുള്ള യാതൊന്നും സങ്കല്പകര്‍ത്താക്കള്‍ പറയുന്നില്ല. ഭാരതീയ ദര്‍ശനമാകെ ഈശ്വരസങ്കല്പാധിഷ്ഠിതമാണെന്ന ധാരണ തന്നെ അടിസ്ഥാനരഹിതമാണ്.

ഭാരതീയ ദര്‍ശനങ്ങളില്‍ ആത്മീയവാദവും ഭൗതികവാദവും അടങ്ങിയിട്ടുണ്ടെന്നതാണ് പരമാര്‍ത്ഥം. തുറന്ന മനസോടും അന്വേഷണബുദ്ധിയോടും കൂടി പ്രപഞ്ച രഹസ്യങ്ങളെ മനസിലാക്കാന്‍ പ്രാചീനാചാര്യന്മാര്‍ പാടുപെട്ടിരുന്നു എന്ന കഥ മറക്കരുത്”. പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്നോട്ടുപോക്ക് ഒരു ജനാധിപത്യ രാജ്യത്തിന് ഒരിക്കലും നിരക്കുന്നതല്ല. ഇന്ത്യ തിളങ്ങുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങള്‍ക്ക് മുന്നില്‍ വന്ന മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ഇരുണ്ട ഇന്ത്യയിലാണ് വര്‍ഗ്ഗീയ ശക്തികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതാന്ധതയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും ഏത് വിധത്തിലുള്ള മതതീവ്രവാദത്തെയും ചെറുക്കുവാനും പുരോഗമന വീക്ഷണത്തിലടിയുറച്ച് മതനിരപേക്ഷ സങ്കല്പത്തെ ഏതുവിധേനയും സംരക്ഷിക്കുകയും ചെയ്യുവാന്‍ നാം പ്രതിജ്ഞാബദ്ധരാവുക. അതിനു ബാലറാമിന്റെ സ്മരണ നമുക്ക് കരുത്തു പകരും.