പടിയിറക്കുന്നത് മതേതരത്വത്തെയും ജനാധിപത്യത്തെയും

ഒ കെ ജയകൃഷ്ണൻ

ജനറൽ സെക്രട്ടറി, എകെഎസ്‌ടിയു

Posted on July 13, 2020, 3:20 am

ഒ കെ ജയകൃഷ്ണൻ

കൊറോണ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത് രാജ്യമാകെയുള്ള കുട്ടികളുടെ പഠനത്തെക്കൂടിയാണല്ലോ. അധ്യയനം എന്ന് തുടങ്ങാൻകഴിയുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. കുട്ടികളുടെ പഠനം ആവുംവിധം മുന്നോട്ടു കൊണ്ടുപോകാൻ, പൂർണമായല്ലെങ്കിലും ബദലുകൾ നാം സ്വീകരിച്ച് വരികയാണ്. ഇനി സാധാരണനിലയിൽ വിദ്യാലയവർഷം ആരംഭിച്ച് കഴിഞ്ഞാൽ ലഭ്യമാകുന്ന പരിമിതദിനങ്ങൾ വച്ചുകൊണ്ട് നിലവിലുള്ള പാഠ്യപദ്ധതി പ്രകാരം പാഠഭാഗങ്ങൾ പൂർണമായും വിനിമയം ചെയ്യുക എന്നത് അസാധ്യമാണ്. അതിനുള്ള പരിഹാരമാർഗങ്ങൾ എന്തൊക്കെയെന്ന് കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലുമുള്ള സംവിധാനങ്ങൾ അന്വേഷിച്ച്കൊണ്ടിരിക്കുകയാണ്.

എന്‍സിഇആര്‍ടി സിലബസിൽ മുപ്പത് ശതമാനം കുറവ് വരുത്താനാണ് ദേശീയ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ തീരുമാനം. ഇതര സംസ്ഥാന സിലബസുകളും അത് സ്വീകരിക്കേണ്ടിവരുമെന്നതിൽ തർക്കമില്ല. ഉള്ളടക്കബാഹുല്യം നിമിത്തം മുമ്പ് കേരളത്തിലെ ഹൈസ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും പൊതുപരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു. പകരം അവ നിരന്തര മൂല്യനിർണ്ണയത്തിനുള്ള പ്രവർത്തനങ്ങളായി നൽകിക്കൊണ്ട് ആശയങ്ങൾ കുട്ടികളിലെത്തിച്ചു. ഇനിയും നമുക്ക് സ്വീകരിക്കാവുന്ന ഒരു മാർഗം അതായിരിക്കും.

പ്രതിസന്ധിഘട്ടത്തിൽ എല്ലാപാഠഭാഗവും കുട്ടിയെ പഠിപ്പിച്ചെടുക്കാമെന്ന് ആരും കരുതില്ല. എന്നാൽ എന്തെല്ലാം പഠിപ്പിക്കണം എന്തൊഴിവാക്കണം എന്ന തീരുമാനം പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും പാഠപുസ്തകങ്ങളിൽ ഉൾച്ചേർത്തിരിക്കുന്ന ആശയങ്ങൾ ഒന്നും അപ്രധാനമല്ലാത്തതിനാൽ. സിബിഎസ്ഇ അവരുടെ വിദഗ്‌ധസമിതി തീരുമാനപ്രകാരം ഒന്‍പത് മുതൽ12വരെയുള്ള ക്ലാസ്സുകളിൽ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്ന പാഠഭാഗങ്ങൾ ഭൂരിഭാഗവും സാമൂഹ്യശാസ്ത്രത്തിൽ നിന്നുള്ളവയാണ്. അവയാകട്ടെ ഭാവിപൗരരെന്നനിലയിൽ കുട്ടികൾ സ്വായത്തമാക്കേണ്ട ജനാധിപത്യം, മതേതരത്വം, ദേശീയത, പൗരത്വം, ജനായത്തപ്രക്ഷോഭങ്ങൾ തുടങ്ങിയ മൂല്യങ്ങൾ ചർച്ചചെയ്യുന്ന പാഠഭാഗങ്ങളാണ്.

14മുതൽ17വരെപ്രായമുള്ള, ബുദ്ധിവളർച്ചയുടെയും തിരിച്ചറിവിന്റെയും ഘട്ടത്തിൽ അവർ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട ആശയങ്ങൾ വേരോടെ പിഴുതെടുക്കാനുള്ള പഴുതാണ് കോവിഡ്കാലത്ത് വിദഗ്‌ധാഭിപ്രായത്തിന്റെ മറവിൽ സിബിഎസ്ഇ നടപ്പാക്കുന്നത്. പ്രതിസന്ധികാലത്തെ സങ്കുചിതലക്ഷ്യം നടപ്പാക്കാനും തങ്ങൾക്ക് ഹിതകരമല്ലാത്തത് ഒഴിവാക്കാനുമുള്ള അവസരമാക്കിമാറ്റിയതെങ്ങനെയെന്ന് ഒഴിവാക്കിയപാഠഭാഗങ്ങൾ പരിശോധിച്ചാൽ മനസിലാകും. എൻസിഇആർടി തയ്യാറാക്കിയ ഒമ്പതാംതരം സിബിഎസ്ഇ സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിൽ നിന്നും ജനാധിപത്യാവകാശങ്ങൾ, ജനസംഖ്യ, ഭക്ഷ്യസുരക്ഷ എന്നിവയാണ് ഇപ്പോൾ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പത്തിൽ നിന്നാകട്ടെ ജനാധിപത്യത്തിന്റെ വെല്ലുവിളികൾ, മതവും ജാതിയും, ജനകീയസമരങ്ങളും പ്രസ്ഥാനങ്ങളും എന്നിവയാണ് പിഴുതെടുക്കുന്നത്. പതിനൊന്നാം ക്ലാസ്സിലെ ചരിത്രപുസ്തകത്തിൽ നിന്നും പൗരാണിക സമൂഹങ്ങളുടെ ജീവിതം, സംസ്ക്കാരങ്ങളുടെ ഏറ്റുമുട്ടൽ തുടങ്ങി മനുഷ്യജീവിത വളർച്ചാഘട്ടങ്ങളുടെ വികാസമാണ് അന്യമാക്കുന്നത്. അതേ ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും കുത്തകകൾ, കുത്തകൾക്കിടയിലെ കിടമത്സരം എന്നീ സമകാലിക ലോകസമ്പദ്ഘടനയെ വിമർശനപരമായി വീക്ഷിക്കേണ്ട പാഠങ്ങളും പടിക്ക് പുറത്താകും. പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്രതന്ത്രത്തിൽ നിന്നും ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം, നവസാമൂഹിക മുന്നേറ്റങ്ങൾ, ആസൂത്രണക്കമ്മീഷൻ, പഞ്ചവത്സരപദ്ധതി എന്നിവയെ പുറത്താക്കും.

പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ എൻസിഇആർടി സാമൂഹ്യശാസ്ത്ര പുസ്തകങ്ങൾ അതേപടി കേരളവും പിന്തുടരുന്നവയാണെന്ന് കൂടി ഓർമ്മിക്കാം. അധ്യയനം തടസപ്പെട്ട സാഹചര്യത്തില്‍ പാഠഭാഗങ്ങൾ കുറയ്ക്കുക എന്നത് അനിവാര്യതയാണ്. എന്നാൽ എല്ലാ ക്ലാസുകളിൽ നിന്നും ജനാധിപത്യ മാനവികാശയങ്ങളെ തിരഞ്ഞ്പിടിച്ച് ഒഴിവാക്കുന്നതിലെ ദൂരൂഹത ചോദ്യംചെയ്യപ്പെടണം. നിലവിലുള്ള ഭരണകൂടത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളും ചെയ്തികളും വച്ച്നോക്കുമ്പോൾ ഇത് ആശയങ്ങളുടെ യാദൃച്ഛികമായ ഒഴിവാക്കലല്ലെന്ന്കാണാം. തങ്ങൾക്ക് സ്ഥാനമില്ലാത്ത ചരിത്രവും സമരങ്ങളും ഹിതകരമല്ലാത്ത ജനാധിപത്യഫെഡറൽ മൂല്യങ്ങളും തകർത്തില്ലാതാക്കാൻ ശ്രമിക്കുന്ന മതേതരത്വാശയവും പുതുതലമുറ അറിയുകയോ ചർച്ചചെയ്യുകയോ വേണ്ടെന്ന ഗൂഢ രാഷ്ട്രീയലക്ഷ്യം ഈ വെട്ടിക്കുറയ്ക്കലിൽ നിഴലിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ താല്ക്കാലികമായാണ് മാറ്റുന്നതെന്ന ഭാഷ്യം ദേശീയതലത്തിലെ ഒരു ടെസ്റ്റ്ഡോസായി കണ്ടാൽ മതി. ബിജെപി ഭരിക്കുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അവരുടെ പാഠ്യപദ്ധതിയിൽ പടിപടിയായി ഇത് മുമ്പേ നടപ്പാക്കികൊണ്ടിരിക്കുകയാണ്. സാമൂഹികാവബോധവും പൊതുഅറിവും ചരിത്രമറിയാത്തവരുമായ തീവ്രദേശീയവാദികളെ വിദ്യാഭ്യാസത്തിലൂടെ വാർത്തെടുക്കുകയെന്ന, ദേശീയഗവൺമെന്റ് വിഭാവനംചെയ്യുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലെ കല്പനകൾ രാജ്യത്ത് നടപ്പാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം.