18 March 2025, Tuesday
KSFE Galaxy Chits Banner 2

എതിർക്കുന്നത് ഭാഷാ അധീശത്വത്തെ

ടി കെ മുസ്തഫ
March 12, 2025 4:50 am

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള വാഗ്വാദം ഒരിടവേളക്ക് ശേഷം രാജ്യത്ത് ഹിന്ദിയുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടുതൽ സജീവമാക്കിയിരിക്കുന്നു. ഇതര ഭാഷകൾ സംസാരിക്കുന്നവർക്കുമേൽ നിർബന്ധിതമായി ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്രനീക്കം തമിഴ് ജനതയെ പാർശ്വവല്‍ക്കരിക്കാൻ ലക്ഷ്യംവയ്ക്കുന്നതാണെന്നും ആർഷഭാരത പാരമ്പര്യത്തിന്റെ ഉത്കൃഷ്ട സംസ്കാരം പേറുന്നുവെന്ന ലേബലിലുള്ള ഭാഷാ സംസ്ഥാപനത്തിലൂടെ നടപ്പാക്കുന്നത് മോഡിസർക്കാറിന്റെ സാംസ്കാരിക അധിനിവേശമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കുന്നു. 2022 സെപ്റ്റംബർ ഒമ്പതിന് കേന്ദ്ര സർക്കാർ സർവീസുകളിലേക്കുള്ള തൊഴിൽ പരീക്ഷകൾ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ ആയിരിക്കണമെന്നും ഹിന്ദി ഭൂരിപക്ഷ പ്രദേശങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ അധ്യയന മാധ്യമമായി ഹിന്ദിയും മറ്റിടങ്ങളിൽ പ്രാദേശിക ഭാഷയും മാത്രം ഉപയോഗിക്കണമെന്നുമുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു. അന്നും സമാനമായ പ്രതിഷേധങ്ങള്‍ ദേശവ്യാപകമായി ഉയര്‍ന്നു. പൗരന്മാരിലും വിശിഷ്യ തൊഴിലന്വേഷകരിലും ആശങ്ക സൃഷ്ടിക്കുന്ന വിധത്തിൽ നിർബന്ധ ബുദ്ധിയോടെ ഹിന്ദി ഏക ഭാഷയാക്കി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും പൗരന്മാരെ തരംതിരിക്കുന്നതിനായുള്ള അളവുകോലായി ഹിന്ദി പ്രാഗത്ഭ്യത്തെ ഉപയോഗിക്കുകയും ചെയ്യുന്നത് ബഹുഭാഷാ സംസ്കാരത്തെ തകർത്ത് ആധിപത്യം വഹിക്കുന്ന ഭാഷയായി ഹിന്ദിയെ പ്രതിഷ്ഠിക്കാനാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു. 

1937ൽ സി രാജഗോപാലാചാരി മദ്രാസ് മുഖ്യമന്ത്രി ആയിരിക്കെ, വിദ്യാലയങ്ങളിൽ ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങൾ തമിഴ്‌നാടിനെ അത്യന്തം കലുഷിതമാക്കിയിരുന്നു. ഹിന്ദി അടിച്ചേല്പിക്കൽ നയത്തെ നഖശിഖാന്തം എതിർത്ത പെരിയാർ ഇ വി രാമസ്വാമിയും പ്രതിപക്ഷമായ ജസ്റ്റിസ് പാർട്ടിയും തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെ അന്ന് അക്ഷരാർത്ഥത്തിൽ തമിഴ്‌നാടിനെ സമരങ്ങളുടെ വിളനിലമാക്കി മാറ്റുകയായിരുന്നു. പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തരവ് പിൻവലിക്കാൻ ഗവർണർ ജനറൽ നിർബന്ധിതനായി. സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യത്തിന് ശേഷവും ഭാഷയെ സംബന്ധിച്ചുള്ള ഗൗരവതരമായ ചർച്ചകളും വാദ പ്രതിവാദങ്ങളും ഇന്ത്യയിൽ അരങ്ങേറി. ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട അനുകൂലവും പ്രതികൂലവുമായ വാദഗതികൾ സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിൽ അനുരജ്ഞന നീക്കമെന്ന നിലയിൽ ഭരണഘടനയിൽ എട്ടാം ഷെഡ്യൂൾ കടന്നുവരികയും ഇതുപ്രകാരം ഔദ്യോഗിക ഭാഷയായി ഹിന്ദിയും അതോടൊപ്പം ഇംഗ്ലീഷും പതിനഞ്ച് വർഷക്കാലത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. പതിനാല് ഭാഷകളെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചുകൊണ്ട് എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയുമുണ്ടായി. 

1965 ജനുവരി 26 മുതൽ ഹിന്ദി ഇന്ത്യയുടെ ഏക ഔദ്യോഗിക ഭാഷയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സൃഷ്ടിച്ച അസ്വസ്ഥതകൾ ചെറുതായിരുന്നില്ല. പ്രതിഷേധങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് 1965 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്ന് ഉറപ്പ് നൽകേണ്ടി വന്നത്. ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളായി അനിശ്ചിത കാലത്തേക്ക് തന്നെ ഉപയോഗിക്കുന്നതിനായി 1967ൽ ഇന്ദിരാ ഗാന്ധി സർക്കാർ ഔദ്യോഗിക ഭാഷാ നിയമം ഭേദഗതി ചെയ്യുകയും ചെയ്തു.
2011ലെ സെൻസസ് പ്രകാരം ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഭാഷകളാണ് 96.71 ശതമാനം ജനങ്ങളും സംസാരിക്കുന്നത്. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉർദു, ബോഡോ, ശാന്താലി, മൈഥിലി, ഡോഗ്രി എന്നിങ്ങനെ ഇംഗ്ലീഷിനു പുറമേ 22 ഔദ്യോഗിക ഭാഷകളും 122 പ്രധാന ഭാഷാ വകഭേദങ്ങളും ഉൾപ്പെടെ ആയിരക്കണക്കിനു ഭാഷകൾ ഇന്ത്യയിൽ സംസാരിക്കുന്നുണ്ട്. 22 ഭാഷകൾ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1991ൽ ഹിന്ദി സംസാരിക്കുന്നവർ ജനസംഖ്യയുടെ 39.29 ശതമാനം ആയിരുന്നുവെങ്കിൽ 2011 ൽ അത് 43.63 ശതമാനമായി വർധിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ എന്ന നിലയിലാണ് ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്. എന്നാല്‍ 56 ശതമാനം പേര്‍ ഹിന്ദിയല്ല ഉപയോഗിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. തന്നെയുമല്ല 2011ലെ തന്നെ സർവേ പ്രകാരം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 12 ഇടങ്ങളിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷയെ ദേശീയ ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട വാദത്തെക്കുറിച്ച് ‘ഏറ്റവും കൂടുതൽ നാട്ടിലുള്ളത് കാക്കയല്ലേ, അങ്ങനെയെങ്കിൽ ദേശീയ പക്ഷിയാകേണ്ടത് മയിലിന് പകരം കാക്കയല്ലേ’ എന്ന് അണ്ണാ ദുരൈ ഫലിത രൂപേണ അഭിപ്രായപ്പെട്ടത് ഓർമ്മിക്കാം.
ഹിന്ദി ഭാഷാ പഠനവും പ്രോത്സാഹനവും അനാവശ്യമാണെന്ന അഭിപ്രായമില്ല. എന്നാൽ ഒരു ഭാഷയ്ക്ക് നൽകുന്ന പ്രാധാന്യം മറ്റൊരു ഭാഷാ സമൂഹത്തിനിടയിൽ ആശങ്ക സൃഷ്ടിക്കുന്നതോ അവരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതോ ആകരുത്. എതിർക്കുന്നത് ഭാഷാ അധീശത്വത്തെയാണ്, ബഹുസ്വര സമൂഹത്തിൽ തുല്യനീതിയും തുല്യാവസരങ്ങളും നിഷേധിക്കുന്ന വിധത്തിലുള്ള ഇടപെടലുകളെയാണ്. 2017 ഡിസംബറിൽ ഉർദു ഭാഷയിൽ സത്യപ്രതിജ്ഞ ചൊല്ലിയതിന് ഉത്തർപ്രദേശിൽ ഒരു മുനിസിപ്പൽ കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു. ബിഎസ്‌പി കൗൺസിലറായ മുശറഫ് ഹുസൈനാണ് ഐപിസി സെക്ഷൻ 295എ പ്രകാരം, മതവികാരം വ്രണപ്പെടുത്തുക, വിശ്വാസത്തെ അപമാനിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ വ്യക്തിയായി അന്ന് ചിത്രീകരിക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നായ ഉർദുവിൽ സത്യപ്രതിജ്ഞ ചൊല്ലൽ മതവികാരം വ്രണപ്പെടുത്തുന്ന ഒരു പ്രവർത്തനമായി വിലയിരുത്തിയാണ് നടപടിയെടുത്തതെന്നോർക്കണം. 2009-10 കാലയളവിൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള പ്രവർത്തനങ്ങൾക്കായി 30.95 കോടി രൂപയാണ് നീക്കി വച്ചതെങ്കിൽ പിന്നീട് അത് 52.17 കോടി രൂപയാക്കി വർധിപ്പിച്ചു. എന്നാൽ ശ്രേഷ്ഠ ഭാഷാ പദവിയുള്ള തമിഴ്, കന്നഡ, തെലുങ്ക്, ഒറിയ, മലയാളം എന്നിവയ്ക്ക് കഴിഞ്ഞ കാലങ്ങളിൽ 29 കോടി മാത്രമാണ് വകയിരുത്തിയത്. ഒരു ജനതയുടെ സാംസ്കാരിക സ്വത്വമെന്ന നിലയിൽ ഒന്നിന് മറ്റൊന്നിനെക്കാൾ ശ്രേഷ്ഠതയോ കുറവോ ദർശിക്കാൻ കഴിയില്ല എന്നുള്ളതുകൊണ്ട് തന്നെ ജനാധിപത്യ രാജ്യത്ത് നിർബന്ധപൂർവം ഒന്നിനെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ഒരു തരത്തിലും ഭൂഷണമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.