Janayugom Online
ration FCI

ഭക്ഷ്യഭദ്രതാനിയമം കേരളത്തിന്റെ അനുഭവങ്ങള്‍

Web Desk
Posted on April 03, 2019, 10:14 pm

രാജ്യത്തെ 75 ശതമാനം ഗ്രാമീണര്‍ക്കും 50 ശതമാനം നാഗരികര്‍ക്കും സമ്പൂര്‍ണ ഭക്ഷ്യ ഭദ്രത സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2013 ല്‍ ആവിഷ്‌ക്കരിച്ച ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2016 നവംബര്‍ മാസം മുതല്‍ കേരളത്തില്‍ നടപ്പില്‍ വരുത്തിത്തുടങ്ങി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പ്രകാരം അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് അച്ചടിച്ച് വിതരണം പൂര്‍ത്തീകരിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളി വിഭാഗങ്ങളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിലവിലുള്ള മാനദണ്ഡങ്ങളില്‍ പുനഃക്രമീകരണം നടത്തുകയുണ്ടായി. 2016 നവംബര്‍ മാസത്തില്‍ സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന കരട് പട്ടിക അടിസ്ഥാനമാക്കിയാണ് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പില്‍ വരുത്തല്‍ ആരംഭിച്ചത്. നിലവിലുള്ള കണക്കുകള്‍ പ്രകാരം അന്ത്യോദയ വിഭാഗങ്ങളും ബിപിഎല്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്ന മുന്‍ഗണനാ പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടവരുടെ എണ്ണം 154.80 ലക്ഷം എന്ന് നിജപ്പെടുത്തിയിരുന്നു. അതില്‍ ഉള്‍പ്പെടാന്‍ സാധിക്കാതെ പോയ അര്‍ഹതപ്പെട്ടവരായ 121 ലക്ഷം പേരെ കൂടി സംസ്ഥാന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രത്യേക സബ്‌സിഡി വിഹിതം ഏര്‍പ്പെടുത്തി. രാജ്യമെമ്പാടും ലക്ഷ്യാധിഷ്ഠിത റേഷന്‍ വിതരണത്തിലേക്ക് നീങ്ങിയപ്പോഴും നമ്മുടെ സംസ്ഥാനം സാര്‍വ്വത്രിക റേഷന്‍ വിതരണം എന്ന നയത്തില്‍ നിന്നും വ്യതിചലിച്ചില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്തവര്‍ക്കുപോലും സംസ്ഥാനത്ത് ലഭ്യമായ റേഷന്‍ വിഹിതത്തില്‍ ഒരു പങ്ക് നീക്കിവയ്ക്കുന്ന നയമാണ് സ്വീകരിച്ചത്.

മാര്‍ച്ച് 2019 ലെ കണക്കുകള്‍ പ്രകാരം എഎവൈ വിഭാഗം കാര്‍ഡുകള്‍ (മഞ്ഞനിറം) — 589814 ഉം എഎവൈ വിഭാഗം ജനസംഖ്യ- 2427744 ഉം മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ (പിങ്ക് നിറം)-3048634 ഉം മുന്‍ഗണനാ വിഭാഗം ജനസംഖ്യ- 12992334 ഉം സംസ്ഥാന സബ്‌സിഡി മുന്‍ഗണനാ ഇതര വിഭാഗം കാര്‍ഡുകള്‍ (നീല നിറം)- 2587210 ഉം സംസ്ഥാന സബ്‌സിഡി മുന്‍ഗണനാ ഇതര വിഭാഗം ജനസംഖ്യ- 10691902 ഉം മുന്‍ഗണന ഇതര വിഭാഗം കാര്‍ഡുകള്‍ (വെള്ളനിറം)-2187087 ഉം മുന്‍ഗണനാ വിഭാഗം ഇതര ജനസംഖ്യ- 8931583ഉം ആണ്.

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ പുതുക്കി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന ദുഷ്‌ക്കരമായ ദൗത്യം പരിമിതമായ സമയദൈര്‍ഘ്യത്തില്‍ സാക്ഷാല്‍ക്കരിക്കുവാന്‍ സാധിച്ചു. 2016 ല്‍ നിലവിലുണ്ടായിരുന്ന കരട് പട്ടികയില്‍ നിരവധി സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നതിനാല്‍ പട്ടികയെപ്പറ്റി ധാരാളം ആക്ഷേപങ്ങള്‍ ഉയര്‍ന്നു. അനര്‍ഹരായ നിരവധിപേര്‍ പട്ടികയില്‍ കടന്നുകൂടുകയും അര്‍ഹതപ്പെട്ടവര്‍ പട്ടികയില്‍ നിന്നും പുറത്തുപോവുകയും ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി 16 ലക്ഷം പേര്‍ പരാതി നല്‍കി. ഓരോ പരാതിയും പരിശോധിക്കുവാന്‍ പഞ്ചായത്ത് തലത്തില്‍ വെരിഫിക്കേഷന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. അപ്പീല്‍ പരാതികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അദ്ധ്യക്ഷനായി അപ്പീല്‍ കമ്മിറ്റികളും ചേര്‍ന്നു.

12 ലക്ഷം പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കപ്പെട്ടു തുടര്‍ന്ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡുകള്‍ അച്ചടിച്ചു വിതരണം നടത്തി. സംസ്ഥാനമാകെ 80.18 ലക്ഷം കാര്‍ഡുകള്‍ ആണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. എന്നാല്‍ പരാതികള്‍ വീണ്ടും ഉയര്‍ന്നു. യഥാസമയം റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍, ഫോട്ടോ എടുക്കാന്‍ സാധിക്കാത്തവര്‍, താമസ സ്ഥലം മാറിയവര്‍, സാങ്കേതിക പിഴവുകള്‍മൂലം മുന്‍ഗണനാ ആനൂകൂല്യം നഷ്ടപ്പെട്ടവര്‍, തുടങ്ങി നിരവധി ആളുകള്‍ വീണ്ടും പരാതികള്‍ സമര്‍പ്പിച്ചു. സംസ്ഥാനമൊട്ടാകെ 7.5 ലക്ഷം പരാതികള്‍ ലഭിച്ചതില്‍ ഇരട്ടിപ്പ് ഒഴിവാക്കി 5 ലക്ഷം അപേക്ഷകള്‍ വീണ്ടും സൂക്ഷ്മ പരിശോധന നടത്തി. ഇതിനിടെ പട്ടികയില്‍ കടന്നുകയറിയ അനര്‍ഹരായവരെ കണ്ടെത്താന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രത്യേകം സ്‌ക്വാഡ് തിരിഞ്ഞു പരിശോധന ഊര്‍ജ്ജിതമാക്കി. വിലയേറിയ നാലു ചക്രവാഹനങ്ങള്‍ ഉള്ളവര്‍, വലിയ വീടുള്ളവര്‍, സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ തുടങ്ങി നിരവധി അനര്‍ഹരെ കണ്ടെത്തി. ഏകദേശം 15 ലക്ഷം അനര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ദാരിദ്ര്യക്ലേശ ഘടകങ്ങള്‍ പ്രകാരം കുറഞ്ഞത് 30 മാര്‍ക്ക് എങ്കിലും ലഭിച്ചവരുടെ വെയിറ്റിംഗ് ലിസ്റ്റ് പട്ടിക തയാറാക്കി. ഒഴിവുവന്ന ഇടങ്ങളില്‍ മുമ്പ് ലഭിച്ച അപേക്ഷകരില്‍ നിന്നും വെയിറ്റിംഗ് ലിസ്റ്റ് പട്ടികയില്‍ പെടുത്തിയ 3.16 ലക്ഷം കുടുംബങ്ങളില്‍പെട്ട 15 ലക്ഷത്തോളം ആളുകളെ പുതുതായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇനിയും ഏകദേശം 70,000 പേര്‍ മാത്രമാണ് വെയിറ്റിങ് ലിസ്റ്റ് പട്ടികയില്‍ ശേഷിക്കുന്നവര്‍.

കരട് പട്ടിക തയ്യാറാക്കിയ സമയത്ത് റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്ന കുടുംബങ്ങള്‍ 80.18 ലക്ഷം ആയിരുന്നു. എന്നാല്‍ 2019 ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം 5 ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി റേഷന്‍ കാര്‍ഡുകള്‍ പുതുതായി നല്‍കിയിട്ടുണ്ട്. പുതുതായി റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനും, പേരു തിരുത്താനും കാര്‍ഡില്‍ നിന്ന് പേര് കുറവു ചെയ്യുവാനും, തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം തയാറായി. സ്വന്തമായി ഇന്റര്‍നെറ്റ് സംവിധാനം ഉള്ളവര്‍ക്ക് സൗജന്യമായി
അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനം തയ്യാറാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, റേഷന്‍ ഓഫീസുകള്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് അപേക്ഷ നല്‍കുവാനും സാധ്യമാണ്. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഇത്തരത്തില്‍ ലഭിച്ച അപേക്ഷകള്‍ 24.56 ലക്ഷം ആണ്. അവയില്‍ 22.82 ലക്ഷം (95.54 ശതമാനം) തീര്‍പ്പുകല്‍പ്പിക്കപ്പെട്ടു. 67438 എണ്ണം മാത്രമാണ് വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടത്.

സംസ്ഥാനത്തെ 14346 റേഷന്‍ കടകളിലും കമ്പ്യൂട്ടര്‍ നിയന്ത്രിതമായി റേഷന്‍ വിതരണം നടക്കുകയാണ്. ഓരോ കടയിലെയും ധാന്യത്തിന്റെ അളവ് ഓരോ കാര്‍ഡ് ഉടമയുടെയും പ്രതിമാസ വിഹിതം, അവര്‍ എത്ര അളവ് റേഷന്‍ വാങ്ങി, തുടങ്ങിയ ഒട്ടേറെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സുതാര്യമായി ലഭ്യമാണ്. ഇതിനുപുറമെ റേഷന്‍ കടയില്‍ ധാന്യങ്ങള്‍ എത്തുന്ന വിവരവും, പ്രതിമാസ വിഹിതവും ഉപഭോക്താവിന്റെ ടെലിഫോണില്‍ സന്ദേശമായി ലഭിക്കുന്നുണ്ട്. റേഷന്‍ വിതരണത്തില്‍ വിപ്ലവകരമായ മറ്റൊരു പരിഷ്‌കാരം കേരളത്തിലെ ഒരു ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുന്നു എന്നതാണ.് സംസ്ഥാനത്ത് ശരാശരി 10 ലക്ഷം കാര്‍ഡ് ഉടമകള്‍ പ്രതിമാസം പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കുന്നുണ്ട്. റേഷന്‍ വാങ്ങുന്ന ആളുകളുടെ എണ്ണം ഇന്ന് ഏറെ വര്‍ധിച്ചിരിക്കുന്നു. ശരാശരി 65 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ ഇന്ന് റേഷന്‍ കടകളില്‍ പോയി ധാന്യം വാങ്ങുന്നു എന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാലാണ് പരാതികള്‍ക്കിടയില്ലാത്തവിധം ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങാന്‍ തയ്യാറാകുന്നത്. എന്നിരുന്നാലും സംസ്ഥാനത്തെ 15 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഇനിയും സ്ഥിരമായി റേഷന്‍ വാങ്ങാന്‍ തയ്യാറാകാത്തത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ 3 മാസത്തെ വിതരണം പരിശോധിച്ചപ്പോള്‍ സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 73000 കുടുംബങ്ങള്‍ റേഷന്‍ വാങ്ങുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് അനുവദിക്കപ്പെട്ട റേഷന്‍ വിഹിതം വാങ്ങാന്‍ തയാറാകാതെ വരുന്നത് മൂലം കൂടുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ധാന്യം നിക്ഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നു. ഇതിന് പരിഹാരം കാണാന്‍ തുടര്‍ച്ചയായി മൂന്ന് മാസം കാരണം കൂടാതെ റേഷന്‍ വാങ്ങാത്തവരുടെ മുന്‍ഗണനാ പദവി പുനര്‍നിര്‍ണയിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. കാലങ്ങളായി അഴിമതി നടമാടിയിരുന്ന ഭക്ഷ്യ വകുപ്പിന്റെ ദുഷ്‌പേര് മാറ്റിയെടുക്കുവാന്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തെ പരിശ്രമംകൊണ്ട് സാധിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍ ഭരണസംവിധാനവും വിതരണ ശൃംഖലയും സുതാര്യമായതാണ് ഇതിന് ഏറ്റവും സഹായകരമായി തീര്‍ന്നത്. റേഷന്‍ കടക്കാര്‍ക്ക് കുറഞ്ഞത് 18000 രൂപ പ്രതിമാസ വരുമാനം ഉറപ്പുവരുത്താന്‍ പ്രത്യേക പാക്കേജ് കൊണ്ടുവന്നതുമൂലം കളവ് കാണിക്കാതെ കട നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്ന സാഹചര്യം സംജാതമായി.

ആധാര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇ‑പോസ് സംവിധാനം വന്നതുമൂലം ഉപഭോക്താക്കള്‍ നേരിട്ടു കടയിലെത്താന്‍ നിര്‍ബന്ധിതരായി. റേഷന്‍ കടകള്‍ക്ക് സംസ്ഥാനത്തെമ്പാടും ഏകീകൃത രൂപവും ഭാവവും നിലവില്‍ വന്നു. പൊതുവിതരണം ഫലപ്രദമായതിന്റെ ഫലമായി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. വിപണി ഇടപെടലിനായി പ്രവര്‍ത്തിക്കുന്ന സപ്ലൈകോ വഴി വില്‍ക്കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില 5 വര്‍ഷക്കാലം വര്‍ധിപ്പിക്കില്ല എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചുവരികയാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 28 സപ്ലൈകോ വില്പനശാലകള്‍, 7 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ പുതിയതായി ആരംഭിച്ചു. ഗൃഹോപകരണ വിപണി മേഖലയിലെ ചൂഷണം തടയുവാന്‍ സപ്ലൈകോ ഗൃഹോപകരണ സാധനങ്ങള്‍ വില്‍പ്പന ആരംഭിച്ചു. പൊതുവേ പുരോഗമനത്തിന്റെ പാതയില്‍ സുതാര്യമായതും ഉപഭോക്തൃ സൗഹൃദമായതുമായ പദ്ധതികളാണ് വരുന്ന വര്‍ഷങ്ങളിലും സപ്ലൈകോ വിഭാവനം ചെയ്യുന്നത്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ സുപ്രധാനമായ ഒരു സംവിധാനം ആണ് ഒരു സംസ്ഥാന ഭക്ഷ്യ കമ്മിഷനും ജില്ലാതല തര്‍ക്ക പരിഹാര ഓഫീസുകളും. ഒരു ചെയര്‍മാന്‍, മെമ്പര്‍ സെക്രട്ടറി, അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ചെയര്‍മാന്‍, മെമ്പര്‍ സെക്രട്ടറി, അംഗങ്ങള്‍ എന്നിവരുടെ നിയമന നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. ജില്ലാതല തര്‍ക്ക പരിഹാര ഉദ്യോഗസ്ഥരായി ജില്ലയിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതോടുകൂടി നിയമത്തിന്റെ എല്ലാ ഘടകങ്ങളും പൂര്‍ത്തീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.