പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഢിനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് പാർട്ടി കോൺഗ്രസ് നടന്നിരുന്നു. വീണ്ടും രാജ്യത്തുടനീളമുള്ള കമ്മ്യൂണിസ്റ്റ് ലക്ഷങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന സഖാക്കളെ സ്വാഗതം ചെയ്യാനാകുന്നതിൽ പഞ്ചാബ് പാര്‍ട്ടിക്ക് സന്തോഷമുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കാര്‍ഷിക പ്രധാന സംസ്ഥാനമായ പഞ്ചാബിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുടെ ജീവല്‍പ്രശ്നങ്ങള്‍ ഏറ്റെടുത്ത പോരാട്ടങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കേണ്ടിവന്നിരുന്നത്. കൂടാതെ തൊഴിലാളി, യുവജന, വിദ്യാര്‍ത്ഥി, മഹിള എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പ്രശ്നങ്ങളും വിഷയങ്ങളും ഉന്നയിച്ചുള്ള പോരാട്ടങ്ങളും പാര്‍ട്ടി നടത്തി. എന്നാല്‍ പാര്‍ട്ടി സമീപകാലത്ത് ഏറ്റെടുക്കേണ്ടിവന്ന ഏറ്റവും ശക്തമായ പോരാട്ടം ഖലിസ്ഥാന്‍ ഭീകരവാദത്തിനെതിരെ ആയിരുന്നു. അതിന്റെ മുന്നണിപ്പോരാളിയായിരുന്നു സിപിഐ. മറ്റ് ഇടതുപാര്‍ട്ടികളും ആ പോരാട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ സിപിഐയെപ്പോലെ മറ്റൊരു പാർട്ടിയും അത്ര ശക്തമായി തീവ്രവാദത്തിനെതിരെയുള്ള ആ പോരാട്ടത്തിൽ നിലകൊണ്ടിരുന്നില്ല. കോൺഗ്രസ്, അകാലി, ബിജെപി (ബിജെപി അക്കാലത്ത് ദുർബലമായിരുന്നു) പാർട്ടികളൊന്നും പരിസരത്ത് പോലുമുണ്ടായില്ല. അതീവധൈര്യത്തോടെ, തീവ്രവാദത്തിനെതിരെ പാറപോലെ ഉറച്ചുനിന്നുകൊണ്ട് സിപിഐ പോരാടി. പോരാട്ടത്തിൽ നിരവധി കമ്മ്യൂണിസ്റ്റുകാരെയാണ് ബലി നൽകേണ്ടിവന്നത്. ആളും അര്‍ത്ഥവും മാത്രമല്ല ഭീകരരുടെ തോക്കിന്‍മുനയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളിലെ അനാഥരായവരുടെയും നിരാലംബരുടെയും അഭയവും പാര്‍ട്ടി ഏറ്റെടുത്തു.
3,000ത്തോളം പ്രവര്‍ത്തകരാണ് ആ പോരാട്ടത്തിൽ രക്തസാക്ഷികളായത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ദര്‍ശന്‍ സിങ് കനേഡിയന്‍, ഗംഭീര്‍ സിങ് ഹുജന്‍, അമോല്‍ സിങ്, അജിത് സിങ് എന്നിങ്ങനെ എത്രയോ നേതാക്കളെ സിഖ് വിഘടനവാദത്തിനെതിരായ പോരാട്ടത്തില്‍ പാര്‍ട്ടിക്ക് നഷ്ടമായി. അവരിൽ പലരെയും കുടുംബത്തോടൊപ്പമായിരുന്നു ഭീകരര്‍ കൊന്നുതള്ളിയത്. കുടുംബത്തെ ഒന്നാകെ തുടച്ചുനീക്കുന്നതിനിടയില്‍ അവശേഷിച്ച നരീന്ദര്‍ സോഹലും വിരേന്ദര്‍ കൗറുമുള്‍പ്പെടെ പാര്‍ട്ടിക്കാരും അല്ലാത്തവരുമായ ആയിരങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും പാര്‍ട്ടിയും മഹിളാ സംഘടനയായ ഇസ്ത്രി സഭയുമാണ് നിര്‍വഹിച്ചത്. എത്രയൊക്കെ പ്രതിസന്ധികൾ സഹിച്ചായാലും, വിഘടനവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ശക്തമായി നിന്നുകൊണ്ട് നാം പഞ്ചാബിനെയും ഇന്ത്യയെത്തന്നെയും രക്ഷിച്ചുവെന്ന് അക്കാലത്ത് എഐവൈഎഫ് നേതാവായിരുന്ന ബ്രാര്‍ ഓര്‍ത്തെടുത്തു.
പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയില്‍ ക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ ബ്രാര്‍ ഇപ്പോഴും കഴിവിനൊത്ത പോരാട്ടം തുടരുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. നിയമസഭയിലും പാര്‍ലമെന്റിലും പ്രാദേശിക ഭരണ സമിതികളിലും പങ്കാളിത്തമുണ്ടായിരുന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ പാര്‍ലമെന്ററി പ്രാതിനിധ്യം തീരെ കുറവാണ്. തമിഴ്‌നാട്, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളെ അപേക്ഷിച്ച് പഞ്ചാബിലെ ഘടകം ദുര്‍ബലവുമാണ്. 20,000ത്തോളം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ശക്തമായ തൊഴിലാളി യൂണിയനുകളും കര്‍ഷക പ്രസ്ഥാനവും വിദ്യാര്‍ത്ഥി — യുവജന സംഘടനാ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. അടുത്തകാലത്ത് നടന്ന ചരിത്ര പ്രസിദ്ധമായ കര്‍ഷക മുന്നേറ്റത്തില്‍, ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച സമരത്തിൽ കര്‍ഷക സംഘടനകള്‍ക്കൊപ്പം ഉറച്ചുനിന്നത് ഇടതുപക്ഷ പാർട്ടികൾ മാത്രമായിരുന്നു.
പാർട്ടിയിലുണ്ടായ പിളർപ്പായിരുന്നു നമുക്കുണ്ടായ ഒരു തിരിച്ചടി. 35ഓളം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഇവിടെയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളെ കൂട്ടിയോജിപ്പിച്ച് പോകുക എന്ന ലക്ഷ്യമാണ് പഞ്ചാബിലും സിപിഐയുടേത്. പ്രക്ഷോഭങ്ങളിലും തെരഞ്ഞെടുപ്പുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും ഒരുമിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സിപിഐ നടത്തിവരുന്നുണ്ട്.
സിപിഐ പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കാനുള്ള അവസരം ലഭിച്ചതിൽ പ്രവര്‍ത്തകരും അനുഭാവികളും സഹയാത്രികരും അഭ്യുദയകാംക്ഷികളും ബഹുജന സംഘടനാ അംഗങ്ങളുമെല്ലാം അത്യധികം സന്തോഷത്തിലാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനുമെല്ലാം പോരാടുന്ന രാജ്യത്തെല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സഖാക്കളാണ് പഞ്ചാബിലേക്ക് എത്താൻ പോകുന്നത്. രക്തസാക്ഷികളുടെ നാടാണ് പഞ്ചാബ്. ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും മണ്ണാണ്. സോഹന്‍സിങ് ജോഷ്, സത്പാല്‍ ഡാങ്, അവതാര്‍ സിങ് മല്‍ഹോത്ര തുടങ്ങി എണ്ണമറ്റ പൂര്‍വകാല പോരാളികളുടെ മണ്ണിലേക്ക് എണ്ണൂറോളം പ്രതിനിധികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പാർട്ടി കോൺഗ്രസിന് എത്തുന്നത്. രണ്ട് കോടിയിലധികം രൂപയാണ് പാർട്ടി കോൺഗ്രസിന്റെ ചെലവായി കണക്കാക്കിയിട്ടുള്ളത്. ഇത് കണ്ടെത്തുകയെന്നത് വലിയ കടമ്പയാണെങ്കിലും പ്രതീക്ഷ നല്‍കുന്ന അനുഭവങ്ങളാണ് പാര്‍ട്ടി സഖാക്കളില്‍ നിന്നും ബഹുജന സംഘടനകളില്‍ നിന്നും ഇതിനകം തന്നെ ഉണ്ടായിട്ടുള്ളത്.
ഞങ്ങൾ ഇതിനുവേണ്ടി ആലോചിച്ചപ്പോൾ ആദ്യംതന്നെ തീരുമാനിച്ചത്, പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും കുടുംബങ്ങളില്‍നിന്നും ബഹുജന സംഘടനകളില്‍ നിന്നും ഇതിനുള്ള തുക സമാഹരിക്കണമെന്നാണ്. വിസ്മയിപ്പിക്കുന്ന അനുഭവമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. വൈകാരികമായ അനുഭവങ്ങളും ധാരാളമായുണ്ടായി. കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സഖാവിന്റെ കുടുംബം വാഗ്ദാനം ചെയ്തത് തങ്ങള്‍ അഞ്ചുലക്ഷം രൂപ സമാഹരിച്ചു നല്‍കുമെന്നാണ്. അഞ്ച് സഹോദരിമാര്‍ ഉള്‍പ്പെട്ട അവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് മാത്രമായാണ് ഈ തുക സമാഹരിച്ചത്. മക്കളിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നുമായി ഇനിയും തുക സമാഹരിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സതീഷ് കുമാരി, ജീത്ത് റാം തുടങ്ങിയവരാണ് അതിന് നേതൃത്വം നല്‍കുന്നത്. ഹൃദയസ്പര്‍ശിയായ മറ്റൊരനുഭവമുണ്ടായത് ടെലികോം എപ്ലോയീസ് യൂണിയൻ നേതാവായിരുന്ന സ്വതന്ത്രകുമാർ എന്ന സഖാവില്‍ നിന്നാണ്. ജോലിയില്‍ നിന്ന് വിരമിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിലായിരുന്ന അദ്ദേഹം അര്‍ബുദ രോഗിയാണ്. യഥാര്‍ത്ഥത്തില്‍ മരണക്കിടക്കയിലാണ് സഖാവ്. അദ്ദേഹം പാർട്ടിയെ അറിയിച്ചത് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും താൻ നൽകുമെന്നാണ്. വലിയ സാമ്പത്തികശേഷിയുള്ള ആളൊന്നുമല്ല, ഇടത്തരം കുടുംബമാണ്. അസുഖം ബാധിച്ച് അവശനിലയിലുള്ള അദ്ദേഹം മറ്റുള്ളവരെ ഫോണിൽ വിളിച്ച് സംസാരിക്കുന്നു, ചരിത്രപ്രാധാന്യമുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്, സംഭാവന നൽകണമെന്ന്. ഇതുവരെയായി അദ്ദേഹം വഴി അഞ്ചര ലക്ഷം രൂപയാണ് സമാഹരിച്ച് ഏല്പിച്ചിരിക്കുന്നത്. ഇത് എന്റെ പാർട്ടിയാണ്. എന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വരെ ജീവിച്ചിരിക്കുമെന്നുറപ്പില്ലാത്ത ആ സഖാവിന്റെ നിശ്ചയദാര്‍ഢ്യം ആവേശമേകുന്നതാണ്.
മേയ് ആദ്യ ദിവസങ്ങളില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ആദ്യഗഡുവായി നല്‍കിയ തുക തന്നെ മുക്കാല്‍ കോടിയോളം കവിഞ്ഞിട്ടുണ്ട്. ഈ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമര്‍ജീത് കൗര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. അരക്കോടിയോളം രൂപ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ മാത്രം സമാഹരിച്ചു. നൂറ് രൂപ മുതൽ സംഭാവനയായി സ്വീകരിക്കും. കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കില്ല. സര്‍ക്കാരിന്റെ സഹായവും സ്വീകരിക്കില്ല. പഞ്ചാബിലെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമാണ് ബാക്കിയുള്ളത്. അതിന്റെ മുന്നൊരുക്കങ്ങളും പാര്‍ട്ടിയുടെ സാന്നിധ്യം എല്ലാ മേഖലകളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. വിപുലമായ സ്വാഗതസംഘമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി രൂപീകരിച്ചിട്ടുള്ളത്. മുന്‍ ഗോവ ഡിജിപിയും പഞ്ചാബ് ട്രിബ്യൂണലിന്റെ മുന്‍ പത്രാധിപരുമായിരുന്ന സ്വരാജ് ബീര്‍ സിങ്ങാണ് സംഘാടകസമിതി ചെയര്‍മാന്‍.
സെപ്റ്റംബര്‍ 21 ന് വന്‍ ബഹുജന റാലിയോടെയാണ് പാര്‍ട്ടി കോണ്‍ഗ്ര് ആരംഭിക്കുക. ജാലിയന്‍വാലാബാഗ്, ഹുസൈനിവാല എന്നീ സ്മാരകങ്ങളില്‍ നിന്നും ഉദ്ദം സിങ്, സോഹന്‍സിങ് ജോഷ്, ഭഗത്‌സിങ് എന്നിവരെ സ്മരിച്ചുകൊണ്ടും വിവിധ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും വിഘടനവാദകാലത്ത് രക്തസാക്ഷികളായ കമ്മ്യൂണിസ്റ്റുകാരുടെയും സ്മൃതികുടീരങ്ങളിൽ നിന്നും ജാഥകൾ ആരംഭിക്കും. നാല് ദിവസത്തെ പ്രതിനിധി സമ്മേേളനത്തോടനുബന്ധിച്ച് സംവാദങ്ങള്‍, കലാ, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും ഒരുക്കുന്നുണ്ട്. നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമെല്ലാം സ്വാഗതസംഘത്തിന്റെ ഭാഗമായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
(തയ്യാറാക്കിയത്: അബ്ദുള്‍ ഗഫൂര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.