11 March 2026, Wednesday

അഭിമാന സ്തംഭങ്ങൾ, ഇടുക്കിയും പള്ളിവാസലും

ഡോ. പി എൻ ബിജു 
March 12, 2026 4:21 am

ഐക്യ കേരള രൂപീകരണത്തിനു മുമ്പേ കമ്മിഷൻ ചെയ്ത പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ വിപുലീകരണ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. തിരുവിതാംകൂറിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ. താരതമ്യേന കുറഞ്ഞ ഊർജോല്പാദനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അക്കാലത്ത് അതൊരു മെഗാ പദ്ധതിയായിരുന്നു. പിന്നാലെ കല്ലാർകുട്ടി, ശബരിഗിരി പദ്ധതികൾ വന്നെങ്കിലും ആഭ്യന്തര ഊർജോല്പാദനത്തിൽ 1976ൽ കമ്മിഷൻ ചെയ്ത ഇടുക്കി പദ്ധതി ഇന്നും കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. സി അച്യുത മേനോൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ ദീർഘവീക്ഷണത്തിന് ദൃഷ്ടാന്തം കൂടിയാണ് രണ്ട് ഘട്ടങ്ങളിലായി 780 മെഗാവാട്ട് ഉല്പാദനശേഷി കൈവരിച്ച ഇടുക്കി ജലവൈദ്യുത പദ്ധതി. പദ്ധതിയുടെ സുവർണ ജൂബിലി വർഷം കൂടിയാണിത്. വ്യവസായത്തിനും ഗാർഹികാവശ്യത്തിനും വിലകുറഞ്ഞ വൈദ്യുതി എന്ന ആവശ്യത്തിന്മേൽ 1929ൽ തിരുവിതാംകൂർ ദർബാറിൽ ചർച്ച ചെയ്തു തുടങ്ങിയതാണ് പള്ളിവാസൽ പദ്ധതി. പെരിയാറിന്റെ പ്രധാന പോഷകനദിയായ മുതിരപ്പുഴക്ക് കുറുകെ മൂന്നാർ ടൗണിനു താഴെയാണ് ബാരേജ് അഥവാ അധികം വെള്ളം ശേഖരിക്കാതെ തിരിച്ചുവിടുന്ന സംവിധാനം സ്ഥിതി ചെയ്യുന്നത്. ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ പേരിൽ ആർഎ ഹെഡ് വർക്സ് എന്ന പേരിൽ ഇത് അറിയപ്പെടുന്നു. ഇവിടെ നിന്നും 2.3 മീറ്റർ വ്യാസവും 2.3 കിലോമീറ്റർ നീളവുമുള്ള ഡി ആകൃതിയും വൃത്താകൃതിയും കൂടിച്ചേർന്ന ടണൽ വഴി മൂന്നാറിന് താഴെ പള്ളിവാസൽ പവർ ഹൗസിൽ എത്തിച്ച് 37.5 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 

നിർമ്മാണവിദ്യയുടെ ശൈശവദശയിൽ ഇത്രയും വലിയ നിർമ്മാണങ്ങൾ അതിശയോക്തി ആയിരുന്നു. വേനൽക്കാല ആവശ്യകത നിറവേറ്റുന്നതിനായി മൂന്നാറിന് മുകൾ ഭാഗത്ത് കുണ്ടളയിൽ റാണി സേതു പാർവതി ഭായിയുടെ പേരിൽ കമാനാകൃതിയിൽ കല്ലു കൊണ്ട് 1947ൽ ഡാം പണിതു. താഴേക്ക് ആവശ്യാനുസരണം വെള്ളം തുറക്കുവാൻ മുകൾനിരപ്പിലും താഴ്ന്നനിരപ്പിലും ഗേറ്റുകളും നിർമ്മിച്ചു. പിന്നെയുമുണ്ടായ ജലദൗർലഭ്യം കുറയ്ക്കുവാൻ കുണ്ടളയുടെ താഴെ മാട്ടുപ്പെട്ടിയിൽ 1954ൽ സാമാന്യം വലിയ ഒരു കോൺക്രീറ്റ് അണക്കെട്ട് തീർത്തു. അതിനുതാഴെ ഒരു ചെറിയ പവർഹൗസ് കൂടി സ്ഥാപിച്ചു. ഈ പദ്ധതിയെ മൊത്തത്തിലാണ് പള്ളിവാസൽ പദ്ധതി എന്നു വിളിക്കുന്നത്. 1940 മാർച്ചില്‍ ആദ്യ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് പെൽട്ടൻ വീലും 7.5 മെഗാവാട്ടിന്റെ മൂന്ന് പെൽട്ടൺ വീലുമാണ് നിലവിലുള്ളത്. 1933ൽ നിർമ്മാണം തുടങ്ങിയ പവർഹൗസിന്റെ നിർമ്മാണോദ്ഘാടനം 1935ൽ ചിത്തിര തിരുനാൾ രാമവർമ്മ നിർവഹിച്ചു. 1940ൽ പദ്ധതി രാജ്യത്തിന് സമർപ്പിച്ചു. 1944ലാണ് ആർഎ ഹെഡ് വർക്സ് പൂർത്തിയാക്കുന്നത്. 1951ൽ അവസാന മെഷീനും കമ്മിഷൻ ചെയ്തു. ടണൽ നിർമ്മാണ കാലത്ത് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടായതായി പൂർത്തീകരണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
മഴക്കാലത്ത് ധാരാളം വെള്ളം ഹെഡ് വർക്ക് വഴി വെറുതെ ഒഴുകിപ്പോവുകയായിരുന്നു. നിലവിലെ ടണലിന് ആവശ്യത്തിന് വ്യാസമില്ലാത്തതിനാൽ ഇങ്ങനെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിക്കുവാൻ സാധിക്കുകയില്ല. ഇതിനു പരിഹാരമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി ഉത്ഭവിക്കുന്നത്. 

നിലവിലുള്ള തുരങ്കത്തിന് സമാന്തരമായി 3.2 മീറ്റർ വ്യാസത്തിൽ 3.5 കിലോമീറ്റർ ദൂരത്തിൽ ടണൽ നിർമ്മിച്ച് 1,131 മീറ്റർ മർദ ടണലും 1,285 മീറ്റർ പെൻസ്റ്റോക്ക് പൈപ്പുകളും, നിലവിലെ പവർഹൗസിനടുത്തായി ഒരു പുതിയ പവർ ഹൗസും നിർമ്മിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് സാക്ഷാത്കരിക്കുന്നത്. 2007ൽ ആരംഭിച്ച പദ്ധതി ഭൂഗർഭത്തിലെ പ്രശ്നങ്ങൾ കാരണം എന്‍ജിനീയർമാർ ഏറ്റവും പ്രയാസം അനുഭവിച്ച പദ്ധതിയാണ്. 2026ൽ ഇത് തീരുമ്പോൾ സ്വാഭാവികമായി ഒരു ചോദ്യം ഉയർന്നു വന്നു. എന്തുകൊണ്ട് ഇത്രയും സമയം എടുത്തു എന്ന്. അതിനുള്ള ഉത്തരമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ. ടണൽ ഇടിയുന്ന പ്രതിഭാസമുണ്ടായതാണ് എടുത്തുപറയേണ്ട ഒന്ന്. കൃത്യമായ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും പിൻബലത്തിലാണെങ്കിലും ടണലിന്റെ ഉൾഭാഗം ഇടിഞ്ഞുവീണത് പ്രതിബന്ധമായി. പാറപ്പാളികളുടെ ഇടയ്ക്ക് മണ്ണ് പാളി വന്നതു കാരണം ടണൽ ഇടിയുകയും ഉപരിതലത്തിൽ വരെ ഗർത്തങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇത് പരിഹരിച്ചത് പൈപ്പുകൾ കൊണ്ട് കുട ആകൃതിയിലുള്ള കവചം നിർമ്മിച്ചാണ്. ഈ രീതിയെ അംബ്രല്ലാ ആർച്ച് പൈപ്പ് റൂഫിങ് ടെക്നോളജി എന്നു വിളിക്കുന്നു. ഈ സാങ്കേതിക വിദ്യ തെക്കേ ഇന്ത്യയിൽ ഇവിടെയാണ് ആദ്യമായി ഉപയോഗിച്ചത്.
മണ്ണ് ഇളകി വീഴുന്ന പ്രതിഭാസവും ഇതിനിടെയുണ്ടായി. ഏകദേശം 230 മീറ്റർ മണ്ണിലൂടെ ഉള്ള ടണൽ വേണ്ടി വന്നു. മുകളിൽ പറഞ്ഞ വിദ്യ ഉപയോഗിച്ചുവെങ്കിലും വീണ്ടും മണ്ണിടിഞ്ഞതിനാൽ അത് തടയുവാൻ സോഡിയം സിലിക്കേറ്റ്, കൊളോയി ഡൽസിലിക്ക അടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് ഗ്രൗട്ടിങ് ചെയ്യേണ്ടി വന്നു. മണ്ണിൽ അടുക്കുപാറകൾ വരുന്നതു കാരണം ധാരാളം ഉരുക്കിന്റെ തൂണുകൾ അടുത്തടുത്തായി കൊടുക്കേണ്ടി വന്നു. തുരങ്കത്തിന്റെ ദിശ മാറ്റേണ്ടിയും വന്നു. 

ഇൻടേക്ക് നിർമ്മാണത്തിലും സവിശേഷതയുണ്ട്. ഇവിടെയുള്ള മണ്ണിന്റെ ഭാരവാഹക ശക്തി വളരെ കുറവായിരുന്നു. നിലവിലെ ജലാശയം കാരണം മണ്ണ് വെള്ളവുമായി കൂടിക്കലർന്ന അവസ്ഥയിലുമായിരുന്നു. കൂടാതെ നാഷണൽ ഹൈവേയുടെ അടിയിലൂടെ നിർമ്മാണം വേണ്ടിവന്നു. ഇവിടെ ജോലി ചെയ്യാൻ കോൺക്രീറ്റ് കവചം ആവശ്യമായി വന്നു. ഏറ്റവും ചെലവേറിയ സീക്കന്റ് പൈൽ വാളും നിർമ്മിക്കേണ്ടി വന്നു. 24 മീറ്റർ നീളമുള്ള പൈലുകളുടെ കൂടാരകവചം വലിയ വെല്ലുവിളി ആയിരുന്നു. ഇതിനകത്തെ മണ്ണ് നേരെ ഉയർത്തി മാത്രമേ നീക്കം ചെയ്യുവാൻ സാധിക്കുകയുള്ളു എന്നത് വലിയ കടമ്പയായിരുന്നു. അതോടൊപ്പം ഈ വാളിന്റെ ചലനങ്ങളെ പിടിച്ചു നിർത്തുക എന്നുള്ളതും. ഇതെല്ലാം നിർമ്മാണ സമയം കൂട്ടി. പവർ ഹൗസിലെ മെഷിനുകൾ ചൈനീസ് സാങ്കേതിക വിദ്യയിലായതിനാൽ അത് ലഭിക്കുവാനുള്ള താമസം, കരാര്‍ കമ്പനികളെ ടെർമിനേറ്റ് ചെയ്ത് പുതിയവരെ തെരഞ്ഞെടുക്കാനുള്ള നിയമപരമായ കാലതാമസം, ഉന്നതങ്ങളിൽ നിന്ന് കൃത്യമായ തീരുമാനങ്ങൾ കൃത്യസമയത്ത് എടുക്കാന്‍ ഇടക്കാലത്തുണ്ടായ അമാന്തം എല്ലാം പദ്ധതി വൈകിപ്പിച്ച ഘടകങ്ങളാണ്. കൂടാതെ എൻഎച്ച് പിസിയുടെ വിദഗ്ധാഭിപ്രായവും തേടിയിരുന്നു.
നിർമ്മാണ സമയത്തെ വെല്ലുവിളികളെ കൃത്യമായ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയും ഗവേഷണ അറിവിന്റെ സഹായത്തോടെയും കീഴടക്കിക്കൊണ്ട് ഇന്നുമുതൽ നമ്മുടെ ഗ്രിഡിലേക്ക് 60 മെഗാവാട്ട് വൈദ്യുതി പ്രവഹിക്കുന്ന ഈ പദ്ധതി സാങ്കേതികവിദ്യയുടെ മികവിന്റെ ഉദാഹരണമാണ്. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ അന്വേഷണ കാലത്തും നിർമ്മാണ കാലത്തും ജോലി ചെയ്ത എന്‍ജിനീയർമാർക്കും മറ്റ് ജീവനക്കാർക്കും ഇത് ആത്മനിർവൃതിയുടേയും അഭിമാനത്തിന്റെയും നിമിഷമാണ്. എങ്കിലും ഇത് പൂർണതോതിൽ ആകണമെങ്കിൽ രാജമലയിലെ ഡൈവേഴ്സൺ പദ്ധതിയും ഗ്രാഹാംസ് ലാന്റിലെ ചെറിയ ഡാമും തീരണം. 

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.