7 December 2024, Saturday
KSFE Galaxy Chits Banner 2

പ്രതീക്ഷ നൽകുന്ന ഉറുഗ്വേയിലെ രാഷ്ട്രീയ മാറ്റം

സാത്യകി ചക്രബര്‍ത്തി
November 29, 2024 4:11 am

ഉറുഗ്വേയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സഖ്യ സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോയെ പരാജയപ്പെടുത്തി ഇടതുപക്ഷ സ്ഥാനാർത്ഥി യമാൻഡൂ ഒർസി രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉറുഗ്വേയിലെ രാഷ്ട്രീയ മാറ്റം ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന് വലിയ ഉത്തേജനമായി. 49.8 ശതമാനം വോട്ട് ഓർസി നേടിയതായി തെരഞ്ഞെടുപ്പു കണക്കുകൾ വ്യക്തമാക്കുന്നു. 2.7 ദശലക്ഷം വോട്ടർമാരുള്ള രാജ്യത്ത് പോളിങ് 90 ശതമാനമായിരുന്നു.
ഇടതുപക്ഷ പ്രസ്ഥാനം ശക്തമായിരുന്നിട്ടും ഉറുഗ്വേ കഴിഞ്ഞ അഞ്ച് വർഷമായി തീവ്ര വലതുപക്ഷ ഭരണത്തിലായിരുന്നു. രാജ്യത്തെ തീവ്ര വലതുപക്ഷ സർക്കാരിന്റെ വീഴ്ച ലാറ്റിനമേരിക്കയിലെ ലിബറലുകൾക്കും ഇടതുപക്ഷത്തിനും ആഹ്ലാദകരമായ വാർത്തയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ലാറ്റിനമേരിക്കൻ മേഖലയിൽ ഉണ്ടായ പിങ്ക് തരംഗത്തിന്റെ തുടർച്ചയായാണ് ഇടതുപക്ഷ പ്രതിപക്ഷത്തിന്റെ വിജയത്തെ വിലയിരുത്തുന്നത്. ഹോണ്ടുറാസിലും കൊളംബിയയിലും ഇടത് പ്രസിഡന്റുമാർ അധികാരത്തിലേറിയതും മാറ്റത്തിന്റെ പ്രകടനങ്ങളായിരുന്നു. എന്നാല്‍ അർജന്റീനയിൽ ഇടതുപക്ഷ അനുഭാവിയായ ഭരണാധികാരിയെ താഴെയിറക്കുന്നതിലും ഇക്വഡോറിലെ ജനപ്രിയ ഇടത് പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിലും വിജയിച്ച തീവ്രവലതുപക്ഷം കൂടുതല്‍ പ്രതീക്ഷയിലായിരുന്നു.

ഉറുഗ്വേയിലെ 3.4 ദശലക്ഷം ജനതയുടെ താല്പര്യങ്ങൾ പരിപാലിക്കുമെന്നും സമ്പന്നമായ രാഷ്ട്ര നിർമ്മാണം സാധ്യമാക്കുന്നതിന് ഒന്നായി മുന്നോട്ടു പോകുമെന്നും സൂചിപ്പിച്ച് ഒർസി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. എതിർ സ്ഥാനാർഥി അൽവാരോ ഡെൽഗാഡോ പരാജയം സമ്മതിക്കുകയും പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും വാഗ്ദാനം നല്‍കുകയും ചെയ്തു. 2025 മാർച്ച് ഒന്നിനാണ് ഒർസി അധികാരമേൽക്കുന്നത്. തൊഴിലാളിവർഗത്തിൽ നിന്നുള്ള 57 കാരനായ യമന്ദു ഒർസി, ചരിത്രാധ്യാപകനും രണ്ട് തവണ മേയറുമായിരുന്നു. പാരിസ്ഥിതിക സുസ്ഥിര രാഷ്ട്രങ്ങളിലൊന്നായി ഉറുഗ്വേയെ മാറ്റുന്നതിന്, ആഗോള പ്രതീകമായ മുൻ പ്രസിഡന്റ് ജോസ് “പെപെ” മുജിക്കയുടെ രാഷ്ട്രീയ അവകാശി ഒർസി, സുരക്ഷിതമായ മാറ്റത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ക്ഷണിക്കുന്നതിലും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും പ്രസിഡന്റ് ഒർസി പ്രായോഗികമായി പ്രവർത്തിക്കുമെന്നും കരുതപ്പെടുന്നു.
ക്രമാനുഗതമായ മാറ്റത്തിന്റെ നയത്തിൽ വിശ്വസിക്കുന്ന ഒരു മിതവാദി ഇടതുപക്ഷ സമീപനമാണ് ഒർസി സ്വീകരിച്ചിട്ടുള്ളത്. ശിശു ദാരിദ്ര്യനിരക്ക് കുറയ്ക്കുന്നതിൽ അദ്ദേഹം ഊന്നൽ നൽകുന്നു. നിലവിൽ അത് 25ശതമാനമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും സുരക്ഷിതമെന്ന് വിലയിരുത്തിയിരുന്ന ഉറുഗ്വേയിൽ സംഘടിത കുറ്റകൃത്യങ്ങളുടെ ഉയർച്ച പ്രകടവുമാണ്. ചൈനയുമായുള്ള വ്യാപാര കരാറിനായി പ്രവർത്തിക്കാനും സാധ്യതയുണ്ട്. ദേശീയ താല്പര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് ഓർസി യുഎസ്എയുമായും യുഎസ് കമ്പനികളുമായും ബന്ധം നിലനിർത്തുമെന്നും കരുതുന്നു.

2005–20 കാലത്ത് വിശാല സഖ്യം (ബ്രോഡ് ഫ്രണ്ട്) ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറപാകി. ഗര്‍ഭഛിദ്രം നിയമവിധേയമാക്കൽ, സ്വവർഗ വിവാഹം, കഞ്ചാവ് വില്പന എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അംഗീകാരം നേടിയ സാമൂഹിക പരിഷ്കാരങ്ങളുടെ ഒരു കാലഘട്ടത്തിനും നേതൃത്വം നൽകി. 2019–24 കാലഘട്ടത്തിലെ തീവ്ര വലതുപക്ഷ ഭരണകാലത്ത് ഈ പ്രക്രിയ നിർത്തിവച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒർസി വിശാല സഖ്യത്തിന്റെ സാമൂഹ്യനീതി പരിഷ്കരണത്തിന് മറ്റൊരു വലിയ മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷ.
നിക്ഷേപം ആകർഷിക്കാനും നിർണായകമായ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ഒർസി നികുതി ആനുകൂല്യങ്ങൾ നിർദേശിക്കുന്നു. വിരമിക്കല്‍ പ്രായം കുറയ്ക്കുകയും എന്നാൽ ഉറുഗ്വേയുടെ ട്രേഡ് യൂണിയൻ ആവശ്യപ്പെടുന്ന സമൂലമായ പുനഃക്രമീകരണത്തിൽ കുറവുവരുത്തുകയും ചെയ്യുന്ന സുരക്ഷാ പരിഷ്കാരങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നു. പണപ്പെരുപ്പം ലഘൂകരിക്കുകയും വളർച്ചാനിരക്ക് ഈ വർഷം മൂന്ന് ശതമാനത്തിലെത്തുകയും ചെയ്തതോടെ ഉറുഗ്വേയുടെ സമ്പദ്‌വ്യവസ്ഥ നിലവിൽ നിയന്ത്രണത്തിലാണ്. വരാനിരിക്കുന്ന പ്രസിഡന്റിനെ വലിയ പ്രതീക്ഷകളോടെയാണ് ഉറുഗ്വേ ജനത ഉറ്റുനോക്കുന്നത്. 

(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.