6 October 2024, Sunday
KSFE Galaxy Chits Banner 2

ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറുന്ന രാഷ്ട്രീയം

സി ദിവാകരൻ
September 20, 2024 4:22 am

ഡൽഹി എന്ന മഹാനഗരത്തിൽ അരങ്ങേറുന്ന രാഷ്ട്രീയ സംഭവങ്ങൾ രാജ്യത്തെയാകെ പിടിച്ചുകുലുക്കാറുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രവും ഡൽഹിയായിരുന്നു. ആ ഭരണകാലത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും അനശ്വരമായി നിലനിൽക്കുന്നു. അക്ബർ ചക്രവർത്തിയുടെ ഭരണനൈപുണ്യത്തെക്കുറിച്ച് ചരിത്രകാരന്മാർ പാടിപ്പുകഴ്ത്തുമ്പോൾ തന്റെ പിതാവായ ജഹാംഗീറിനെ തടവിലിട്ടുകൊണ്ട് രാജഭരണം പിടിച്ചെടുത്ത ഷാജഹാൻ ചക്രവർത്തിയുടെ ഭരണകേന്ദ്രവും ഡൽഹിയായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്. അധമമായ മാർഗത്തിലൂടെ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കുന്ന എത്രയെത്ര സംഭവങ്ങൾക്കാണ് ഡൽഹി എന്ന ഇന്ദ്രപ്രസ്ഥം സാക്ഷിയായത്. തലസ്ഥാനം ഡൽഹിയിൽ നിന്നും മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ച മുഹമ്മദ് ബിൻ തുഗ്ലക്ക്, തന്റെ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിന്ന് ഭരണസ്ഥാപനങ്ങളെയും പട്ടാളത്തെയും പുതിയ നഗരത്തിലേക്ക് നയിച്ച യാത്ര, പകുതിയില്‍ അവസാനിപ്പിച്ച് ഡൽഹിയിൽ മടങ്ങിയെത്തിയ സംഭവത്തെ തുഗ്ലക്ക് പരിഷ്കാരം എന്നും പേരിട്ടു. ചരിത്രം സൃഷ്ടിച്ചും തിരുത്തിയെഴുതിയും ഡൽഹി എന്ന മഹാനഗരം സമകാലീന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ വാർത്തകൾ എന്നും നിറയുന്നു. പൊടുന്നനെ ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഡൽഹിയിൽ ഉയർന്നു വന്നു. കോൺഗ്രസിന്റെ ഞെട്ടിപ്പിക്കുന്ന അഴിമതികൾ തൂത്തെറിഞ്ഞ് ഡൽഹി ശുദ്ധമാക്കുക, ഡൽഹിയിലെ സാധാരണക്കാർക്കും പ്രത്യേകിച്ച് ചേരി നിവാസികൾക്കും വൈദ്യുതിയും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്യുക, വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ വാഗ്ദാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവച്ചത്. 

തങ്ങൾ അധികാരത്തിൽ എത്തിയാൽ കുടിവെള്ളവും വൈദ്യുതിയും സൗജന്യമായിരിക്കും, അഴിമതി നിറഞ്ഞ സർക്കാരിനെ തൂത്തെറിഞ്ഞ് അഴിമതിമുക്തമായ ഡൽഹിയാക്കി മാറ്റും — ഈ വിധമുള്ള ഹരം പിടിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി എഎപി എന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉയർന്നു വന്നു. അവരുടെ നേതാവായ അരവിന്ദ് കെജ്‌രിവാൾ അഴിമതി വിരുദ്ധ സമരത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ച അണ്ണാ ഹസാരയുടെ പ്രഥമ ശിഷ്യനായിരുന്നു. ഉപവാസപ്പന്തലിൽ രാത്രിയും പകലും പ്രവർത്തകനായി നിന്നുകൊണ്ട് കെജ്‌രിവാൾ അതിവേഗം ഡൽഹി രാഷ്ട്രീയത്തിൽ ശക്തനായിത്തീര്‍ന്നു. ആം ആദ്മി പാർട്ടി തലസ്ഥാനനഗരിയിലെ ഇടത്തരം ജനവിഭാഗങ്ങൾക്കിടയിലും ചേരിപ്രദേശങ്ങളിലെ സാധാരണക്കാരിലും ശക്തമായ സ്വാധീനം ഉറപ്പിച്ചു. കോൺഗ്രസിനെയും ബിജെപിയെയും ഒരേസമയം വെല്ലുവിളിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. കെജ്‌രിവാൾ മുഖ്യമന്ത്രിയായി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ, തന്നെ ഡൽഹിയിൽ മാത്രമായി തളച്ചിടാൻ സാധ്യമല്ലെന്ന് തെളിയിച്ചുകൊണ്ട് ആ പാര്‍ട്ടി പഞ്ചാബിൽ അധികാരത്തിലെത്തി. ഹരിയാനയിലും മോഡിയുടെ ഗുജറാത്തിലും കെജ്‌രിവാൾ പിടിമുറുക്കി. 

നരേന്ദ്ര മോഡി വിദേശപര്യടനം നടത്തിയപ്പോൾ കെജ്‌രിവാൾ പഞ്ചാബ് വഴി ഹരിയാനയും കടന്ന് ഗുജറാത്തിൽ എത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ മോഡിയുടെ ബിജെപിക്ക് ശക്തിക്ഷയമുണ്ടായി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ബിജെപി മോഹം തകർന്നു. ഇന്ന് കേന്ദ്രം ഭരിക്കുന്നത് ബിജെപിയല്ല, അവര്‍ നയിക്കുന്ന ഒരു മുന്നണിയാണ്. ഇന്ത്യൻ രാഷ്ട്രീയം പരിശോധിച്ചാൽ ഇനിയൊരിക്കലും ബിജെപിക്ക് ഒറ്റയ്ക്ക് ഭരണത്തിൽ എത്താൻ ആവില്ല. തങ്ങൾക്ക് രാജ്യത്ത് എതിരാളികൾ ഇല്ലെന്നും പ്രതിപക്ഷ കക്ഷികൾ ദുർബലരാണെന്നുമുള്ള ബിജെപിയുടെ ധാരണ യുക്തിഭദ്രമല്ലെന്ന് തെളിഞ്ഞു. ബിജെപിക്ക് ബദലായി അതിശക്തമായ ഇന്ത്യ സഖ്യം ദേശവ്യാപകമായി വളർന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളും മറ്റ് ജനാധിപത്യ പാർട്ടികളും കോൺഗ്രസും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം ബിജെപിയുടെ ഉറക്കം കെടുത്തുകയാണ്.
ബിജെപിക്ക് എതിരായി ഇന്ത്യയിലാകെ ജനവികാരം ആഞ്ഞുവീശിയപ്പോഴും ഡൽഹിയിൽ അതിന്റെ പ്രതികരണം ഉണ്ടാകാതെ പോയതിന്റെ രാഷ്ട്രീയ കാരണങ്ങൾ പരിശോധിക്കാൻ കെജ്‌രിവാൾ തയ്യാറാകണം. ജയിലിലായിരുന്ന കെജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചു. നിർഭാഗ്യവശാൽ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പൂർണരൂപം പുറത്തുവന്നപ്പോൾ അത്, തിഹാർ ജയിലിലെ തടവുശിക്ഷയെക്കാൾ ക്രൂരമായിരുന്നു. മുഖ്യമന്ത്രിയെ തന്റെ ചുമതലകളില്‍ നിന്ന് വിലക്കുന്നതായിരുന്നു ജാമ്യവ്യവസ്ഥ.
ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയെ തന്റെ കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് വിലക്കാൻ കോടതിക്ക് എന്ത് അധികാരമാണെന്ന ചോദ്യം ഉയർന്നുവരികയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ ഓഫിസിൽ പ്രവേശിക്കാൻ പാടില്ല, ഭരണനിർവഹണത്തിൽ ഇടപെടാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്ന കോടതിയുടെ നിലപാട് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനങ്ങളോട് വെല്ലുവിളി നടത്തുകയാണ്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ലക്ഷ്മണരേഖ ഇവിടെ അപ്രസക്തമാകുന്നു. കേന്ദ്രസർക്കാർ തങ്ങളുടെ കൈവശമുള്ള­ അ­ധികാരം ഭരണഘടനാവിരുദ്ധമായി വിനിയോഗിച്ചുകൊണ്ട് മുഖ്യമന്ത്രി കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും എതിരായി ഡൽഹി സർക്കാരിന്റെ മദ്യനയത്തിലെ അഴിമതിക്കേസ് തിരഞ്ഞെടുത്തു. ആദ്യം ഡൽഹി ഉപമുഖ്യമന്ത്രിയെ ജയിലിൽ അടച്ചു. കുറ്റപത്രം നൽകാൻ അനന്തമായ കാലതാമസം നേരിട്ടപ്പോൾ കോടതി ഇടപെട്ട് ജാമ്യം അനുവദിച്ചു. കഴിഞ്ഞ അഞ്ചു മാസക്കാലമായി അതേകേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിനെയും അറസ്റ്റുചെയ്ത് ജയിലിൽ അടച്ചു.
മോഡി ലോകരാജ്യങ്ങളിൽ കറങ്ങിനടന്ന് തന്റെ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തുമ്പോൾ ഇവിടെ വിചാരണപോലും നടത്താതെ ഡൽഹി മുഖ്യമന്ത്രി ജയിലഴികൾക്കുള്ളിൽ കഴിയുകയായിരുന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പരമകോടിയിൽ എത്തിയപ്പോൾ കോടതി ഇടപെട്ട് ജയിൽ ശിക്ഷയെക്കാൾ കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിക്കാൻ സന്നദ്ധമായത്. നിയമവാഴ്ചയും ഭരണഘടനയും കീഴ്‌വഴക്കങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ജനപ്രതിനിധികളോട് ഇപ്രകാരം കല്പിക്കാൻ കോടതിക്ക് ഏത് നിയമപ്രകാരമാണ് അധികാരമുള്ളതെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം വരുംകാലങ്ങളിൽ രൂക്ഷമായ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കും.
സർക്കാരിന്റെ മദ്യനയത്തിൽ അഴിമതി നടന്നതായി തെളിയിക്കപ്പെട്ടാൽ ആ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഇവിടെ ഒരു തടസവുമില്ല. അഴിമതി നടന്നുവോ ഇല്ലയോ എന്ന അന്വേഷണം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പ്രാഥമിക വിചാരണപോലും ആരംഭിച്ചിട്ടില്ല. ഈ സന്ദർഭത്തിൽ നടന്ന അറസ്റ്റും ജയിലും ബിജെപി സർക്കാരിന്റെ കുടിലതന്ത്രം മാത്രമാണ്. ഡൽഹി അടക്കം ഏതാനും സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളായ രാഷ്ട്രീയ പാപ്പരത്തത്തിന്റെ നടപടികളാണ് ബിജെപി സ്വീകരിച്ചത്.
കെ‌ജ്‌രിവാളും ആം ആദ്മി പാർട്ടിയും സന്ദർഭോചിതമായി നിലപാടുകൾ സ്വീകരിക്കാൻ സന്നദ്ധരാകണം. തങ്ങൾ മാത്രം മതി, മറ്റൊന്നും നോക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ച വമ്പൻ പാർട്ടികൾ പോലും ഇപ്പോൾ ജനങ്ങളുടെ അവഗണനയുടെ കുപ്പത്തൊട്ടികളിലാണ് എന്നത് എല്ലാ പാർട്ടികള്‍ക്കുമുള്ള ജനങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. ഇന്ത്യ സഖ്യത്തില്‍ അണിനിരന്നുകൊണ്ടല്ലാതെ രാജ്യം ഇന്ന് നേരിടുന്ന സംഘ്പരിവാർ ഭരണത്തെ നേരിടാൻ കുറുക്കുവഴികൾ ഇല്ല. ജനാധിപത്യവും ഭരണഘടനയും പൗരാവകാശവും സംരക്ഷിക്കാനുള്ള വിശാലമായ പടയൊരുക്കത്തിന് കാത്തിരിക്കുകയാണ് ജനങ്ങൾ. അവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കാലം മാപ്പു നൽകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.