Tuesday
19 Mar 2019

മുദ്രാവായ്പാ പദ്ധതി കിട്ടാക്കട പ്രതിസന്ധിയുടെ പിടിയില്‍

By: Web Desk | Thursday 8 November 2018 10:28 PM IST


വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തി നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി മുദ്രയോജന (പിഎംഎംവൈ). ഈ പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്ന് സ്വന്തം നിലയില്‍ ചെറുകിട, സൂക്ഷ്മതല വികസന സംരംഭങ്ങള്‍ സ്ഥാപിക്കുക എന്നതാണ്. ഇതിനാവശ്യമായ വായ്പാ സൗകര്യങ്ങള്‍ ബാങ്കുകള്‍ വഴി ലഭ്യമാക്കുകയും സംരംഭകത്വ പ്രോത്സാഹനവുമാണ്. രണ്ട് പുതിയ സ്വയം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്.
പ്രധാനമന്ത്രിയുടെ ആശയമെന്ന നിലയില്‍ രൂപം കൊണ്ടതെന്ന് അവകാശപ്പെടുന്ന പദ്ധതിയുടെ വിജയം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നമാണ്. കോടികള്‍ ചെലവാക്കി മാധ്യമ പ്രചരണങ്ങളിലൂടെ സംഘപരിവാര്‍ വക്താക്കള്‍ ഇതിന് കിണഞ്ഞു പരിശ്രമിക്കുന്നു. 2017 ല്‍ ബിജെപി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത അവസരത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ 2014 മുതല്‍ 2017 വരെയുള്ള മൂന്നു വര്‍ഷക്കാലയളവില്‍ മുദ്രാവായ്പാ പദ്ധതിയിലൂടെ 7.28 കോടി ജനങ്ങള്‍ക്ക് പുതുതായി സ്വയം തൊഴിലവസരങ്ങള്‍ കണ്ടെത്താനായി എന്ന് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, അദ്ദേഹം മാത്രമല്ല, ഔദ്യോഗിക മാധ്യമവക്താക്കളെല്ലാം മറച്ചുവച്ച വസ്തുത മുദ്രാവായ്പ വാങ്ങിയവര്‍ വരുത്തിയ തിരിച്ചടവു വീഴ്ചയുടെ ഫലമായി 11,000 കോടി രൂപയോളം കിട്ടാക്കടമുണ്ടായി എന്നതാണ്. ഈ തുകയ്ക്ക് ഉത്തരവാദികളായവര്‍ 13.85 ലക്ഷം അക്കൗണ്ട് ഉടമകളാണ്. വിവരാവകാശ നിയമമനുസരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് ലഭിച്ച ആധികാരിക വിവരമാണിത്. (‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ഒക്‌ടോബര്‍ 21, 2018.)
പ്രധാന്‍മന്ത്രി മുദ്രയോജനയ്ക്ക് തുടക്കമിട്ടത് 2015 ഏപ്രില്‍ എട്ടിനായിരുന്നു. സൂക്ഷ്മതല സംരംഭകര്‍ക്ക് ബാങ്കുകള്‍ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കാന്‍ ബാധ്യസ്ഥമായിരുന്നു. മുദ്രാവായ്പകള്‍ അനുവദിക്കാന്‍ നിര്‍ബന്ധിതമായത് പൊതുമേഖലാ ബാങ്കുകളായിരുന്നു. കോര്‍പറേറ്റ് മേഖലാ വായ്പകളെ തുടര്‍ന്ന് ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കട ബാധ്യത വന്നുപതിച്ചത് പൊതുമേഖലാ ബാങ്കുകളുടെ മേല്‍ ആയിരുന്നു. മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ തിരിച്ചടവു വീഴ്ചവരുത്തിയപ്പോള്‍ കടക്കെണിയില്‍ അകപ്പെട്ടതും പൊതുമേഖലാ ബാങ്കുകള്‍ തന്നെയായിരുന്നു.

മുദ്രാവായ്പകള്‍ മൂന്നു വിഭാഗങ്ങള്‍ക്കായിട്ടാണ് അനുവദിച്ചത്. ഒന്ന്, ‘ശിശുവിഭാഗം. ഇതിനുള്ള വായ്പ തുക 50,000 രൂപ വരെയാണ്. രണ്ട്, ‘കിഷോര്‍ വിഭാഗം.’ ഈ വായ്പ 50,001 രൂപ മുതല്‍ അഞ്ചുലക്ഷംവരെ. മൂന്ന്, ‘തരുണ്‍വിഭാഗം.’ 5,00,001 മുതല്‍ 10 ലക്ഷം രൂപവരെ. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഈ മൂന്നു വിഭാഗങ്ങള്‍ക്കായി 2018 ഓഗസ്റ്റ് മൂന്നു വരെ അനുദിക്കെപ്പട്ടിട്ടുള്ള മുദ്രാവായ്പ 6.37 ലക്ഷം കോടി രൂപയാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ 13.47 കോടി അക്കൗണ്ട് ഉടമകളാണ്. വായ്പ തിരിച്ചടവു വീഴ്ചയുടെ ഫലമായി കിട്ടാക്കട ബാധ്യത ഉദ്ദേശം 11,000 കോടി രൂപ. ഇതില്‍ ഏറിയ പങ്കും, മുദ്രാസഹായ പദ്ധതി സഹായമര്‍ഹിക്കുന്നവരെന്ന് കണ്ടെത്തിയ ശിശു വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അതായത്, ഏറ്റവും കുറഞ്ഞ വായ്പാ തുകയായ 50,000 രൂപവരെ കൈപ്പറ്റിയവര്‍.

ണത്തിന്റെ ലഭ്യതയ്ക്കു പുറമെ സംരംഭകത്വ വികസനത്തിന് മറ്റു സാഹചര്യങ്ങള്‍ കൂടി അനിവാര്യമാണ്. പരിശീലനം, വിപണന സൗകര്യങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. രണ്ടാമത് വായ്പകള്‍ക്ക് യാതൊരു വിധ ഈടും ഇല്ലെന്നില്ലതിനാല്‍, വായ്പാ തുക പിടിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. ഇതിനെല്ലാം പുറമെ, ബാങ്കുകള്‍ക്ക് വിശിഷ്യാ പൊതുമേഖലാ ബാങ്കുകള്‍ക്ക് പലപ്പോഴും വായ്പയ്ക്കായി അപേക്ഷിക്കുന്നവരുടെ അര്‍ഹത കണ്ടെത്താന്‍ കഴിയാതെ വരുന്നു എന്നതും പ്രശ്‌നമാണ്. കെവൈസി മാനദണ്ഡങ്ങള്‍ അഥവാ ഇടപാടുകാരെ തിരിച്ചറിയുക എന്നതിനുള്ള മാനദണ്ഡങ്ങള്‍ വെറും പാഴ്‌വേലയായി. മുന്‍കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരുകള്‍ നടപ്പാക്കിയ സമാനമായ നിരവധി വായ്പാ പദ്ധതികള്‍ പരാജയപ്പെട്ടതില്‍ നിന്നുള്ള ശരിയായ പാഠം ഉള്‍ക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇതൊന്നും സമ്മതിക്കാന്‍ അധികാരി വര്‍ഗം സന്നദ്ധമായില്ല. ഏതാനും ചില സംസ്ഥാന സര്‍ക്കാരുകളും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പരിഗണിച്ച് ഈടൊന്നുമില്ലാതെ ബാങ്ക് വായ്പാ പദ്ധതികള്‍ നടപ്പാക്കി അമ്പേ പരാജയപ്പെട്ട അനുഭവമുണ്ട്. ഉദാഹരണത്തിന് ഹരിയാന മുഖ്യമന്ത്രിയായിരുന്ന ചൗധരി ദേവിലാല്‍ സെക്യൂരിറ്റി ഇല്ലാതെ ലക്ഷക്കണക്കിന് ബാങ്ക് വായ്പ അനുവദിക്കുകയും, അവയിലേറെയും കിട്ടാക്കടമായി മാറിയതും ചരിത്രത്തിന്റെ ഭാഗമാണിപ്പോള്‍.

ഓരോ ബാങ്കും മുദ്ര പദ്ധതിയുടെ ഭാഗമായി നിശ്ചിത തുക വായ്പയായി സംരംഭകര്‍ക്ക് ഓരോ വര്‍ഷവും നല്‍കിയിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ നിര്‍ണയിക്കുക എന്നതാണ് പതിവ്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ പല ബാങ്കുകളും പെടാപ്പാട് പെടേണ്ടിവരാറുമുണ്ട്. നിരവധി പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ച് മാനേജര്‍മാര്‍ ഇതേപ്പറ്റിയെല്ലാം ആര്‍ബിഐക്ക് മുന്നില്‍ പരാതിപ്പെടുക പതിവാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അര്‍ഹതയില്ലാത്ത പദ്ധതികള്‍ക്കും അപേക്ഷകര്‍ക്കും വായ്പകള്‍ അനുവദിക്കപ്പെടാറുണ്ട്. ചില ബാങ്ക് മാനേജര്‍മാര്‍ നിശ്ചിതലക്ഷ്യം നേടാന്‍ കഴിയാതെ വരുമ്പോള്‍ നിലവിലുള്ള ഇടപാടുകാരെ പ്രത്യേകം ക്ഷണിച്ചുവരുത്തി ശിശുവായ്പാ വിഭാഗത്തിന് മാത്രം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന 50,000 രൂപയ്ക്കു പകരം അതിലും കുറഞ്ഞ തുകയ്ക്കുള്ള വായ്പ വാങ്ങാന്‍ പ്രേരിപ്പിച്ചിട്ടുള്ള അനുഭവങ്ങളും നിരവധിയായിട്ടുണ്ട്. ഏതെങ്കിലും മാര്‍ഗത്തിലൂടെ നിശ്ചിത തുകയ്ക്കുള്ള വായ്പാ ലക്ഷ്യത്തിലെത്തുക എന്നത് മാത്രമായിരിക്കും ബാങ്ക് മാനേജര്‍മാര്‍ക്ക് മുന്നിലുള്ള മാര്‍ഗം.
ലക്ഷ്യങ്ങള്‍ നേടിയതില്‍ ഊറ്റം കൊള്ളുന്ന മോഡി സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്താല്‍ ബാങ്ക് മാനേജര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയുടെ യഥാര്‍ഥ സ്വഭാവം നമുക്കു മനസിലാക്കാന്‍ കഴിയും. മുദ്രായോജന നിലവില്‍ വന്നതിനുശേഷമുള്ള മൂന്നു വര്‍ഷക്കാലത്തിനിടയില്‍ ഓരോ വര്‍ഷവും ബാങ്ക് മാനേജര്‍മാര്‍ നിശ്ചിത വായ്പാ ലക്ഷ്യം നേടിയതായി അവകാശപ്പെടുന്നു. 2015-16 ല്‍ വായ്പാ വിതരണ ലക്ഷ്യം 1,22,188 കോടിയായി നിജപ്പെടുത്തിയിരുന്നെങ്കിലും ബാങ്കുകള്‍ അനുവദിച്ച വായ്പ 1,37,449 കോടി രൂപയായി വര്‍ധിക്കുകയാണു ചെയ്തത്. 2016-17 ല്‍ ഇത് യഥാക്രമം 1,80,000 കോടി രൂപയും 2017-18 ല്‍ 1,80,529 കോടി രൂപയും മാത്രമായിരുന്നു. ഇവിടെ നിന്ന് പൊടുന്നനെ ലക്ഷ്യമിട്ട തുകയും യഥാര്‍ഥത്തില്‍ അനുവദിക്കപ്പെട്ട വായ്പാ തുകയും വര്‍ധിക്കുന്ന കാഴ്ചയാണ് 2017-18 സെപ്റ്റംബര്‍ മാസാവസാനത്തോടെ കാണാനായത്. ഇവ യഥാക്രമം 2,44,000 കോടി രൂപയും, 2,53,677 കോടി രൂപയുമായി വര്‍ധിക്കുകയാണു ചെയ്തത്.

പ്രധാനമന്ത്രി മുദ്രാ യോജനയുടെ മറ്റൊരു സവിശേഷത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഈ വായ്പാ പദ്ധതിക്ക് ഏറ്റവും കുറഞ്ഞ വായ്പാ തുക 50,000 രൂപയും കൂടിയ തുക 10 ലക്ഷം രൂപയുമാണ്. ഈ രണ്ടു സ്റ്റേജുകള്‍ക്കു പുറമെ അഞ്ചു ലക്ഷം രൂപയുടെ മൂന്നാമതൊരു സ്റ്റേജ് കൂടിയുണ്ട്. പിന്നിട്ട മൂന്നു വര്‍ഷക്കാലത്തിനിടയില്‍ അനുവദിക്കപ്പെട്ട വായ്പകളുടെ 90 ശതമാനത്തോളം 50,000 രൂപവരെയുള്ള ചെറിയ വായ്പകളായിരുന്നു. അതേസമയം, കിട്ടാക്കട ബാധ്യതയില്‍ യാതൊരുവിധ കുറവും ഉണ്ടായിട്ടില്ല. 2015 ഏപ്രില്‍ എട്ടു മുതല്‍ 2018 ഏപ്രില്‍ എട്ടുവരെയുള്ള മൂന്നു വര്‍ഷക്കാലയളവില്‍ 13.85 ലക്ഷം ആക്കൗണ്ടുകളുടെ വകയായി 11,000 കോടി രൂപയാണ് തിരിച്ചടവു വീഴ്ച ഇനത്തില്‍ ബാങ്കുകള്‍ക്ക് ബാധ്യത ഏല്‍ക്കേണ്ടിവന്നത്. വസ്തുതകളും കണക്കുകളും മുദ്രാവായ്പാ പോലുള്ള പദ്ധതികള്‍ പൊതുമേഖലാ ബാങ്കുകളെ സാമ്പത്തികമായി തകര്‍ക്കുകയാണ് ചെയ്തതെന്ന് കാണാനാവും.