28 March 2024, Thursday

അന്ധവിശ്വാസ നിരോധനം: വേണ്ടത് ഫലപ്രദമായ നിയമം

എസ് രാമകൃഷ്ണൻ
October 19, 2022 4:40 am

ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അന്ധവിശ്വാസ നിരോധന നിയമം വേണം എന്ന ആവശ്യത്തിന് ആക്കം കൂടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും കർണാടകയിലും നിലവിൽ ഇത്തരം നിയമമുണ്ട്. എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണ് എന്നത് സംശയാസ്പദമാണ്. ശക്തവും ഫലപ്രദവും മാതൃകാപരവുമായ നിയമം ആണ് കേരളത്തിൽ വേണ്ടത്. ഇക്കാര്യം സിപിഐ അടക്കം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നേരത്തെത്തന്നെ ഉന്നയിച്ചിട്ടുള്ളതാണ്.
ഇന്ത്യൻ ഭരണഘടന വിശ്വാസ സ്വാതന്ത്ര്യം നൽകുന്നുണ്ട്. വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ തയാറാക്കുന്ന ഏതു നിയമവും ഇതിനനുസൃതമായേ പാടുള്ളു. ഇതൊരു വലിയ പരിമിതിയാണ്. വിശ്വാസമേത്, അന്ധവിശ്വാസമേത് എന്ന അതിർവരമ്പ് കണ്ടെത്താൻ വളരെ പ്രയാസമാണ്. നാസ്തിക കാഴ്ചപ്പാടിൽ ദൈവം, മരണാനന്തര ജീവിതം, ആത്മാവ്, പാപപുണ്യങ്ങൾ, വിധി, സ്വർഗ-നരകങ്ങൾ, അന്ത്യവിധി, കർമ്മഫലം, പുനർജ്ജന്മം, പ്രാർത്ഥന, ആരാധന തുടങ്ങിയവയെല്ലാം അന്ധവിശ്വാസമാണ്. എന്നാൽ വിശ്വാസികളുടെ കാഴ്ചപ്പാടിൽ ഇവയെല്ലാം വിവിധ മതങ്ങളുടെ അവിഭാജ്യ ഘടകവും. ഇതിൽ ഏതെങ്കിലും ഒന്ന് നിരോധിച്ചാൽ അത് മതസ്വാതന്ത്ര്യത്തിന്റെ നിഷേധമായി വ്യാഖ്യാനിക്കപ്പെടും. ഇത്തരം കാര്യങ്ങളിൽ ഒരു നിരോധനം ഭരണഘടനാ വിരുദ്ധമായിരിക്കും എന്നർത്ഥം.


ഇതുകൂടി വായിക്കു; മൗനത്തില്‍ നിന്നും വളരുന്ന അനാചാരങ്ങള്‍


ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ആർട്ടിക്കിൾ 51 (എ) (എച്ച്) പ്രകാരം ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണ ത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് പൗരരുടെ അടിസ്ഥാന കടമയാണ്. അതേസമയം, അനുച്ഛേദം 26ൽ മതസ്വാതന്ത്ര്യം അനുവദിക്കുമ്പോൾ പൊതുസമാധാനത്തിനും സാന്മാർഗികതയ്ക്കും ആരോഗ്യത്തിനും വിധേയമായി എന്നു പ്രത്യേകം പറയുന്നുമുണ്ട്. മാനവിക വിരുദ്ധമോ, മറ്റുള്ളവരുടെ സുരക്ഷയെയും മറ്റും ഹനിക്കുന്നതോ ആയ കാര്യങ്ങൾ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ചെയ്യാനാകില്ല എന്ന് ഇതിൽനിന്ന് മനസിലാക്കാം.
ഈ പശ്ചാത്തലത്തിൽ ഏതുതരം പ്രവർത്തനങ്ങളാണ് അല്ലെങ്കിൽ പ്രവൃത്തികളാണ് അന്ധവിശ്വാസ നിരോധനത്തിന്റെ പരിധിയിൽ വരിക എന്നത് ചിന്തിക്കേണ്ടതുണ്ട്. ഇവിടെ ഏറ്റവും പ്രധാന മേഖല പരസ്യങ്ങളുടേതാണ്. കേരളത്തിൽ പോലും ജാതകം, ഹസ്തരേഖ, കിളിജ്യോത്സ്യം, മുഖലക്ഷണം, ന്യൂമറോളജി, വാസ്തു തുടങ്ങിയവയുടെ പ്രചരണം നിരോധിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ ഇവയ്ക്കു ലഭിക്കുന്ന വിസിബിലിറ്റി കുറയ്ക്കാൻ സാധിക്കും. ജ്യോത്സ്യത്തിനായി പ്രത്യേകം പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളിൽ ഒഴികെ, ജ്യോത്സ്യന്മാരുടെ ലേഖനങ്ങളോ, പരസ്യങ്ങളോ, പ്രവചനങ്ങളോ വിഷുഫലമോ ഒന്നും പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവരാവുന്നതാണ്.

വാസ്തു തുടങ്ങിയവയുടെ കാര്യവും അങ്ങനെതന്നെ. ഇതൊന്നും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യാനും പാടില്ല. എസ്എംഎസ് വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഉള്ള പരസ്യവും നിരോധിക്കണം. ഫെങ് ഷൂയി, വലംപിരി ശംഖ്, നാഗമാണിക്യം, കുബേർ കുഞ്ചേരി തുടങ്ങിയവയുടെയും എല്ലാത്തരം പരസ്യങ്ങളും നിരോധിക്കണം. മന്ത്രവാദം, പ്രേതബാധ ഒഴിപ്പിക്കൽ, ഒടിവിദ്യ, മഷിനോട്ടം തുടങ്ങിയവ സമ്പൂർണമായും നിരോധിക്കപ്പെടണം. വശ്യം തുടങ്ങിയ കാര്യങ്ങളും നിരോധിക്കേണ്ടതാണ്. ധനസമ്പാദനത്തിനും അഭീഷ്ടസിദ്ധിക്കും മറ്റുമുള്ള യന്ത്രങ്ങൾ ഏലസുകൾ, ജപിച്ച ചരടുകള്‍ തുടങ്ങിയവയുടെ കച്ചവടവും നിരോധിക്കേണ്ടതാണ്. ഒരിടത്ത് അത്ഭുതരോഗശാന്തി ശുശ്രൂഷ, മറ്റുചിലയിടങ്ങളില്‍ ഓതിയ വെള്ളം കുടിപ്പിക്കൽ, റെെക്കി, പ്രാണിക് ഹീലിങ് തുടങ്ങി സർക്കാരിന്റെ യാതൊരു അംഗീകാരവുമില്ലാത്ത ചികിത്സാ പരിപാടികൾ. അവസാനം പറഞ്ഞ ചികിത്സകൾ നിരോധിക്കാൻ കഴിഞ്ഞേക്കും. എന്നാൽ രോഗശാന്തി ശുശ്രൂഷയും മറ്റും നിരോധിക്കുക എളുപ്പമാവില്ലെന്നതാണ് സാമൂഹിക പശ്ചാത്തലം. നടീനടന്മാരെ ഉൾപ്പെടുത്തി രോഗശാന്തി നാടകങ്ങൾ വളരെ വ്യാപകമായി നടക്കുന്നു എന്ന ആരോപണം സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പല വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇങ്ങനെയുള്ള തട്ടിപ്പുകളെ പരിശോധിക്കാൻ പുതിയ നിയമത്തിൽ ഒരു വകുപ്പ് എഴുതിച്ചേർക്കണം.

 

 


ഇതുകൂടി വായിക്കു; അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരക്രിയകള്‍ക്കും എതിരെ നിയമ നിര്‍മ്മാണം അനിവാര്യം


 

പുതിയ നിയമത്തിൽ ഏറ്റവും പ്രധാനമായി വേണ്ട ഒരു കാര്യം, അന്ധവിശ്വാസങ്ങൾക്കെതിരെ സർക്കാരിന് സ്വയമേവ നടപടി എടുക്കാൻ ഉള്ള അധികാരമാണ്. മഹാരാഷ്ട്രയിലെ നിയമം നിഷ്‌പ്രയോജനമായി പോകാൻ കാരണം, അവിടെ ഇത്തരം തട്ടിപ്പിന്/ഉപദ്രവത്തിന് ഇരയായി തീർന്ന ആൾ പരാതിപ്പെട്ടാൽ മാത്രമേ സർക്കാർ ഇടപെടലിന് വകുപ്പുള്ളൂ എന്നതാണ്. എന്നാല്‍ പരാതിയുമായി ആരും രംഗത്തുവരുന്നില്ല. കാരണം ഊഹിക്കാമല്ലോ. അതുകൊണ്ട് നടപടിയും വേണ്ടിവരാറില്ല. ഇങ്ങനെ ഒരു നോക്കുകുത്തി നിയമമാകരുത് കേരളത്തിൽ നിലവിൽ വരുന്നത്. അതേസമയം, നമ്മുടെ സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ നൂറ്റാണ്ടുകളിലൂടെ അടിഞ്ഞുകൂടിയവയാണ് എന്നതും ഓർക്കണം. നിയമംകൊണ്ടോ, നിരോധനംകൊണ്ടോ, പരിഹാസംകൊണ്ടോ, ബലപ്രയോഗംകൊണ്ടോ മാത്രം ഇവയെ ഇല്ലായ്മ ചെയ്യാം എന്നൊരു ധാരണയും പാടില്ല. നിരന്തരമായ ബോധവല്ക്കരണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കണം. സ്കൂൾ, കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് സർക്കാരിന്റെ തന്നെ മുൻകയ്യിൽ ബോധവല്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കേണ്ടതുണ്ട്. സന്നദ്ധ സംഘടനകൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി-യുവജന സംഘടനകൾക്കും ഇക്കാര്യത്തിൽ വലിയ സംഭാവനകൾ ചെയ്യാനാകും. ഉല്പതിഷ്ണുക്കളായ എല്ലാ വ്യക്തികളുടെയും നിശബ്ദതയല്ല, ഉച്ചത്തിലുള്ള പിന്തുണയും പ്രചാരണ പ്രവർത്തനങ്ങളുമാണ് ഇക്കാര്യത്തിൽ അനിവാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.