6 November 2025, Thursday

വിഷൻ 2031ലേക്കുള്ള മത സമീപനം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
October 16, 2025 4:25 am

നവകേരളം വിഷൻ 2031 എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ച ഒരു സർക്കാരാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. 2031ൽ കേരളം എന്തായിരിക്കണം എന്നതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള നിരവധി യോഗങ്ങൾ നടന്നുവരുന്നുണ്ട്. ആയതിൽ ഒന്നു രണ്ടെണ്ണത്തിൽ ഈ ലേഖകനും പങ്കെടുത്തു. വർഗീയത ഇല്ലാത്തതും മാനവമൈത്രിയിൽ ഊന്നുന്നതും ആയ മതങ്ങളുടേയും ആത്മീയതയുടേയും നിലനില്പ് ഉറപ്പുവരുത്താൻ 2031-ാം ആണ്ടോടു കൂടി കഴിയണം. അതിനായി എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നതു സംബന്ധിച്ചു ചില വിചാരങ്ങളും നിർദേശങ്ങളും പങ്കിടുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
ചരിത്രത്തിൽ സ്ഥാനവും സ്വാധീനവും ഉണ്ടായിരുന്നതിനൊന്നും വർത്തമാനത്തിലും അഥവാ സമകാലികതയിലും സ്ഥാനമോ സ്വാധീനമോ തീർത്തും ഇല്ലാതാവില്ല. ഇത് മാനവിക നാഗരികതയുടെ അടിസ്ഥാന സ്വഭാവവും നിയമവുമാണ്. ഉദാഹരണത്തിന് ബുദ്ധമതവും സംസ്കൃത ഭാഷയും എടുക്കുക. രണ്ടിനും ചരിത്രത്തിൽ വലിയ സ്ഥാനവും സ്വാധീനവും ഉണ്ടായിരുന്നു. എന്നാൽ സമകാലിക ഭാരതത്തിൽ ഹിന്ദിയോ തമിഴോ ഇംഗ്ലീഷോ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന അത്രയും ആളുകൾ സംസ്കൃതം ഉപയോഗിക്കുന്നില്ല. പക്ഷേ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും നിർണായകവും അനിഷേധ്യവുമായ ഒരു സാംസ്കാരിക സ്വാധീനമായി സംസ്കൃത ഭാഷ ഇപ്പോഴും ജീവിക്കുന്നു. ഇതുപോലെ തന്നെയാണ് ബുദ്ധമതത്തിന്റേയും സ്വാധീനം. തങ്കു ബ്രദറോ, സി രവിചന്ദ്രനോ, മുജാഹിദ് ബാലുശേരിയോ ഒരു യോഗം വിളിച്ചാൽ തടിച്ചു കൂടുന്ന അത്രയും ആളുകൾ ബുദ്ധമതത്തിന്റെ പേരിൽ ഒത്തുച്ചേരാൻ ഇന്നത്തെ ഇന്ത്യയിലും കേരളത്തിലും ഉണ്ടാവില്ല. പക്ഷേ ഒരു സ്വാധീനമായി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയിലും അത് വായിക്കുന്നവരിലും അതേപ്പറ്റി ചിന്തിക്കാനും എഴുതാനും പറയാനും നൃത്ത, വാദ്യ, ചിത്ര, ചലച്ചിത്ര, നാടകാദി കലാ രൂപങ്ങളിൽ ചണ്ഡാലഭിക്ഷുകിയെ അവതരിപ്പിക്കാനും ശ്രമിക്കുന്നവരിലൂടേയും മറ്റും ഇപ്പോഴും ബുദ്ധൻ നിലനിൽക്കുന്നു. ആത്മീയ രംഗത്തു സ്വാമി വിവേകാനന്ദൻ, ഓഷോ രജനീഷ്, ജിദ്ദു കൃഷ്ണമൂർത്തി എന്നിവരെ അഗാധമായി സ്വാധീനിച്ച് സമകാലിക ലോകത്ത് വിചാരപ്പൊലിമയായി വിളങ്ങിയ ബുദ്ധൻ, രാഷ്ട്രീയ സാമൂഹിക നിയമശാസ്ത്രമേഖലയിൽ അംബേദ്കറിലൂടെ ഒരു നവാവതാരം കൊണ്ടതും നാം കാണുന്നു. ആസ്തികം\നാസ്തികം എന്നും, ആത്മീയം\ഭൗതികം എന്നും, ഒക്കെ വേർതിരിച്ചു പറഞ്ഞു വരുന്ന വൈചാരികവും വൈകാരികവുമായ വിഭിന്ന ധാരകളൊന്നും പരസ്പരം ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും ഇല്ലാതായതായി ചരിത്രമോ സമകാലിക ലോകമോ നമ്മെ ബോധ്യപ്പെടുത്തുന്നില്ല. നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും അഥവാ ദൈവദശകവും സയൻസ് ദശകവും എല്ലാ കാലത്തും മാനവികതയെ സ്വാധീനിച്ചു കൊണ്ട് നിലവിലുണ്ട്-മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും ഭക്തമീരയും മാഡം ക്യൂറിയും മദർതേരസയും സിമോൻ ദ ബുവ്വേയും, ശാരദാദേവിയും കെ ആർ ഗൗരിയമ്മയും, ഉപനിഷത്തിലെ ഗാർഗ്ഗിയും സയൻസ് ലാബിലെ ഇ പി ജാനകിയമ്മാളും എപ്പോഴും എ വിടേയും ഉണ്ട്. ഇതിലേതെങ്കിലും ഒരു വ്യക്തിത്വ വിശേഷത്തെ തീർത്തും ഇല്ലാതാക്കി മറ്റൊന്നിന്റെ മാത്രം നിലനില്പ് ഉണ്ടാക്കിയെടുക്കുക എന്നത് തീർത്തും നടക്കാത്ത വ്യാമോഹം മാത്രമാണ്. ഈ തിരിച്ചറിവുള്ളതിനാലാണ് തുടക്കത്തിലേ പറഞ്ഞത് ചരിത്രത്തിൽ സ്ഥാനവും സ്വാധീനവും ഉണ്ടായിരുന്നതിനൊന്നും സമകാലികതയിലും സ്ഥാനവും സ്വാധീനവും തീർത്തും ഇല്ലാതാവില്ല എന്ന്. ഇക്കാര്യം മറ്റൊരു ശൈലിയിൽ കാറൽമാർക്സ് പറഞ്ഞു വച്ചിട്ടുണ്ട്; ‘മനുഷ്യമനസ് ഒരാശയം ഏറ്റെടുത്താൽ അത് പിന്നീട് ഒരു ഭൗതിക ശക്തിയായി തീരും’ എന്നതാണ് മാർക്സിന്റെ പ്രസ്താവം. ജനമനസ് ഏറ്റെടുത്തതും അതിനാൽ ഭൗതിക ശക്തിയായി ചരിത്രത്തിലും സമകാലികത്തിലും സ്വാധീനം ചെലുത്തിയതും ചെലുത്തിവരുന്നതുമായ ഒരാശയമാണ് ദൈവവും മതവും മറ്റും. അതിനാൽ ഇതിനെ അവഗണിക്കാതെ യഥാർഹം വിവേകത്തോടെ [മതവികാരത്തോടെയല്ല] അഭിസംബോധന ചെയ്തുകൊണ്ട് മാനവികതയുടെ നിലനില്പ് ഉറപ്പുവരുത്തുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയിലെ പൗരമാനവികരുടെ ദൗത്യം.
ഈ ദൗത്യം ഏറ്റെടുക്കാൻ മത ജാതി വികാരങ്ങളുടെ ഉന്മാദ ബാധയില്ലാതെ കഴിയുന്ന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. എന്തെന്നാൽ ജാതിഭേദവും മതദ്വേഷവും കൂടാതെ മാനവികതയുടെ ഒരുമിപ്പോടെ നിലക്കൊള്ളാനും മർദിത ജനവിഭാഗങ്ങളുടെ ജീവനാവകാശങ്ങൾക്കായി പൊരുതാനും ആകാവുന്നതെല്ലാം ചെയ്യാനും ഇടതുപക്ഷത്തിനുള്ളിലേ ഇടമുള്ളൂ. ഈ പശ്ചാത്തലത്തിലാണ് വിഷൻ 2031ൽ ഉൾപ്പെടുത്തേണ്ട വർഗീയ വിമുക്തവും മാനവികതയിൽ ഊന്നുന്നതും മനുഷ്യ നന്മ കാംക്ഷിക്കുന്നതുമായ ഒരു ആത്മീയ സമീപനത്തെപ്പറ്റി ഇവിടെ എഴുതുന്നത്. 

മതത്തെ ഇല്ലാതാക്കി കൊണ്ടല്ല, മതത്തിന്റെ സ്വാധീന ശക്തിയെ നേർവഴിയിൽ ഉപയോഗപ്പെടുത്തിയാണ് ജനാധിപത്യ വ്യവസ്ഥയിൽ മത സമീപനവും ആത്മീയ സമീപനവും രൂപപ്പെടുത്തേണ്ടത്. ഇതിന് മാതൃകാപരമായ ഒരു വിചാരധാരയും പ്രയോഗമുറയും നവോത്ഥാന ആത്മീയ ആചാര്യന്മാരായ സ്വാമി വിവേകാനന്ദനും നാരായണ ഗുരുവും കാണിച്ചു തന്നിട്ടുണ്ട്. ഇരുവരും ജാതിഭേദവും മതദ്വേഷവും ഒഴിവാക്കിയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അറുതി വരുത്തിയും സർവർക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പു വരുത്തുന്ന വിധത്തിൽ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളെ ഉപയോഗപ്പെടുത്താൻ ആഹ്വാനം നൽകിയുമാണ് ചിന്തിച്ചും പറഞ്ഞും എഴുതിയും പ്രവർത്തിച്ചും ജീവിച്ചത്. ഇതിന് അവരെ സഹായിച്ചത് വേദഗ്രന്ഥങ്ങളുടെ പഠനം വഴി ഉണ്ടായ അന്തർജ്ഞാനം മാത്രമല്ല, അതോടൊപ്പം ലോകപരിചയം കൊണ്ടു സിദ്ധിച്ച മതാധികാര വ്യവസ്ഥയും ജനാധിപത്യ വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസത്തെ സംബന്ധിച്ച രാഷ്ട്രീയ അവബോധങ്ങളും ആയിരുന്നു. വിവേകാനന്ദനോ നാരായണഗുരുവോ മഹാത്മാ ഗാന്ധിയുടെ അത്രപോലും മതാത്മക സ്വഭാവമുള്ള ഒരു ഭരണാധികാര വ്യവസ്ഥയാണ് നിലവിൽ വരേണ്ടത് എന്നു കരുതുകയോ പ്രചരിപ്പിക്കുകയോ ചെയ്തിരുന്നില്ല. വിവേകാനന്ദൻ ശൂദ്രരാഷ്ട്രം നിലവിൽ വരും എന്നു പറഞ്ഞത് ജനങ്ങളിൽ ബഹുഭൂരിപക്ഷമായ പണിയെടുക്കുന്നവർ ചെ ങ്കോൽ നടത്തുന്ന ഭരണവ്യവസ്ഥ വരും എന്ന അർത്ഥത്തിലാണ്, അ ല്ലാതെ ഇന്ത്യയുടെ മതാത്മക പാരമ്പര്യ ഭരണവ്യവസ്ഥയായ ചാതുർവർണ്യ ധർമ്മ വ്യവസ്ഥ നിലവിൽ വരും എന്ന അർത്ഥത്തിൽ അല്ല. നാരായണഗുരു അ രുവിപ്പുറത്ത് എഴുതിവച്ച വാക്യത്തിൽ മതേതര ജനാധിപത്യ ഭരണവ്യവസ്ഥയുടെ അടിസ്ഥാന മൂല്യ പ്രമാണം പൂർണമായും പ്രകാശിതമാണ്. ആ മൂലപ്രമാണം ജാതീയവും മതപരവും ആയ ഭേദബുദ്ധിയും ദ്വേഷ വികാരവും ഇല്ലാത്ത മാനവിക സാഹോദര്യം എന്നതാണ്. ഇത്തരമൊരു സാഹോദര്യം മതേതര ജനാധിപത്യ ഭരണവ്യവസ്ഥ നിലവിലുള്ള രാഷ്ട്രങ്ങളിൽ അല്ലാതെ ജൂത മത ഭരണവ്യവസ്ഥയോ ക്രൈസ്തവ മത ഭരണവ്യവസ്ഥയോ ഇസ്ലാമിക മത ഭരണവ്യവസ്ഥയോ നേരത്തെ സൂചിപ്പിച്ച വിധത്തിലുള്ളതും മനുസ്മൃതി ആവിഷ്കരിച്ചു കാട്ടുന്നതുമായ ചാതുർവർണ്യ ഭരണവ്യവസ്ഥയോ നിലവിലുള്ളിടത്ത് ഉണ്ടാവുകയില്ല. അതിനാൽ സ്വാമി വിവേകാനന്ദനും നാരായണഗുരുവും മതത്തിന്റെ അധികാര വ്യവസ്ഥയെ നിരാകരിക്കുന്നതും മനനത്തിലൂടെ മനുഷ്യ മനസിനെ ശുദ്ധീകരിക്കുന്ന ഒരു സാധനാപദ്ധതിയും സേവനപദ്ധതിയും എന്ന നിലയിൽ മതങ്ങളുടെ ആത്മ ചൈതന്യത്തെ മാനവനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതുമായ ഒരു മതസമീപന സിദ്ധാന്തവും പ്രയോഗവും ആവിഷ്കരിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ മതത്തോടും ആത്മീയതയോടും പുലർത്തേണ്ട സമീപനത്തിന് മാതൃകാസാക്ഷ്യങ്ങളാണ് സ്വാമി വിവേകാനന്ദന്റേയും നാരായണ ഗുരുവിന്റേയും ജീവിതവും കൃതികളും എന്നു ചുരുക്കം. 

വിവേകാനന്ദനേയും നാരായണഗുരുവിനേയും മാനിക്കുന്ന ജനാധിപത്യ വ്യവസ്ഥയിലെ വിശ്വാസിയായ ഒരു പൗരമാനവനും ഒരു മതരാഷ്ട്രവാദിയാകാനോ ഏതെങ്കിലും മതത്തിന്റെ ‘താലിബാനി‘സത്തെ താലോലിക്കാനോ കഴിയില്ല. ഇരുവരേയും മാനിക്കുന്ന ആത്മീയതയുള്ള പൗരമാനവന് അഫ്ഗാനിസ്ഥാനിലെ താലിബാനിസത്തേയും ഇസ്രയേലിന്റെ ജുതരാഷ്ട്രവാദത്തേയും ആർഎസ്എസുകാരുടേയും ഹിന്ദുമഹാസഭയുടേയും മറ്റും ഹിന്ദുരാഷ്ട്രവാദത്തേയും തുറന്നുകാട്ടി എതിർത്ത്, നിലപാട് വ്യക്തമാക്കേണ്ടി വരും. കാരണം നാരായണഗുരുവോ സ്വാമി വിവേകാനന്ദനോ ഉയർത്തിപ്പിടിച്ച ആത്മീയതയിൽ അപര വിദ്വേഷം അടിസ്ഥാന പ്രത്യയശാസ്ത്രമായ ഒരു മത രാഷ്ട്രവാദത്തിനും ഇടം ഇല്ല. ഇടമുണ്ടെന്നു തെളിയിച്ചാൽ തെളിയിക്കുന്നവരുടെ സംഘത്തിൽ ചേർന്നു പ്രവർത്തിക്കാൻ ഈ ലേഖകൻ തയ്യാറാണ്. മതമൈത്രിയും മാനവമൈത്രിയും സർവ വേദ സമാദരവും സർവ വേദ പഠനങ്ങളും വിവേകാധിഷ്ഠിത സംവാദങ്ങളും ഒക്കെയാണ് വിവേകാനന്ദനും നാരായണഗുരുവും പ്രോത്സാഹിപ്പിച്ചത്. സ്വാമി വിവേകാനന്ദൻ പ്രബുദ്ധ ഭാരതം എന്ന പേരിൽ തുടങ്ങിയ പ്രസിദ്ധീകരണത്തിന്റെ ആദ്യ ലക്കങ്ങളിൽ തന്നെ തോമസ് അക്കെമ്പസിസ് എഴുതിയ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം അച്ചടിപ്പിക്കാൻ പ്രത്യേക താല്പര്യം പുലർത്തിയിരുന്നു. ക്രിസ്ത്വനുകരണം എന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാവുന്ന’ ഇമിനേറ്റഷൻ ഓഫ് ക്രൈസ്റ്റ്’ എന്ന പുസ്തകം ‘രണ്ടാം ബൈബിൾ’ എന്നാണ് ക്രൈസ്തവരായ പണ്ഡിതർക്കിടയിൽ അറിയപ്പെടുന്നത്. വിവേകാനന്ദൻ പറഞ്ഞു; ‘യഥാർത്ഥ ക്രിസ്ത്യാനി യഥാർത്ഥ ഹിന്ദുവാണ്; യഥാർത്ഥ ഹിന്ദു യഥാർത്ഥ ക്രിസ്ത്യാനിയുമാണ് ‘(വിവേകാനന്ദ സാഹിത്യ സർവസ്വം; വോള്യം ഏഴ്; പേജ് 227) നൈനിറ്റാളിലെ മുഹമ്മദ് സർഫറസ് ഹുസൈൻ എന്ന സുഹൃത്തിനെഴുതിയ കത്തിൽ സ്വാമി വിവേകാനന്ദൻ ‘അയിത്തത്താൽ അദ്വൈതത്തെ അപമാനിച്ച ഹിന്ദുമതമല്ല, കറുത്തവരേയും വെളുത്തവരേയും ധനികനേയും ദരിദ്രനേയും അറബിയേയും അനറബിയേയും ചേർത്തു നിർത്തിയ ഇസ്ലാമാണ് കൂടുതൽ നല്ല നിലയിൽ അദ്വൈതാദർശം ചരിത്രത്തിൽ പ്രയോഗത്തിൽ വരുത്തിയത്’ എന്നു വ്യക്തവും ദൃഢവുമായി അഭിപ്രായപ്പെടുന്നുണ്ട് (വി. സാ. സഃ വോള്യം അഞ്ച്; പേജ് 566 നോക്കുക). സ്വാർത്ഥ പങ്കിലവും ആശയപരവും പ്രായോഗികവുമായി ഇടുങ്ങിയതുമായ എല്ലാ മതത്തിലെ വർഗീയവാദങ്ങളേയും അനാചാരങ്ങളേയും വിമർശിക്കുന്നതും എല്ലാ മനുഷ്യരേയും ഉൾക്കൊണ്ടു വളരുന്ന മതപരവും മതേതരവുമായ ഏതൊരു ആശയത്തേയും പ്രയോഗത്തേയും അഭിവാദ്യം ചെയ്യുവാൻ സദാ സന്നദ്ധവും ആയിരുന്നു സ്വാമി വിവേകാനന്ദന്റെ പ്രായോഗിക വേദാന്തത്തിലൂന്നിയ ആത്മീയ മാനവികത. അതിൽ പുകവലിക്കും മത്സ്യ മാംസ ഭക്ഷണത്തിനും നാസ്തികതയ്ക്കും ഒക്കെ ഇടം ഉണ്ടായിരുന്നു. നാരായണഗുരുവിന്റെ സമീപനവും വ്യത്യസ്തമായിരുന്നില്ല. മതരാഷ്ട്രവാദം അപരനു പ്രിയകരമായതല്ല എന്നു തിരിച്ചറിവു പകരുമ്പോഴും മതമൈത്രിയും സർവവേദ പഠനവും മനനവും ഗുരു പ്രോത്സാഹിപ്പിച്ചു. മൈത്രിയിലും കരുണയിലും ഊന്നുന്ന ആത്മീയ മാനവികതയാണ് നമ്മുടെ നവോത്ഥാന ആത്മീയാചാര്യന്മാർ ഉയർത്തിപ്പിടിച്ചതെന്നും അവർക്ക് മതരാഷ്ട്ര വർഗീയത തരിമ്പും ഇല്ലായിരുന്നെന്നും തിരിച്ചറിയുന്ന വിധത്തിൽ വരും തലമുറയെ വഴി നടത്താനുള്ള ആത്മീയ വിഭാവനകളും പ്രയോഗങ്ങളും മതമൈത്രിയും മാനവ മൈത്രിയും ഉയർത്തിപ്പിടിച്ചു നടപ്പിൽ വരുത്താൻ വിഷൻ 2031ന്റെ സാംസ്കാരിക പദ്ധതികൾക്ക് കഴിയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.