16 February 2025, Sunday
KSFE Galaxy Chits Banner 2

വിദ്യാഭ്യാസത്തിലെ ആർഎസ്എസ് അജണ്ട

പി കബീർ
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി
February 4, 2025 4:25 am

1933ൽ ജർമ്മനിയിൽ ഹിറ്റ്ലറുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബെൻഹാർഡ് റെസ്റ്റിന്റെ നേതൃത്വത്തിൽ പാഠപുസ്തകങ്ങളെല്ലാം നിരോധിക്കുകയും തങ്ങൾക്കനുകൂലമാംവിധം രാജ്യത്തെ പുനർനിർമ്മിക്കാനുള്ള നാസികളുടെ അജണ്ടകളുമായി അഴിച്ചുപണികൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ആര്യാധിപത്യത്തെ ആധികാരികമായി സ്ഥാപിക്കുന്ന വിധത്തിൽ ജർമ്മൻ ജനസംഖ്യയും ജൂതൻമാരുടെ എണ്ണവും നൽകിയശേഷം വിദേശികളുടെ കണക്ക് രേഖപ്പെടുത്തുകയെന്നതടക്കമുള്ള ചോദ്യങ്ങളിലൂടെ ജൂതന്മാർ ജർമ്മൻ പൗരൻമാരല്ലെന്ന പാഠം ബാലമനസുകളിൽ പ്രതിഷ്ഠിച്ച്, ന്യൂനപക്ഷ വിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയാധികാരം ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു ശ്രമം. സമാന രീതിയിൽ തന്നെയാണ് ചരിത്രത്തെ സംബന്ധിച്ച വലിയ വ്യാജങ്ങൾ പ്രചരിപ്പിച്ചുകൊണ്ട്, 2014ൽ അധികാരത്തിലെത്തിയതു മുതൽ വിദ്യാഭ്യാസ മേഖലയെ മോഡിയും കൂട്ടരും പരിവർത്തിപ്പിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പാക്കിയും ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തും, ഹിന്ദുത്വ അജണ്ടകൾ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ചരിത്ര സത്യങ്ങളെ തമസ്കരിച്ചും വ്യാജ ചരിത്രത്തെയും ശാസ്ത്ര പാഠങ്ങളെയും അവതരിപ്പിച്ചും ആർഎസ്എസ് അജണ്ടകള്‍ സ്ഥാപിക്കാനുള്ള ഉപായമായി പാഠപുസ്തകങ്ങളെപ്പോലും ദുരുപയോഗം ചെയ്യുകയാണ്. മുഗളന്മാരെക്കുറിച്ചുള്ള ചരിത്രങ്ങൾ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തതും 11-ാം ക്ലാസിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾകലാം ആസാദിനെ ഒഴിവാക്കുന്ന സമീപനം എൻസിഇആർടി സ്വീകരിച്ചതും പ്ലസ്ടു പൊളിറ്റിക്സ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേരിന് പകരം ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന വിശേഷണം നൽകിയതും സംഘ്പരിവാറിന്റെ വംശീയാത്മക അടിത്തറയിലുള്ള നയരൂപീകരണത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളായിരുന്നു. 

‘ഇന്ത്യാ ചരിത്രത്തിലെ ഇതിവൃത്തങ്ങൾ’ എന്ന ചരിത്ര പാഠത്തിലെ ഗാന്ധിവധത്തെക്കുറിച്ചുള്ള ഭാഗം ശ്രദ്ധിക്കുക, “ഒരു യുവാവാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്. തീവ്ര ഹിന്ദു പത്രത്തിന്റെ പത്രാധിപരും, ഗാന്ധിയെ മുസ്ലിങ്ങളുടെ സ്തുതിപാഠകനെന്ന് ആരോപിച്ച, പൂനയിൽ നിന്നുള്ള ഒരു ബ്രാഹ്മണനായ നാഥുറാം ഗോഡ്സെ ആയിരുന്നു കൊലപാതകി” എന്ന ഭാഗം “ജനുവരി 30ന് വൈകുന്നേരം തന്റെ പതിവ് പ്രാർത്ഥന കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്സെ കീഴടങ്ങി” എന്നാക്കി മാറ്റിയിരിക്കുന്നു. ഗാന്ധി വധത്തിലുള്ള ആർഎസ്എസ് ബന്ധം മറച്ചുപിടിക്കാനാണ് ഗീബൽസിയൻ മാതൃകയിൽ സൃഷ്ടിച്ചെടുത്ത വികൃതവും വികലവുമായ വ്യാഖ്യാനം നടത്തുന്നത്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗജേന്ദ്ര ചൗഹാനെ അധ്യക്ഷനായി നിയമിച്ചതും ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ജഗദേഷ് കുമാറിനെ വൈസ് ചാൻസലർ ആക്കിയതും പിന്നീട് അദ്ദേഹത്തെ യുജിസിയുടെ ചെയർമാനാക്കി ഉയർത്തിയതും ചരിത്ര ഗവേഷണ കൗൺസിലിലും നാഷണൽ ബുക്ക് ട്രസ്റ്റിലും ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിലുമടക്കം ആജ്ഞാനുവർത്തികളെ പ്രതിഷ്ഠിച്ചതുമെല്ലാം ഫാസിസ്റ്റ് അജണ്ടകളുടെ ഭാഗമായിരുന്നു.
2025 ജനുവരി ആറിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിർദേശം സർവകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെയുമാണ് നിർമൂലനം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കെെപ്പിടിയിലൊതുക്കുകയെന്ന സംഘ്പരിവാർ നയത്തിന്റെ ഭാഗമാണ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുമേലുള്ള കേന്ദ്രത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങൾ. സംസ്ഥാന സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ചാൻസലർ കൂടിയായ ഗവർണർമാർക്ക് നൽകുന്ന അമിതാധികാരങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക ഫലങ്ങളാണുളവാക്കാൻ പോകുന്നത്. സെർച്ച് കമ്മിറ്റി രൂപീകരിച്ച് നിയമിച്ചിരുന്ന വിസിമാരെ ഇനി ചാൻസലർക്ക് നേരിട്ടുനിയമിക്കാൻ കഴിയും എന്നിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ പ്രസ്തുത പദവിയിലേക്ക് കേന്ദ്ര താല്പര്യങ്ങൾക്കനുസരിച്ചുള്ളവരെ പരിഗണിക്കാമെന്ന സ്ഥിതി വിശേഷം സംജാതമാവും. 

പുതിയ മാനദണ്ഡ പ്രകാരം പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായം തുടങ്ങി അക്കാദമിക് മേഖലയ്ക്കു പുറത്ത് അനുഭവസമ്പത്ത് തെളിയിച്ചവർക്ക് വൈസ് ചാൻസലറാകാം എന്ന നിർദേശവും ആർഎസ്എസ് അജണ്ടകളെ ദൃഢപ്പെടുത്താനുതകുന്ന സംവിധാനമാക്കി വിദ്യാഭ്യാസത്തെ പാകപ്പെടുത്തുന്നതിന്റെ സൂചനയാണ്. സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സർവകലാശാലകൾ അതത് നിയമസഭകൾ പാസാക്കിയ നിയമങ്ങളാലാണ് നിയന്ത്രിക്കപ്പെട്ടു പോരുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്നതിന് പിന്നിൽ സ്വാധീനമില്ലാത്തയിടങ്ങളിൽ തങ്ങളുടെ അനുഭാവികളെ ഗവർണർമാരായി നിയമിച്ച് രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിക്കുകയെന്ന ഒളിയജണ്ട തന്നെയാണ്. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ നെറ്റ് ഒഴിവാക്കി ബിരുദത്തിന് 75 ശതമാനം മാർക്കോ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കോ മതിയെന്ന യുജിസി തീരുമാനവും തങ്ങൾക്ക് വിധേയപ്പെടുന്നവരെ നിയമിക്കുന്നതിനുള്ള ഗൂഢലക്ഷ്യത്തോടെയുള്ള നടപടിയാണ്. 2010ലെ യുജിസി റഗുലേഷനനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസറാകാനുള്ള 100 മാർക്കിൽ 70 മാർക്കും മുൻകാല അക്കാദമിക യോഗ്യതകൾക്കും 30 മാർക്ക് ഇന്റർവ്യുവിനുമാണ് നൽകിയിരുന്നത്. എന്നാൽ 100 മാർക്കും ഇന്റർവ്യുവിന് നൽകി 2018ൽ യുജിസി റഗുലേഷൻ ഭേദഗതി ചെയ്തപ്പോൾത്തന്നെ അക്കാദമിക മികവുകളെക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾ അധ്യാപക നിയമനങ്ങൾക്ക് മാനദണ്ഡമാവുകയായിരുന്നു. പുതിയ ഭേദഗതിയിലൂടെ നിയമന യോഗ്യതകൾ കൂടുതൽ ലളിതമാക്കി ആജ്ഞാനുവർത്തികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവരോധിക്കാനുള്ള കുറുക്കുവഴിയാണ് കേന്ദ്രം തേടുന്നത്. 

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുകയും സംസ്ഥാന സർക്കാർ തന്നെ സർവകലാശാലകളുടെ ധനസഹായത്തിൽ മുക്കാല്‍പ്പങ്കും വഹിക്കുകയും ചെയ്യുമ്പോൾ ഭരണഘടനാ അവകാശങ്ങൾ കവർന്നുകൊണ്ടുള്ള കേന്ദ്ര നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസത്തിനുള്ള മൊത്തം ചെലവിൽ സംസ്ഥാനങ്ങളുടെ പങ്ക് 76 ശതമാനവും കേന്ദ്രത്തിന്റേത് 24 ശതമാനവുമാണ്. കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ യുജിസിക്കുണ്ടായിരുന്ന ബജറ്റ് വിഹിതം 6,409 കോടി രൂപയിൽ നിന്ന് 2,500 കോടി രൂപയായാണ് കുറച്ചത്. 48.2 ലക്ഷം കോടിയിലധികം വരുന്ന മൊത്തബജറ്റിൽ 1.25 ലക്ഷം കോടി മാത്രമാണ് വിദ്യാഭ്യാസമേഖലയ്ക്ക് അനുവദിച്ചിരുന്നത് എന്നുമോർക്കണം. സംസ്ഥാനങ്ങളുമായോ അക്കാദമിക് വിദഗ്ധരുമായോ യാതൊരുവിധ ചർച്ചകളും നടത്താതെ സർവകലാശാലകളിൽ പിടിമുറുക്കിക്കൊണ്ട് ഉന്നതവിദ്യാഭ്യാസമേഖലയെ പൂർണമായും ആർഎസ്എസിന്റെ അധികാര പരിധിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം. ഗവർണർമാരെ സർവകലാശാലകളുടെ തലപ്പത്ത് സർവാധികാരങ്ങളോടെ വാഴിച്ച് സംസ്ഥാന സർക്കാരുകളെ നോക്കുകുത്തിയാക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുത്തുതോല്പിക്കുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.