1950 ഫെബ്രുവരി 11ന് തമിഴ്‌നാട്ടിലെ സേലം ജയിലിൽ നടന്ന കൂട്ടക്കൊല ഇന്ത്യൻ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നാണ്. 22 കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ ഈ സംഭവം, ഭീകരമായ അധികാര ചൂഷണത്തിന്റെയും, അടിച്ചമർത്തലിനെ പ്രതിരോധിച്ചവരെ മണ്ണിൽ വീഴ്ത്തിയതിന്റെയും തെളിവാണ്. അതിന്റെ സ്വാധീനം കാലാന്തരങ്ങളിൽ സമരബോധത്തിന് തീകൊളുത്തിയതും, കർഷക — തൊഴിലാളി പ്രസ്ഥാനങ്ങളെ കൂടുതൽ ദൃഢമാക്കിയതുമാണ്. ഭുവുടമകളും മുതലാളിമാരും ആധിപത്യം കയ്യടക്കിയിരുന്ന ഇന്ത്യയിൽ, കർഷകരും തൊഴിലാളികളും അടിച്ചമർത്തപ്പെടുകയും അവരുടെ അവകാശങ്ങൾ നിരാകരിക്കപ്പെടുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യൻഭരണകൂടം, ബ്രിട്ടീഷുകാരുടെ അതേ മനോഭാവം തന്നെയായിരുന്നു തുടർന്നിരുന്നത്. ചൂഷണത്തിനെതിരെ അതിജീവനത്തിനുവേണ്ടി പൊരുതിയവരെ ജയിലിലടച്ചു, ക്രൂരമായി കൊന്നു. സേലത്ത് നടന്ന കൂട്ടക്കൊല, അധികാരമുള്ളവർക്കെതിരായി ശബ്ദമുയർത്തുന്നവരോട് എടുത്തിരുന്ന നിലപാടിന്റെ ഉദാഹരണമാണ്. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും, സാധാരണ കർഷകരും തൊഴിലാളികളും നേരിട്ടിരുന്ന ചൂഷണത്തിൽ കാര്യമായ മാറ്റങ്ങൾ വന്നില്ല. മലബാറിലെ കർഷക പ്രക്ഷോഭങ്ങൾ, ആന്ധ്രയിലെ തെലങ്കാന സായുധ സമരം, തമിഴ്‌നാട്ടിലെ തൊഴിലാളിനീതി പ്രക്ഷോഭങ്ങൾ എല്ലാം അതിന്റെ പ്രതിഫലനങ്ങളായിരുന്നു. കർഷകർ ഭൂവുടമകളുടെ ചൂഷണത്തിനിരയായി, ഗ്രാമീണ മേഖലകളിൽ മഹാജൻമാരുടെയും ജന്മിമാരുടെയും അടിമകളായി തുടരേണ്ടിവന്നു. ഈ പശ്ചാത്തലത്തിൽ ഉയർന്നുവന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കിസാൻ സഭയും. കർഷകത്തൊഴിലാളികൾക്ക് അവകാശങ്ങൾ ഉറപ്പാക്കുക, ഭൂവുടമകളുടെ ആധിപത്യം തകർക്കുക, മികച്ച തൊഴിൽ — ജീവിത നിലവാരം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചു. ഇതിനെ ഭയന്ന അധികാരികൾ 1949ൽ പാർട്ടിയെ നിരോധിച്ചു.
അതേസമയം, കർഷക — തൊഴിലാളി പ്രക്ഷോഭങ്ങൾ ശക്തമാകുകയും, പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരെ ജയിലിൽക്കിടത്താൻ ഭരണകൂടം പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. 1950ൽ, സേലം ജയിലിൽ 22 സിപിഐ പ്രവർത്തകരെ തടവിലാക്കി. ഇവർ പ്രക്ഷോഭങ്ങളുടെ മുൻനിരയില്‍ ഉണ്ടായിരുന്നവരായിരുന്നു. ജയിലിൽ കഴിയുന്നതിനിടെ, അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മെമ്മോറാണ്ടം സമർപ്പിച്ചു. ഇത് അധികാരികളുടെ ദേഷ്യം ഇരട്ടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ശാരീരികമായും മാനസികമായും തകർക്കാനായിരുന്നു ഭരണകൂടശ്രമം. ജയിലിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ഭക്ഷണത്തിന്റെയും വൈദ്യസഹായത്തിന്റെയും കാര്യത്തിൽ അവഗണന നേരിട്ടതിനു പുറമേ, ക്രൂരമായ ശാരീരിക പീഡനങ്ങളും പതിവായിരുന്നു.
തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 10ന് മെമ്മോറാണ്ടം സമർപ്പിച്ചതിന് പ്രതികാരമായി അധികാരികൾ അവരെ ക്രൂരമായി പീഡിപ്പിച്ചു. ശക്തമായ ജയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പ്രക്ഷോഭങ്ങളുടെ ശക്തി ചെറുക്കാൻ കൂടുതല്‍ പൊലീസിനെ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ തടവുകാർ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. ഫെബ്രുവരി 11ന് രാവിലെ ജയിലിനകത്തേക്ക് കൂടുതൽ പൊലീസ് സേനയെത്തി. ഡെപ്യൂട്ടി ജയിലറുടെ നിർദേശപ്രകാരം പൊലീസ് വെടിവയ്പ് ആരംഭിച്ചു. നിഷ്ഠൂരമായി വെടിയുതിർത്തതില്‍ 22 സിപിഐ പ്രവർത്തകർ രക്തസാക്ഷിത്വം വരിച്ചു.
ഈ രക്തസാക്ഷികളിൽ മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. തളിയൻ രാമൻ നമ്പ്യാരും ഒ പി അനന്തൻ നമ്പ്യാരും സമരത്തിന്റെ തുടക്കം മുതൽ മുന്നിലുണ്ടായിരുന്നു. അമ്പാടി ആശാരിയും കൊയിലോടൻ നാരായണൻ നമ്പ്യാരും കർഷക അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചെറുത്തുനില്പിന്റെ പ്രതീകങ്ങളായിരുന്നു. പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ, നക്കായി കണ്ണൻ, എൻ ബാലൻ, നീലഞ്ചേരി നാരായണൻ നായർ എന്നിവരും സമരത്തിന്റെ ശക്തിയായി നിലകൊണ്ടവരായിരുന്നു.
എ കെ കുഞ്ഞിരാമൻ നമ്പ്യാർ, മൈലപ്രവൻ നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട ചരിത്രം പ്രതിരോധത്തിന്റെ ആത്മാവാണ്. മറോളി കോരൻ ഗുരുക്കളും ഞണ്ടോടി കുഞ്ഞമ്പുവും സമരചിത്രത്തിലെ ഏറ്റവും കരുത്തുറ്റ പ്രതീകങ്ങളായി. യു വി നാരായണ മരാർ, വി സി കുഞ്ഞിരാമൻ, നടുവളപ്പിൽ കോരൻ, കുന്നുമ്മൽ രാമൻ, ആസാദ് ഗോപാലൻ, കെ ഗോപാലൻ കുട്ടി നായര്‍ എന്നിവർ സമത്വഭരിത ഇന്ത്യക്കായി രക്തസാക്ഷിത്വം വരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള അറുമുഖപണ്ടാരവും കാവേരി മുതലിയും ആന്ധ്രയിൽ നിന്നുള്ള ഷെയ്ഖ് ദാവൂദുമൊക്കെ ഈ നീതിന്യായ യുദ്ധത്തിൽ രക്തസാക്ഷികളായി.
ഈ കൂട്ടക്കൊല വെറും അടിച്ചമർത്തൽ മാത്രമല്ല, അത് കർഷക തൊഴിലാളി പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ നടത്തിയ ഗൂഢ നീക്കമായിരുന്നു. എന്നാൽ, രക്തസാക്ഷികളുടെ ത്യാഗം മഹത്തായ പ്രക്ഷോഭങ്ങളുടെ തുടക്കമായി മാറി. സിപിഐയും കിസാൻ സഭയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശക്തമായി പ്രതിഷേധിക്കുകയും രക്തസാക്ഷികളുടെ ഓർമ്മ ജീവിതത്തിന്റെ ഭാഗമാക്കാൻ ജനങ്ങൾ മുന്നോട്ടുവരികയും ചെയ്തു. സമത്വത്തിനായുള്ള പോരാട്ടം ഇന്നും തുടരേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ആ സ്മരണകളുണര്‍ത്തുന്നത്. സേലം കൂട്ടക്കൊല ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി-കർഷക പ്രസ്ഥാനങ്ങളുടെയും പോരാട്ടങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചു. അതൊരു നിയോ — വലതുപക്ഷ ഭീകരതയാണെന്നും, കർഷകരെയും തൊഴിലാളികളെയും അടിച്ചമർത്താൻ നടത്തിയ ചൂഷണത്തിന്റെയും, അക്രമത്തിന്റെയും തുടർച്ചയാണെന്നും സിപിഐ വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം വ്യാപിച്ചു. കേരളം, ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ കർഷകരും തൊഴിലാളികളും വലിയതോതിൽ പ്രതിഷേധിച്ചു. സിപിഐയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലുകളും മാർച്ചുകളും സേലം ക്രൂരതയ്ക്കെതിരായ വിപ്ലവശബ്ദമായി മാറി.
1950–60കളിലെ കർഷക തൊഴിലാളി പ്രക്ഷോഭങ്ങളിൽ ഈ കൂട്ടക്കൊല വലിയ സ്വാധീനമുണ്ടാക്കി. കേരളത്തിൽ 1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ, സേലം രക്തസാക്ഷികളുടെ ത്യാഗവും പ്രചരണമണ്ഡലത്തിലുണ്ടായിരുന്നു. കോൺഗ്രസിന്റെ നിലപാട് അന്നും ഇടതുപക്ഷ വിരുദ്ധമായിരുന്നു. വലതുപക്ഷ നിലപാടുകളെ പിന്തുണച്ച കോൺഗ്രസ് ഭരണകൂടം, കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ അട്ടിമറിക്കാൻ നിരന്തരം ശ്രമിച്ചു. 1950ലെയും 60ലെയും ഇടതുപക്ഷ സമരങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കോൺഗ്രസിന്റെ അടിച്ചമർത്തലായിരുന്നു. സാമ്രാജ്യത്വ‑കോർപറേറ്റ് അടിച്ചമർത്തലിനെതിരെ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളും സേലം രക്തസാക്ഷികളെ ഓർമ്മപ്പെടുത്തുന്നു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിൽ, കർഷക സമരങ്ങൾ പുതിയ ഉണർവിന്റെ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. 2020–21 കാലഘട്ടത്തിൽ നടന്ന കർഷക പ്രക്ഷോഭം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകരുടെ അതിജീവനം ഭീഷണിയിലാക്കുകയും, കൃഷിയെ കോർപറേറ്റുകളുടെയും ഭൂവുടമകളുടെയും കയ്യിൽ വിട്ടുകൊടുക്കുകയും ചെയ്യുന്നതായിരുന്നു. അന്ന് ഡല്‍ഹി അതിർത്തി വളഞ്ഞ് ലക്ഷക്കണക്കിന് കർഷകർ സമരം നടത്തിയപ്പോൾ, സേലം രക്തസാക്ഷികൾ നൽകിയ പ്രചോദനം അവർക്കൊപ്പമുണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകളിലൂടെ കർഷകർ നേരിട്ട അടിച്ചമർത്തലുകൾ ഇന്ന് രാജ്യാന്തര കോർപറേറ്റുകളുടെയും വൻകിട നിക്ഷേപകരുടെയും കൈകളിൽ ആവർത്തിക്കപ്പെടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് സിപിഐ, ആധുനിക കാലത്തെ സമരങ്ങൾക്ക് ആരോഗ്യപരമായ ഉണർവ് നൽകുന്നു. സമത്വത്തിനും കർഷക തൊഴിലാളി അവകാശങ്ങൾക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങൾക്ക് സിപിഐയുടെ സമരപാരമ്പര്യം അത്യാവശ്യമാണ്. 1950ൽ ന്യായത്തിനായി പടപൊരുതിയവരിൽ നിന്നുള്ള പ്രചോദനം എല്ലാ തൊഴിൽ കർഷക സമരങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.
സേലത്തിന്റെ പാഠങ്ങൾ, നീതി ആർക്കാണ്? സമാധാനം ആർക്കുവേണ്ടി? ഭരണം ആരുടെ താല്പര്യത്തിനായി? എന്ന പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉന്നയിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി സിപിഐയും കിസാൻസഭയും നടത്തുന്ന പോരാട്ടങ്ങൾ രാഷ്ട്രീയ നിലപാടുകൾ മാത്രമല്ല; അത് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടമാണ്. സേലത്തിന്റെ പാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, നീതി ലഭിക്കണമെങ്കിൽ, പോരാട്ടം തുടർന്നേ മതിയാകൂ, കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങൾ വിജയിക്കേണ്ടതുണ്ട് എന്നാണ്. സേലം വെറുമൊരു ചരിത്രസ്മരണയല്ല, മറിച്ച് ഭാവിയിൽ സമത്വസമൂഹം ഉണ്ടാക്കാനുള്ള വലിയൊരു ഉണർവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.