സി പി രാഘവൻ ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥനായി ദീർഘകാലം പ്രവർത്തിച്ചു. റിട്ടയർ ചെയ്യുമ്പോൾ അദ്ദേഹം തലശേരി സ്റ്റേഷൻ മാസ്റ്ററായിരുന്നു. റെയിൽവേയിൽ ചേരുംമുമ്പ് രാഘവേട്ടൻ എയർഫോഴ്സിന്റെ ഭാഗമായി രാഷ്ട്രസേവനം നടത്തി. ഔദ്യോഗിക ചുമതലകളിലെല്ലാം അദ്ദേഹം കണിശക്കാരനായിരുന്നു. രാഘവേട്ടന്റെ ശരീരത്തിന് മാത്രമല്ല, വ്യക്തിത്വത്തിനും നല്ല ഉയരമുണ്ടായിരുന്നു. ഇടപെട്ട എല്ലാവരെയും തന്നിലേക്കാകർഷിക്കാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു. ചെറുപ്പകാലം മുതലേ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച അദ്ദേഹം റെയിൽവെ ലേബർ യൂണിയന്റെ സതേൺ റെയിൽവേയിലെ പ്രധാനനേതാക്കളിൽ ഒരാളായിരുന്നു. റെയിൽവേ തൊഴിലാളികളിൽ വർഗബോധം ഊട്ടിയുറപ്പിക്കാനും രാഷ്ട്രീയ വ്യക്തതയുണ്ടാക്കാനും അക്ഷീണം പ്രവർത്തനം നടത്തിയ നേതാവായിരുന്നു രാഘവേട്ടൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രാണനെപ്പോലെ സ്നേഹിച്ച ഒട്ടേറെ സഖാക്കളെ നമുക്കറിയാം. അവരുടെ പാർട്ടിക്കൂറ് നിരുപാധികവും നിസീമവുമാണ്. അതിൽ പലരും ഏതെങ്കിലും പാർട്ടി കമ്മിറ്റികളിൽ അംഗമായി കാണില്ല. ആകാൻ അവർ ആഗ്രഹിച്ചും കാണില്ല. പാർട്ടിക്ക് എവിടേയെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാൽ അത്തരം സഖാക്കൾ ആവേശത്താൽ മതിമറക്കും. എവിടെയെങ്കിലും പാർട്ടിക്ക് ചെറിയ ക്ഷതമേറ്റാൽ ആ സഖാക്കളുടെ മനസ് വേദനിക്കും. ഒളിച്ചുവയ്ക്കാനാവാത്ത അമർഷത്തോടെ അവർ തങ്ങൾക്കറിയാവുന്ന നേതാക്കൻമാർക്ക് കത്തെഴുതും. അല്ലെങ്കിൽ ഫോൺചെയ്ത് ഈ പോക്ക് ശരിയല്ലെന്ന് പറയും. അത്തരം സഖാക്കൾക്ക് സ്ഥാനമാനങ്ങളോ പദവികളുടെ പത്രാസോ ഒരിക്കലും പ്രശ്നമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടി ആരുടെ മുന്നിലും താണുപോകരുതെന്നും അതിന്റെ പുറത്ത് ഒരുതരം കളങ്കത്തിന്റെയും ചെറുപാട് പോലും വീഴരുതെന്നും അവർക്ക് നിർബന്ധമാണ്. അത്തരം എണ്ണമറ്റ സ്ത്രീ — പുരുഷൻമാരുടെ പ്രതീക്ഷയുടെ പ്രതീകമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. നമ്മളിൽ ചിലർ ചിലപ്പോൾ നിസാരമായ കാര്യങ്ങളെച്ചൊല്ലി കലഹം കൂട്ടുമ്പോൾ അത്തരം സഖാക്കളുടെ വേദന കാണാൻ കൂട്ടാക്കാറില്ല. അവരുടെ വേദനയറിയാനും അവരെ ആദരിക്കാനും കഴിയുക എന്നത് നമ്മുടെ കമ്മ്യൂണിസ്റ്റ് ബോധത്തിന്റെ ഭാഗമാണ്. കമ്മ്യൂണിസ്റ്റുകാർ മൂല്യങ്ങൾ മുറുകെപ്പിടിക്കണമെന്ന് ശഠിച്ച നേതാക്കൾ ഇത്തരം സഖാക്കളെയും അവരുടെ നന്മകളെയുംകൂടി കണ്ടുകൊണ്ടായിരിക്കണം അങ്ങനെ പറഞ്ഞത്.
പൊതുരാഷ്ട്രീയം ആഴത്തിൽ പഠിക്കാനും വിശകലനം ചെയ്യാനും സി പി രാഘവനെന്ന കമ്മ്യൂണിസ്റ്റിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന രാഘവേട്ടൻ ‘ന്യൂ ഏജ്’ കമ്പോടുകമ്പ് വായിക്കുമായിരുന്നു. അതിലെ ഉള്ളടക്കത്തിന്റെ ഗുണദോഷങ്ങൾ കൃത്യമായി വിളിച്ചറിയിച്ചിരുന്ന വായനക്കാരിലൊരാളായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്ര ബോധത്തിന്റെ തെളിച്ചമാണ് രാഘവേട്ടന്റെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് കരുത്തുപകർന്നത്. പാർട്ടി അംഗങ്ങളെ വേണ്ടത്ര രാഷ്ട്രീയം പഠിപ്പിക്കാത്തതിന്റെ പേരിൽ രാഘവേട്ടൻ ഞങ്ങളെയെല്ലം വിളിച്ച് ചിലപ്പോൾ ശകാരിക്കാൻ പോലും മടിച്ചിട്ടില്ല. അദ്ദേഹത്തിന് പാർട്ടിയായിരുന്നു എല്ലാം. അദ്ദേഹം ജീവിച്ച സ്ഥലങ്ങളിലെല്ലാം പാർട്ടി അനുഭാവികളെ കണ്ടെത്താനും ബ്രാഞ്ച് പ്രവർത്തിപ്പിക്കാനും തിടുക്കം കൊണ്ടു. രാഘവേട്ടനൊപ്പം ഓടിയെത്താൻ എല്ലാവർക്കും എപ്പോഴും കഴിഞ്ഞുവെന്ന് വരില്ല. അവരോട് തന്റെ നിലപാട് അറിയിക്കുമെന്നല്ലാതെ അതിന്റെ പേരിൽ ഒരാളോടും അകൽച്ച വച്ചുപുലർത്താൻ രാഘവേട്ടന് കഴിയുമായിരുന്നില്ല. പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ വർഗബഹുജന പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ എന്ന് അറിയാവുന്ന കമ്മ്യൂണിസ്റ്റായിരുന്ന സി പി രാഘവേട്ടൻ. അദ്ദേഹം തന്റെ ഭാര്യയെയും മക്കളെയും രാഷ്ട്രീയം പഠിപ്പിച്ച് പാർട്ടിയിൽ ചേർത്ത ആളാണ്. രാധേച്ചിയെ മഹിളാ സംഘത്തിന്റെ പ്രവർത്തകയാകാൻ പറഞ്ഞയച്ചത് അദ്ദേഹം തന്നെയാണ്. മക്കൾ റീനയോടും റീത്തയോടും എഐഎസ്എഫിൽ ചേരണമെന്ന് ആദ്യമേ പറഞ്ഞത് അവരുടെ അച്ഛൻ തന്നെയായിരുന്നു.
രോഗബാധിതനായി കോഴിക്കോട്ടെ ആശുപത്രിയിൽ കഴിയുമ്പോഴാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. കടുത്ത വേദന കടിച്ചമർത്തുകയായിരുന്നു അദ്ദേഹമപ്പോൾ. അന്നും രാഘവേട്ടൻ പറഞ്ഞത് എഐഎസ്എഫ് കെട്ടിപ്പടുക്കുന്നത് പാർട്ടിയുടെ മുഖ്യ കടമയാക്കണമെന്നാണ്. പിന്നെ പറഞ്ഞ കാര്യം എന്നോട് എല്ലായ്പ്പോഴും രാഘവേട്ടൻ പറയുന്ന കാര്യമായിരുന്നു. വീട്ടിൽ ചെന്ന് ഒരു രാത്രി തങ്ങണമെന്നും ആ രാത്രി വാച്ച് നോക്കാതെ രാഷ്ട്രീയ കാര്യങ്ങൾ പറഞ്ഞിരിക്കണമെന്നും രാഘവേട്ടൻ പറഞ്ഞു. സംസാരം നീട്ടിക്കൊണ്ടുപോയി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാൻ തിരിച്ചുപോരാൻ ഒരുങ്ങി. എന്റെ കയ്യിൽ അമർത്തിപ്പിടിച്ച് അപ്പോൾ അദ്ദേഹം പറഞ്ഞു ‘പാർട്ടി സെക്രട്ടറിയെ കണ്ടപ്പോൾ എന്റെ വേദന മുക്കാൽ പങ്കും കുറഞ്ഞു’. ആദ്യമായി അദ്ദേഹം എന്നെ സെക്രട്ടറിയെന്ന് വിളിച്ചത് അന്നാണ്. അതിനു മുമ്പ് ബിനോയ് എന്നേ രാഘവേട്ടൻ വിളിച്ചിട്ടുള്ളു. മടക്കയാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചത് ഒരു കമ്മ്യൂണിസ്റ്റുകാരൻ തന്റെ പാർട്ടി സെക്രട്ടറിയെ എത്ര തീവ്രമായി സ്നേഹിക്കുന്നുണ്ട് എന്നാണ്. വ്യക്തിപരമായി രാഘവേട്ടൻ എന്നെയും ഞാൻ രാഘവേട്ടനെയും ഒരുപാട് സ്നേഹിച്ചിരുന്നു. ആ സ്നേഹത്തിന്റെ ആഴം ഞാൻ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സുരേഷിന് റീനയെ കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്ന് അറിയിക്കാൻ രാഘവേട്ടന്റെ വീട്ടിൽ പോയത് ടി കെ രാജൻ മാഷും ഞാനും ഒരുമിച്ചായിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്നതിന് ശേഷം രാഘവേട്ടൻ പറഞ്ഞു ‘പാർട്ടി താല്പര്യം അതാണെങ്കിൽ എനിക്ക് സമ്മതമാണ്’. ആ തീരുമാനം ശരിയായിരുന്നു എന്ന് അദ്ദേഹം എന്നോട് രണ്ടുമൂന്ന് വട്ടം പറഞ്ഞിട്ടുണ്ട്.
നാദാപുരം എംഎൽഎ ആയിരിക്കുമ്പോൾ നാട്ടുകാരുടെ ‘പൾസ്’ മുടക്കം കൂടാതെ അദ്ദേഹം എന്നെ അറിയിച്ചു. അത് ആരും ചുമതലപ്പെടുത്തിയിട്ടല്ല. പാർട്ടിക്കുവേണ്ടി താൻ ചെയ്യേണ്ട കർത്തവ്യമാണ് അതെന്ന് രാഘവേട്ടൻ കരുതി. എനിക്ക് ഉറപ്പാണ്, അവസാന ശ്വാസത്തിലും ഉറ്റവരെക്കുറിച്ച് ഓർമ്മിച്ച കൂട്ടത്തിൽ രാഘവേട്ടൻ പാർട്ടിയെ പറ്റിയും ഓർമ്മിച്ചു കാണും. ആ രാഘവേട്ടനും അത്തരം രാഘവേട്ടൻമാരും ജീവനെക്കാൾ സ്നേഹിച്ച പാർട്ടിയാണ് നമ്മുടേതെന്ന് ചിന്തിക്കുമ്പോൾ എന്റെ മുഷ്ടികൾ ആവേശം കൊണ്ട് ചുരുട്ടിപ്പിടിക്കാൻ തോന്നുന്നു. ലാൽസലാം പ്രിയ സഖാവേ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.