14 July 2024, Sunday
KSFE Galaxy Chits

സർവകലാശാലകള്‍ കയ്യടക്കുന്ന സംഘ്പരിവാര്‍

അപൂര്‍വാനന്ദ്
June 13, 2024 4:28 am

പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, രാജസ്ഥാനിലെ ഉദയ്‌പൂരില്‍ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ഡോ. ഹിമാൻഷു പാണ്ഡ്യയുടെ ക്ലാസിലേക്ക് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങൾ അതിക്രമിച്ച് കയറിയത് കേവലം യാദൃച്ഛികമല്ല. ക്ലാസ് തടസപ്പെടുത്തുകയും അദ്ദേഹത്തെ കാമ്പസിൽ നിന്നും പുറത്താക്കുകയും ചെയ്തു. ആ സമയത്തുടനീളം ഹിന്ദു വിരുദ്ധനെന്നും ദേശവിരുദ്ധനെന്നും അദ്ദേഹത്തിനെതിരെ അവര്‍ ആക്രോശിച്ചിരുന്നു. എന്നാല്‍ ശാരീരികമായി ഉപദ്രവിച്ചില്ല എന്നതിന് എബിവിപിക്കാരോട് നമുക്ക് നന്ദി പറയാം.
ഹിന്ദി പണ്ഡിതനും പ്രൊഫസറുമായ ഡോ. പാണ്ഡ്യയെ ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്താനാണ് സർവകലാശാല ക്ഷണിച്ചത്. അദ്ദേഹത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ക്ലാസായിരുന്നു നടന്നിരുന്നത്. പ്രഭാഷണം അവസാനിപ്പിക്കുന്നതിനിടെയാണ് എബിവിപിക്കാർ ഒരു കെട്ട് കടലാസുമായി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചത്. “സ്മൃതി ബാബറി മസ്ജിദ്” എന്ന തലക്കെട്ടിൽ ഡോ. പാണ്ഡ്യയുടേതായി വന്ന ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് അവർ തപ്പിയെടുത്തതാണ്. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ആഘോഷത്തിന് നരേന്ദ്ര മോഡി നേതൃത്വം നൽകിയ ജനുവരിയിൽ ഇട്ട പോസ്റ്റായിരുന്നു അത്. പ്രാണപ്രതിഷ്ഠ ഉള്‍പ്പെടെയുള്ള മുഴുവൻ നാടകങ്ങളെയും വിമർശിക്കുകയും അതിലെ അനീതി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന കുറിപ്പ്.
ദേശീയ നേട്ടത്തെ വിമർശിക്കുന്ന തരത്തില്‍ ഹിന്ദു വിരുദ്ധനും ദേശവിരുദ്ധനുമായ ഒരാൾക്ക് സർവകലാശാലയിൽ തുടരാന്‍ അർഹതയില്ലെന്നാണ് എബിവിപിക്കാർ പറഞ്ഞത്. ഡോക്ടർ പാണ്ഡ്യ അവരോട് ക്ലാസ് കഴിയുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല എബിവിപി സംഘം. ക്ലാസിലെ വിദ്യാർത്ഥികളാകെ ഭയന്ന് നിശബ്ദരായി. ഡോ. പാണ്ഡ്യയുടെ സുരക്ഷയില്‍ ആശങ്ക പൂണ്ട കോഴ്‌സ് കോഓർഡിനേറ്റർ അദ്ദേഹത്തോട് പുറത്തുവരാൻ അഭ്യർത്ഥിച്ചു. ബഹളത്തിൽ പ്രഭാഷണം തുടരുക അസാധ്യമായതിനാൽ പുറത്തുവന്ന ഡോ. പാണ്ഡ്യ ഒറ്റയ്ക്ക് കാമ്പസ് വിട്ടു. പൊലീസിനെ വിളിച്ച് ഡോ. പാണ്ഡ്യക്ക് സുരക്ഷ നൽകാനും സുരക്ഷിതമായി വീട്ടിൽ എത്തിയെന്ന് ഉറപ്പാക്കാനും കോളജ് അധികൃതർ തയ്യാറായില്ല എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ദേഹോപദ്രവം ഉണ്ടായില്ല എന്നത് ഈ ക്രൂരമായ സമീപനത്തെ ന്യായീകരിക്കുന്നതല്ല.
ഒരു വിദ്യാർത്ഥി (ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍) തന്റെ ഇരുചക്ര വാഹനത്തില്‍ ഡോ. പാണ്ഡ്യയെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ തയ്യാറായെങ്കിലും എബിവിപിക്കാർ വാഹനത്തിന്റെ താക്കോല്‍ കെെക്കലാക്കി. അത് തിരിച്ചുവാങ്ങിയ ദളിത്‌ വിദ്യാര്‍ത്ഥി, വീട്ടില്‍ കൊണ്ടുവിടാന്‍ തന്നെ അനുവദിക്കണമെന്ന് ഡോ. പാണ്ഡ്യയോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ അയാള്‍ക്ക് ഉപദ്രവമുണ്ടാകേണ്ട എന്നുകരുതി അദ്ദേഹം നിരസിച്ചു. അക്രമം നടത്തിയാൽ പോരാ അതൊരു കാഴ്ചപ്പാടാണെന്ന് തെളിയിക്കാനും ജനങ്ങൾക്കിടയിൽ തങ്ങളുടെ അക്രമം പ്രചരിപ്പിക്കാനും അവരെ അതിൽ പങ്കാളികളാക്കാനും ആസ്വദിക്കാനും സംഘ്പരിവാര്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായി ഈ സംഭവങ്ങളെല്ലാം എബിവിപിക്കാർ തന്നെ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

കാമ്പസിൽ നിന്ന് പാണ്ഡ്യയെ പുറത്താക്കിയ ശേഷം എബിവിപി സംഘം ഫിലോസഫിയിലെ സീനിയർ പ്രൊഫസറും ഡോ. ​​പാണ്ഡ്യയെ ക്ഷണിച്ച കോഴ്‌സിന്റെ ചുമതലക്കാരിയുമായ പ്രൊഫ. സുധ ചൗധരിയുടെ ചേംബറിലേക്കാണ് പോയത്. ഡോ. പാണ്ഡ്യക്കും അദ്ദേഹത്തെ ക്ഷണിച്ചവർക്കും എതിരെ നടപടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രൊഫ. സുധാ ചൗധരിയും വളരെക്കാലമായി എബിവിപിയുടെ നോട്ടപ്പുള്ളിയാണ്. മതേതരവും സ്വതന്ത്രവുമായ നിലപാടുകളുടെ പേരിൽ നേരത്തെ അവരെ ആക്രമിക്കാനും ശ്രമിച്ചിട്ടുണ്ട്.
പലസ്തീൻ അനുകൂലിയെ കാമ്പസിൽ നിന്ന് പുറത്താക്കിയെന്നാണ് എബിവിപി പ്രവർത്തകർ സംഭവത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ‘പലസ്തീനികളുടെ സ്വന്തം രാജ്യമെന്ന അവകാശത്തെ സ്വന്തം സർക്കാർ പിന്തുണയ്ക്കുകയാണെന്ന് എബിവിപിക്കാരോട് പറയണ’മെന്ന് ഡോ. ​​പാണ്ഡ്യ ഫേസ്ബുക്കിൽ കുറിച്ചു. അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ താൻ പറയുന്നത് കേൾക്കാൻ എബിവിപിക്കാർ വിസമ്മതിക്കുകയാണെന്നും പ്രൊഫ. സുധ ചൗധരി പറയുന്നതും വീഡിയോയിൽ കാണാം. പ്രൊഫ. ചൗധരിയെയും ഡോ. പാണ്ഡ്യയെയും പോലുള്ള അധ്യാപകരെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി വിദ്യാർത്ഥികളുടെ മനസ് മലിനമാക്കാൻ അനുവദിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അധ്യാപകരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഭീഷണി ഗൗരവമായി കാണണം. ഇത് എവിടേക്കാണ് പോകുന്നതെന്ന് മനസിലാക്കാൻ, ഒമ്പത് വർഷം മുമ്പ് ഇതേ സർവകലാശാലയിൽ എബിവിപിയും ആർഎസ്എസും ചേർന്ന് ഡൽഹി സർവകലാശാലയിലെ പ്രൊഫ. സുധ ചൗധരിയുടെയും പ്രൊഫ. അശോക് വോറയുടെയും കോലം കത്തിച്ച സംഭവം ഓർമ്മിക്കണം. ‘ധാർമ്മിക് സംവാദ്: ആധുനിക് അനിവാര്യത’ (മത സംവാദം: സമകാലിക ആവശ്യം) എന്ന വിഷയത്തിൽ ഒരു സെമിനാറിൽ സംസാരിക്കുക മാത്രമാണ് അവര്‍ ചെയ്ത തെറ്റ്. പ്രൊഫ. വോറ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ചെന്ന് എബിവിപിയും ആർഎസ്എസും ആരോപിച്ചു. പാശ്ചാത്യ ഇൻഡോളജിസ്റ്റുകളെ വിമർശിക്കാൻ ചിലകാര്യങ്ങള്‍ വോറ ഉദ്ധരിക്കുകയായിരുന്നു എന്നതാണ് സത്യം.
പ്രൊഫ. വോറയ്ക്കും പ്രൊഫ. ചൗധരിക്കും എതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ രാജസ്ഥാനിലെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സർവകലാശാലയോട് ഉത്തരവിട്ടത് ചേര്‍ത്തുവായിക്കുമ്പോൾ സ്ഥിതിയുടെ അസംബന്ധം ആർക്കും ബോധ്യമാകും. “ഞാൻ അദ്ദേഹത്തിന്റെ എഴുത്ത് വായിച്ചു. ഹിന്ദു ദേവതകൾക്കുനേരെ ഇത്തരത്തിലുള്ള അശ്ലീല ഭാഷ വച്ചുപൊറുപ്പിക്കില്ല” എന്നാണ് മന്ത്രി അന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ അജ്ഞതയെ നമുക്ക് ചിരിച്ചുതള്ളാം. എന്നാൽ രണ്ട് പ്രൊഫസർമാരും നേരിട്ട ഭീഷണി യഥാർത്ഥമായിരുന്നു. പ്രൊഫ. വോറയ്ക്ക്, തനിക്കെതിരായ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് നിർത്തിവയ്ക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കേണ്ടിവന്നു.
2017ലെ മറ്റൊരു സംഭവം ജോധ്പൂരിലെ ജയ് നരേൻ വ്യാസ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഡോ. രാജശ്രീ രണാവത്തിനെതിരെയുള്ളതായിരുന്നു. ഒരു സെമിനാറില്‍ സംസാരിക്കാന്‍ പ്രൊഫ. നിവേദിത മേനോനെ ക്ഷണിച്ചു. അതോടെ ആർഎസ്എസ് സംഘം ‘ദേശവിരുദ്ധ’ വീക്ഷണങ്ങൾ എന്നാരോപിച്ച് ‘പ്രതിഷേധിച്ചു. സർവകലാശാലയാകട്ടെ ഡോ. രണാവത്തിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. 2015–16 മുതൽ, എബിവിപി സ്വയം നിയമമായി മാറിയ രാജസ്ഥാനിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കാര്യങ്ങൾ ഏറെ വഷളായി. ക്ലാസുകൾ, പ്രഭാഷണങ്ങൾ, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, എക്സിബിഷനുകൾ, ഇവന്റുകൾ എന്നിവയെ അവര്‍ ദേശവിരുദ്ധമെന്ന് വിളിച്ചു. 

ഡോ. പാണ്ഡ്യയെ അപമാനിച്ചത് അപലപിച്ച പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്, രാജസ്ഥാനിലെ എല്ലാ സർവകലാശാലകളിലും മതനിരപേക്ഷത, സമത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് അസാധ്യമാണെന്ന് വ്യക്തമാക്കി. മിക്കയിടത്തും എബിവിപിയുടെ കൂട്ടാളികളായി ഭരണസംവിധാനം മാറുന്നതിലെ ഭയം മൂലം ഒരധ്യാപകനും ഈ വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. ഡോ. ഹിമാൻഷു പാണ്ഡ്യക്കെതിരായ പുതിയ ആക്രമണം രാജസ്ഥാനിൽ അക്കാദമിക് വിദഗ്ധർ പ്രവർത്തിക്കുന്ന അന്തരീക്ഷത്തിന്റെ അക്രമാസക്തമായ അവസ്ഥയെക്കുറിച്ചാണ് നമ്മോട് പറയുന്നത്.
എന്തുകൊണ്ട് രാജസ്ഥാനിൽ ഇങ്ങനെ എന്ന് ചോദിച്ചാല്‍, ഇതൊരു അഖിലേന്ത്യാ പ്രതിഭാസമാണ് എന്നാണുത്തരം. ഡൽഹി യൂണിവേഴ്‌സിറ്റിയിലും മറ്റ് യൂണിവേഴ്‌സിറ്റികളിലും നിത്യേന ഇത്തരം വിഷയങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. സർവകലാശാലാ പ്രവര്‍ത്തനം എബിവിപിയുടെ ആഗ്രഹങ്ങൾക്കനുസരിച്ചാകുന്നു, ഭരണകൂടം അതിന് മുന്നിൽ തലകുനിക്കുന്നു. ഡോ. പാണ്ഡ്യ ഈ സാഹചര്യത്തെ ശാന്തമായി നേരിട്ടതിനെയും ധൈര്യത്തെയും നമുക്ക് അഭിനന്ദിക്കാം. എന്നാൽ ഒരു അധ്യാപകനാകാന്‍ ഈ അസാധാരണ ധൈര്യം ആവശ്യമില്ല. അതുകൊണ്ട് ഡോക്ടർ പാണ്ഡ്യ ചെയ്തതുപോലെ സാഹചര്യത്തോട് പ്രതികരിക്കാൻ എല്ലാ അധ്യാപകർക്കും കഴിയില്ല. അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. സർവകലാശാലകളും നമ്മുടെ ജീവിതവും കയ്യടക്കാനുള്ള കടുത്തനീക്കത്തിലാണ് ആർഎസ്എസും ബിജെപിയുമായി ബന്ധപ്പെട്ട സംഘങ്ങൾ. ‘പുതിയ’ രാഷ്ട്രീയ സാഹചര്യം അതിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോ? ഡോ. പാണ്ഡ്യക്കെതിരായ ഈ അക്രമ സംഭവത്തിൽ നിന്ന് നമുക്ക് മനസിലാക്കാനാവുക അതൊരു ആഗ്രഹമായി മാത്രം തുടരുമെന്നാണ്. 

TOP NEWS

July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.