6 December 2024, Friday
KSFE Galaxy Chits Banner 2

ഇന്ത്യൻ മുസ്ലിങ്ങള്‍ ഭാഗധേയം സ്വയം നിര്‍ണയിക്കണോ

സുശീൽ കുട്ടി
November 13, 2024 4:30 am

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25ന് ആരംഭിക്കാനിരിക്കെ, ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യാത്ത മതേതര പാർട്ടികളിലും മുസ്ലിം സമുദായത്തിലും പരിഭ്രാന്തി പടരുകയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രത്യേകപദവി നഷ്ടപ്പെടുമോ എന്ന് രാജ്യത്തെ മുസ്ലിങ്ങൾ ഭയപ്പെടുന്നു. തങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരാകുന്നു എന്ന തോന്നലും, ബിജെപിയുടെ വര്‍ഗീയതയെ പരാജയപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തടയാനും മതേതര പാർട്ടികൾക്ക് കഴിയുന്നില്ല എന്ന പ്രതീതിയും അവരെ അലോസരപ്പെടുത്തുന്നു. അതിലുപരിയായി, ഹിന്ദുക്കള്‍ക്കിടയില്‍ ഇസ്ലാമോഫോബിക് മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന സന്യാസിമാര്‍ അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു. ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് രാജ്യത്ത് നടക്കുന്നത്. ‘വോട്ട് ജിഹാദ്’ എന്ന പ്രചരണവുമുണ്ട്. ‘ധർമ്മയുദ്ധ’ത്തെക്കുറിച്ചും ചര്‍ച്ച നടക്കുന്നു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ കഴിഞ്ഞദിവസം തർക്കമുണ്ടായി. തന്റെ (ഒവൈസിയുടെ) പൂർവികർ ബ്രിട്ടീഷുകാർക്കെതിരെ ‘ജിഹാദ്’ നടത്തിയെന്ന് ഒവൈസി പറഞ്ഞു, തനിക്ക് ‘റസാക്കറുകളോട്’ സംസാരിക്കാൻ താല്പര്യമില്ലെന്ന് ഫഡ്‌നാവിസ് തിരിച്ചടിച്ചു.
മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ ഹിന്ദു-മുസ്ലിം ചർച്ചകൾ സജീവമാക്കുന്നതില്‍ എല്ലാവർക്കും പങ്കാളിത്തമുണ്ട്. എന്തിനധികം, മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഉടനീളം ഉരുണ്ടുകൂടിയ ‘ബത്തേങ്കേ തോ കാറ്റേങ്കേ’ (ഭിന്നിച്ചാൽ നാം നശിച്ചു) എന്ന മുദ്രാവാക്യമുയര്‍ത്തി യുപി മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ ‌തെരഞ്ഞെടുപ്പ് രംഗം കലക്കിമറിച്ചു. യോഗിയുടെ മുദ്രാവാക്യം പ്രതിപക്ഷത്തിനും മുസ്ലിങ്ങൾക്കും എതിരും ഹിന്ദു വോട്ട്ബാങ്കിനെ ആകർഷിക്കുന്നതുമാണ്. ഈ ഘട്ടത്തില്‍ പല നേതാക്കൾക്കും നാവിന്റെ നിയന്ത്രണവും നഷ്ടപ്പെടുന്നു. ചിലർ രാജ്യത്തെ ക്രമസമാധാനത്തെ പോലും വെല്ലുവിളിക്കുന്നു. 

മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം, ‘ബത്തേങ്കേ തോ കാറ്റേങ്കേ’ എന്നതിനെക്കാൾ, അപകടകരമായത് വഖഫ് ബോർഡ് ഭേദഗതി ബിൽ 2024 ആണ്. മുസ്ലിം വോട്ടുകളുടെ ഏകീകരണം തകർക്കാൻ ‘ബത്തേങ്കേ തോ കാറ്റേങ്കേ‘യ്ക്ക് കഴിയില്ല, എന്നാൽ വഖഫ് ബോർഡ് ഭേദഗതി ബില്ലിന്റെ ഭാവി എന്തായിരിക്കും? പാർലമെന്റിന്റെ ശീതകാല സമ്മേളന തീയതി അടുക്കുന്തോറും മുസ്ലിം നേതാക്കളുടെ ആധി വര്‍ധിക്കുകയാണ്. മോഡി സർക്കാർ ബില്ല് വിഷയം ഉയർത്തിക്കൊണ്ടുവരുന്നു. ഈ സമ്മേളനത്തില്‍ പാസാക്കാന്‍ സാധ്യതയുമുണ്ടെന്ന് മുസ്ലിം ജനത ഭയപ്പെടുകയാണ്. ജയ്‌പൂരിൽ കൂടിയ ഒരു സമ്മേളനത്തിൽ മുസ്ലിം സംഘടനാ നേതാവ് തൗക്കീർ റാസ പറഞ്ഞത്, മുസ്ലിങ്ങളെ വെട്ടിനിരത്താൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് “മുസ്ലിം യുവാക്കളുടെ ശക്തി” അറിയില്ലെന്നാണ്. വഖഫ് ബോർഡ് നിയമം ഭേദഗതി ചെയ്യാൻ ആലോചിച്ചതിന് മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ച റാസയുടെ വാക്കുകള്‍ക്ക് സ്വയംനിയന്ത്രണമുണ്ടായില്ല. ഡൽഹിയിലേക്ക് മാർച്ചിന് തയ്യാറാവണമെന്ന് യോഗം മുസ്ലിങ്ങളോട് ആവശ്യപ്പെട്ടു. ‘എനിക്ക് എന്റെ യുവാക്കളെ നിയന്ത്രിക്കാൻ കഴിയില്ല’ എന്നും റാസ പറഞ്ഞു. 

മുസ്ലിം സ്വത്തുക്കൾ ലക്ഷ്യമിട്ട് വഖഫ് ബോർഡിൽ വരുത്തുന്ന മാറ്റങ്ങളുടെ പേരില്‍ ചില മുസ്ലിം നേതാക്കളും സംഘടനകളും ഊഹാപോഹങ്ങൾ അഴിച്ചുവിടുന്നു. മുസ്ലിങ്ങളല്ലാത്തവരെ വഖഫ് ബോർഡുകളിൽ ഉൾപ്പെടുത്തുന്നതിലും ഒരു വിഭാഗം പ്രതിഷേധിക്കുന്നു. ഈ ബിൽ, മുസ്ലിങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുന്നത് നിയമാനുസൃതമാക്കുകയും അമുസ്ലിങ്ങൾ വഖഫ് ബോർഡുകളുടെ മേൽനോട്ടം വഹിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. വഖഫ് ഭേദഗതി ബിൽ രാജ്യത്തുടനീളമുള്ള മുസ്ലിം സ്വത്തുക്കൾക്ക് ഭീഷണിയാണ്. മുസ്ലിം പള്ളികൾ, ആരാധനാലയങ്ങൾ, ഈദ്ഗാഹുകൾ തുടങ്ങിയവ നഷ്ടപ്പെടുമെന്ന് സഹരൻപൂരിലെ കോൺഗ്രസ് എംപിയും ജെപിസി അംഗവുമായ ഇമ്രാൻ മസൂദ് പറഞ്ഞു. ‘മുസ്ലിങ്ങളെ ഭൂരഹിതരാക്കാന്‍ രൂപകല്പന ചെയ്തത്’ എന്നാണ് മസൂദ് ഇതിനെ വിശേഷിപ്പിച്ചത്.
ജയ്‌പൂരിൽ സമ്മേളിച്ച സംഘടനകളിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ്, മില്ലി കൗൺസിൽ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (എഐഎംപിഎൽബി) എന്നിവയുണ്ടായിരുന്നു. ബില്‍ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നൽകി. ബില്ല് മുസ്ലിങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ നേരിട്ടുള്ള ആക്രമണമാണെന്ന് എഐഎംപിഎൽബി വിലയിരുത്തി.
ഇന്ത്യന്‍ മുസ്ലിങ്ങൾക്ക് ഒരു ശ്രേഷ്ഠമ്മന്യതയു‌ണ്ടെന്ന് മോഡി സർക്കാർ മറക്കുന്നു. ഇത് വഖഫ് ഭേദഗതി ബിൽ 2024 പോലുള്ള ഉത്തരവുകൾ അംഗീകരിക്കാന്‍ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ചും അത്തരം നിയമങ്ങൾ സമുദായത്തിന് ഭീഷണിയാകുമ്പോള്‍. മുസ്ലിം ജനസംഖ്യ വർധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത് മറക്കരുതെന്നുമാണ് ജയ്‌പൂര്‍ സമ്മേളനത്തില്‍ ഒരു നേതാവിന്റെ മുന്നറിയിപ്പ്.

തങ്ങളുടെ ശക്തിയും ബലഹീനതകളും പരിശോധിക്കത്തക്കവിധം മുസ്ലിങ്ങള്‍ ഉണർന്നു എന്നതാണ് വിഷയത്തിന്റെ കാതൽ. 2014ന് മുമ്പ് അവർ ഇത്ര വേവലാതി കാട്ടിയിരുന്നില്ല. എന്നാൽ 14ൽ നരേന്ദ്ര മോഡി, ഗാന്ധിനഗില്‍ നിന്ന് ന്യൂഡൽഹിയിലെത്തുകയും 2019ൽ ബിജെപിയുടെ അധികാരം ഉറപ്പിക്കുകയും ചെയ്തതോടെ, 60 വർഷത്തിലേറെയായി തങ്ങളെ ഭരിച്ചിരുന്ന മതേതര‑ഹിന്ദുത്വത്തിന്റെ ശക്തി നഷ്ടപ്പെടുന്നുവെന്ന ഭയത്തിലാണ് മുസ്ലിങ്ങൾ ജീവിക്കുന്നത്.
ആരാധനാലയ നിയമം, വഖഫ് ബോർഡ് നിയമം, മറ്റ് ഇളവുകൾ എന്നിങ്ങനെ പ്രത്യേക ആനുകൂല്യങ്ങളോടെ ഇന്ത്യന്‍ മുസ്ലിങ്ങൾ അതുവരെ ജീവിച്ചിരുന്നു. ബിജെപി ഇതിനെ കോൺഗ്രസിന്റെ “ന്യൂനപക്ഷ പ്രീണനം” എന്ന് വിളിക്കുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഒരു തന്ത്രമായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ കോൺഗ്രസ് തയ്യാറായില്ല. മോഡി ഭരണത്തിൻ കീഴിൽ മുസ്ലിങ്ങളെപ്പോലെ കോൺഗ്രസും ഭീഷണി നേരിടുകയാണ്. മോഡിയെ സ്ഥാനഭ്രഷ്ടനാക്കുക എന്നത് കോൺഗ്രസിന്റെയും മതേതര പാർട്ടികളുടെ മുസ്ലിം വോട്ടുബാങ്കുകളുടെയും മുൻഗണനയായി മാറിയിരിക്കുന്നു.
2024ലെ വഖഫ് ഭേദഗതി ബില്ലും യോഗിയുടെ ‘ബത്തേങ്കേ തോ കാറ്റേങ്കേ’ മുദ്രാവാക്യവും മതേതര രാഷ്ട്രീയ പാർട്ടികൾക്ക് പൊതുവെയും മുസ്ലിങ്ങൾക്ക് പ്രത്യേകിച്ചും വെല്ലുവിളിയായി മാറിയിട്ടുണ്ട്. ബിജെപിയുടെ പഞ്ചാബ് വിജയം അതാണ് സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയുമായി മുസ്ലിങ്ങൾ കരാറുണ്ടാക്കിയെന്നാണ് ബിജെപി ആരോപണം. അഖിലേന്ത്യാ ഉലമ ബോർഡ്, കോൺഗ്രസിനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്കും 17 ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് കത്തെഴുതിയിട്ടുണ്ട്. ആവശ്യങ്ങളിൽ പ്രധാനം മുസ്ലിങ്ങൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം, വഖഫ് ഭേദഗതി ബിൽ പിൻവലിക്കല്‍, ആർഎസ്എസ് നിരോധനം, മഹാരാഷ്ട്ര സംസ്ഥാന വഖഫ് ബോർഡിന് 1,000 കോടി രൂപയുടെ കോർപസ് എന്നിവയാണ്. ആവശ്യങ്ങൾ നടപ്പാകണമെങ്കില്‍ എംവിഎ വിജയിക്കേണ്ടതുണ്ട്.
കേന്ദ്രത്തിൽ പ്രതിപക്ഷം അധികാരത്തിലെത്തിയാൽ മാത്രമേ ന്യൂനപക്ഷങ്ങളുടെ പല ആവശ്യങ്ങളും നിറവേറ്റാനാകൂ. അത് സംഭവിക്കണമെങ്കിൽ ടിഡിപിയും ജെഡിയുവും മോഡി സർക്കാരിനുള്ള പിന്തുണ പിൻവലിക്കണം. അതിന് ടിഡിപിയുടെയും ജെഡിയുവിന്റെയും മുസ്ലിം വോട്ട് ബാങ്കുകൾ ഈ രണ്ട് പാർട്ടികളിലും സ്വാധീനമുണ്ടാക്കുന്നതില്‍ വിജയിക്കണം. പ്രധാനകാര്യം, മതേതര പാർട്ടികള്‍ മുസ്ലിം വോട്ട് ബാങ്കുകൾ വഴി തങ്ങളുടെ അധികാരം ഉറപ്പിക്കുകയെന്നതാണ്.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.