13 June 2025, Friday
KSFE Galaxy Chits Banner 2

സാമൂഹ്യപെന്‍ഷന്‍ കെെക്കൂലിയല്ല; അവശര്‍ക്ക് സാന്ത്വനം

ടി പി രാമകൃഷ്ണന്‍
എല്‍ഡിഎഫ് കണ്‍വീനര്‍
June 9, 2025 4:15 am

കേരളീയ സാമൂഹികജീവിതത്തില്‍ സാമൂഹ്യ പെന്‍ഷനുകള്‍ വലിയ പങ്കാണ്‌ വഹിക്കുന്നത്‌. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണമാണ്‌ ഇതുവഴി സാധ്യമാകുന്നത്‌. 1980ല്‍ നായനാര്‍ സര്‍ക്കാരാണ്‌ ഇന്ത്യയിലാദ്യമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നടപ്പാക്കുന്നത്‌. അന്ന്‌ മാസം 45 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ച്‌ നടപ്പാക്കി. ഈ പെന്‍ഷന്‍ സമ്പ്രദായം പ്രത്യുല്പാദനപരമല്ല എന്ന നിലപാടുയര്‍ത്തി കോണ്‍ഗ്രസ്‌ ശക്തമായി എതിര്‍ത്തു. കൃഷിക്കാരും, കര്‍ഷകത്തൊഴിലാളികളും സമൂഹത്തിന്‌ ‘അന്നം’ നല്‍കുന്നവരാണ്‌. അവരുടെ ജീവിതാവസാനകാലത്ത്‌ സ്വന്തമായി വരുമാനം ലഭിക്കുന്നത്‌ വിവരണാതീതമായ ആശ്വാസമാണ്‌ പകര്‍ന്നുനല്‍കുന്നത്‌. ഈ നിലപാടില്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. പിന്നീട്‌ 2016 വരെയുള്ള കാലഘട്ടങ്ങളില്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ പെന്‍ഷന്‍ അനുവദിക്കപ്പെട്ടു. 2016ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പെന്‍ഷനുകള്‍ 18 മാസം കുടിശികയായിരുന്നു. അന്ന്‌ സാമൂഹ്യ പെന്‍ഷന്‍ ലഭ്യമാകുന്ന എല്ലാവരുടെയും പെന്‍ഷന്‍ 600 രൂപയാണ്‌. 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ത്തു. എല്‍ഡിഎഫിന്റെ ജനകീയ പ്രതിബദ്ധതയാണ്‌ ഈ നടപടിയിലൂടെ വ്യക്തമാക്കിയത്‌. ക്ഷേമത്തിലൂന്നിയ വികസനവും, വളര്‍ച്ചയുമാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്‌. സമ്പൂര്‍ണ ക്ഷേമ സംസ്ഥാനമാക്കി മാറ്റുകയെന്ന നിലപാടാണ്‌ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. 

നമ്മുടെ സംസ്ഥാനം എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും ഒരുക്കുന്നു. ‘എല്ലാവര്‍ക്കും വീട്‌’ എന്ന ലക്ഷ്യമാണ്‌ ലൈഫ്‌ പാര്‍പ്പിട പദ്ധതി. സമ്പൂര്‍ണ ദാരിദ്യ്ര നിര്‍മ്മാര്‍ജനം, സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ്‌ എന്നിവ കേരളത്തിന്റെ ക്ഷേമ പദ്ധതിയില്‍ പ്രധാനമാണ്‌. ക്ഷേമ പെന്‍ഷന്‍ ഡാറ്റാ ബേസില്‍ 63.67 ലക്ഷം പെന്‍ഷന്‍കാരുടെ വിവരങ്ങളാണുള്ളത്‌. ഇതില്‍ മസ്റ്ററിങ്‌ നടത്തിയ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്‌. ഇത്തരത്തില്‍ 62 ലക്ഷം പേരാണുള്ളത്‌. പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 63 ശതമാനം പേര്‍ വനിതകളാണ്‌. എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മസ്റ്ററിങ്‌ നടത്താനുള്ള സൗകര്യം നിലവിലുണ്ട്‌. ഇത്തരത്തില്‍ മസ്റ്ററിങ്‌ നടത്തുന്ന ഏതൊരാളും ആ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹരാണ്‌.
സാമൂഹ്യ ക്ഷേമ പെന്‍ഷനുകളുടെ വിഹിതത്തിലെ 98 ശതമാനവും സംസ്ഥാന സര്‍ക്കാരാണ്‌ വഹിക്കുന്നത്‌. രണ്ട്‌ ശതമാനം വരുന്ന നാമമാത്രമായ വിഹിതമാണ്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്‌. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ എന്നീ മൂന്ന്‌ പദ്ധതികള്‍ക്കാണ്‌ നാമമാത്ര കേന്ദ്ര വിഹിതം ലഭിക്കുന്നത്‌. അതായത്‌ ശരാശരി 6.8 ലക്ഷം പേര്‍ക്ക്‌ മാത്രമാണ്‌ കേന്ദ്രാനുകൂല്യം ലഭിക്കുന്നത്‌. 79 വയസുവരെയുള്ളവര്‍ക്കുള്ള വാര്‍ധക്യകാല പെന്‍ഷന്‍ തുകയായ 1,600 രൂപയില്‍ 200 രൂപയാണ്‌ കേന്ദ്ര വിഹിതം. 80 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്ക്‌ കേന്ദ്ര വിഹിതം 500 രൂപയാണ്‌. ഭിന്നശേഷിക്കാര്‍ക്കുള്ള വിഹിതം 300 രൂപയാണ്‌. വിധവകള്‍ക്കുള്ള പെന്‍ഷനില്‍ 300 രൂപ മാത്രമാണ്‌ കേന്ദ്ര വിഹിതം. ഇതും സംസ്ഥാനത്തിന്‌ കൃത്യമായി ലഭിക്കുന്നില്ല. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തത്‌ മൂലമുള്ള അധിക ബാധ്യതയും സംസ്ഥാന സര്‍ക്കാരാണ്‌ വഹിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത്‌ പ്രതിവര്‍ഷം 25,000 രൂപയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരിധി ഒരുലക്ഷം രൂപയാണ്‌. 2016നും, 24നും ഇടയില്‍ പെന്‍ഷന്‍ വിവിധഘട്ടങ്ങളിലായി 1,600 രൂപയായി വര്‍ധിപ്പിച്ചു. 2016 വരെ നല്‍കിയ പെന്‍ഷന്‍ വിഹിതത്തില്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ 100 രൂപ മാത്രമാണ്‌ വര്‍ധിപ്പിച്ചത്‌. ഇപ്പോള്‍ ലഭിച്ചുവരുന്ന 1,600ല്‍ 1,500 രൂപയും നല്‍കിയത്‌ ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ്‌. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനാണ്‌ യുഡിഎഫ്‌ പരിശ്രമിക്കുന്നത്‌. 

എഐസിസി ജനറല്‍ സെക്രട്ടറി, തെരഞ്ഞെടുപ്പുകാലത്ത്‌ കൈക്കൂലിയായാണ്‌ പെന്‍ഷനെ വിശേഷിപ്പിച്ചത്‌. ഈ ജനവിരുദ്ധ പ്രസ്താവന കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും ന്യായീകരിക്കുകയും, പിന്തുണയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഈ നിലപാട്‌ ജനക്ഷേമ നടപടികളിലുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നതാണ്‌. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുതല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളിലെല്ലാം കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും തനിമുഖം വ്യക്തമാക്കുന്നു. അതേസമയം, എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നിലവിലുള്ള പെന്‍ഷനും വര്‍ധിപ്പിക്കുമെന്ന്‌ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഇതാണ് എല്‍ഡിഎഫും, യുഡിഎഫും തമ്മിലുള്ള വ്യത്യാസം. 2011–16ല്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ ആകെ 9,011 കോടിയാണ്‌ നല്‍കിയത്‌. എല്‍ഡിഎഫ്‌ സര്‍ ക്കാരിന്റെ കാലത്ത്‌ ഇതുവരെയായി 37,582 കോടി രൂപ ഈയിനത്തില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരായി നടത്തുന്ന സാമ്പത്തിക ഉപരോധം തുടരുകയാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ അഞ്ച്‌ ഗഡു പെന്‍ഷന്‍ കുടിശികയായി. ഈ സന്ദര്‍ഭത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരായി നടന്ന പ്രചരണം എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്‌. കടുത്ത സാമ്പത്തിക ഉപരോധത്തിന്റെ ഘട്ടത്തില്‍ കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ തുക നേടിയെടുക്കാന്‍ യാതൊരു പിന്തുണയും യുഡിഎഫ്‌ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ക്ഷേമപെന്‍ഷന്‍ കുടിശികയില്‍ മൂന്ന്‌ ഗഡു നല്‍കിക്കഴിഞ്ഞു. ബാക്കി രണ്ട്‌ ഗഡു ഈ വര്‍ഷം തന്നെ നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഓരോ മാസത്തെ പെന്‍ഷനും അതത്‌ മാസം തന്നെ നല്‍കി വരികയാണ്‌. ഈ ഘട്ടത്തിലാണ്‌ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം പേരെയും, കേരള ജനതയെ ആകെയും അപമാനിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ നേതൃത്വം ജനവിരുദ്ധ ജല്പനങ്ങള്‍ നടത്തിയത്‌. നിലമ്പൂര്‍ മണ്ഡലത്തില്‍ വോട്ട്‌ ലക്ഷ്യംവച്ചുകൊണ്ട്‌ നടത്തിയ ആരോപണങ്ങള്‍ വോട്ടര്‍മാര്‍ ഒറ്റമനസോടെ തിരസ്കരിക്കും. 

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.