ചിന്താവിഷ്ടയായ ശ്യാമള എന്ന ചലച്ചിത്രത്തിലെ ഏറ്റവുമധികം ചിരിപ്പിച്ച രംഗമാണ് നായകനായിരുന്ന ശ്രീനിവാസൻ സംവിധായകനായി അഭിനയിക്കുന്ന രംഗം. പരസ്യചിത്രം സംവിധായക കഥാപാത്രമായെത്തിയ ശ്രീനിവാസനോട് കാമറ എവിടെ വയ്ക്കണമെന്ന് ചോദിക്കുമ്പോൾ നടി കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ കാമറയും ചാടട്ടെ എന്നാണ് പറയുന്നത്. ഊറിയൂറി ചിരിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ ആ രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിലമ്പൂരിൽ യുഡിഎഫ് യുവനേതാക്കൾ നടത്തിയ പെട്ടിസിനിമാ രംഗമാണ് ചിന്താവിഷ്ടയായ ശ്യാമളയിലെ ഈ രംഗത്തെ മനസിലെത്തിച്ചത്. രാത്രി ഭക്ഷണം കഴിക്കാൻ നിലമ്പൂർ മണ്ഡലത്തിന് പുറത്തേക്കൊരു യാത്ര. നിലമ്പൂർ മണ്ഡലത്തിൽ ഒരിടത്തും നല്ല ഭക്ഷണം കിട്ടാത്തതിനാൽ രാത്രി ഭക്ഷണം കഴിക്കുന്നതിന് മണ്ഡലത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല. തിരിച്ചുവരുമ്പോൾ ദാ വണ്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ തടയുന്നു. വണ്ടിയോടിക്കുന്നത് എംപിയും കൂടെയുള്ളത് എംഎൽഎയുമാണെന്നറിഞ്ഞിട്ടും വണ്ടി നിർത്താനാവശ്യപ്പെടുന്നു. തീർന്നില്ല, ഉദ്യോഗസ്ഥൻ എംപിയുടെ മുഖത്തേക്ക് ടോർച്ച് തെളിക്കുകയും ചെയ്തു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ചാനൽ ചർച്ചയിലെ യുഡിഎഫുകാരന്റെ വാദം. ഉദ്യോഗസ്ഥൻ ചെയ്തത് ഭാരതീയ ന്യായ സൻഹിത പ്രകാരം പത്തുവർഷത്തെ തടവ് ശിക്ഷയെങ്കിലും വിധിക്കാവുന്ന കുറ്റവുമാണെന്ന് പറയാതിരുന്നത് ഭാഗ്യം. വണ്ടി നിർത്തി പുറത്തിറങ്ങിയ യാത്രികരോട് ഡിക്കി തുറക്കാനും പെട്ടിയുണ്ടെങ്കിൽ പുറത്തുവയ്ക്കാനും പറയുന്നു. ഈ ഭാഗം മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നില്ല. ഷാഫി പറമ്പിലിന്റെ മൊഴിയാണ് . ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ പറയുന്നതുപോലെ എടുക്കാൻ മറന്നുപോയ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. കൃത്യമായ തിരക്കഥ തയ്യാറാക്കിയതും കയ്യിൽ കരുതിയതുമനുസരിച്ച് തന്നെയായിരുന്നു പിന്നീട് നടന്നത്. പുറത്തിറക്കിയ പെട്ടി കണ്ട് ബോധിച്ച ഉദ്യോഗസ്ഥൻ തിരികെ വയ്ക്കാൻ പറയുന്നു. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രദർശനത്തിനെത്തിയ പിന്നീടുള്ള സിനിമാ ഭാഗങ്ങൾ കാണുമ്പോൾ നമുക്ക് കാബൂളിവാല എന്ന ചലച്ചിത്രത്തെ ഓർമ്മ വരും.
ശങ്കരാടിയുടെ കടയിലേക്ക് ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർ അവതരിപ്പിക്കുന്ന കന്നാസും കടലാസും കടന്നുവരുന്നു. ശങ്കരാടി കാണാതെയും അറിയാതെയും ഇരുവരും വാഴക്കുല പഴുപ്പിക്കുന്നതിനുള്ള അറയിൽ ഒളിക്കുന്നു. തൊട്ടുപിന്നാലെ അവരെത്തേടി പൊലീസെത്തുന്നു. ശങ്കരാടിയോട് ഇരുവരും ഇവിടെ വന്നോ എന്ന് ചോദിക്കുമ്പോൾ ഏയ് ഇല്ലെന്നും വേണമെങ്കിൽ കയറി പരിശോധിച്ചോളൂ എന്നും പറയുന്നു. വേണ്ടെന്ന് പറഞ്ഞ് മടങ്ങാൻ പോകുന്ന ഉദ്യോഗസ്ഥരോട് അതു പറ്റില്ല ഏതായാലും സംശയിച്ചതല്ലെ, മുഴുവൻ ഭാഗവും പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സമാനമായ രംഗങ്ങളാണ് നിലമ്പൂർ റോഡുവക്കിലുണ്ടായത്. പെട്ടി പരിശോധിച്ചാലേ അകത്തേക്ക് കയറ്റിവയ്ക്കൂ എന്ന് ശങ്കരാടിയെ പോലെ ഷാഫിയുടെ വക ഒരേരൊരു വാശി. പ്രശ്നമില്ലെന്നും പൊയ്ക്കോളൂ എന്നും പറഞ്ഞിട്ടും ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നു. അതിനിടെ സർവീസിലെ പാരിതോഷികം തന്നോളാമെന്ന് പുതു എംഎൽഎ രാഹുലിന്റെ ഭീഷണി. കാഴ്ചക്കാരനായി പി കെ ഫിറോസ് ഒപ്പമുണ്ട്. അപ്പോഴേക്കും എവിടെ നിന്നൊക്കെയോ കൂറേ പ്രവർത്തകരുമെത്തി. ആകെ ജഗപൊഹ. വേറൊരു സിനിമയിലെ കഥാപാത്രം ചോദിക്കുന്നതുപോലെ ആകെക്കൂടി എന്തോ ഒരു പന്തികേട് തോന്നുന്നത് പ്രിയയ്ക്കു മാത്രമാണോ. പന്തികേട് ഒന്ന്: നിലമ്പൂരിലെ ഒരു ലോഡ്ജിൽ കുറേ ദിവസമായി സ്ഥിരതാമസമാക്കിയ മൂവർ സംഘം ഓരോ യാത്രയിലും പെട്ടി കൂടെ കൊണ്ടുനടക്കുന്നതെന്തിനാണ്.
പന്തികേട് രണ്ട്: തെരഞ്ഞെടുപ്പ് പ്രചരണം നടത്തി ക്ഷീണിച്ച് വലഞ്ഞ്, വിശന്ന് നല്ല ഭക്ഷണം കഴിക്കാൻ പോകുമ്പോഴും കാമറക്കാരെയും സമൂഹ മാധ്യമക്കാരെയും കൂടെ കൊണ്ടുപോകുന്നത് എന്തിന്. പന്തികേട് മൂന്ന്: പെട്ടി തുറന്നുകൊടുക്കേണ്ടത് നടപടിക്രമമനുസരിച്ച് തന്റെ ഉത്തരവാദിത്തമായിട്ടും ഉദ്യോഗസ്ഥനോട് ആക്രോശിച്ചത് എന്തിനായിരുന്നു. പെട്ടിയിൽ ഉദ്യോഗസ്ഥൻ എന്തെങ്കിലും നിക്ഷേപിച്ചുവെന്ന് വരുത്തി നാടകം പൊലിപ്പിക്കാനായിരുന്നോ.
പന്തികേട് നാല്: കാറിലുണ്ടായിരുന്ന മൂന്ന് യുവസിംഗങ്ങളെ പിടിച്ചിറക്കി പരിശോധിക്കുന്നുവെന്നറിഞ്ഞ് കുറേയധികം പാർട്ടിക്കാർ പെട്ടെന്ന് ഷൂട്ടിങ് ലൊക്കേഷനിലെത്തിയതെങ്ങനെ. പന്തികേട് അഞ്ച്: ഇത്രയേറെ അപമാനം തോന്നിയിട്ടും ബോധപൂർവമാണെന്ന് ബോധ്യമായിട്ടും പരാതിയില്ലാതിരുന്നത് എന്തുകൊണ്ട്. പന്തികേട് ആറ്: അടുത്ത സംസ്ഥാനം ഭരണം കിട്ടില്ലെന്നുറപ്പുള്ളപ്പോൾ ഉദ്യോഗസ്ഥന് സർവീസിലെ പാരിതോഷികം നൽകുന്നത് എങ്ങനെ ആയിരിക്കും. ഉത്തരം ലളിതമാണ്. തൽക്കാലം മറ്റൊരു വിഷയവും പറയാനില്ല. രാഷ്ട്രീയമോ ഫാസിസ്റ്റ് വിരുദ്ധ നിലപാടോ വർഗീതയ്ക്കെതിരെയോ ഒന്നും. അപ്പോൾ പിന്നെന്തു ചെയ്യും. റീലുണ്ടാക്കി കളിക്കുക. ലഘു സിനിമകളും ഹ്രസ്വ നാടകങ്ങളും പുറത്തിറക്കി നാട്ടുകാരെ പറ്റിക്കാമോ എന്ന് പരീക്ഷിക്കുക. വോട്ടെടുപ്പ് ദിവസം വരെ ഇതുതുടരും. അതുകൊണ്ടെന്തുണ്ടായി. നാം കണ്ട് മറന്ന നല്ല ചില ഹാസ്യ സിനിമകളിലെ രംഗങ്ങൾ ഓർമ്മിക്കുവാനും പുതിയ ഹാസ്യനാടകം കാണാനും കേരളീയർക്ക് അവസരമുണ്ടായി. ശ്രീനിവാസൻ സിനിമയിൽ പറഞ്ഞതുപോലെ സ്റ്റാർട്ട്, കാമറ, ആക്ഷൻ, പക്ഷേ പെട്ടി സിനിമ ചീറ്റിപ്പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.