15 July 2025, Tuesday
KSFE Galaxy Chits Banner 2

നാണക്കേടിന്റെ തെലങ്കാന അധ്യായം

ബേബി കാസ്ട്രോ
June 20, 2025 4:39 am

രാജ്യമെങ്ങും കലാസാംസ്കാരിക രംഗം വർഗീയ വിഷലിപ്ത പ്രചരണങ്ങൾ കൊണ്ട് മലീമസമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സർക്കാർ ഈ നാണക്കേടിലേക്ക് തങ്ങളുടെ സംഭാവനയും നൽകിയിരിക്കുന്നു. ‘റസാക്കർ: ഹൈദരാബാദിലെ നിശബ്ദ വംശഹത്യ’ എന്ന വിദ്വേഷ പ്രചരണ ചലച്ചിത്രത്തിന് ജനകീയ കവി ഗദ്ദറിന്റെ പേരിൽ പുതിയതായി ഏർപ്പെടുത്തിയ ഫിലിം അവാർഡ് പ്രഖ്യാപിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഡിയുടെ ഭരണകൂടം തങ്ങളുടെ രാഷ്ട്രീയശൂന്യത വെളിപ്പെടുത്തിയത്. 2024 ലെ മികച്ച ഹിസ്റ്ററി ഫീച്ചർ ഫിലിമിനുള്ള അവാർഡാണ് ‘റസാക്കർ’ക്ക് നൽകിയത്. ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിക്കുകയും യാതാ സത്യനാരായണ സംവിധാനം ചെയ്യുകയും ചെയ്ത ഒരു പ്രചരണചിത്രമാണ് ‘റസാക്കർ’. നാട്ടുരാജാവായിരുന്ന നൈസാമിന്റെ അർധസൈനിക വിഭാഗമായ റസാക്കർമാർ സാധാരണ ജനങ്ങൾക്ക് നേരെ നടത്തിയ ക്രൂരമായ അക്രമണങ്ങളെ, മുസ്ലിം ഭരണാധികാരി ഹിന്ദുക്കൾക്ക് നേരെ നടത്തിയ ആക്രമണമായി വക്രീകരിച്ചുകൊണ്ട് അവതരിപ്പിക്കുകയാണ് ചിത്രം. രാജ്യത്തെങ്ങും സംഘ്പരിവാർ മുന്നോട്ടുവച്ചുകൊണ്ടിരിക്കുന്ന ചരിത്രാഖ്യാനത്തിന്റെ തെലങ്കാന പതിപ്പ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ആഴത്തിൽ വേരോട്ടമുള്ള തെലങ്കാനയിൽ ഉത്തരേന്ത്യൻ മോഡൽ ഹിന്ദു മുസ്ലിം സ്പർധ വളർത്തിയെടുക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ അധമ സൃഷ്ടി. ആരാണ് ഗദ്ദർ എന്നോർക്കുമ്പോഴാണ് കോൺഗ്രസ് സർക്കാരിന്റെ ചിന്താശൂന്യതയും ആശയപാപ്പരത്വവും വെളിവാകുക. ഗുമ്മാടി വിട്ടൽ റാവു എന്ന ഗദ്ദർ മുൻ ആന്ധ്രാ സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തെങ്ങും അറിയപ്പെടുന്ന ജനകീയ കവിയായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1970 മുതൽ രാഷ്ട്രീയ രംഗത്തും പ്രവർത്തിച്ചുവന്ന ഗദ്ദർ പക്ഷേ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ സ്വീകാര്യനായ തലയെടുപ്പുള്ള കലാകാരനായിരുന്നു. ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള അടിച്ചമർത്തലുകൾക്കും ജന്മിത്തത്തിനുമെതിരെ ഗദ്ദറിന്റെ വാക്കുകളും വരികളും വേദികളിൽ തീ പടർത്തി.

1997ൽ അദ്ദേഹത്തിന്റെ വാക്കുകളാൽ മുറിവേറ്റ ശക്തികൾ ഗദ്ദറിനെ വധിക്കാൻ ശ്രമിക്കുകയും അന്ന് ശരീരത്തിലേറ്റ വെടിയുണ്ടയുമായി 2023 ഓഗസ്റ്റ് ആറിന് മരണം വരെ ചൂഷക ശക്തികളോട് സന്ധിയില്ലാതെ ജീവിക്കുകയും ചെയ്തു ആ വിപ്ലവകാരി. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധപോരാട്ടം സംഘടിപ്പിച്ച പഞ്ചാബി ദേശാഭിമാനികളുടെ പാർട്ടിയുടെ പേരായ ഗദ്ദർ എന്ന പദമാണ് അദ്ദേഹം തന്റെ പേരായി സ്വീകരിച്ചത്. പേര് കൊണ്ടും സാഹിത്യം കൊണ്ടും ജീവിതം കൊണ്ടും സാമ്രാജ്യത്വ വിരോധിയും മർദിത പക്ഷപാതിയും ആയിരുന്നു അദ്ദേഹം. തെലങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണിയിൽ അദ്ദേഹം നിലയുറപ്പിക്കുകയും അത് യാഥാർത്ഥ്യമാവുകയും ചെയ്ത സാഹചര്യത്തിൽ ഗദ്ദറിന്റെ ജനപ്രീതി മുതലെടുക്കാമെന്ന് കരുതിയാവണം കോൺഗ്രസ് സർക്കാർ ഫിലിം അവാർഡിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ഹൈദരാബാദിലെ നാട്ടുരാജാവായിരുന്ന നൈസാമിന്റെ അർധസൈനിക വിഭാഗമായ റസാക്കർമാർ ക്രൂരമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ആ പ്രവിശ്യയിൽ നടത്തിയെന്നത് ചരിത്ര വസ്തുതയാണ്. കൂട്ടക്കൊലകൾ, കൊള്ളകൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയ്ക്കെല്ലാം കുപ്രസിദ്ധമാണ് ഈ സേന. ദരിദ്രകർഷകരുടെ വിമോചനത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന തെലങ്കാന സായുധ കലാപത്തെ അടിച്ചമർത്തുന്നതിന് സെമീന്ദാർമാർ റസാക്കർമാരുടെ സേവനം വിലയ്ക്കെടുത്തു. ഉള്ളടക്കത്തിൽ ഈ അർധസൈനിക ദളം ഒരു മർദക ഭരണകൂടത്തിന്റെ ജനവിരുദ്ധ സേനയായിരുന്നു. 

ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ ജനങ്ങൾ ഉണർന്നെണീക്കുന്ന ഏതൊരു സന്ദർഭത്തിലും നിഷ്ഠുരമായ മർദനോപാധികൾ ഉപയോഗിച്ചുകൊണ്ട് അവർ അടിച്ചമർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കപ്പെടുകയും ചൂഷക ശക്തികളെ അധികാര ഭ്രഷ്ടരാക്കുകയും ചെയ്തിട്ടുമുണ്ട്. ഹൈദരാബാദിലും ഇതുതന്നെ സംഭവിച്ചു. 1947ൽ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ബ്രിട്ടൺ അനുവാദം നൽകി. സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച പ്രമുഖ നാട്ടുരാജ്യമായിരുന്നു ഹൈദരാബാദ്. കാസിം റസ്‌വി എന്നയാളുടെ നേതൃത്വത്തിൽ റസാക്കർമാർ കമ്മ്യൂണിസ്റ്റുകാരെയും കർഷക നേതാക്കളെയും ഉന്മൂലനം ചെയ്യാൻ പുറപ്പെട്ടു. ജനങ്ങളാകട്ടെ ദേശീയ പ്രസ്ഥാനത്തോടും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുമൊപ്പം ഇന്ത്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിച്ച് രംഗത്തിറങ്ങി. ഭരണാധികാരി മുസ്ലിമും ജനങ്ങൾ ഭൂരിപക്ഷവും ഹിന്ദുക്കളുമായതുകൊണ്ട് അതൊരു വർഗീയ ലഹളയാകുന്നില്ല. ഷോബുള്ള ഖാനെപ്പോലെ ഇന്ത്യൻ യൂണിയനിൽ ചേരണമെന്ന് വാദിച്ച മുസ്ലിം ബുദ്ധിജീവികളെയും പുരോഗമന വാദികളെയും കൂടി അവർ ഉന്മൂലനം ചെയ്തു. ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിക്കുകയും അതിന്റെ നേതാക്കന്മാർ ഹൈദരാബാദ് വിട്ട് പലായനം ചെയ്യുകയും ചെയ്തു. 

ഒടുക്കം ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ അഞ്ച് ദിശകളിൽ നിന്ന് ഹൈദരാബാദിലേക്ക് പ്രവേശിച്ച ഇന്ത്യൻ ആർമിക്ക് മുമ്പിൽ 1948 സെപ്റ്റംബർ 18ന് റസാക്കർമാർ കീഴടങ്ങുകയും നൈസാമിന്റെ പ്രധാനമന്ത്രി മിർ ലായിക് അലിയും കാസിം റസ്‌വിയും അറസ്റ്റിലാവുകയും ചെയ്തു. സെപ്റ്റംബർ 22ന് യുഎൻ സെക്യൂരിറ്റി കൗൺസിലിന് നൽകിയ പരാതി പിൻവലിച്ചുകൊണ്ട് ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നൈസാം സമ്മതിച്ചു. അദ്ദേഹത്തെ രാജപ്രമുഖ് ആയി ഇന്ത്യയും അംഗീകരിച്ചു. കാസിം റസ്‌വിയാകട്ടെ ഒരു പതിറ്റാണ്ടോളം ഇന്ത്യൻ ജയിലുകളിൽ തടവിൽ കഴിഞ്ഞ ശേഷം പാകിസ്ഥാനിൽ പോയി ശിഷ്ടജീവിതം ചെലവഴിച്ചു. മലയാളികൾക്ക് സുപരിചിതമായ തിരുവിതാംകൂർ രാജാവും കശ്മീർ രാജാവും ഹിന്ദുക്കളായിരുന്നു. അവരാരും സ്വമേധയാ ഇന്ത്യൻ യൂണിയനിൽ ചേർന്നവരല്ല. ശക്തമായ ജനകീയ പ്രക്ഷോഭമോ സൈനിക ഇടപെടലോ രണ്ടും ചേർന്നോ ഒക്കെയാണ് ആ രാജ്യങ്ങളെ ഇന്ത്യന്‍ റിപ്പബ്ലിക്കിൽ ലയിപ്പിച്ചത്. നാട്ടുരാജാക്കന്മാരും സെമീന്ദാർമാരും നിസഹായരായ മനുഷ്യർക്കുമേൽ നടത്തിയ തേർവാഴ്ചകളുടെ ചരിത്രം ഇന്ത്യയുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നു. അത് ചൂഷകരും ചൂഷിതരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ്. മർദകരും മർദിതരും തമ്മിലുള്ള സമരത്തിന്റെ കഥയാണ്. അത് ഒരിക്കലും ഹിന്ദു — മുസ്ലിം സ്പർധയുടെ കഥയല്ല. നാട്ടുരാജാക്കന്മാർക്കും ജന്മിമാർക്കും അവർക്ക് ഒത്താശ ചെയ്ത വൈദേശിക ഭരണകർത്താക്കൾക്കുമെതിരെ ഒരക്ഷരമുരിയാടാത്തവരാണ് സംഘ്പരിവാർ. ഇന്ത്യന്‍ റിപ്പബ്ലിക് പടുത്തുയർത്തിയതിൽ ഒരിഷ്ടിക പോലും അവരുടേതായിട്ടില്ല. അക്കൂട്ടരാണ് ഇപ്പോൾ ഹൈദരാബാദിലെ മർദിത ജനതയുടെ പോരാട്ടത്തെ വർഗീയചായമടിച്ച് സിനിമയെടുക്കുന്നത്. അവർക്കാണ് ലജ്ജയേതുമില്ലാതെ ഒരു കോൺഗ്രസ് സർക്കാർ ഒരു ജനപക്ഷ കവിയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് നൽകിയിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.