February 9, 2023 Thursday

അധാർമികതയുടെ അപ്പോസ്തലൻ

അമ്പഴയ്ക്കാട്ട് ശങ്കരൻ
ട്രംപ് ഭരണത്തിന്റെ ബാക്കിപത്രം (ഭാഗം2)
September 24, 2020 5:45 am

അമ്പഴയ്ക്കാട്ട് ശങ്കരൻ

സമ്പത്തും ധനവും ആണ് ട്രംപിന്റെ ദേവനും ദേവിയും. മറ്റൊന്നും ട്രംപിന്റെ മുൻപിൽ ഒന്നുമല്ല. ഫെഡറൽ ജഡ്ജിയായ മൂത്ത സഹോദരി മേരിയൻ (മേരിയാൻ ട്രംപ് ബാരി) അടുത്ത കാലത്ത് തന്റെ സഹോദരനെക്കുറിച്ച് അനവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതിലൊന്ന് തന്റെ എസ്എടി പരീക്ഷ മറ്റൊരാളെകൊണ്ട് ട്രംപ് എഴുതിച്ചു എന്നതാണ്. മറ്റൊന്ന് ട്രംപ് തത്വദീക്ഷ തീണ്ടിയിട്ടില്ലാത്തവനും, ചതിയനും, നുണയനും ആണെന്നുള്ളതാണ്. ധനാഢ്യനും കർക്കശക്കാരനുമായ ട്രംപിന്റെ പിതാവ് പ്രായപൂർത്തിയായ തന്റെ മകന് ഒരു മില്യൻ ഡോളർ ബിസിനസ്സ് തുടങ്ങുന്നതിനായി നല്കിയത്രെ. അവിടന്നങ്ങോട്ട് സ്വാധീനിച്ചും ഭയപ്പെടുത്തിയും വെട്ടിയും പിടിച്ചും തന്റെ മൂന്ന് ബില്യൻ (മൂന്നൂറ് കോടി) ഡോളർ സാമ്രാജ്യം പടുത്തുയർത്തി.

വംശീയ പക്ഷപാതിത്തമുള്ള ഭൂമി-കെട്ടിടയിടപാടുകൾ നടത്തിയതടക്കം നിരവധി കേസുകൾ അദ്ദേഹത്തിനെതിരായി ഉണ്ടായി. പല സംരംഭങ്ങളും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. നിയമത്തിന്റെ പഴുതുകൾ സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. അമേരിക്കൻ സർക്കാരിന്റെ തന്നെ പൊതു-സ്വകാര്യ താല്പര്യ വൈരുധ്യനിയമങ്ങൾ അവഗണിക്കപ്പെട്ടു. അമേരിക്കയിലെ പ്രസിദ്ധ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ കോളം എഴുത്തുകാരനും പൊതുവെ യാഥാസ്തികനുമായ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനങ്ങളിൽ ട്രംപ് എന്ന വ്യക്തിയുടെ അധാർമിക സ്വഭാവവും ഇന്നത്തെ വൈറ്റ് ഹൗസിന്റെ വൈചിത്ര്യങ്ങളെയും കുറിച്ച് തുറന്നെഴുതുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി ട്രംപിനെ നിരീക്ഷിക്കുകയും അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയും ചെയ്ത “വാട്ടർ ഗേറ്റ്” പ്രസിദ്ധൻ ബോബ് വുഡ് വാഡ് ഈ ആഴ്ച പ്രസിദ്ധീകരിച്ച ‘റേജ്’ എന്ന പുസ്തകത്തിൽ എന്തുകൊണ്ട് ട്രംപിനെ ഒരു വട്ടം കൂടി തെരഞ്ഞെടുത്തുകൂടാ എന്ന് വിശദമായി സമർത്ഥിക്കുന്നുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

ഇന്നത്തെ ലോകസാഹചര്യത്തിൽ രാജ്യാതിർത്തികൾ വേണമെന്ന വാദത്തിന് കുറച്ചെങ്കിലും പ്രസക്തിയുണ്ട്. അത് ലംഘിച്ചാൽ മനുഷ്യ ജീവിതം അസ്ഥിരമാകുമെന്ന ഭയം ന്യായീകരിക്കാവുന്നതാണ്. മറുവാദമെന്ന രീതിയിൽ ചരക്ക് നീക്കങ്ങൾക്ക് രാജ്യാതിർത്തി നിയന്ത്രണങ്ങൾ പാടില്ലെന്ന് നിഷ്ക്കർഷിക്കുന്ന ലോകകമ്പോളം മനുഷ്യർക്കെന്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന ചോദ്യവുമുണ്ട്. എന്തായാലും രാഷ്ട്രാതിർത്തികൾ ഇല്ലാത്ത ഒരു കാലം വിദൂരഭാവിയിലെങ്കിലും സാക്ഷാത്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ കുടിയേറ്റക്കാരെ മനുഷ്യരായെങ്കിലും കാണാൻ ഏത് രാഷ്ട്ര സമൂഹത്തിനും കഴിയണം. അവർ കുറ്റവാളികളും സ്ത്രീകളെ ആക്രമിക്കുന്നവരും തൊഴിൽ മോഷ്ടിക്കുന്നവരും ആണെന്നുള്ള ട്രംപിന്റെ നിഗമനങ്ങൾ ആധുനിക സമൂഹത്തിന് യോജിച്ചതല്ല. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ട പ്രദേശങ്ങളിലേക്ക് എല്ലാ കാലത്തും തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും തേടി മനുഷ്യരുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്.

അമേരിക്കയും യൂറോപ്പും ഗൾഫ് മേഖലയും എന്തിന് പറയുന്നു നമ്മുടെ കൊച്ചുകേരളവും അതിന് മികച്ച ഉദാഹരണങ്ങളാണ്. മെക്സിക്കോയിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള കൂലിവേലക്കാർ തൊട്ട് ശാസ്ത്രജ്ഞന്മാർ വരെയുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ട്രംപിനറിയില്ലെങ്കിലും ബുദ്ധിയുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കും വിവരസാങ്കേതിക രംഗമടക്കമുള്ള ബിസിനസ് സമൂഹങ്ങൾക്കുമറിയാം. അമേരിക്കയിലെ പട്ടണ പ്രാന്തങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന, വെളുത്ത തൊഴിലാളിവർഗ്ഗത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടാൻ കഴിയുമോ എന്ന ദുഷ്ടലാക്കാണ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധനിലപാടുകളിൽ കാണാൻ കഴിയുക.

സാമൂഹ്യവിഷയങ്ങളും സുപ്രീംകോടതിയും

ഒമ്പത് ജഡ്ജിമാർ കൂടിചേർന്ന അമേരിക്കൻ സുപ്രീം കോടതിയിലെ ലിബറൽ പക്ഷപാതിത്തവും ഉറച്ച സ്ത്രീപക്ഷ നിലപാടുകളും ഉള്ള ജസ്റ്റിസ് റൂത് ബേഡർ ഗിൻസ്ബർഗിന്റെ നിര്യാണം തെരഞ്ഞെടുപ്പ് രംഗത്തെ കൂടുതൽ കലുഷമാക്കുമെന്ന് ഉറപ്പാണ്. ഒബാമയുടെ കാലത്ത് തെരഞ്ഞെടുപ്പിന് ഒരു വർഷം ഉള്ളപ്പോൾ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞെ ജഡ്ജിമാരെ നിയമിക്കാൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിച്ച റിപ്പബ്ലിക്ക് നേതാക്കൾ തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ മാത്രമുള്ളപ്പോൾ പുതിയൊരാളെ നിയമിക്കാനുള്ള തത്രപ്പാടിലാണ്. സ്ത്രീയുടെ വിവേചനാധികാരമായ ഗർഭഛിദ്രം, വിവേകപൂർണ്ണമായ ആയുധനിയന്ത്രണം തുടങ്ങി ഗർഭധാരണ പ്രതിരോധം വരെയുള്ള നിരവധി സാമൂഹ്യവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ യുഎസ് സുപ്രീം കോടതിയിലെ ജസ്റ്റിസ്സുമാരുടെ രാഷ്ട്രീയ പക്ഷപാതിത്തം നിർണ്ണായകമാണ്. 2000ത്തിലെ തെരഞ്ഞെടുപ്പിൽ ഗോർ‑ബുഷ് മത്സരത്തിന്റെ അവസാനം സുപ്രീം കോടതി ഇടപ്പെട്ട് തീർപ്പ് കല്പിച്ചതുപോലെ ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപടേണ്ടി വന്നാൽ അതിന്റെ ചേരുവ വിധിയെയും ഫലത്തെയും പ്രതീക്ഷിക്കാൻ കഴിയാത്ത വിധം സ്വാധീനിക്കും.

മഹാമാരി കാലത്തെ ഭരണകൂടം

ഭരണകൂടവും സർക്കാരും ഒന്നാണെന്ന് ചിലർ ധരിക്കാറുണ്ടെങ്കിലും അത് ശരിയല്ല. വ്യവസ്ഥിതിയെ നിലനിർത്തുന്നതാണ് ഭരണകൂടം. സർക്കാർ അതിന്റെ ഭാഗമാണെങ്കിലും സൈന്യം, പൊലീസ്, നീതിന്യായ വ്യവസ്ഥ, നീതിനിർവഹണ വിഭാഗം, നിയമനിർമ്മാണ സഭകൾ, ഭരണനിർവ്വഹണ വിഭാഗങ്ങൾ തുടങ്ങിയവയും ഭരണകൂടത്തിന്റെ ഭാഗമാണ്. സർക്കാരുകൾ മാറിമാറി വരും. സർക്കാരിന് ഭരണകൂടത്തിലുള്ള സ്വാധീനം പലപ്പോഴും നിർണ്ണായകമാകണമെന്നില്ല. ഭരണകൂടത്തിന്റെ മാറ്റം സംഭവിക്കുന്നത് ദീർഘകാലത്തെ സമരങ്ങളിലൂടെയും ചിലപ്പോൾ രക്തരഹിത‑രക്തരൂഷിത വിപ്ലവങ്ങളിലൂടെയും ആയിരിക്കും. ഇത്രയും പറഞ്ഞത് സമ്പത്തിലും ശാസ്ത്ര‑സാങ്കേതിക വിദ്യയിലും വിവരസാങ്കേതിക വിദ്യയിലും പുരോഗതി കൈവരിച്ച അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും എങ്ങനെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിറകിലായി എന്ന് അന്വേഷിക്കുന്നതിനാണ്. വ്യക്തിസ്വാതന്ത്ര്യം അമേരിക്കയിൽ ശക്തമാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അത് കുറച്ചൊക്കെ ശരിയാണുതാനും. പക്ഷെ വ്യക്തിസ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ രാഷ്ട്രീയ‑ജനാധിപത്യ സ്വാതന്ത്ര്യം മാത്രം പോരാ, സാമ്പത്തിക‑സാമുഹിക സ്വാതന്ത്ര്യവും വേണം.

ജനങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും പാർപ്പിടവും വേണം. ധനാർത്തിയുടെ കമ്പോള മത്സരം കൊണ്ട് ഇതെല്ലാം ആർജ്ജിക്കാനാവില്ല. ഇതെല്ലാം ആർജ്ജിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ലക്ഷ്യവുമല്ല. അതുകൊണ്ടാണ് കോവിഡിന്റെ ആഘാതത്തിൽ അറുപത് കഴിഞ്ഞവർ മരിക്കുമ്പോൾ അത് സോഷ്യൽ സെക്യൂരിറ്റി ചെക്കുകളുടെ എണ്ണം കുറയ്ക്കുമല്ലോ എന്ന ചിന്ത വരുന്നത്. “ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല” എന്ന് ട്രംപിന് പറയാൻ തോന്നുന്നതും. രണ്ട് ലക്ഷം പേരുടെ ജീവൻ കോവിഡ് കവർന്നിട്ടും അടിയന്തിരസ്ഥിതി ബോധ്യപ്പെടാത്തത്, ഇലക്ഷന് മുമ്പ് മരുന്ന് ഉണ്ടാവും എന്ന് സംശയലേശമന്യേ നുണ പറയുന്നത്. ഈ വർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ കോവിഡ് മൂലം ഉണ്ടാകാവുന്ന ദുരന്തങ്ങളുടെ ആഴം ഉത്തരവാദപ്പെട്ടവർ ട്രംപിനെ ധരിപ്പിച്ചിരുന്നു. എന്നിട്ടും സംസ്ഥാനങ്ങളെയും പ്രാദേശിക ഭരണകർത്താക്കളെയും എകോപിപ്പിച്ച് ഒരു നയം രൂപപ്പെടുത്തുന്നതിനോ, അവരെ സജ്ജമാക്കുന്നതിനോ നേതൃത്വപരമായ ഒരു നടപടിയും ട്രംപ് കൈകൊണ്ടില്ല. ശാസ്ത്രീയ വീക്ഷണത്തിന്റെ അഭാവം രോഗനിയന്ത്രണ, പ്രതിരോധ കേന്ദ്ര(സിഡിസി)ത്തിലെ ശാസ്ത്രജ്ഞന്മാരുമായി ഉടക്കുന്നതുവരെ ട്രംപ് കാര്യങ്ങളെ കൊണ്ടെത്തിച്ചു. ഡോക്ടർന്മാരുടെ നിർദ്ദേശങ്ങളെ, സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ഒറ്റ കാരണത്താൽ അവഗണിച്ചു. ഒരു ഭരണകർത്താവെന്ന നിലയിൽ ട്രംപിന്റെ സമ്പൂർണ്ണ പരാജയം കോവിഡിന്റെ കാര്യത്തിലെങ്കിലും അമേരിക്കൻ ജനത അനുഭവിച്ചറിഞ്ഞു. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. “ട്രംപ് പുരാണം” പൂർണ്ണമാക്കാൻ ഒരു ലേഖനമോ, ഒരു പുസ്തകം തന്നെയോ മതിയാകുമെന്ന് തോന്നുന്നില്ല. പരിസ്ഥിതി സംരക്ഷണം മുതൽ ആഗോളതാപനം വരെയുള്ള വിഷയങ്ങളിൽ ട്രംപിന്റെ നിലപാടുകൾ ശാസ്ത്ര വിരുദ്ധമാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ വ്യക്തികളെയടക്കം അപമാനിക്കുന്നതിൽ ട്രംപിന് ഒരു കൂസലുമില്ല. സുജനമര്യാദ ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. സ്ത്രീ വിരുദ്ധ നിലപാടുകളും അവരോടുള്ള പെരുമാറ്റവും കുപ്രസിദ്ധമാണ്. ഇങ്ങനെയുള്ള ഒരാളെ പ്രസിഡന്റായി തുടരാൻ അനുവദിക്കണമോ എന്നുള്ളത് അമേരിക്കൻ ജനതയുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി ഈ തെരഞ്ഞെടുപ്പിൽ വന്നിരിക്കുന്നു. ഈ മഹാമാരി കാലത്തെങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുമെന്ന് പ്രത്യാശിക്കാം. (അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.