5 October 2024, Saturday
KSFE Galaxy Chits Banner 2

വയോജനങ്ങള്‍ നാടിന്റെ സമ്പത്ത്‌

എസ് ഹനീഫാ റാവുത്തര്‍
August 21, 2024 4:28 am

മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ അനുദിനം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ലോകത്ത്‌ ഓരോ സെക്കന്റിലും രണ്ടുപേര്‍ 60-ാം ജന്മദിനം ആഘോഷിക്കുന്നു. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ മുതിര്‍ന്നവരുടെ സംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. 1961ല്‍ ജനസംഖ്യയുടെ 5.83 ശതമാനമായിരുന്നത്‌ 2016ല്‍ 15.63 ശതമാനമായിരുന്നു. 2021ല്‍ ഇത്‌ 20 ശതമാനമായി ഉയര്‍ന്നു. 25 വര്‍ഷംകൊണ്ട്‌ വര്‍ധനയുടെ നിരക്ക്‌ ഏതാണ്ട്‌ ഇരട്ടിയാകും. കുട്ടികളെക്കാള്‍ വൃദ്ധരുടെ സംഖ്യ വര്‍ധിക്കുന്ന ഒരു സമൂഹമായി നമ്മള്‍ മാറുന്നു എന്നതാണിതിനര്‍ത്ഥം. ശിശുസംരക്ഷണത്തോടൊപ്പം മുതിര്‍ന്നവരുടെ സംരക്ഷണത്തിനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ്‌ ഈ വസ്തുത നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. സമീപ ഭാവിയില്‍ കേരളം നേരിടാന്‍ പോകുന്ന ഗൗരവമായ സാമൂഹിക സുരക്ഷാപ്രശ്നം വയോജന സംരക്ഷണമായിരിക്കും. ഏകാന്തതയും അരക്ഷിതബോധവും രോഗാതുരതയുമാണ്‌ വാര്‍ധക്യകാലത്ത്‌ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. മിണ്ടാനും പറയാനും ആരുമില്ലാതെ വരിക, മക്കളും കൊച്ചുമക്കളും തിരക്കിനിടയ്ക്ക് അവഗണിക്കുക, സമൂഹവുമായി ഇടപെടാനുള്ള അവസരങ്ങള്‍ ഇല്ലാതിരിക്കുക, അറിയാവുന്ന തൊഴില്‍ തുടര്‍ന്നും ചെയ്യാന്‍ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഏകാന്തതയ്ക്ക് കാരണമാവുന്നു. ഏകാന്തത വിഷാദത്തിലേക്ക്‌ നയിക്കും. മുതിര്‍ന്നവര്‍ക്കുവേണ്ടി പകല്‍വീടുകള്‍ സ്ഥാപിക്കുക, അവരുടെ അറിവും പരിചയവും തുടര്‍ന്നും പ്രയോജനപ്പെടുത്തുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണം. മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.

വയോജനങ്ങള്‍ക്ക് അനിവാര്യമായും വേണ്ടത്‌ സാമൂഹിക സുരക്ഷിതത്വമാണ്‌. അതിനാവട്ടെ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്‌. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ പെന്‍ഷന്‍ ലഭ്യമാക്കണം. മറ്റ്‌ പെന്‍ഷനൊന്നും കിട്ടാത്തവര്‍ക്ക്‌ പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇന്ത്യന്‍ ഭരണഘടനയുടെ 41-ാം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 22-ാം അനുച്ഛേദവും അനുശാസിക്കുന്ന വാര്‍ധക്യകാലത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ കാര്യം നടപ്പിലാക്കാന്‍ ഇനിയും അമാന്തിച്ചുകൂടാ. വയോജന പെന്‍ഷനായി കേരളത്തില്‍ 1,600 രൂപയാണ്‌ നല്‍കുന്നത്‌. ഇതില്‍ 200 രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം. 30 വര്‍ഷമായി കേന്ദ്രവിഹിതം കൂട്ടിയിട്ടില്ല. കേന്ദ്രവിഹിതം 2,000 രൂപയും സംസ്ഥാന വിഹിതം 3,000 രൂപയുമായി 5,000 രൂപ പെന്‍ഷന്‍ നല്‍കണം.
ക്ഷേമപെന്‍ഷനുകളും സര്‍വീസില്‍നിന്നു വിരമിച്ചവരുടെ പെന്‍ഷന്‍ പരിഷ്കരണ കുടിശികയും ക്ഷാമബത്തയും, കെഎസ്ആര്‍ടിസി പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. ക്ഷേമനിധി പെന്‍ഷനുകളും യഥാസമയം ലഭിക്കുന്നില്ല. വാര്‍ധക്യകാല ജീവിതം ദുഃസഹമാക്കുന്ന ഇത്തരം നടപടികള്‍ സര്‍ക്കാരിന്‌ ഭൂഷണമല്ല. ക്ഷേമപെന്‍ഷനുകള്‍ അവകാശമല്ല, ഔദാര്യമാണ്‌ എന്ന നിലപാട്‌ ശരിയല്ല. ക്ഷേമപെന്‍ഷന്‍ അവകാശമായി അംഗീകരിച്ചുകൊണ്ട്‌ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ചെറിയ കുടുംബങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങള്‍ കൂടുകയും തൊഴില്‍തേടി അന്യദേശങ്ങളിലേക്ക്‌ മക്കള്‍ ചേക്കേറുന്നത്‌ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ മക്കളോടൊപ്പം വാര്‍ധക്യകാലജീവിതം സാധ്യമല്ലാത്ത അവസ്ഥ സംജാതമാകുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഒരുമിച്ചു താമസിക്കാനുള്ള കമ്മ്യൂണിറ്റി ലിവിങ് സെന്ററുകള്‍ സ്ഥാപിച്ച്‌ ഇതിനു പരിഹാരം കാണണം. ഒരുവശത്ത്‌ മുതിര്‍ന്നവരെ പരിത്യജിക്കുന്ന സ്ഥിതിവിശേഷം വ്യാപകമാവുകയും മറുവശത്ത്‌ ചെറുപ്പക്കാര്‍ വന്‍തോതില്‍ അന്യദേശങ്ങളില്‍ കുടിയേറുന്നത്‌ വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും വേണ്ടിയുള്ള വൃദ്ധസദനങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്‌. ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങളുള്ള സംസ്ഥാനവും കേരളമാണ്‌. ഇത്‌ ഇന്നൊരു കച്ചവടവും ചൂഷണത്തിന്റെ കേന്ദ്രവുമാണ്‌. വൃദ്ധസദനങ്ങളല്ല, കമ്മ്യൂണിറ്റി ലിവിങ് സെന്ററുകളാണ്‌ ആവശ്യം. ഇത്‌ സര്‍ക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആവശ്യാനുസരണം സ്ഥാപിക്കപ്പെടണം. ഏജിങ് അറ്റ്‌ ഹോം ആണ്‌ എല്ലാ വയോധികരും കൊതിക്കുന്നത്‌. വീട്ടില്‍ത്തന്നെ ബന്ധുമിത്രാദികളോടൊപ്പം താമസിച്ച്‌ വാര്‍ധക്യജീവിതം നയിക്കാനും അന്ത്യംവരെ കഴിയാനും അവസരമുണ്ടാകണം.

‘മരണമെത്തുന്ന നേരത്ത്‌ നീയെന്റെ അരികില്‍ ഇത്തിരിനേരമിരിക്കണേ…’- ഇതാണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്‌. വാര്‍ധക്യകാലത്ത്‌ ആശുപത്രികളിലെ ഐസിയുവിലും വെന്റിലേറ്ററിലും ശരീരമാകെ കുഴലുകളും സൂചികളും കയറ്റി, ബന്ധുമിത്രാദികളില്‍ നിന്നകന്ന് ശീതീകരിച്ച മുറികളില്‍ കിടന്നു മരിക്കുന്ന അവസ്ഥ വര്‍ധിച്ചുവരികയാണ്‌. ലിവിങ് വില്‍ നടപ്പിലാക്കി ഇതു തടയണം. വീടുകളില്‍ത്തന്നെ അന്ത്യനാളുകള്‍ ചെലവഴിക്കാന്‍ സാധ്യമാക്കണം. പാലിയേറ്റീവ്‌ കെയര്‍ സംവിധാനം വ്യാപകമാക്കണം. വയോജനക്ഷേമ വകുപ്പ്‌, വയോജന കമ്മിഷന്‍, സൗജന്യ പോഷകാഹാരം, സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌, തൊഴിലവസരങ്ങള്‍, ന്യായവില കണ്ണടഷോപ്പ്‌, സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കൂലിയിളവ്‌, ഐഡന്റിറ്റി കാര്‍ഡ്‌ തുടങ്ങി നിരവധി ആവശ്യങ്ങളുണ്ട്‌. റെയില്‍വേ യാത്രക്കൂലിയില്‍ നല്‍കിയിരുന്ന ഇളവ്‌ പുനഃസ്ഥാപിക്കണം. വയോജനക്കമ്മിഷന്‍ രൂപീകരിക്കാന്‍ ഇനിയും അമാന്തിച്ചുകൂടാ. വയോധികരുടെ പ്രശ്നങ്ങള്‍ക്ക്‌ ഒരുപരിധി വരെ പരിഹാരം കാണാന്‍ കമ്മിഷനു കഴിയും. അതിനുള്ള നടപടികള്‍ക്ക് വേഗതയുണ്ടാകണം.
മുതിര്‍ന്ന പൗരന്മാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വേണ്ടിയുള്ള നിയമം കര്‍ശനമായും ഫലപ്രദമായും നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. പൊലീസ്‌ സ്റ്റേഷനുകളില്‍ വയോജനങ്ങളെ സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കുന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കപ്പെടണം. മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ ചെലവിനു കിട്ടാനും സ്വത്തുക്കള്‍ തിരികെ കിട്ടാനും കൊടുക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്‌. സാമൂഹ്യ സംഘര്‍ഷത്തിനു വഴിവയ്ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഭരണകൂടത്തിന്റെ ജാഗ്രത അത്യാവശ്യമാണ്‌. രാഷ്ട്രീയ‑സാമൂഹ്യ സംഘടനകളുടെ മുന്‍ഗണനാവിഷയങ്ങളില്‍ വയോജനപ്രശ്നങ്ങള്‍ വരേണ്ടതുണ്ട്‌.
വയോജനങ്ങള്‍ക്കെതിരെ ശാരീരികവും മാനസികവുമായ പീഡനങ്ങളും കൂടുകയാണ്‌. ഇതിനെതിരെ വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. പാരമ്പര്യത്തിന്റെയും രക്തബന്ധത്തിന്റെയും കടമയുടെയും സന്ദേശം ജനങ്ങളിലെത്തണം. പാഠ്യപദ്ധതിയില്‍ ഈ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. വാര്‍ധക്യകാലത്തെ അവഗണനയും ഏകാന്തതയും ഒറ്റപ്പെടലും പ്രതിരോധിക്കുന്നതിന്‌ ഫലപ്രദമായ മാര്‍ഗം വയോജനങ്ങളുടെ അനുഭവസമ്പത്തും വൈദഗ്‌ധ്യവും നാടിന്റെ വികസനത്തിന്‌ ഉപയോഗപ്പെടുത്തുകയാണ്‌. സാമൂഹിക പ്രവര്‍ത്തനങ്ങളിലും വികസനപ്രവര്‍ത്തനങ്ങളിലും അവരെ പങ്കെടുപ്പിക്കണം. അതിനുവേണ്ടിയുള്ള പദ്ധതികളും പരിപാടികളും രൂപപ്പെടുത്തേണ്ടത്‌ സര്‍ക്കാരിന്റെ കടമയാണ്‌.
മുതിര്‍ന്ന പൗരന്മാരെ സംഘടിപ്പിച്ച്‌ അവരോടൊപ്പം അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച്‌ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുകയും പ്രശ്നങ്ങള്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുന്ന സംഘടനയാണ്‌ സീനിയര്‍ സിറ്റിസണ്‍സ്‌ സര്‍വീസ്‌ കൗണ്‍സില്‍. ഒ‌ാഗസ്റ്റ്‌ 21, 22, 23 തീയതികളില്‍ കൊല്ലത്ത്‌ നടക്കുന്ന കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളനം കേരളത്തിലെ വയോജനങ്ങളെ സംബന്ധിച്ച്‌ നിര്‍ണായകമായ ചര്‍ച്ചകളും തീരുമാനങ്ങളും കൈക്കൊള്ളും. അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും.
(സീനിയര്‍ സിറ്റിസണ്‍സ്‌ സര്‍വീസ്‌ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ്‌ ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.