13 September 2024, Friday
KSFE Galaxy Chits Banner 2

വയോജനങ്ങൾ നാടിന്റെ സമ്പത്ത്

എസ് ഹനീഫാ റാവുത്തര്‍
(ജനറൽ സെക്രട്ടറി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ)
May 26, 2023 4:30 am

മുതിർന്ന പൗരന്മാരുടെ ജനസംഖ്യ അനുദിനം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്ത് ഓരോ സെക്കന്റിലും രണ്ടു പേർ 60-ാം ജന്മദിനം ആഘോഷിക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിർന്നവരുടെ സംഖ്യ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. 1961ൽ ജനസംഖ്യയുടെ 5.83 ശതമാനമായിരുന്നത് 2016ൽ 15.63 ശതമാനമായി. 2021ൽ ഇത് 20 ശതമാനമായി ഉയർന്നു. 25 വർഷംകൊണ്ട് വർധനയുടെ നിരക്ക് ഏതാണ്ട് ഇരട്ടിയാകും. കുട്ടികളെക്കാൾ വൃദ്ധരുടെ സംഖ്യ വർധിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നു എന്നതാണിതിനർത്ഥം. ശിശു സംരക്ഷണത്തോടൊപ്പം മുതിർന്നവരുടെ സംരക്ഷണത്തിനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ് ഈ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നത്. സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന ഗൗരവമായ സാമൂഹിക സുരക്ഷാപ്രശ്നം വയോജന സംരക്ഷണമായിരിക്കും. ഏകാന്തതയും അരക്ഷിതബോധവും രോഗാതുരതയുമാണ് വാർധക്യകാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. മിണ്ടാനും പറയാനും ആരുമില്ലാതെ വരിക, മക്കളും കൊച്ചുമക്കളും തിരക്കിനിടയ്ക്ക് അവഗണിക്കുക, സമൂഹവുമായി ഇടപെടാനുള്ള അവസരങ്ങൾ ഇല്ലാതിരിക്കുക, അറിയാവുന്ന തൊഴിൽ തുടർന്നുചെയ്യാൻ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഏകാന്തതയ്ക്ക് കാരണമാവുന്നു. ഏകാന്തത വിഷാദത്തിലേക്ക് നയിക്കാം. മുതിർന്നവർക്കുവേണ്ടി പകൽവീടുകൾ സ്ഥാപിക്കുക, അവരുടെ അറിവും പരിചയവും തുടർന്നും പ്രയോജനപ്പെടുത്തുന്ന തൊഴിലുകളിൽ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ ചെയ്യണം. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം.

 


ഇതുകൂടി വായിക്കു; ജനകീയമായി ആരോഗ്യ കേന്ദ്രങ്ങൾ


ഏകാന്തതയും അരക്ഷിതബോധവും വയോജനങ്ങളെ പിടികൂടുന്നു. അവര്‍ക്ക് അനിവാര്യമായും വേണ്ടത് സാമൂഹിക സുരക്ഷിതത്വമാണ്. അതിനാവട്ടെ ശക്തമായ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പെൻഷൻ വയോജനങ്ങൾക്ക് ലഭ്യമാക്കണം. മറ്റ് പെൻഷനൊന്നും കിട്ടാത്തവർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാവണം. ഇന്ത്യൻ ഭരണഘടനയുടെ 41-ാം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ 22-ാം ആർട്ടിക്കിളും അനുശാസിക്കുന്ന വാർധക്യകാലത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കാര്യം നടപ്പിലാക്കാൻ ഇനിയും അമാന്തിച്ചുകൂടാ.
വയോജന പെൻഷനായി കേരളത്തിൽ 1600 രൂപയാണ് നൽകുന്നത്. ഇതിൽ 200 രൂപ കേന്ദ്ര സർക്കാരിന്റെ വിഹിതമാണ്. 30വർഷമായി കേന്ദ്രവിഹിതം കൂട്ടിയിട്ടില്ല. ഈ വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്. കേന്ദ്ര വിഹിതം കിട്ടാൻ കാത്തിരിക്കാതെ വയോജന പെൻഷൻ വീടുകളിലേക്കെത്തിച്ചു കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വാർധക്യകാല പെൻഷൻ വാങ്ങാൻ ബാങ്കുകളിൽ പോകാൻ കഴിയാത്ത അവശരും കിടപ്പുരോഗികളുമായ വയോജനങ്ങൾക്ക് കേന്ദ്ര സർക്കാർ തീരുമാനം വലിയ പ്രയാസങ്ങളുണ്ടാക്കുന്നതാണ്. കേന്ദ്ര സർക്കാർ വിഹിതം 2000 രൂപയും സംസ്ഥാന സർക്കാർ വിഹിതം 3000 രൂപയുമായി ഉയർത്തി വയോജനങ്ങൾക്ക് കുറഞ്ഞത് 5000 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകണം.

സംസ്ഥാനത്ത് സർവീസിൽനിന്നു വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമബത്തയും കിട്ടാതായിട്ട് വർഷങ്ങളായി. കെഎസ്ആർടിസി പെൻഷൻകാർക്ക് പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. ക്ഷേമനിധി പെൻഷനുകളും യഥാസമയം കൊടുക്കുന്നില്ല. വാർധക്യകാല ജീവിതം ദുസഹമാക്കുന്ന ഇത്തരം നടപടികൾ സംസ്ഥാന സർക്കാരിന് ഭൂഷണമല്ല. ചെറിയ കുടുംബങ്ങൾ വർധിക്കുകയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങൾ കൂടുകയും തൊഴിൽതേടി അന്യദേശങ്ങളിലേക്ക് മക്കൾ ചേക്കേറുന്നത് വർധിക്കുകയും ചെയ്യുമ്പോൾ മക്കളോടൊപ്പം വാർധക്യകാല ജീവിതം സാധ്യമല്ലാത്ത അവസ്ഥ സംജാതമാകുന്നു. മുതിർന്നപൗരന്മാർക്ക് ഒരുമിച്ചു താമസിക്കാനുള്ള കമ്മ്യൂണിറ്റി ലിവിങ് സെന്ററുകൾ സ്ഥാപിച്ച് ഇതിനു പരിഹാരം കാണണം. ഒരുവശത്ത് മുതിർന്നവരെ പരിത്യജിക്കുന്ന സ്ഥിതിവിശേഷം വ്യാപകമാവുകയും മറുവശത്ത് ചെറുപ്പക്കാർ വൻതോതിൽ അന്യദേശങ്ങളിൽ കുടിയേറുന്നത് വർധിക്കുകയും ചെയ്യുന്നതിനാൽ പാവപ്പെട്ടവർക്കും പണക്കാർക്കും വേണ്ടിയുള്ള വൃദ്ധസദനങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനവും കേരളമാണ്. ഇത് ഇന്ന് കച്ചവടമാണ്. ചൂഷണത്തിന്റെ കേന്ദ്രവുമാണ്. വൃദ്ധസദനങ്ങളല്ല, കമ്മ്യൂണിറ്റി ലിവിങ് സെന്ററുകളാണ് ആവശ്യം. ഇത് സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആവശ്യാനുസരണം സ്ഥാപിക്കപ്പെടണം. വയോജനക്ഷേമ വകുപ്പ്, വയോജന കമ്മിഷൻ, സൗജന്യ പോഷകാഹാരം, സൗജന്യ ആരോഗ്യ ഇൻഷുറൻസ്, തൊഴിലവസരങ്ങൾ, ന്യായവില കണ്ണടഷോപ്പ്, സർക്കാർ ബസുകളിൽ യാത്രക്കൂലിയിളവ്, ഐഡന്റിറ്റി കാർഡ് തുടങ്ങി വയോജനങ്ങൾക്ക് മറ്റു നിരവധി ആവശ്യങ്ങളുണ്ട്.

 


ഇതുകൂടി വായിക്കു;കൈകള്‍ കോര്‍ത്ത് കരുത്തോടെ 


മുതിർന്നപൗരന്മാർക്കും രക്ഷാകർത്താക്കൾക്കും വേണ്ടിയുള്ള നിയമം കർശനമായും ഫലപ്രദമായും നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവണം. പൊലീസ് സ്റ്റേഷനുകളിൽ വയോജനങ്ങളെ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുക തുടങ്ങിയ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടണം. മാതാപിതാക്കൾ മക്കൾക്കെതിരെ ചെലവിനു കിട്ടാനും സ്വത്തുക്കൾ തിരികെക്കിട്ടാനും കേസുകൾ കൊടുക്കുന്നത് വർധിച്ചുവരികയാണ്. സാമൂഹ്യ സംഘർഷത്തിനു വഴിവയ്ക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഭരണകൂടത്തിന്റെ ജാഗ്രത അത്യാവശ്യമാണ്. രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ മുൻഗണനാവിഷയങ്ങളിൽ വയോജനപ്രശ്നങ്ങൾ വരേണ്ടതുണ്ട്.  വയോജന സംഖ്യ കൂടുന്നതോടൊപ്പം അവർക്കെതിരെ ശാരീരികവും മാനസികവുമായ പീഡനങ്ങളും കൂടുകയാണ്. ഇതിനെതിരെ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണ്. പാരമ്പര്യത്തിന്റെയും രക്തബന്ധത്തിന്റെയും കടമയുടെയും സന്ദേശം ജനങ്ങളിലെത്തണം. പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തണം. വാർധക്യകാലത്തെ അവഗണനയും ഏകാന്തതയും ഒറ്റപ്പെടലും പ്രതിരോധിക്കുന്നതിന് ഫലപ്രദമായ മാർഗം വയോജനങ്ങളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുകയാണ്. സാമൂഹിക പ്രവർത്തനങ്ങളിലും വികസനപ്രവർത്തനങ്ങളിലും അവരെ പങ്കെടുപ്പിക്കണം. അതിനുവേണ്ടിയുള്ള പദ്ധതികളും പരിപാടികളും രൂപപ്പെടുത്തേണ്ടത് സർക്കാരിന്റെ കടമയാണ്.

മുതിർന്ന പൗരന്മാരെ സംഘടിപ്പിച്ച് അവരോടൊപ്പം അവർക്കുവേണ്ടി പ്രവർത്തിച്ച് അവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുകയും പ്രശ്നങ്ങൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ. മേയ് 25, 26, 27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളനം കേരളത്തിലെ വയോജനങ്ങളെ സംബന്ധിച്ച് നിർണായകമായ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളും. അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.