16 November 2025, Sunday

നായാടി സമൂഹത്തിന്റെ ആദ്യത്തെ സാമൂഹ്യ നീതി സമരം

ഇ എം സതീശന്‍ 
November 5, 2025 4:40 am

കേരളത്തിൽ ആയിരക്കണക്കിന് വർഷക്കാലം നിലനിന്ന ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ ഏറ്റവും താഴെ തട്ടിൽ കിടന്നിരുന്ന ജാതി വിഭാഗമാണ് നായാടികൾ. പൊതുവിടങ്ങളിൽ പകൽ വെളിച്ചത്തിൽ പ്രത്യക്ഷപ്പെടാനോ മുഖ്യധാരാ ജീവിതത്തിൽ ഇടപെടാനോ ഈ വിഭാഗത്തിൽ പെട്ടവർക്ക് അവകാശമുണ്ടായിരുന്നില്ല. ജാതിശ്രേണിയുടെ ഏറ്റവും പിന്നണിയിൽ 74 അടി ദൂരം അയിത്ത അകലം പാലിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു നായാടികൾ.
കേരളത്തിൽ അങ്ങോളമിങ്ങോളം അയിത്തത്തിനും ജാതീയമായ ഉച്ചനീചത്വങ്ങൾക്കുമെതിരെ ചരിത്രത്തിൽ നിരവധിയായ പ്രക്ഷോഭങ്ങളും സമര പോരാട്ടങ്ങളും നടന്നിട്ടുണ്ട്. അത്തരം മുന്നേറ്റങ്ങൾ അധികപക്ഷവും രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ നായാടി സമൂഹം നേരിട്ടിരുന്ന അയിത്തത്തിനും ഉച്ചനീചത്വങ്ങൾക്കുമെതിരായ സമരങ്ങളെക്കുറിച്ച് അധികം പരാമർശങ്ങളൊന്നും ഉള്ളതായി കണ്ടിട്ടില്ല. കേരളത്തിൽ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചയായി ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയും സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് ചരിത്രത്തിൽ നേതൃത്വം നല്‍കി. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന ഇരിങ്ങാലക്കുട കുട്ടംകുളം സമരവും വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരവുമൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ടു നേതൃത്വം നല്‍കിയ നിരവധി സമരങ്ങളിൽ ചിലതാണ്. അത്തരം സാമൂഹ്യനീതി സമര ചരിത്രങ്ങളിൽ വേണ്ടത്ര രേഖപ്പെടാതെ പോയ സമരമാണ് വന്നേരി നാട്ടിൽ നടന്ന അയിത്ത വിരുദ്ധ നായാടി ജാഥ. 

പഴയ മലബാർ പ്രസിഡൻസിയുടെ ഭാഗമായിരുന്ന പൊന്നാനിക്കടുത്ത് വന്നേരിനാട്ടിൽ വെളിയങ്കോടാണ് നായാടി സമൂഹത്തിന്റെ നീതിക്കു വേണ്ടിയുള്ള ഈ സമരം നടന്നത്. മലബാറിന്റെ തെക്കു-പടിഞ്ഞാറ് തീരമേഖലയിൽ ദേശീയ സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് കൊളാടി ബാലകൃഷ്ണൻ. വന്നേരിനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബമായിരുന്ന കൊളാടി തറവാട്ടിൽ 1918ൽ ജനിച്ച കൊളാടി ബാലകൃഷ്ണൻ എന്ന കൊളാടി ഉണ്ണിയാണ് ഒരു പക്ഷേ കേരളത്തിൽ നടന്ന ആദ്യത്തെ നായാടി സമരത്തിന് നേതൃത്വം നല്‍കിയതെന്നു പറഞ്ഞാൽ തെറ്റാവില്ല.
കേരളത്തിന്റെ പടിഞ്ഞാറൻ തീരദേശം വഴി കൊച്ചിയിൽ നിന്നു കോഴിക്കോട് വരെ നീണ്ടുകിടക്കുന്ന കനോലി കനാലിന്റെ കിഴക്കൻ ഭാഗങ്ങളിലേക്ക് പ്രവേശിക്കാൻ അക്കാലത്ത് നിലനിന്ന ജാതി ജന്മിവ്യവസ്ഥ നായാടികളെ അനുവദിച്ചിരുന്നില്ല. അതിനുകാരണം കനോലി കനാലിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് ജന്മി കുടുംബങ്ങൾ താമസിച്ചിരുന്നതെന്നാണ്. 

1930കളുടെ അവസാനത്തിൽ ബോംബെയിൽ നിയമപഠനത്തിനു പോയി സ്വാതന്ത്ര്യ സമര പോരാളിയും കമ്മ്യൂണിസ്റ്റുമായി നാട്ടിൽ തിരിച്ചെത്തിയ കൊളാടി ബാലകൃഷ്ണനാണ് വന്നേരി നാട്ടിലെ ആദ്യത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പും രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത്. പ്രാമാണികമായ ഒരു ജന്മി കുടുംബത്തിൽ നിന്നിറങ്ങി വന്ന് ജാതിമതാതീതമായി സാമൂഹ്യ ഉച്ചനീചത്വങ്ങളില്ലാതെ മനുഷ്യരുടെ സുഖദു:ഖങ്ങളിൽ രാപ്പകലില്ലാതെ ഇടപെട്ടിരുന്ന കൊളാടി ഉണ്ണി വളരെപ്പെട്ടെന്നു തന്നെ നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായ നേതാവായി വളർന്നു. രാഷ്ട്രീയ സമരങ്ങൾക്കൊപ്പം സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കുമെതിരായ സമരങ്ങൾ ഉണ്ണിയുടെ നേതൃത്വത്തിൽ ശക്തിപ്പെട്ടു വന്നു. കൊളാടി തറവാടിനടുത്തുള്ള സവർണർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന പെരിണ്ടിരി ക്ഷേത്രം വക കുളത്തിൽ അവർണർക്കു കുളിക്കാൻ അവകാശമുണ്ടായിരുന്നില്ല. അവർണ ജാതി വിഭാഗങ്ങളിൽപ്പെട്ട ചില യുവാക്കളെ സജ്ജരാക്കി ഉണ്ണിയുടെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ അവർണർക്ക് കുളിക്കാനുള്ള വിലക്ക് ലംഘിക്കുന്ന സമരം സംഘടിപ്പിച്ചു. അതുപോലെ തന്നെ അധഃസ്ഥിത അവർണ വിഭാഗങ്ങളിൽപ്പെട്ട ചില വിഭാഗങ്ങൾക്ക് മുടിവെട്ടാനും താടി വടിക്കാനും അനുവാദമുണ്ടായിരുന്നില്ല. നാട്ടിൻപുറങ്ങളിൽ ആ ജോലി ചെയ്തിരുന്നവർ അവർണർക്കുവേണ്ടി ക്ഷൗരവേല ചെയ്യാൻ തയ്യാറുമായിരുന്നില്ല. ഇത്തരം വിവേചനങ്ങൾക്കെതിരായും കൊളാടി ഉണ്ണി ധീരമായ നിലപാടുകൾ സ്വീകരിച്ച് വിവേചനങ്ങൾക്കറുതി വരുത്തി. ഇങ്ങനെയുളള മുന്നേറ്റങ്ങളുടെ ഒരു ഘട്ടത്തിലാണ് ജാതിശ്രേണിയിൽ ഏറ്റവും അധഃസ്ഥിതരായ നായാടി സമൂഹം നേരിട്ട ജാതി വിലക്കിനെതിരായ സമരത്തിന് കൊളാടി ഉണ്ണി മുൻകയ്യെടുത്തത്. ചരിത്രത്തിലന്നേവരെ വന്നേരിനാട്ടിൽ കനോലികനാലിന്റെ പടിഞ്ഞാറേക്കര വരെ മാത്രം പ്രവേശിച്ച് ഓണം-വിഷു-തിരുവാതിര വിശേഷക്കാലത്ത് ഭിക്ഷയാചിക്കാൻ അവകാശമുണ്ടായിരുന്ന നായാടി കുടുംബങ്ങളെ മുഴുവൻ ഒരുതോണിയിൽ കനാലിന്റെ കിഴക്കേ കരയിലെത്തിച്ച് കൊളാടി ഉണ്ണി അവരുടെ മുന്നിൽ നടന്ന് ജാഥ നയിച്ചു. ജന്മി — ബ്രാഹ്മണ കുടുംബങ്ങളുടെ ഗൃഹാങ്കണങ്ങൾ വഴി കാൽനടയായി ജാഥ കൊളാടി തറവാട്ടുമുറ്റത്തേക്ക് നടന്നു പോയി. പി കെ എ റഹിം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “വന്നേരിനാട്” എന്ന പ്രാദേശിക ചരിത്ര ഗ്രന്ഥത്തിൽ “ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്” എന്ന സ്മരണയിൽ പൊന്നാനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി താലൂക്ക് സെക്രട്ടറിയായിരുന്ന ഇ എം എസ് നാരായണൻ, കൊളാടി ഉണ്ണി നയിച്ച ഈ നായാടി ജാഥയുടെ നേർദൃശ്യാനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്. 

നായാടികളുടെ വംശചരിത്രത്തിലാദ്യമായി ജന്മാന്തരങ്ങളിൽ അവർക്ക് വിലക്കപ്പെട്ട മാതൃഭൂമിയിലൂടെ എല്ലാ വിലക്കുകളും ലംഘിച്ച് സ്വാതന്ത്ര്യത്തോടെ നിർഭയമായി അവർ നടന്നു പോയ ഈ സാമൂഹ്യനീതി സമരം നമ്മുടെ നവോത്ഥാന മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണ്. പൂണൂലിട്ട സവർണ ബ്രാഹ്മണ്യം അന്ന് ആ നായാടി ജാഥക്കെതിരെ ഉറഞ്ഞു തുള്ളി. പക്ഷേ, കൊളാടി ഉണ്ണി എന്ന നാടിന്റെ കണ്ണിലുണ്ണിയായ നേതാവിന്റെ ഉജ്വല നേതൃത്വത്തിനു മുന്നിൽ എല്ലാ എതിർപ്പുകളും അലിഞ്ഞില്ലാതായി എന്നതാണ് യാഥാർത്ഥ്യം. ജാതിയുടെ പേരിൽ മനുഷ്യരായി പരിഗണിക്കപ്പെടാതിരുന്ന ഭൂരിപക്ഷ ജനതയുടെ സാമൂഹ്യ നീതി അവകാശങ്ങക്ക് വേണ്ടി സധൈര്യം പോരാടിയത് ചരിത്രത്തിൽ ഒരിക്കലും ആർഎസ്എസോ സംഘ്പരിവാറോ അല്ല; മതേതര ജനാധിപത്യ ശക്തികളും കമ്മ്യൂണിസ്റ്റുകാരുമാണ്.
കേരള ചരിത്രത്തിൽ വേണ്ട വിധത്തിൽ രേഖപ്പെടുത്താതെ പോയ വന്നേരി നാട്ടിലെ നായാടി സമര ജാഥ ഉൾപ്പെടെ നിരവധി രാഷ്ട്രീയ — നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം നല്‍കിയ കൊളാടി ബാലകൃഷ്ണൻ 1955 നവംബർ അഞ്ചിന് കേവലം 37ാം വയസിൽ ലോകത്തോടു വിട പറഞ്ഞു. നവംബർ അഞ്ചിന് കൊളാടി ഉണ്ണിയുടെ 70-ാം ചരമവാർഷിക ദിനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.