ആർഎസ്എസിന്റെ സങ്കുചിത രാഷ്ട്രീയപ്രേരണയ്ക്കുവഴങ്ങി സംസ്ഥാനത്ത് വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും സാധ്യതകളെയെല്ലാം പരിപോഷിപ്പിക്കുവാനുള്ള പരമാവധി അവസരങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന കേരള ഗവർണർ നാടിനെ വർഗീയവൽക്കരിക്കുന്നതിനുവേണ്ടി സൃഷ്ടിച്ചെടുക്കുന്ന അക്രമോത്സുകമായ പ്രചാരവേലകളെയും കാമ്പയിനുകളെയും ജനാധിപത്യവിശ്വാസികളെ അണിനിരത്തി ചെറുത്തു തോല്പിക്കേണ്ടതുണ്ട്. സംസ്ഥാന കൃഷി വകുപ്പ് കഴിഞ്ഞദിവസം രാജ് ഭവനിൽ നടത്താനിരുന്ന പരിസ്ഥിതിദിനാഘോഷ പരിപാടിയിൽ ആര്‍എസ്എസ് പൂജിക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ഭരണഘടനാ തത്വത്തിന്റെ നഗ്നമായ ലംഘനവുമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്ഭവൻ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തിയെ പ്രഭാഷണത്തിന് ക്ഷണിച്ച് ഫാസിസ്റ്റുകൾക്ക് വിടുപണി ചെയ്തതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് സംഘ്പരിവാറിന്റെ ആരാധനാ മൂർത്തിയെ ദേശീയതയുടെ പ്രതീകമായി അവതരിപ്പിച്ചുകൊണ്ടുള്ള പൊതുബോധം സൃഷ്ടിക്കാൻ ഗവർണർ ശ്രമിച്ചത്. വിഖ്യാത ഇറ്റാലിയൻ നോവലിസ്റ്റ് ഉംബർട്ടോ എക്കോ 1994ൽ പ്രസിദ്ധീകരിച്ച ‘ദി ന്യൂയോർക്ക് റിവ്യൂ ഓഫ് ബുക്സി’ന്റെ കുറിപ്പിൽ ഫാസിസത്തിന്റെ പ്രകടമായ 14 ലക്ഷണങ്ങളെ വിവരിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിൽ അദ്ദേഹം ഫാസിസത്തിന്റെ ഒരു പ്രധാന പ്രത്യേകതയായി വിലയിരുത്തുന്നത് ബഹുസ്വരതയെ തച്ചുടയ്ക്കുമെന്നും വൈജാത്യങ്ങളോടുള്ള ഭയം മുതലെടുത്ത് വംശീയതയെ വിദേശികൾക്കും കുടിയേറ്റക്കാർക്കും എതിരായ രോഷമായും ആളിക്കത്തിക്കുമെന്നുമാണ്. ഇന്ത്യൻ ദേശീയതയെന്നാൽ ഹിന്ദുത്വ വർഗീയ ദേശീയതയുടെ പ്രതിരൂപമായി വിലയിരുത്തുന്ന സംഘ്പരിവാർ ഇപ്രകാരം രാജ്യത്തിന്റെ സാംസ്കാരിക പ്രയോഗങ്ങളെ മതപരമായ സ്വത്വവുമായി യോജിപ്പിച്ചുകൊണ്ടുള്ള ഏകാത്മകമായ രാഷ്ട്രീയാന്തരീക്ഷത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കാണാൻ കഴിയും. ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിവിധ വിശ്വാസ, ആചാര, ചിന്താധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന സമന്വയത്തിന്റെ സംസ്കാരമാണ് ഹിന്ദുവിന്റേത്.
മഹാ ഉപനിഷത്ത് ആറാം അധ്യായം 72 -ാം വാക്യത്തിൽ ഇപ്രകാരം വായിക്കുന്നു:
“അയം നിജഃ പരോവേതി ഗണനാ ലഘുചേതസാം ഉദാരചരിതാനാംതു വസുധൈവ കുടുംബകം.” (എന്റേത്, അത് അവന്റേത് എന്ന് സങ്കുചിത മനസ്കർ വിചാരിക്കുന്നു, എന്നാൽ ലോകമേ തറവാട് എന്ന് ഉദാരമനസ്കർ ചിന്തിക്കുന്നു).
ജനാധിപത്യ മതേതര രാഷ്ട്രീയത്തെ അപ്രസക്തമാക്കുകയും ആക്രമണോത്സുകമായ ഏകാധിപത്യ നയങ്ങളിലൂടെ ഹിന്ദുവിരുദ്ധമായ ഹിന്ദുത്വസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസികളെയാകെ ‘ആഭ്യന്തര ശത്രു‘ക്കൾക്കെതിരെ ഏകീകരിക്കുകയെന്നത് പ്രഖ്യാപിത നയമായി സ്വീകരിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന് എങ്ങനെയാണ് ഹിന്ദുവിന്റെ പേരിൽ അഭിമാനം കൊള്ളാൻ കഴിയുക? അതുപോലെ സ്വാതന്ത്ര്യത്തിന് ശേഷം ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും തീർത്തും നിരാകരിക്കുകയും ഭരണഘടനയ്ക്കു പകരമായി മനുസ്മൃതിയെയും ദേശീയ ഗാനത്തിന് ബദലായി വന്ദേമാതരത്തെയും ദേശീയപതാകയ്ക്കുപകരമായി ഭഗവദ്‌ധ്വജമെന്ന കാവിക്കൊടിയെയും നിർദേശിച്ചവർ ഏകശിലാത്മകമായി തങ്ങൾ ഉയർത്തിക്കാട്ടുന്ന വൈരുധ്യങ്ങൾ ചർച്ച ചെയ്യപ്പെടും എന്നുള്ളത് കൊണ്ട് തന്നെ വിമർശനാത്മക ചിന്താധാരകൾക്കെതിരെ ദേശവിരുദ്ധത ആരോപിക്കുകയും ചെയ്യുന്നുണ്ട്. ഗാന്ധിവധത്തിന് ശേഷം 1948 ഫെബ്രുവരി രണ്ടിലെ പ്രമേയത്തിലൂടെ ഇന്ത്യൻ സര്‍ക്കാര്‍ ആർഎസ്എസ് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയിലും രാജ്യത്തെ ശിഥിലീകരിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ഫാസിസ്റ്റ് അജണ്ടയെ കൃത്യമായി തുറന്നുകാണിക്കുന്നുണ്ട്. ‘നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം അപകടപ്പെടുത്തുന്ന, അതിന്റെ പേരിന് കളങ്കമേല്പിക്കുന്ന, വിദ്വേഷവും ആക്രമവും പരത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ പിഴുതെറിയാൻ ഇന്ത്യാ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തിന്റെ ഭാഗമായി ചീഫ് കമ്മിഷണറുടെ പ്രവിശ്യകളിൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഗവർണറുടെ പ്രവിശ്യകളിലും ഇതേ നടപടി തന്നെ കൈകൊള്ളുന്നതാണ്. ’
ഭാരതമാതാവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് വന്നാൽ, രാജ്യത്ത് ഇപ്രകാരമൊരു പ്രയോഗം 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് കടന്നുവരുന്നതെന്ന് കാണാൻ കഴിയും. 1866ൽ രചിച്ച ഭൂദേബ് മുഖോപാധ്യായയുടെ ഉനബിംസ പുരാണത്തിലും 1873ൽ പുറത്തിറങ്ങിയ കെ സി ബന്ദോപാധ്യയുടെ ഭാരത് മാതായിലും 1880ൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠത്തിലും രാജ്യത്തെ ഭാരതമാതാവ് എന്ന സങ്കല്പത്തിൽ വിവരിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ വർഗീയാടിസ്ഥാനത്തിൽ 1905ൽ ബംഗാളിനെ വിഭജിച്ചപ്പോൾ അതിന് വിരുദ്ധമായ ദേശീയ പ്രസ്ഥാനങ്ങൾ ആരംഭിക്കപ്പെട്ട സാഹചര്യത്തിൽ അബനീന്ദ്രനാഥ ടാഗോർ ‘ബംഗമാതാ’ എന്ന പേരിൽ ഭാരതാംബയുടെ ദൃശ്യാവിഷ്കാരം നടത്തുകയും അനന്തരം ഇന്ത്യൻ ദേശീയതയെ പരിഗണിച്ച് ‘ഭാരത് മാതാ’ എന്നാക്കി അതിനെ അവതരിപ്പിക്കുകയുമായിരുന്നു. നാല് കയ്യുള്ള സ്ത്രീരൂപത്തിൽ ഓരോ കൈകളില്‍ വെള്ളവസ്ത്രം, പുസ്തകം, കതിര്‍ക്കറ്റ, ജപമാല എന്നിവ കാണാൻ കഴിയും. ഇത് യഥാക്രമം അറിവ്, കൃഷി, വിശുദ്ധി, ഭാരതഭൂമിയുടെ ആത്മീയ പൈതൃകം എന്നിവയെ പ്രതിനിധീകരിക്കുന്നു.
ബംഗമാതായെ ഭാരത മാതാവെന്ന് ആദ്യം വിളിച്ചത്, സാമൂഹിക പ്രവർത്തകയായ മാർഗരറ്റ് റോബർട്ട് എന്ന സിസ്റ്റർ നിവേദിതയാണ്. എന്നാൽ അബനീന്ദ്ര നാഥ ടാഗോറിന്റെ ‘ഭാരതമാതാ’ ചിത്രത്തിന്, ആർഎസ്എസ് ഭേദഗതികൾ വരുത്തുകയും കയ്യിൽ കാവിക്കൊടി പിടിപ്പിക്കുകയും ചിത്രത്തിന്റെ രൂപം ഹിന്ദു ദേവതാ സങ്കല്പമായ ദുർഗാദേവിക്ക് സമാനമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിനുമേൽ ‘ഹിന്ദുത്വ ഇന്ത്യ’ എന്ന പ്രയോഗം നടപ്പിലാക്കാനായിരുന്നല്ലോ ഭാരത മാതാവിന്റെ പ്രതീകമായ രാജ്യത്തിന്റെ ദേശീയ പതാകയെ സംബന്ധിച്ച് ആർഎസ് എസ് മുഖപത്രം ഓർഗനൈസറിന്റെ 1947 ജൂലൈ 17ലെ മൂന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല കാവിപ്പതാകയാണ് ഉയർത്തേണ്ടതെന്ന് പ്രസ്താവിച്ചത്. ഇന്ത്യൻ ഭരണഘടനാ അസംബ്ലി ത്രിവർണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചപ്പോൾ, ‘ഓർഗനൈസർ’ 1947 ഓഗസ്റ്റ് 14 ലെ ലക്കത്തിൽ എഴുതിയത്- ‘‘വിധിയുടെ ചവിട്ടുപടിയിൽ അധികാരത്തിലെത്തിയ ആളുകൾ നമ്മുടെ കൈകളിൽ ത്രിവർണ പതാക നൽകിയേക്കാം, പക്ഷേ അത് ഒരിക്കലും ഹിന്ദുക്കൾക്ക് ആദരവും ഉടമസ്ഥതയും നൽകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്; മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും അത് സൃഷ്ടിക്കും. വളരെ മോശമായ മനഃശാസ്ത്രപരമായ ഫലവും രാജ്യത്തിന് ഹാനികരവുമാണ്” എന്നാണ്. ഗാന്ധിവധത്തെ തുടർന്ന് അറസ്റ്റിലായ ആർ എസ്എസ് നേതാക്കളെ മോചിപ്പിക്കുന്നതിന് സർദാർ വല്ലഭ്ഭായി പട്ടേൽ, സംഘടനയുടെ നിരോധനം പിൻവലിക്കണമെങ്കിൽ എഴുതിത്തയ്യാറാക്കിയ ഭരണഘടന വേണമെന്ന് ഉപാധിവച്ചു. അങ്ങനെ എഴുതിയുണ്ടാക്കിയ ആർ എസ്എസ് ഭരണഘടനയുടെ അഞ്ചാം വകുപ്പിൽ ദേശീയ പതാകയെ അംഗീകരിക്കണമെന്ന് നിവൃത്തികേടുകൊണ്ട് പ്രഖ്യാപിക്കുകയുമായിരുന്നു.
2002 വരെ ആർഎസ്എസ് ആസ്ഥാനത്ത് സ്ഥിരമായി ദേശീയപതാക ഉയർത്തുക പോലും ചെയ്തിരുന്നില്ല. ഇപ്രകാരം മതാധിഷ്ഠിത ദേശീയതയ്ക്കായി എന്നും മുറവിളി കൂട്ടുന്നവരും ഇന്നലെകളിൽ ഭരണഘടനയോടും ഇന്ത്യയുടെ സംസ്കാരത്തോടും പുറംതിരിഞ്ഞു നിന്നവരുമാണ് സിപിഐക്കാരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നത്. സംഘ്പരിവാർ നിലവിൽ വലിയ ചർച്ചയാക്കുന്നത് സിപിഐക്കാർ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചതാണ്. സ്വാതന്ത്ര്യസമരകാലം മുതൽ കമ്മ്യൂണിസ്റ്റുകാർ അത് വിളിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും രാജ്യത്തെ വർഗീയ കലാപത്തിലൂടെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഘ്പരിവാർ അതിൽ അസ്വസ്ഥതപ്പെടേണ്ട കാര്യമില്ല. ഇന്ത്യൻ രാഷ്ട്രീയജീവിതത്തിലും ബൗദ്ധികമണ്ഡലത്തിലും സംഭാവനകളൊന്നും നൽകിയിട്ടില്ലാത്ത ആർഎസ്എസ് ഹിന്ദുത്വത്തെയും ഹൈന്ദവധർമ്മത്തെയും പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന രാജ്യത്ത് അസഹിഷ്ണുതയും മതവിദ്വേഷവും പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെകളിൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവരുടെ പിൻതലമുറ ഭാരത മാതാവിന്റെ പേരിൽ വാചാലരാവുകയും വ്യത്യസ്ത മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്യുന്നു. ആധിപത്യമില്ലാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് പ്രതിലോമപ്രത്യയശാസ്ത്രത്തെ നിരന്തരം അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. അതുകൊണ്ട് തന്നെ കേരള ഗവർണർ ഭരണഘടനയുടെ അന്തഃസത്തയെ വെല്ലുവിളിച്ചുകൊണ്ട് ഹിന്ദുത്വ ഫാസിസത്തിന് കുഴലൂത്ത് നടത്തുമ്പോൾ ജനാധിപത്യ സമരങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പ്രതിരോധം സൃഷ്ടിച്ചേ മതിയാകൂ. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാജ്ഭവനിലേക്ക് യുവജന മാർച്ച് സംഘടിപ്പിക്കുകയാണ്. ‘രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ല, ഗവർണറെ തിരികെ വിളിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മാർച്ച്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.