
നരേന്ദ്ര മോഡി നേതൃത്വത്തിലുള്ള കേന്ദ്രഗവൺമെന്റ് കേരള ജനതയോടു കാണിക്കുന്ന ക്രൂരത തുറന്നു കാണിക്കുന്ന രൂക്ഷമായ പരാമർശങ്ങളാണ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. മുണ്ടക്കൈ — ചൂരൽമല ദുരിത ബാധിതരെ സഹായിക്കാനൊരുമ്പെടാത്ത കേന്ദ്രനയത്തെ ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും ജോബിൻ സെബാസ്റ്റ്യനുമടങ്ങിയ ഡിവിഷൻ ബെഞ്ച് അതിരൂക്ഷമായാണ് വിമർശിച്ചത്. സമീപകാലത്തൊന്നും ഒരു കോടതിക്കും കേന്ദ്ര ഗവൺമെന്റിനെ ഇത്രയും രൂക്ഷമായി വിമർശിക്കേണ്ടി വന്നിട്ടില്ല. കേരളത്തോട് തികഞ്ഞ അനീതിയും അവഗണനയുമാണ് കേന്ദ്രം ചൂരൽമല‑മുണ്ടക്കൈ ദുരന്തത്തിൽ കാട്ടിയതെന്ന് തുറന്നു പ്രഖ്യാപിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിന് തടസം ഉന്നയിച്ചതാണ് കോടതിയുടെ കടുത്ത വിമർശനത്തിന് കാരണമായത്. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് രൂക്ഷ വിമർശനം. ജനങ്ങളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണഘടനാ ഉത്തരവാദിത്തം കേന്ദ്രം നിർവഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ദുരന്ത ബാധിതരെ സഹായിക്കാൻ മനസില്ലെങ്കിൽ അക്കാര്യം തുറന്നു പറയുവാൻ ധൈര്യമുണ്ടോയെന്നും ചോദിച്ചു. ഇത്തരം സാഹചര്യം ഉണ്ടാകുമ്പോൾ കേന്ദ്രം സഹായിക്കില്ലെന്ന് ജനം അറിയട്ടെ. ദുരന്തത്തിന് ഇരയായവരുടെ അന്തസോടെ ജീവിക്കാനുള്ള മൗലിക അവകാശം ഇല്ലാതാക്കിയെന്ന് പറഞ്ഞ കോടതി, ഷേക്സ്‌സ്പീരിയൻ നാടകത്തിലെ കൊള്ളപ്പലിശക്കാരൻ ഷൈലോക്കിനെപ്പോലെ ബാങ്കുകൾ പെരുമാറുന്നതിനെ ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ കാവൽക്കാരായ കോടതിക്ക് നിശബ്ദമായി കണ്ടു നിൽക്കാനാവില്ലെന്നുള്ള ധീരമായ പ്രഖ്യാപനവും നടത്തി.
കേന്ദ്ര ആഭ്യന്തര്യ മന്ത്രാലയം കേരള ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ബാങ്ക് വായ്പ എഴുതിത്തള്ളുവാൻ നിയമത്തിൽ വ്യവസ്ഥയില്ല, വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്കു പുറത്തുള്ള കാര്യമാണ് എന്നാണ് ബോധിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകളുടെ കോടിക്കണക്കിന് തുകകൾ എഴുതിത്തള്ളുന്ന കാര്യം മറച്ചുവച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ വിചിത്ര ന്യായീകരണം. ദുരന്തബാധിതരുടെ വായ്പകൾ കേരള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് എഴുതിത്തള്ളി. ആ മാതൃക കേന്ദ്ര നിയന്ത്രണത്തിലുള്ള ബാങ്കുകൾക്കും സ്വീകരിച്ചു കൂടെയെന്നും ചോദിച്ചു. വായ്പ എഴുതിത്തള്ളുവാൻ അധികാരമില്ലായെന്ന് സത്യവാങ്മൂലം നൽകിയ കേന്ദ്ര ഉദ്യോഗസ്ഥരോട് ഭരണഘടന വായിച്ചു നോക്കുവാൻ ആവശ്യപ്പെട്ട ഹൈക്കോടതി നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുവാൻ നോക്കുന്നത്, കേരളത്തിലുള്ളവരൊക്ക എന്താ അന്യഗ്രഹ ജീവികളാണോയെന്നും ചോദിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചു ചേർന്ന ഒക്ടോബർ എട്ടിലെ പത്രവാർത്ത വായിച്ചുകൊണ്ട് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, ജോബിൻ സെബാസ്റ്റ്യനും ഇങ്ങനെ പറഞ്ഞു. “ഇന്നത്തെ പത്രത്തിൽതന്നെ ഈ വാർത്ത വന്നത് ദൈവികമായി” — ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതസമിതി കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കക്കെടുതി നേരിട്ട ഗുജറാത്ത്, അസം സംസ്ഥാനങ്ങൾക്ക് 707 കോടി അധിക സഹായമാണ് അനുവദിച്ചത്. ഗുരുതര പ്രകൃതി ദുരന്തമായി ഈ രണ്ടു പ്രളയങ്ങളെയും ആരും പ്രഖ്യാപിച്ചിട്ടില്ല. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കായി ഫയർ സർവീസ് ആധുനീകരിക്കുന്നതിനായി 903.67 കോടി രൂപ അനുവദിച്ചതും ചൂണ്ടിക്കാട്ടി.
ദുരന്തമേഖലയിലെ ആളുകളുടെ ആകെ വായ്പ കുടിശിക 35.30 കോടി രൂപ മാത്രമാണ്. ഇതിൽ 11 കോടി കാർഷിക വായ്പയാണ്. ഇത് കേന്ദ്രഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ഷെഡ്യൂൽഡ് ബാങ്കുകളുടേതാണ്. ദുരന്ത ബാധിത കുടുംബങ്ങളിലെ മുഴുവൻ വായ്പകളും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്കും സഹകരണ ബാങ്കുകളും എഴുതിത്തള്ളിയിരുന്നു.
2024 ജൂലൈ 30 നാണ് മുണ്ടക്കൈ — ചൂരൽമല ദുരന്തമുണ്ടായത്. 10 ദിവസങ്ങൾക്കുശേഷം കേന്ദ്ര സംഘമെത്തി. പതിനൊന്നാം ദിനം പ്രധാനമന്ത്രിയുമെത്തി. ദുരന്തബാധിതരെ സന്ദർശിച്ച പ്രധാനമന്ത്രി കേന്ദ്രത്തിൽ നിന്നും കിട്ടേണ്ട സഹായങ്ങൾ എല്ലാം കിട്ടും, പണമില്ലായ്മയുടെ പേരിൽ ഒന്നും മുടങ്ങില്ല എന്നു പറഞ്ഞിട്ടാണ് പോയത്. ദുരന്തസഹായം ആവശ്യപ്പെട്ട് കേരളം അപേക്ഷ നൽകിയത് 2024 ഓഗസ്റ്റ് 17 നാണ്. ഇതിനുപുറമേ വിശദ റിപ്പോർട്ട് നവംബർ 13 നും സമർപ്പിച്ചു, ഈ രണ്ടു ഘട്ടങ്ങളിലും ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. മാർച്ച് 29 നാണ് അത് ഒഴിവാക്കിയത്. ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടായിരുന്നില്ലതാനും, എന്നിട്ടും ഇനി സഹായം നൽകാനാവില്ല എന്ന ക്രൂര സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ഇത് കേരളത്തിന് ദുരന്തസഹായം ലഭിക്കാതിരിക്കുവാൻ കരുതിക്കൂട്ടി ചെയ്തതാണ്. ഹൈക്കോടതിക്ക് അത് വ്യക്തമായി മനസിലായതുകൊണ്ടാണ് ജനങ്ങളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കക്ഷിരാഷ്ട്രീയ കാരണങ്ങളാൽ നിഷേധിക്കരുതെന്നും ചിറ്റമ്മനയം കാട്ടരുതെന്നും പറഞ്ഞത്. അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് അഞ്ച് മാസങ്ങൾക്കുശേഷമാണ്. അതുമൂലം യുഎൻഒ അടക്കമുള്ള ഏജൻസികളിൽ നിന്നും ലഭിക്കുമായിരുന്ന സഹായ സാധ്യതകൾ പോലും ഇല്ലാതാക്കി.
ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് 529 കോടി രൂപ തിരിച്ചടയ്ക്കേണ്ട വായ്പയായി നൽകിയത്. അതും കഴിഞ്ഞ മാർച്ച് 31-നകം ചെലവഴിക്കണമെന്ന വ്യവസ്ഥയിൽ. ഒരു ദേശമാകെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മഹാദുരന്തത്തിന് കേന്ദ്രം ഔദാര്യമായി പ്രഖ്യാപിച്ചത് ഏതാനും വർഷം കൊണ്ട് തിരികെ നൽകേണ്ട വായ്പ.
ദുരന്തഭൂമിയുടെ പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് 2221.03 കോടി രൂപയാണ്. ദുരന്തം സംഭവിച്ച് 14 മാസങ്ങൾക്കു ശേഷം അനുവദിച്ചത് നാമമാത്രമായ 260. 56 കോടി രൂപ. അപേക്ഷിച്ചതിന്റെ എട്ടിൽ ഒന്നുപോലും നൽകിയില്ല. അപ്പോഴാണ് മറ്റു ചില സംസ്ഥാനങ്ങളിലെ ചെറിയ ദുരന്തങ്ങൾക്ക് വലിയ സഹായം നൽകിയത്. അതാണ് കക്ഷിരാഷ്ട്രീയ വിവേചനത്തോടെയുള്ള തീരുമാനമെന്ന് കോടതി ചൂണ്ടിക്കാണിച്ചത്.
ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ കാണിക്കുന്ന അതേ ക്രൂരതയാണ് നമ്മുടെ സംസ്ഥാനത്തെ ജനങ്ങളോട് കേന്ദ്രഗവൺമെന്റും കാണിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയ ദുരന്തങ്ങളുടെയും ഓർമ്മ നമ്മുടെ മനസിലുണ്ട്. കേരളക്കര ഒന്നാകെ കടലെടുത്തു പോകുന്ന തരത്തിലുള്ള മഹാപ്രളയം വന്നപ്പോഴും ഒന്നും സഹായിക്കാതെ കാഴ്ചക്കാരെപ്പോലെ നിന്ന കേന്ദ്ര ഭരണാധികാരികൾ വിദൂരങ്ങളിലുള്ള മലയാളി മനസുകൾ നൽകുവാനുദ്ദേശിച്ച സഹായങ്ങൾ പോലും വാങ്ങുന്നത് തടയുകയാണ് ചെയ്തത്. യുഎഇ ഭരണാധികാരികൾ നൽകാനുദ്ദേശിച്ച സഹായങ്ങളും അവർ വിലക്കി. എന്നാൽ ഗുജറാത്ത് അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഉണ്ടായ ദുരന്തങ്ങളിൽ അവർ എല്ലാ വിദേശ സഹായങ്ങളും രണ്ടു കൈയ്യും നീട്ടി വാങ്ങി. ഒരു രാജ്യം ഒരു നീതി എന്നതിനു പകരം ഒരു രാജ്യം പല നീതി എന്ന വേർതിരിവാണ് അവർ കാണിക്കുന്നത്. അതാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും ജോബിൻ സെബാസ്റ്റ്യനും ചൂണ്ടിക്കാണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.