ആഗോളതലത്തിൽ പ്രാമുഖ്യം നേടിയ മെഡിക്കൽ സാങ്കേതികവിദ്യാ നിർമ്മാണ മേഖലയിലെ കുത്തകസ്ഥാപനങ്ങൾ ഇന്ത്യയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഊർജിത പരിശ്രമങ്ങളിലാണിപ്പോൾ. ഔഷധങ്ങളടക്കമുള്ള മുഴുവൻ ഫാർമസ്യൂട്ടിക്കൽ സംവിധാനങ്ങളുടെയും നിർമ്മാണവും ഗവേഷണവും ഇന്ത്യയിൽ തന്നെ കേന്ദ്രീകരിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. മെഡിക്കൽ ടെക്നോളജിയുടെയും ബന്ധപ്പെട്ട വ്യവസായ ശൃംഖലകളുടെയും തന്ത്രപ്രധാനമായ ഹബ്ബാക്കി ഇന്ത്യയെ മാറ്റുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. നിക്ഷേപത്തിനായി തിടുക്കം കൂട്ടി നിൽക്കുന്നവരുടെ കൂട്ടത്തിൽ സീമെൻസ് ഹെൽത്തിനിയേഴ്സ് ആന്റ് ഫിലിപ്പ്സ് എന്ന ബഹുരാഷ്ട്ര കുത്തക കമ്പനി (എംഎൻസി) മുന്നണിയിലുണ്ട്. നിലവിൽ വില്പനകേന്ദ്രമെന്ന പദവിയിൽ നിന്നും ഇന്ത്യയെ ആഗോള ഉല്പാദന-ഇന്നൊവേഷൻ ആസ്ഥാനങ്ങളിലൊന്നായി ഉയർത്താനാണ് സീമെൻസ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ കുത്തക കമ്പനി ഇതിനകം തന്നെ ഇന്ത്യയിലെ മോഡി സർക്കാർ തുടക്കം കുറിച്ചിരിക്കുന്ന ഉല്പാദന-ബന്ധിത ഇൻസെന്റീവ് പദ്ധതി തുടങ്ങാൻ നിർദേശം സമർപ്പിച്ചിട്ടുമുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള അത്യാധുനിക കമ്പ്യൂട്ടർ സാങ്കേതികവിദ്യാ ഉപാധികളുടെ നിർമ്മാണം ബംഗളൂരുവിൽ തന്നെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലേക്ക് 91.9 കോടി രൂപ മൂലധന നിക്ഷേപത്തോടെ ഒരു സംയോജിത കാമ്പസുകൂടി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ഇതായിരിക്കും ആഗോളതലത്തിൽ തന്നെ ഏറ്റവും വിപുലമായൊരു പ്രാദേശിക കേന്ദ്രമായിരിക്കുക. ഈ കേന്ദ്രത്തിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ, ഉല്പാദനം, ഇന്നൊവേഷൻ പ്രോത്സാഹനം തുടങ്ങിയവ പ്രവർത്തനക്ഷമമാക്കും. സീമെൻസ് ഹെൽത്ത് കെയറിന്റെ മാനേജിങ് ഡയറക്ടർ ഹരിഹരൻ സുബ്രഹ്മണ്യൻ ഇന്ത്യയിലെ നിക്ഷേപ കാലാവസ്ഥ അങ്ങേയറ്റം അനുകൂലമാണെന്നും രാജ്യത്തെ വളർച്ചാ സാധ്യത നൽകുന്ന ചിത്രം സീമെൻസ് ഹെൽത്ത് കെയറിനെ സംബന്ധിച്ചിടത്തോളം ഭാവി പ്രതീക്ഷാനിർഭരമാണെന്നും അടിവരയിട്ടു പറയുന്നു.
തങ്ങളുടെ സ്ഥാപനം പൂർണവളർച്ച കൈവരിക്കുന്നതോടെ ഇന്ത്യൻ ജനതയുടെ ആരോഗ്യ സുരക്ഷാ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ചുരുങ്ങിയ ചെലവിൽ സാധാരണക്കാരിലെത്തിക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണകൂടം വിഭാവനം ചെയ്യുന്ന ‘മേക്ക് ഇൻ ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താൻ ഈ വികസന പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. നിർമ്മാണ പദ്ധതി വിഭാവനം ചെയ്യുന്നതും ഉല്പാദനശേഷം ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതും മിച്ചം വരുന്നവ 64ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും സീമെൻസ് തന്നെയായിരിക്കും. കമ്പനിയുടെ ബംഗളൂരു കേന്ദ്രത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, പ്രവർത്തനങ്ങൾ എന്നോർക്കണം. ഇ‑ഡിജിറ്റൽ റേഡിയോഗ്രഫി എക്സ്-റേ സംവിധാനത്തിലൂടെ കമ്പനിയുടെ വഡോദര കേന്ദ്രത്തിലേക്കും പ്രവർത്തനമേഖല വ്യാപിച്ചിരിക്കുകയാണിപ്പോൾ. അതായത്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലാകെ തന്നെ ഉല്പാദന, ഗവേഷണ, വിതരണ സ്ഥാപനങ്ങളുടെ ഒരു വിപുലമായ ശൃംഖലയാണ് സീമെൻസ് സജ്ജമാക്കുന്നത്. സമാനമായ ബഹുമുഖ വികസനപദ്ധതിയാണ് ഫിലിപ്പ്സ് ഹെൽത്ത് കെയറിന്റേയും ലക്ഷ്യം. പിന്നിട്ട ഏതാനും വർഷക്കാലയളവിൽ മൊത്തം 750 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയുടെ വകയായുള്ളത്. ഇപ്പോൾ പ്രവർത്തനത്തിലുള്ള പൂനെ കേന്ദ്രത്തിൽ 350 കോടി രൂപ മൂലധന നിക്ഷേപത്തോടെ ഒരു പുതിയ ആർ ആന്റ് സി സംവിധാനം ഏർപ്പെടുത്താനും സീമെൻസ് ഉദ്ദേശിക്കുന്നു. ഇതോടെ സ്വന്തം ആരോഗ്യസുരക്ഷാ സംവിധാനത്തിന് ഒരു സമഗ്രരൂപം നല്‍കുക എന്നതാണ് കമ്പനിയുടെ അടിയന്തര ലക്ഷ്യം. ഈ പുതിയ ഗവേഷണ പഠന കേന്ദ്രം 3,00,000 ചതുരശ്ര അടി നിർമ്മിത പ്രദേശം ഉൾപ്പെടുന്നൊരു വമ്പൻ പദ്ധതിയിലൂടെ ആയിരിക്കും പ്രവർത്തനസജ്ജമാകുക. ഈ സ്ഥാപനത്തിൽ 1900 ജീവനക്കാര്‍, ഇമേജ്-നിയന്ത്രിത ചികിത്സാ സാങ്കേതികവിദ്യകളുടെ സഹായത്തോടെയായിരിക്കും ചികിത്സാസൗകര്യങ്ങൾ ആഗോളവിപണികൾക്കായി ഒരുക്കുക. സീമെൻസിന്റെ ഭാഗമായി ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്ന ആഗോള ഹ ബ്ബിൽ 100ൽപ്പരം രാജ്യങ്ങളിലേക്ക് പ്രാദേശിക നിർമ്മിത സംവിധാനങ്ങളടക്കം കയറ്റുമതി ചെയ്യാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, സീമെൻസിന്റെ ബംഗളൂരു കേന്ദ്രത്തിൽ എഐ ആരോഗ്യസുരക്ഷാ സൗകര്യങ്ങൾക്കായി 400 കോടി രൂപ മുടക്കി ഒരു വമ്പൻ ഇന്നൊവേഷൻ ഹബ്ബ് ഒരുക്കുകയും ചെയ്യും. മൊത്തം 6.5 ലക്ഷം ചതുരശ്ര അടി പ്രദേശത്തുള്ള കാമ്പസിൽ പ്രൊഫഷണൽ പ്രവർത്തന നിരതരായിട്ടുണ്ടാകും. 36 ലബോറട്ടറികളും ഒരുക്കും. ഈ പദ്ധതികളെല്ലാം നിർദിഷ്ടകാല പരിധിക്കകം പ്രവർത്തനസജ്ജമാകുന്നതോടെ സീമെൻസ് ആരോഗ്യസുരക്ഷാ കമ്പനിക്കു കീഴിലുള്ള ഏറ്റവും വലിയ ആഗോള ഹബ്ബായിരിക്കും ബംഗളൂരു. ഇതോടൊപ്പം ശക്തമായ മത്സരാവേശത്തോടെ ‘മേക്ക് ഇൻ ഇന്ത്യ’ കാഴ്ചപ്പാടുമായി ഫിലിപ്പ്സ് ഹെൽത്ത് കെയറും നിലകൊള്ളുന്നുണ്ട്. അഫിനിറ്റി അൾട്രാസൗണ്ട് യന്ത്രങ്ങളായിരിക്കും അവർ വിപണിയിലിറക്കുക.
മൂലധനനിക്ഷേപത്തിന്റേതായ ഈ ഒഴുക്ക് ത്വരിതപ്പെടുന്നതിന് ഏതാനും അനുകൂല പശ്ചാത്തല സൗകര്യങ്ങളുമുണ്ട്. ചെലവു കുറഞ്ഞ ഉല്പാദനത്തിനുള്ള സാധ്യതകളാണ് ഇതിൽ പ്രധാനം. രണ്ടാമത്തേത് ഉല്പാദനബന്ധിത പ്രോത്സാഹനങ്ങളാണ്. മൂന്ന്, മികവാർന്ന എൻജിനീയറിങ് സേവനങ്ങളുടെ ലഭ്യത.
ചുരുക്കത്തിൽ അത്യപൂർവമായി മാത്രം വികസ്വരരാജ്യങ്ങളിൽ കാണപ്പെടുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷത്താൽ അനുഗ്രഹീതമാണ് ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമ്പദ് വ്യവസ്ഥയെന്ന് കരുതുന്നതിൽ അപാകതയില്ല. ഇക്കാരണത്താൽ തന്നെ ആയിരിക്കുമല്ലോ, ആഗോള മെഡി-ടെൽ കുത്തക സ്ഥാപനങ്ങൾ എല്ലാം. അവയുടെ തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപ മേഖലയായി ഇന്ത്യയെ തന്നെ തേടിയെത്തിരിക്കുന്നതും മോഡിഭരണം കാലഘട്ടത്തിലെ ഭാരതം ചെലവ് കുറഞ്ഞൊരു ഉല്പാദന കേന്ദ്രമെന്നതിലുപരി, ആധുനിക മെഡിക്കൽ, സാങ്കേതികവിദ്യാ മേഖലയിലെ ഗവേഷണ പഠനങ്ങൾ, ഉല്പന്നങ്ങളുടെ രൂപകല്പനയിലുള്ള വൈദഗ്ധ്യം, നിർമ്മിതിബുദ്ധി വിനിയോഗം, ആരോഗ്യസുരക്ഷാ മേഖലയിൽ നല്‍കപ്പെടുന്ന പ്രത്യേക പരിഗണന തുടങ്ങിയവയിൽ ഇന്ത്യ അതിവേഗം ആഗോളനിലവാരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. അതേ അവസരത്തിൽ സാധ്യതകളോടൊപ്പം വെല്ലുവിളികളും കുറവല്ല. മെഡിടെക്, സ്മാർട്ട് ഫോൺ മേഖലകളിലെ വികസനം പ്രതീക്ഷിച്ച തോതിൽ നടക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഉയർന്ന നിലവാരം പുലർത്തേണ്ട എംആർഐ, സിടി സ്കാൻ സൗകര്യങ്ങളുടെ ആധുനികവൽക്കരണവും വ്യാപനവും ആഗോളനിലവാരത്തിലെത്തിക്കാൻ ഒട്ടേറെ പണിപ്പെടേണ്ടതുണ്ട്. ഇത്തരം മേഖലകളിലെ അത്യാധുനിക നിർമ്മിതികൾ ഇനിയും വ്യാപകമാക്കേണ്ടത് അനിവാര്യമാണ്. മറ്റെല്ലാ വികസന മേഖലകളിലുമെന്നതുപോലെ മെഡിക്കൽ ശാസ്ത്ര, ഗവേഷണ, വിജ്ഞാനമേഖലകളിലും കാലഘട്ടത്തിന് അനുയോജ്യമായൊരു ഇക്കോസിസ്റ്റം കൂടിയേ തീരൂ.
ഭാഗ്യവശാൽ, പണ്ഡിറ്റ് നെഹ്രുവിന്റെ കാലഘട്ടത്തിൽ ശാസ്ത്ര‑വിജ്ഞാന‑വിദ്യാഭ്യാസ‑ഗവേഷണ മേഖലകളിൽ തുടക്കം കുറിച്ച സദുദ്ദേശപരമായ നിരവധി സ്ഥാപനങ്ങളുടെ വികസനവും പ്രവർത്തനങ്ങളും പിൽക്കാലത്ത് മതിയായ തോതിൽ നടക്കാതെ പോയി എങ്കിലും തുടക്കം നല്ല നിലയിൽ ആയിരുന്നതിനാൽ, ലക്ഷ്യം പകുതിയോളമെങ്കിലും നമുക്ക് നേടാനായിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കാതിരിക്കുവാൻ സാധിക്കില്ല. നെഹ്രുവിന് ശേഷം ഇന്ത്യൻ ഭരണസാരത്ഥ്യം ഏറ്റെടുത്തവർക്കെല്ലാം വികസനത്തിന്റെ ദിശ തീർത്തും പിന്നോട്ടടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും ആശ്വാസകരം തന്നെ. ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകൂടവും തുടർന്ന് അധികാരമേറ്റ മോഡിയുടെ എൻഡിഎ ഭരണകൂടവും മാറിമാറി അധികാരത്തിലെത്തിയ സർക്കാരുകളുടെ വീഴ്ചകളെപ്പറ്റി ബോധവാന്മാരാവുകയും പറ്റിയ പാളിച്ചകൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരുകാര്യം വ്യക്തമാണ്, ഇന്ത്യയുടെ മെഡിടെക് മേഖല ഒരു നിർണായക കാലഘട്ടത്തിലെത്തി നിൽക്കുകയാണിന്ന്. ആരോഗ്യസുരക്ഷാ മേഖലയിലെ സേവനങ്ങൾക്കായി ചൈനീസ് സപ്ലെ ശൃംഖലയെ ആശ്രയിക്കുന്നത് കഴിയുന്നത്ര വേഗത്തിൽ ഒഴിവാക്കുകയാണ് ഉചിതമായ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.