14 July 2025, Monday
KSFE Galaxy Chits Banner 2

പരിസ്ഥിതിയുടെ രാഷ്ട്രീയം

ബിനോയ് വിശ്വം
June 6, 2025 4:31 am

ആഗോളതാപനവും അത് സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനവും മാനവരാശിയുടെ ഭാവിയെത്തന്നെ അപകടത്തിലാക്കുകയാണ്. ഭൂമി നേരിടുന്ന വെല്ലുവിളി തിരിച്ചറിയാത്തവർ ഇരിക്കുന്ന കൊമ്പ് മുറിച്ച മനുഷ്യനെപ്പോലെയാണ്. സമൂഹമാകെ ആഗോളതാപനത്തിന്റെ തിരിച്ചറിവുകളിലേക്ക് കണ്ണുതുറക്കാൻ ഇനിയും വൈകരുത്. “നാളെയാവുകിൽ ഏറെ വൈകീടും” എന്ന് നമ്മളോട് പറയുന്ന എത്രയെത്ര മുന്നറിയിപ്പുകളാണ് പ്രകൃതി ഇതിനകം നൽകിയത്! എല്ലാ ഭൂഖണ്ഡങ്ങളിലുമായി എത്രയെത്ര മനുഷ്യ ജീവിതങ്ങളാണ് ദുരന്തങ്ങളിൽപ്പെട്ട് ഇല്ലാതായത്! വികസനത്തിന്റെ പേരിൽ മുൻപിൻ നോക്കാതെ മനുഷ്യൻ കെട്ടിപ്പൊക്കിയ എത്രയെത്ര നിർമ്മിതികളാണ് തകർന്നടിഞ്ഞത്! എത്ര ഭീമമായ സമ്പത്താണ് ഒരു നിമിഷം കൊണ്ട് മണ്ണോടുമണ്ണായി മാറിയത്! ഭൂമി സർവംസഹയാണെന്ന് ആരാണ് പറഞ്ഞത്? ആ കള്ളക്കഥ വിശ്വസിച്ചാണ് പണ്ട് അമ്മമാർ പെൺമക്കളോടും ഭൂമിയെ പോലെ സഹനം പഠിക്കാൻ പറഞ്ഞത്. ഭൂമിമാതാവ് ഇന്ന് എല്ലാവരോടും പറയുന്നു, എല്ലാ സഹനത്തിനും അതിരുണ്ടെന്ന്. ഭൂമിക്കും പെണ്ണിനും അതിരുവിട്ടാൽ ഒന്നും സഹിക്കാൻ കഴിയില്ലെന്ന്.
ഭൂമി ആരുടേതാണ് എന്ന ചോദ്യം മൂലധനത്തിൽ മാർക്സ് ഉന്നയിക്കുന്നുണ്ട്. അതിന്റെ ഉത്തരവും അദ്ദേഹം ഉദ്ധരിക്കുന്നു — “ഒരാളിന്റേതും ഒരുകൂട്ടം ആളുകളുടെതുമല്ല, ഇന്നുള്ള എല്ലാ ജനപഥങ്ങളെയും ചേർത്തുവച്ചാൽ അവരുടേതുമല്ല ഈ ഭൂമി. ഇനി പിറക്കാനിരിക്കുന്ന തലമുറകളാണ് അതിന്റെ അവകാശികൾ. അവർ ജീവിക്കാനെത്തുമ്പോൾ ഇന്നുള്ളതിനെക്കാൾ മെച്ചപ്പെട്ട ഒന്നാക്കി ഭൂമിയെ അവർക്കേല്പിച്ചു കൊടുക്കലാണ് നമ്മുടെ കർത്തവ്യം.” മാർക്സിസം മുന്നോട്ടുവയ്ക്കുന്ന പ്രപഞ്ച വീക്ഷണത്തിന്റെ സാരാംശമായി ഈ കാഴ്ചപ്പാടിനെ കാണുന്നവരുമുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ എക്കാലത്തെയും സമസ്യകളിലേക്ക് മാർക്സിസം കണ്ണോടിക്കുന്നത് ഈ വഴിയിലൂടെയാണ്. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ മാർക്സിസ്റ്റ് ആയിരുന്നില്ല. പക്ഷേ “ഭൂമി നമ്മുടെ പൊതുഗേഹം (Earth our com­mon home)” എന്ന് വിശേഷിപ്പിച്ചുകൊണ്ട് സമാനമായ ആശയങ്ങൾ പലപ്പോഴും അദ്ദേഹം പറയുകയുണ്ടായി. മൂലധനത്തിന്റെ ലാഭാർത്തിയാണ് കണ്ണിൽച്ചോരയില്ലാത്ത മുതലാളിത്ത ചൂഷണമായി മാറുന്നത്. അത് പ്രകൃതിക്കുമേലുള്ള മുതലാളിത്തത്തിന്റെ ബലാത്സംഗമാണെന്നാണ് എംഗൽസ് വിശേഷിപ്പിച്ചത്. പ്രകൃതി ഈ ക്രൂരതയോട് പ്രതികാരം ചെയ്യാതിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ആ പ്രതികാരമാണ് നാമിന്ന് നേരിടുന്ന എല്ലാ പാരിസ്ഥിതികപ്രതിസന്ധികളും. മാർക്സും എംഗൽസും മാത്രമല്ല മഹാത്മാഗാന്ധിയും മാർട്ടിൻ ലൂഥർകിങ്ങും ഫ്രാൻസിസ് പാപ്പയും എല്ലാം ഈ ചിന്താഗതി പങ്കുവച്ചവരാണ്. “അങ്ങേയ്ക്ക് സ്തുതി” എന്ന ചാക്രികലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നത് മൂലധനം എല്ലാറ്റിനോടും കാണിക്കുന്ന വഞ്ചനയെപ്പറ്റിയാണ്. യുവാക്കളോടും വൃദ്ധരോടും സ്ത്രീകളോടും എല്ലാം കാണിക്കുന്ന മുതലാളിത്തവഞ്ചനയെപ്പറ്റി പറഞ്ഞ മാർപാപ്പ അത് പ്രകൃതിയെ ചവിട്ടിത്തേക്കുന്നു എന്ന വിമർശനവും ഉന്നയിച്ചു. 

മനുഷ്യരാശിയുടെ ഏറ്റവും പുതിയ തലമുറയിൽ നിന്ന് പ്രകൃതിക്കും ഭാവിക്കും വേണ്ടി രോഷാകുലമായ ശബ്ദങ്ങൾ ഉയരുന്നുണ്ട്. 15 വയസുള്ള വിദ്യാർത്ഥിയായിരിക്കെ 2019ലെ കാലാവസ്ഥാ ഉച്ചകോടിയിൽ ലോക നേതാക്കളുടെ മുഖത്തുനോക്കി “ഇങ്ങനെ നിസംഗരും നിഷ്ക്രിയരും ആയിരിക്കാൻ എങ്ങനെ നിങ്ങൾക്ക് കഴിയുന്നു” എന്ന് ചോദിച്ച ഗ്രേറ്റ തുൻബർഗ് എന്ന പെൺകുട്ടി നമുക്ക് ആവേശം പകരും. ഭൂമിയുടെയും മനുഷ്യന്റെയും ശോഭനമായ ഭാവിക്കുവേണ്ടി ആകാംക്ഷപൂണ്ട ഈ മഹാമനുഷ്യരെല്ലാം പരിസ്ഥിതി വിഷയങ്ങളെ കണ്ടത് കേവലമായ ജീവകാരുണ്യപ്രശ്നമായി മാത്രമല്ല. അതിലുൾപ്പെട്ട സാമ്പത്തിക സാമൂഹ്യദാർശനിക ഘടകങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടേ ഭൂമിയും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തെ മനസിലാക്കാൻ കഴിയൂ എന്നവർക്കറിയാമായിരുന്നു. ഈ കാഴ്ചപ്പാടിൽ നിന്നാണ് പരിസ്ഥിതിയുടെ രാഷ്ട്രീയം രൂപം കൊള്ളുന്നത്.
പരിസ്ഥിതിക്ക് എന്ത് രാഷ്ട്രീയം എന്ന് ചോദിക്കുന്ന ശുദ്ധാത്മാക്കൾ കാട് കാണാതെ മരം കാണുന്നവരാണ്. മരങ്ങൾക്കും മലകൾക്കും പുഴകൾക്കും വേണ്ടിയുള്ള വിലാപമായി മാത്രമേ അത്തരക്കാർ പരിസ്ഥിതിയെ കാണുന്നുള്ളൂ. ആ വിലാപം എത്രത്തോളം സത്യസന്ധമായിക്കൊള്ളട്ടെ, അതിന്റെ പുറകിലുണ്ടാകേണ്ട അന്വേഷണങ്ങളോടും അതിൽ നിന്നുയർന്നുവരുന്ന പ്രതിഷേധങ്ങളോടും ബന്ധപ്പെട്ടുകൊണ്ടല്ലാതെ പ്രസക്തമാവുകയില്ല. ആഗോളതാപനത്തിന്റെ തോത് ഉയരുമ്പോളെല്ലാം മനുഷ്യർ അതിന്റെ വില കൊടുക്കേണ്ടിവരുന്നു. വ്യവസായ വിപ്ലവത്തിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നതിനെക്കാൾ ഭൂമിയിലെ ചൂട് അസഹനീയമായി വർധിച്ചുവരികയാണ്. 1859–90 കാലത്ത് ഉണ്ടായിരുന്നതിനെക്കാൾ 1.09 ഡിഗ്രി സെൽഷ്യസ് അധികം ഊഷ്മാവാണ് 2011–20 കാലത്തുണ്ടായത്. കരയിൽ 1.95 ഡിഗ്രി സെൽഷ്യസും കടലിൽ 0.88 ഡിഗ്രി സെൽഷ്യസും വർധനവ്. വ്യവസായ വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തെക്കാൾ 2020ൽ 1.2 ഡിഗ്രി സെൽഷ്യസും 2023ൽ 1.75 ഡിഗ്രി സെൽഷ്യസും താപവർധനവ് രേഖപ്പെടുത്തി. 

അപകടകരമായ ഈ പ്രതിഭാസത്തെ തടയാത്ത പക്ഷം “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ“എന്ന ചോദ്യം ലോകത്തെമ്പാടും ഭയാനകമായ രൂപത്തിൽ ഉയർന്നുവരും. ഈ ദുഃസ്ഥിതിയോടുള്ള പ്രതികരണമായിരുന്നു അന്താരാഷ്ട്ര പരിസ്ഥിതി ഉച്ചകോടികൾ. അവിടെയെല്ലാം ഒത്തുകൂടിയ രാഷ്ട്രങ്ങൾ ആഗോളതാപനം പിടിച്ചുനിർത്തേണ്ടതിന്റെ ആവശ്യകതയും അതിനുള്ള വഴികളും ചർച്ചചെയ്തു. 2015ൽ പാരിസിൽ നടന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ഇക്കാര്യം ഗൗരവപൂർവം ചർച്ച ചെയ്തു. ആഗോളതാപനത്തെ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ ചുവടെ പിടിച്ചുനിർത്താൻ ധാരണയിലെത്തിയ പാരിസ് ഉടമ്പടി അങ്ങനെ ഉണ്ടായതാണ്. അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതലായി തുപ്പുന്ന രാജ്യങ്ങൾ അതിന്റെ പ്രായശ്ചിത്തം കണക്കെ ദുർബല രാജ്യങ്ങളുടെ വളർച്ചയ്ക്കായി മാറ്റിവയ്ക്കേണ്ട വിഹിതങ്ങളെക്കുറിച്ചും ഉടമ്പടിയിൽ ധാരണയുണ്ടായി. ഒരുപാട് കാലം നീണ്ടുപോയ ചർച്ചകൾക്കൊടുവിൽ പാരിസ് ഉടമ്പടി യാഥാർത്ഥ്യമായപ്പോൾ മനുഷ്യരാകെ നിശ്വാസമുതിർത്തു. ആ നെടുവീർപ്പിനെയാണ് ഒറ്റ നിമിഷംകൊണ്ട് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയത്.
അധികാരമേറ്റെടുത്ത തൊട്ടടുത്ത നിമിഷങ്ങളിൽ അദ്ദേഹം ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളിൽ പ്രധാനപ്പെട്ട ഒന്നായി അദ്ദേഹം കണ്ടത് ഈ തീരുമാനമാണ്. അമേരിക്കയ്ക്കെതിരായ കെണി എന്നുപോലും ട്രംപ് അതിനെ വിളിച്ചു. സർവാധികാര ഹുങ്ക് തലയ്ക്കുപിടിച്ച ഒരാളിന്റെ വാക്കും പ്രവൃത്തിയുമായി അതിനെ നാം നിസാരവല്‍ക്കരിച്ചുകൂടാ. കമ്പോളങ്ങൾ വെട്ടിപ്പിടിക്കാനും ലാഭസാമ്രാജ്യം വിപുലപ്പെടുത്താനുമുള്ള ആധുനിക മുതലാളിത്തത്തിന്റെ ആർത്തി നിറഞ്ഞ കരുനീക്കം തന്നെയാണത്. അവിടെയാണ് ആഗോളവല്‍ക്കരണവും ആഗോള താപനവും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കണ്ണികൾ വെളിവാകുന്നത്.
സത്യത്തിൽ ആഗോള താപനത്തിന്റെ മാതാവും പിതാവും ആഗോളവല്‍ക്കരണം തന്നെയാണ്. അത് ഐശ്വര്യങ്ങൾ ഇറ്റിറ്റു വീഴുന്ന ട്രിക്കിൾ ഡൗൺ (Trick­le down) സിദ്ധാന്തം പറഞ്ഞെങ്കിലും താഴെക്കിടയിലുള്ള രാജ്യങ്ങൾക്കും മനുഷ്യർക്കും ഒന്നും കിട്ടിയില്ല. സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്തു. 2013ൽ ലോകത്തിലെ ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ കയ്യില്‍ സമ്പത്തിന്റെ 48 ശതമാനമാണ് ഉണ്ടായിരുന്നതെങ്കിൽ 2016ൽ അത് പകുതിയിലധികമായി. 2014ൽ ഓക്സ് ഫാം ഇന്റർ നാഷണലിന്റെ ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത് ലോകത്തിലെ അതി സമ്പന്നരായ 85 വ്യക്തികളുടെ ആകെ സമ്പത്ത് ലോകജനസംഖ്യയുടെ താഴെക്കിടയിലുള്ള നേർപകുതിയുടെ — അതായത് 350 കോടി മനുഷ്യരുടെ — മൊത്തം ആസ്തിക്ക് തുല്യമാണെന്നാണ്. എന്നാൽ ലാഭമോഹം മാത്രം കൈമുതലാക്കിയ കയ്യേറ്റങ്ങൾക്ക് പ്രകൃതി നൽകിയ തിരിച്ചടിയേറ്റുവാങ്ങിയതാകട്ടെ ഏറ്റവും താഴെക്കിടയിലുള്ള രാജ്യങ്ങളും മനുഷ്യരുമാണ് എന്നതാണ് വൈരുധ്യം. ഇത്തരം ലോകയാഥാർത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കണമെന്ന് കൂടിയാണ് ഈ പരിസ്ഥിതി ദിനവും നമ്മോട് ആവശ്യപ്പെടുന്നത്. 

പരിസ്ഥിതിയെയും വികസനത്തെയും പരസ്പര വിരുദ്ധമായി വർഗീകരിക്കുന്ന പ്രവണത മനുഷ്യവിരുദ്ധം എന്നതുപോലെ അശാസ്ത്രീയവുമാണ്. വികസനം എന്നതിനെപറ്റി മുതലാളിത്ത മുഖ്യധാര നമ്മെ ആവർത്തിച്ചു പഠിപ്പിച്ച സങ്കല്പങ്ങളുടെ ഫലമാണത്. ഇന്ന് ജീവിച്ചിരുന്നവരും വരാനിരിക്കുന്നവരുമായ തലമുറകളുടെ ജീവിതാവശ്യങ്ങളെ നിറവേറ്റുന്നതിനായി പ്രകൃതി വിഭവങ്ങളെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുന്നതാണ് സ്വീകാര്യമായ വികസന മാതൃക. മലയാളികൾക്ക് തിരക്കൊഴി‍ഞ്ഞതും വേഗത്തിൽ സ‍ഞ്ചരിക്കാനാവുന്നതുമായ ദേശീയപാത തീർച്ചയായും ആവശ്യമാണ്. അത് നിർമ്മിക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയുമാണ്. എന്നാൽ വർഷത്തിന്റെ പകുതിക്കാലം മഴ പെയ്യുന്ന ഈ നാട്ടിൽ വെള്ളത്തിന് ഒഴുകിപ്പോകാൻ ഇടമില്ലാതെ പണിയുന്ന ഏതൊരു നിർമ്മിതിയെയും പ്രകൃതി സ്വീകരിക്കുകയില്ല. താൽക്കാലികമായി ഉണ്ടാകുന്ന തുച്ഛമായ ലാഭങ്ങൾക്ക് ഭാവിയിൽ കൂടിയ വില നൽകേണ്ടി വരും എന്ന മുന്നറിയിപ്പ് എത്രയോ തവണ പ്രകൃതി നമുക്ക് നൽകിക്കഴിഞ്ഞു. എല്ലാവരുടെയും ആവശ്യങ്ങൾക്ക് മതിയാകുന്നതും ആരുടെയും ദുരയ്ക്ക് തികയാത്തതുമാണ് പ്രകൃതിവിഭവങ്ങൾ എന്ന് ഗാന്ധിജി എപ്പോഴും ഓർമ്മിപ്പിച്ചു. ഈ തിരിച്ചറിവിൽ നിന്നാണ് സുസ്ഥിര വികസന സങ്കല്പം രൂപം കൊള്ളുന്നത്. എന്നാൽ ആരുടെയെങ്കിലും ആഗ്രഹചിന്തയിൽ നിന്നോ അരാഷ്ട്രീയമായ വാചാടോപങ്ങളിൽ നിന്നോ അത് യാഥാർത്ഥ്യമാവുകയില്ല. മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ വികസന മാതൃകകളെ കയ്യൊഴിയാനും വിവേകപൂർവവും സുസ്ഥിരവുമായ പുതുമാതൃകകൾ സ്വീകരിക്കാനും ഭരണകൂടങ്ങൾ മുന്നോട്ടു വരേണ്ടതുണ്ട്. മൂലധനശക്തികൾക്ക് മേൽക്കയ്യുള്ള ആഗോള ഭരണക്രമത്തിൽ ശക്തമായ ബഹുജനമുന്നേറ്റത്തിലൂടെ മാത്രമേ ആ ലക്ഷ്യത്തിലേക്ക് ഒരടിയെങ്കിലും നീങ്ങാൻ മനുഷ്യരാശിക്ക് കഴിയൂ.
ലാഭാർത്തി പ്രകൃതിക്കുമേൽ നടത്തിയ ആക്രമണങ്ങളുടെ തിരിച്ചടികൾക്ക് ഇരയായ നിസഹായരായ മനുഷ്യരോടുള്ള ഐക്യവും സാഹോദര്യവുമായിരിക്കും പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ വരുംകാല സമരങ്ങൾക്ക് ചൈതന്യം പകരുക. മാനവരാശി സർവനാശത്തിന്റെ വക്കിലെത്തിയോ എന്ന് പോലും ഭയപ്പെട്ടുപോകുന്ന ഈ ഘട്ടത്തിൽ വ്യത്യസ്ത വിശ്വാസപ്രമാണങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും കൈകോർത്തു നീങ്ങാൻ കഴിയേണ്ടതുണ്ട്. മാർക്സിസത്തിനും ഗാന്ധിസത്തിനും മനുഷ്യനെ മറക്കാത്ത മതബോധത്തിനും ഈ യാത്രയിൽ ഒന്നിച്ച് നീങ്ങാൻ തലങ്ങളേറെയുണ്ട്. അവയേതെന്ന് അന്വേഷിക്കുവാനും കണ്ടെത്തുവാനും പരിസ്ഥിതിയുടെ രാഷ്ട്രീയം നമ്മോട് ആഹ്വാനം ചെയ്യുന്നു. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.