വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവല്‍ക്കരണം ലക്ഷ്യംവയ്ക്കുന്ന ശ്യാം ബി മേനോൻ കമ്മിറ്റിയുടെ സ്വകാര്യ സര്‍വകലാശാലയെന്ന നിർദേശം വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്ന് സര്‍ക്കാരിന് പിന്മാറേണ്ട സാഹചര്യമൊരുക്കുന്നതാണ്. യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ, മെരിറ്റും സാമൂഹ്യനീതിയും അട്ടിമറിച്ച് ലാഭം മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പല സ്വകാര്യ സർവകലാശാലകളും നിലവാരമുള്ള വിദ്യാഭ്യാസമല്ല നൽകുന്നത്. പൊതു സർവകലാശാലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ സർവകലാശാലകളിൽ ഫീസ് വളരെ കൂടുതലായിരിക്കുകയും ചെയ്യും. ഇതോടെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാകില്ല എന്നതും വസ്തുതയാണ്. അറിവിനെക്കാൾ പണം മാനദണ്ഡമാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം പ്രവണതകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ വലുതായിരിക്കും. തന്നെയുമല്ല പഠനത്തിനായി ചെലവഴിച്ച തുക ജോലിയിൽ പ്രവേശിക്കുന്നതോടെ അതിന്റെ എത്രയോ മടങ്ങ് തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാവുക. അപ്രകാരമുള്ള വിദ്യാർത്ഥികളിൽ മാനവികതയും മനുഷ്യത്വപരമായ സമീപനങ്ങളും രൂപപ്പെടുകയില്ലെന്നത് സ്വാഭാവികമാണല്ലോ. സ്വാർത്ഥതയും സങ്കുചിത മനോഭാവവും ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അനന്തര ഫലമായി രൂപംകൊള്ളുകയും ചെയ്യും.
ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും അടിസ്ഥാനതത്വം നീതിയും സമത്വവുമാണ്. എന്നാൽ വിദ്യാഭ്യാസത്തെ കേവലം വാണിഭമായി മാത്രം കാണുന്ന മാനേജ്മെന്റുകൾ നാടിനെ അലോസരപ്പെടുത്തുന്നതും അർപ്പണബോധമില്ലാത്തതുമായ ഒരു തലമുറയെയാണ് വാർത്തെടുക്കുക. വിദ്യാഭ്യാസത്തെ സേവനമെന്ന നിലയിൽ നിന്ന് അകറ്റി നിർത്തുമ്പോഴാണ് കച്ചവടതാല്പര്യങ്ങൾ പകരമായി കടന്നുവരുന്നത്. പൊതു സർവകലാശാലകളിൽ പ്രവേശനം മെരിറ്റിന്റെ അടിസ്ഥാനത്തിലാകുമ്പോൾ സ്വകാര്യ സർവകലാശാലകളിൽ പണമുള്ളവർക്ക് ആകർഷകമായ കോഴ്സുകൾ ലഭ്യമാകുന്ന സ്ഥിതി സംജാതമാകും. പൊതു സർവകലാശാലകൾ ഗവേഷണ പ്രവർത്തനങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുമ്പോൾ, സ്വകാര്യ സർവകലാശാലകൾ അതിനായിരിക്കില്ല പ്രാധാന്യം നൽകുകയെന്നതും വസ്തുതയാണ്. സ്വകാര്യ സർവകലാശാലകളിൽ അധ്യാപകരുടെ യോഗ്യതയും കാമ്പസ് ക്രമങ്ങളും കോഴ്സുകളുടെ ഗുണനിലവാരവും കുറയാൻ സാധ്യതയുണ്ട്. സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ സർവകലാശാലകള്‍ വീഴ്ച വരുത്തുന്നതും നിത്യ സംഭവമാണ്. ഇതുകൊണ്ടെല്ലാമാണ് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം സ്വകാര്യ നിക്ഷേപകർക്ക് തുറന്നു കൊടുത്തുകൊണ്ട് പരമാവധി ലാഭം കൊയ്യാനുള്ള കമ്പോളം സൃഷ്ടിക്കുന്ന സാഹചര്യം ഇടതുപക്ഷ സർക്കാർ ഉണ്ടാക്കരുതെന്ന് വിദ്യാഭ്യാസ സ്നേഹികൾ ആവർത്തിച്ചാവശ്യപ്പെടുന്നത്. രാജ്യത്ത് 2022 ജൂൺ 24 വരെയുള്ള കണക്കുകൾ പ്രകാരം 412 സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. 52 എണ്ണമുള്ള രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ. ഉത്തർപ്രദേശില്‍ നോയിഡയിലെ അമിറ്റി, പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലകൾ, മഹാരാഷ്ട്രയിലെ നർസിം മോൺജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ്, തമിഴ്‌നാട്ടിലെ ശ്രീ ചന്ദ്രശേഖരേന്ദ്ര സർവകലാശാല എന്നിവയാണ് അവയില്‍ പ്രമുഖം.
കേരളത്തിൽ ഇതുവരെ സ്വകാര്യ സർവകലാശാലകൾ നിലവിൽ വന്നിട്ടില്ല. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി 20ലധികം വിദ്യാഭ്യാസ ഗ്രൂപ്പുകൾ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവയിൽ മണിപ്പാൽ, സിംബയോസിസ്, അമിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. സേവനത്തിന് ബദലായി കച്ചവടത്തിന്റെ രീതിശാസ്ത്രമാണ് ഈ സർവകലാശാലകളെല്ലാം പിന്തുടരുന്നത് എന്നതിനാൽത്തന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ പരിപൂർണമായ സ്വകാര്യവല്‍ക്കരണമാണ് ഇവിടെയെല്ലാം കാണാൻ കഴിയുന്നത്. പരസ്യമായ വിദ്യാഭ്യാസ വാണിഭവും അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ചൂഷണം ചെയ്തുള്ള കൊള്ളലാഭവുമാണ് ഇവരുടെയെല്ലാം അജണ്ട. വിദ്യാഭ്യാസത്തിന്റെ സാമൂഹിക ഉത്തരവാദിത്തം പൂർണമായും തിരസ്കരിച്ച് പകരം വെറും നൈപുണികൾ തേടുന്നവരായി വിദ്യാർത്ഥികളെ മാറ്റിയെടുക്കുകയെന്നതാണ് ഇത്തരം വിപണികേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതെ ആർക്കും എപ്പോഴും എങ്ങനെയും എടുത്തുപയോഗിക്കാവുന്നതും എവിടെയും തുടങ്ങാവുന്നതുമായ ഒന്നായി വിദ്യാഭ്യാസത്തെയും വിദ്യാലയങ്ങളെയും മാറ്റുന്നതിന്റെ അനന്തരഫലമാണിത്.
സമ്പന്നവ്യക്തികളും സ്ഥാപനങ്ങളും വിദ്യാഭ്യാസത്തെ വിലയ്ക്കെടുത്ത് പരസ്യമായ കച്ചവടത്തിലൂടെ സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും തകർത്തുകൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ നാൾ മുതൽ സംസ്ഥാനത്ത് സർക്കാരും സ്വാശ്രയ മാനേജ്മെന്റുകളും ഏറ്റുമുട്ടലിന്റെ പാതയിലാണെന്നതും വസ്തുതയാണ്. സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുന്നതോടെ സ്വകാര്യവൽക്കരണത്തിന് നിയമസാധുത ലഭിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ വിവേചനമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാവുന്ന സ്ഥിതിവിശേഷം സംജാതമായിക്കൂടാ.
വിദ്യാഭ്യാസത്തെ കൂടുതൽ ജനകീയവും സാർവത്രികവും ജനാധിപത്യപരവുമാക്കി മാറ്റുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എക്കാലത്തെയും നയം. ഈ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ സാമൂഹ്യനീതി അട്ടിമറിക്കുന്നതും വിദ്യാഭ്യാസ കച്ചവടത്തിന് അവസരം ഒരുക്കുന്നതുമായ സ്വകാര്യ സർവകലാശാലാ ബില്ല് പിന്‍വലിച്ച് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനുവദിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നാണ് എഐഎസ്എഫ് നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.