കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കടൽ മേഖലയാകെ അളന്ന് വിൽക്കുവാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. കടലിനെ ഏഴു മേഖലകളായി തിരിച്ചുകൊണ്ടാണ് നയം നടപ്പിലാക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് കടലിലെ ഖനനമാണ്. ആഴക്കടലും തീരക്കടലും സ്വകാര്യ കമ്പനികൾക്ക് നൽകിക്കൊണ്ട് പരമാവധി ഖനനം നടത്തി ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. കടൽ മണൽ ഖനനത്തിന് കൊല്ലം തീരത്തുള്ള മൂന്ന്, ചുണ്ണാമ്പ് ഖനനത്തിന് ഗുജറാത്ത് തീരത്തുള്ള മൂന്ന്, പോളിമെറ്റാലിക്ക് പദാർത്ഥങ്ങൾ ഖനനം ചെയ്യുന്നതിന് നിക്കോബാർ ദീപിലെ ഏഴ് ഉൾപ്പെടെ 13 ബ്ലോക്കുകളാണ് ആദ്യഘട്ടമെന്ന നിലയിൽ ലേലത്തിന് വച്ചിരിക്കുന്നത്. 2002ലെ കടൽ മേഖല ധാതുക്കൾ വികസനവും നിയന്ത്രണവും നിയമം ഭേദഗതി ചെയ്തുകൊണ്ട് മത്സരാധിഷ്ഠിത ലേലത്തിലൂടെ കടൽ മേഖലയാകെ പല ബ്ലോക്കുകളായി തിരിച്ചു കൊണ്ട് സ്വകാര്യ കമ്പനികൾക്ക് ഖനന ലൈസൻസ് നൽകുവാനാണ് സർക്കാർ നീക്കം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഒഡിഷ, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഘന ധാതുക്കളും (ലോഹ മണൽ) ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ ചുണ്ണാമ്പ് നിക്ഷേപവും കേരളത്തിന്റെ തീരക്കടലിലും പുറത്തും നിർമ്മാണത്തിന് ആവശ്യമായ മണലും ലഭ്യമാണ് എന്ന് വ്യക്തമാക്കുന്നു. 79 ദശലക്ഷം ടൺ ലോഹമണലും 1,53,996 ദശലക്ഷം ടൺ ചുണ്ണാമ്പും 745 ദശലക്ഷം ടണ്‍ മണലും കടലിൽ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പരമാവധി ഖനനം ചെയ്തെടുക്കുവാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്തത്.
കടൽ ഖനനം സ്വകാര്യ കമ്പനികൾക്ക് കൈമാറിയാൽ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തീരക്കടലിലും ആഴക്കടലിലും നടക്കുന്ന ഖനനം കടലിന്റെ ആവാസ വ്യവസ്ഥയാകെ തകരാറിലാക്കും. വലിയ തോതിൽ മത്സ്യസമ്പത്ത് നശിക്കുവാൻ ഇടവരുത്തും, തീരശോഷണം ശക്തിപ്പെടും. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്ന കടൽ മേഖലയിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് കടന്നുചെല്ലാൻ കഴിയാത്ത തരത്തിലുള്ള നിയന്ത്രണങ്ങളും വരും. കടലിലെ ഏത് ഖനനവും തൊട്ടടുത്ത തീരത്തെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തിന്റെ അനുബന്ധമായ സുനാമി തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തീരത്തെ തകർത്തെറിഞ്ഞ അനുഭവം നമ്മുടെ മുന്നിലുണ്ട്. കേരളം പോലെ ജനസാന്ദ്രമായ തീരദേശ സംസ്ഥാനത്ത് കടൽ ഖനനത്തിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. അതുകൊണ്ട് കേരളവും മറ്റ് തീരദേശ സംസ്ഥാനങ്ങളും ശക്തമായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.
മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പുമായി ബന്ധപ്പെട്ട ആശങ്കകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയെ നിർണയിക്കുന്നതിൽ സമുദ്രങ്ങളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ കടലിൽ വരുന്ന എന്തു മാറ്റങ്ങളും അതീവ ജാഗ്രതയോടെയാണ് ശാസ്ത്രസമൂഹം ഉറ്റു നോക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ മുഖ്യഹേതു ആഗോളതാപനമാണെന്നും ആഗോളതാപനത്തിന് പ്രധാന കാരണം കാർബൺ ബഹിർസ്‌ഫുരണമാണെന്നും പരക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തത്വമാണ്. കാർബൺ പുറംതള്ളുന്നത് കുറയ്ക്കുന്നതിന് ലക്ഷ്യംവയ്ക്കുന്ന പദ്ധതികളാണ് ലോകത്താകമാനം നടത്തിക്കൊണ്ടിരിക്കുന്നത്. കാർബൺ പിടിച്ചുനിർത്തുന്നതിലും സമുദ്രത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സമുദ്രത്തെ സംരക്ഷിക്കുക എന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ആദ്യപാഠമാണെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ നിലപാട്. പുതിയ ഊർജസ്രോതസുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബാറ്ററിയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ബാറ്ററി ഉല്പാദനത്തിൽ മുഖ്യ ഘടകമാണ് ലിഥിയം, കൊബാൾട്ട്, നിക്കൽ, മാംഗനീസ് തുടങ്ങിയ പദാർത്ഥങ്ങൾ. സമുദ്രത്തിന്റെ അടിത്തട്ടിൽ വലിയ തോതിൽ നിക്ഷേപമുള്ള ഇത്തരം പദാർത്ഥങ്ങൾ ഖനനം ചെയ്തെടുക്കുവാനുള്ള നീക്കമാണ് കോർപറേറ്റ് കമ്പനികൾ ധൃതഗതിയിൽ നടത്തുന്നത്. അതിന് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോകത്ത് ആദ്യമായി കടൽ ഖനനത്തിന് അനുമതി നൽകിയ രാജ്യമാണ് നോർവെ. ഇത് അതീവ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കും എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ശാസ്ത്രസമൂഹം രംഗത്ത് വന്നിരിക്കുകയാണ്. 900 സമുദ്ര ശാസ്ത്രജ്ഞരും പൊതുസമൂഹവും രാജ്യങ്ങൾ തന്നെയും ഇതിനെതിരെ രംഗത്തെത്തി. 2021 സെപ്റ്റംബറിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ കൺവെൻഷൻ കടൽ ഖനനത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 2022 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനം ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനിലെ 120 പാർലമെന്റംഗങ്ങള്‍, കടലിന്റെ ജൈവവൈവിധ്യത്തെ തകർക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും പറഞ്ഞുകൊണ്ട് നോർവീജിയൻ പാർലമെന്റിന് കത്തെഴുതുകയുണ്ടായി.
ഫ്രാൻസ്, കാനഡ ബ്രസീൽ, ജർമ്മനി തുടങ്ങി 32 രാജ്യങ്ങൾ ഈ നീക്കത്തിനെതിരായി രംഗത്തുവരികയുണ്ടായി. ഗ്രീൻ പീസ് പോലുള്ള സംഘടനകൾ ആഴക്കടലിൽ പോയി ഡ്രഡ്ജറുകൾ തടഞ്ഞു. വേൾഡ് വൈഡ് ഫണ്ട് എന്ന പരിസ്ഥിതി പ്രസ്ഥാനം കോടതിയിൽ കേസുകൾ ഫയൽ ചെയ്തു. സർക്കാർ തീരുമാനത്തിനെതിരെ നോർവേയിലെ ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടി ശക്തമായി രംഗത്ത് വന്നു. ലോകത്താകമാനം പ്രതിഷേധം ശക്തിപ്പെട്ടപ്പോൾ കടൽ ഖനനംനിർത്തിവയ്ക്കാൻ നോർവേ സർക്കാർ നിർബന്ധിതരായി. ഐക്യരാഷ്ട്ര സഭയുടെ സമുദ്ര നിയമപ്രകാരം ദേശരാഷ്ട്രങ്ങളുടെ അധികാരപരിധിക്കു പുറത്തുള്ള കടലിൽ ഖനനം നടത്തുന്നതിന് ഇന്റർ നാഷണൽ സീ ബെഡ് അതോറിട്ടിയുടെ അനുവാദം ആവശ്യമാണ്. ഇന്ത്യൻ മഹാ സമുദ്രത്തിൽ ആഴക്കടലിൽ 75,000 ചതുരശ്ര കിലോമീറ്റർ ഖനന പര്യവേഷണത്തിന് ഇന്ത്യന്‍ സർക്കാർ ഇന്റർ നാഷണൽ സീ ബെഡ് അതോറിട്ടിയിൽ നിന്ന് അനുമതി നേടിയിട്ടുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ആഴക്കടൽ ഖനനം എളുപ്പത്തിൽ സാധ്യമല്ല എന്നു മനസിലാക്കിയാണ് ഇന്ത്യയുടെ അധികാര പരിധിയിലുള്ള കടലിൽ നിന്ന് ഖനനം നടത്തുവാൻ ധൃതഗതിയിലുള്ള നീക്കം നടത്തുന്നത്. അഡാനി ഉൾപ്പടെയുള്ള കമ്പനികളാണ് ഖനനത്തിന് തയ്യാറായി നിൽക്കുന്നത്. ഏതു വിധത്തിലായാലും പണമുണ്ടാക്കുവാൻ അനുവാദം നൽകുക എന്നതാണ് കേന്ദ്ര സർക്കാർ സമീപനം. അതിനായി അവർ എല്ലാ പരിസ്ഥിതി നിയമങ്ങളെയും ദുർബ്ബലമാക്കിയിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിനു വേണ്ടി ലോകത്താകെ ജനങ്ങളും ഭരണകൂടങ്ങളും രംഗത്തുവരുമ്പോഴാണ് നമ്മുടെ സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ഇല്ലാതാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരുകളുടെയും കോർപറേറ്റുകളുടെയും നിരുത്തരവാദപരമായ നിലപാടുകൾക്കെതിരെ ലോകത്താകെ 2,500 കേസുകൾ നടക്കുകയാണെന്നും അവയിലേറെയും കടൽ സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്നുംഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം (യുഎൻഇപി) തന്നെ വ്യക്തമാക്കുകയുണ്ടായി. ഇത്തരം ആശങ്കകളുടെ നടുവിൽ ആഴക്കടൽ ഖനനവുമായി ബന്ധപ്പെട്ട അന്തർ ദേശീയ ചട്ടങ്ങൾ പ്രഖ്യാപിക്കുന്നത് പോലും മാറ്റി വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 8,118 കിലോമീറ്റർ കടൽത്തീരമുള്ള ലോകത്തെ മൂന്നാമത്തെ വലിയ സമുദ്രമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരം കൂടിയായ ഇന്ത്യയിൽ കടൽ ഖനനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ മഹാസമുദ്രവും മൺസൂണും കാർഷിക രാജ്യമായ ഇന്ത്യയുടെ കാലാവസ്ഥയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും മത്സ്യസമ്പത്തിന്റെ ഉറവിടമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയിലും തൊഴിൽരംഗത്തും ഭക്ഷ്യസുരക്ഷയിലും സുപ്രധാന പങ്ക് വഹിക്കുന്ന, പൊൻ മുട്ടയിടുന്ന താറാവിനെ കൊല്ലാൻ ഒരു കാരണവശാലും അനുവദിക്കരുത്. തീരദേശ സംസ്ഥാനങ്ങളും ജനങ്ങളും ശാസ്ത്രസമൂഹവും തൊഴിലാളികളും കൈകോർത്താൽ കോർപറേറ്റുകള്‍ക്കും അവർക്ക് ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരിനും പിൻവാങ്ങേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ 27ന് നടത്തുന്ന തീരദേശ ഹർത്താൽ അത്തരം ഒരു ഐക്യനിര പടുത്തുയർത്തുന്നതില്‍ വലിയ പങ്ക് വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.