കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്. നാടിന്റെ സമസ്തമേഖലകളേയും പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തുകയാണ് സംസ്ഥാന സർക്കാർ. ഒരു നവകേരളം പടുത്തുയർത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. സമകാലിക പ്രതിസന്ധികളെ മറികടക്കുക എന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെന്തായിരിക്കണമെന്ന ഉറച്ച കാഴ്ചപ്പാടുകളും അവ സാക്ഷാൽക്കരിക്കാനുള്ള ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളുമാണ് നവകേരള നിർമ്മിതിയെ സവിശേഷമാക്കുന്നത്. ക്രമസമാധാനരംഗത്തെ ഭദ്രത, സാമൂഹികരംഗത്തെ സാഹോദര്യം, പൊതുജീവിത രംഗത്തെ സുരക്ഷിതത്വം, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സമഗ്ര ക്ഷേമ ആശ്വാസ നടപടികൾ, ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ എന്നിവയൊക്കെ ഭരണത്തിന്റെ മുഖമുദ്രകളായി. കർഷകത്തൊഴിലാളികൾ അടക്കമുള്ള അടിസ്ഥാന വിഭാഗം മുതൽ വരുംകാലത്തെ രൂപപ്പെടുത്തുന്ന ന്യൂജെൻ പ്രതിഭാശാലികളെ വരെ കരുതുന്നതും ദേശീയതലത്തിൽ വേറിട്ട തലയെടുപ്പോടെ നിൽക്കുന്നതുമായ ഒരു ഭരണ സംസ്കാരം നാം രൂപപ്പെടുത്തി.
2021 മേയ് മാസത്തിൽ അധികാരത്തിൽ വന്ന ഈ സർക്കാർ ഏറെ ചാരിതാർത്ഥ്യത്തോടെയാണ് അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്. 2016ൽ അധികാരത്തിൽ വന്ന സര്‍ക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും. അതിനാൽ ഒരർത്ഥത്തിൽ ഇത് ഒമ്പതാം വാർഷികമായി മാറുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും കാരണം വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കുമുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതു മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു. തൊഴിൽ നിയമന മരവിപ്പ്, പൊതുമേഖലയുടെ തകർച്ച, അടച്ചുപൂട്ടുന്ന പൊതുവിദ്യാലയങ്ങൾ, കാർഷിക വ്യാവസായിക രംഗങ്ങളിലെ മുരടിപ്പ്, വ്യവസായ നിക്ഷേപങ്ങൾ ഇല്ലാത്ത സ്ഥിതി, അതിഗുരുതരമായ സാമ്പത്തിക തകർച്ച, മൂലധനച്ചെലവിനു പോലും ഫണ്ടില്ലാത്ത തരത്തിലുള്ള വികസനമരവിപ്പ്, തുടങ്ങി അസംഖ്യം പ്രശ്നങ്ങള്‍.
തകർന്ന റോഡുകളും, അഴിമതിപ്പാലങ്ങളും, വെറും തൂണുകൾ മാത്രമായിരുന്ന കൊച്ചി മെട്രോയും, വേലി പോലും കെട്ടിത്തിരിക്കാത്ത മൺപാതയിലേക്ക് യുദ്ധവിമാനം കഷ്ടിച്ചിറക്കി ഉദ്ഘാടനം ചെയ്ത വിമാനത്താവളവും മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡിങ്ങും പവർകട്ടും ഇവിടെ ഒന്നും നടക്കില്ലെന്ന് പറഞ്ഞു കേരളം വിട്ട ദേശീയ ഹൈവേ അതോറിട്ടിയും പരാതികൾ തീരാത്ത സർക്കാർ ആശുപത്രികളും ആയിരുന്നു എൽഡിഎഫ് സർക്കാരിനെ വരവേറ്റത്.
എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പക്ഷേ കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വികസന വഴിയിൽ നയിക്കണമെന്ന നിശ്ചയദാർഢ്യം എൽഡിഎഫിനും സർക്കാരിനും ഉണ്ടായിരുന്നു. അതിനായി സമഗ്ര കർമ്മ പദ്ധതി അടങ്ങിയ പ്രകടന പത്രികയുമായാണ് മുന്നോട്ടുപോയത്. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണകൾ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ഈ സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവർ നിശബ്ദരായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കി. പദ്ധതിയുടെ നിർമ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതലാണ്.
യുഡിഎഫ് സർക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയപാതാ വികസനം സാധ്യമാക്കി. അവരുടെ കാലത്ത് സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും നടക്കാതെ വന്നപ്പോൾ ഓഫിസ് അടച്ച് ദേശീയപാതാ അതോറിട്ടി കേരളം വിടുന്ന അവസ്ഥയാണുണ്ടായത്. 2016ൽ അധികാരത്തിലെത്തിയപ്പോൾ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഹൈവേ വികസനം ഏറ്റെടുത്തു. കേന്ദ്ര സർക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകൾ നമുക്കുമേൽ അടിച്ചേല്പിച്ചു. അതിനെത്തുടർന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6,000 കോടിയോളം രൂപ സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീർഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാർത്ഥ്യമാക്കാനും നമുക്ക് സാധിച്ചു.
ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി നാടിന് സമ്മാനിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം ദൂരീകരിച്ച് പൂർത്തീകരിച്ചു. വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാർഷിക വ്യാവസായിക രംഗത്തും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഇടമൺ — കൊച്ചി പവർഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ നിന്നും വീണ്ടെടുത്ത് പൂർത്തീകരിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐടി കോറിഡോർ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ, കോസ്റ്റൽ ഹൈവേ, വയനാട് തുരങ്കപാത, കെ ഫോൺ, കൊച്ചി വാട്ടർ മെട്രോ, പശ്ചിമ തീരകനാൽ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക്, തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വൻപദ്ധതികൾ പുരോഗമിക്കുകയാണ്.
തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും നിർമ്മാണം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ഡിപിആർ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി പ്രകാരം സർക്കാർ ഇതിനകം 5,79,568 വീടുകൾ അനുവദിക്കുകയും അതിൽ 4,52,156 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവ നിർമ്മാണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്.
ലൈഫ് മിഷൻ മുഖേന 1,51,992 പട്ടികജാതി കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. 45,048 പട്ടിക വർഗക്കാർക്കാണ് വീട് നല്‍കിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിലൂടെ ഇതിനകം 2,300ഓളം വീടുകൾ നൽകി. 390 ഫ്ലാറ്റുകളും കൈമാറി. 944 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ക്ഷേമ പെൻഷനുകൾ ലഭ്യമാക്കാനായി പ്രതിവർഷം 11,000 കോടി രൂപയോളം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. യുഡിഎഫിന്റെ കാലത്ത് 2016ൽ 34 ലക്ഷം പേർക്ക് 600 രൂപാ നിരക്കിലായിരുന്നു ക്ഷേമ പെൻഷൻ ലഭിച്ചിരുന്നത്. എന്നാൽ, നിലവിൽ എൽഡിഎഫ് സർക്കാർ 60 ലക്ഷം പേർക്ക് 1,600 രൂപാ വീതം നൽകിവരികയാണ്. ക്ഷേമ പെൻഷനായി 2011–16 ഘട്ടത്തിൽ യുഡിഎഫ് ചെലവഴിച്ചത് 9,000 കോടി രൂപയാണെങ്കിൽ കഴിഞ്ഞ ഒമ്പത് വർഷംകൊണ്ട് എൽഡിഎഫ് സർക്കാരുകൾ ചെലവഴിച്ചത് 72,000 കോടിയോളം രൂപയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്ത സർക്കാരെന്ന അഭിമാനകരമായ നേട്ടം ഈ സർക്കാർ കൈവരിച്ചു. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി 43,058 പട്ടയങ്ങൾ കൂടി വിതരണം ചെയ്തതോടെ ഈ നാലുവർഷത്തിനുള്ളിൽ 2,23,945 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങൾ വിതരണം ചെയ്ത റെക്കോഡാണ് ഈ എൽഡിഎഫ് സർക്കാർ മറികടന്നിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ കണക്കെടുത്താൽ നാല് ലക്ഷത്തിലധികം കുടുംബങ്ങൾ ഭൂമിയുടെ ഉടമകളായിത്തീർന്നിരിക്കുന്നു. അടുത്ത ഒരു വർഷംകൊണ്ട് ഒരു ലക്ഷം പട്ടയങ്ങൾ കൂടി വിതരണം ചെയ്യാനാണ് എൽഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നത്.
അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ 2025 ഏപ്രിൽ 15ലെ കണക്കുകൾ പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളിൽ 50,401 കുടുംബങ്ങളെ (78.74ശതമാനം) നാളിതുവരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ നവംബർ ഒന്നിന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് പൂർണമായും മുക്തമാക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
ഈ നേട്ടങ്ങളെല്ലാം സാധ്യമാകുമ്പോഴും നാം നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും ചെറുതൊന്നുമല്ല. ഒരു ഭാഗത്ത് ഓഖിയും 2018ലെ മഹാപ്രളയവും 19ലെ അതിരൂക്ഷ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയും ഏറ്റവുമൊടുവിൽ ചൂരൽമല ഉരുൾപൊട്ടലും വരെയുള്ള പ്രകൃതി ദുരന്തങ്ങൾ. മറ്റൊന്ന് കേന്ദ്രസർക്കാരിന്റെ സമീപനം സൃഷ്ടിച്ച വൈതരണികൾ. കേന്ദ്ര പദ്ധതി വിഹിതങ്ങളിലും നികുതി വരുമാനത്തിലും വരുത്തിയ വെട്ടിക്കുറവുകൾ നമ്മുടെ വരുമാനത്തിൽ കാര്യമായി ഇടിവുണ്ടാക്കി. ആ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടുപോകാനാണ് നാം ശ്രമിക്കുന്നത്.
കഴിഞ്ഞ നാല് വർഷത്തിനിടെ തനത് നികുതി വരുമാനം 47,000 കോടി രൂപയിൽ നിന്ന് 81,000 കോടിയായി വർധിച്ചു. ആകെ തനതുവരുമാനമാകട്ടെ 55,000 കോടിയിൽ നിന്ന് 1,04,000 കോടിയായി വർധിച്ചു. പൊതുകടവും ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം 36 ശതമാനത്തിൽ നിന്നും 34 ശതമാനമായി മാറി. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഈ സാമ്പത്തിക വർഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം സംസ്ഥാനം വഹിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 13.11 ലക്ഷം കോടിയായി ഉയരുകയാണ്. പ്രതിസന്ധികളിൽ തളരുകയല്ല, അവയെ അവസരങ്ങളാക്കി മുന്നോട്ടു പോവുകയാണ് നാം ചെയ്യുന്നത്.
എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ചയുണ്ടാവും എന്ന ഉറപ്പാണ് നാലാം വാർഷികാഘോഷങ്ങളിലേക്ക് എത്തുന്ന ജനസാഗരങ്ങൾ. കേരളം കേവലം ഒരു സംസ്ഥാനത്തിന്റെ പേര് മാത്രമല്ല, അതു നമ്മുടെ മണ്ണും മനസുമാണ്. മലയാളിയുടെ അഭിമാനമാണ് ഈ നാട്. നവകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എൽഡിഎഫ് ഭരണം തുടരാൻ ജനങ്ങളും ആഗ്രഹിക്കുകയാണ്. ആ ആഗ്രഹം നൽകുന്നത് വലിയ ഉത്തരവാദിത്തമാണ്. പ്രതിബദ്ധതയോടെ, വിട്ടുവീഴ്ചയില്ലാതെ അത് നിർവഹിച്ചു സർക്കാർ മുന്നോട്ടുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.