14 July 2024, Sunday
KSFE Galaxy Chits

വെറുപ്പിന്റെ സിദ്ധാന്തം പ്രയോഗിക്കുന്നവർ

എന്‍ അരുണ്‍
പ്രസിഡന്റ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി
June 22, 2024 4:36 am

ബാബറി മസ്ജിദ് തകർത്ത ഭൂമിയിലെ രാമക്ഷേത്രം ഉയർത്തിക്കാട്ടിയായിരുന്നു മോഡിയും ബിജെപിയും ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ വർഗീയതയ്ക്കുവേണ്ടി മാത്രം നിർമ്മിച്ച രാമക്ഷേത്രത്തെ അയോധ്യയിലെ ജനങ്ങൾ അംഗീകരിച്ചില്ലെന്ന് മാത്രമല്ല 2014ലും 2019ലും ബിജെപി വിജയം നേടിയ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ സിറ്റിങ് എംപി ലല്ലുസിങ്ങിനെതിരെ സമാജ്‌വാദി പാർട്ടിയുടെ അവദേഷ് പ്രസാദ് സിങ്ങിന് അര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ ജയം സമ്മാനിച്ച് തങ്ങളുടെ മതനിരപേക്ഷ സംസ്കാരത്തെ പ്രദർശിപ്പിക്കുക കൂടി ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കുമെന്ന് നിയമപരമായി പ്രതിജ്ഞയെടുത്തിട്ടുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, രാമഭക്തിയും വിശ്വാസവും ഉപയോഗിച്ച് ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കുകയെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിക്കിടയിലും ഭരണാധികാരത്തെ ഉപയോഗപ്പെടുത്തിയുള്ള വൈകാരികവിക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുക തന്നെയാണ് പുതിയ സംഘ്പരിവാർ സര്‍ക്കാര്‍. എൻസിഇആർടി പുറത്തിറക്കിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേരിന് പകരം ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്ന പഴയ പാഠപുസ്തകത്തിലെ പരാമർശം നീക്കം ചെയ്തുകൊണ്ടാണ് ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528ൽ നിർമ്മിച്ച കെട്ടിടം എന്ന് ഭേദഗതി വരുത്തിയിരിക്കുന്നത്. 

ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ചും വർഗീയ കലാപത്തെക്കുറിച്ചും വിദ്യാർത്ഥികൾ പഠനം നടത്തേണ്ടതില്ലെന്നും മികച്ച പൗരന്മാരെ വാർത്തെടുക്കാൻ ലക്ഷ്യംവച്ചുള്ള പാഠ്യപദ്ധതിയിൽ കലാപങ്ങളെക്കുറിച്ചുള്ള പഠനം അക്രമോത്സുകരും വിഷാദികളുമായ പൗരന്മാരുടെ സൃഷ്ടിക്കിടയാക്കുമെന്നുമുള്ള വാദഗതി ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സംഘ്പരിവാറിന്റെ പാഠപുസ്തക കാവിവല്‍ക്കരണത്തെ എൻസിഇആർടി ഡയറക്ടർ വെള്ളപൂശുന്നത്. ബാബറി മസ്ജിദ് വിഷയത്തിൽ പള്ളിപൊളിച്ച് ക്ഷേത്രം പണിയുന്നതിനാവശ്യമായ യാതൊരു തെളിവുകളും ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യുടെ കണ്ടെത്തലുകളിൽ ഇല്ലെന്നും 1528നും 1857നും ഇടയിലുള്ള കാലയളവിൽ മസ്ജിദ് നിലനിൽക്കുന്ന പ്രദേശവും പള്ളിയും പൂർണമായും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലും കൈവശത്തിലും ആയിരുന്നു എന്നതിനെ ഖണ്ഡിക്കത്തക്ക വിധത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലെന്നും കോടതികൾ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവുംവലിയ വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ടവർ പിന്നീട് രാജ്യത്തിന്റെ ബഹുസ്വരതയുടെയും ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളുടെയും കടയ്ക്കൽ കത്തിവച്ചുകൊണ്ട് തീവ്ര വർഗീയതയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര നിർമ്മാണത്തിനായുള്ള കുത്സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. 

1949 ഡിസംബർ 22ന് ബാബറി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ച് സ്വയംഭൂവായതാണെന്ന് പ്രചരിപ്പിക്കുക വഴി അയോധ്യ സംഭവത്തെ ഒരു വിഭാഗം പൗരന്മാരിൽ വൈകാരിക ഉത്തേജനം സൃഷ്ടിച്ച് ത­ങ്ങളുടെ ഏകശിലാത്മകമായ ബ്രാഹ്മണാധിപത്യ മനുവാദി ഫാസിസ്റ്റിക് ഹിന്ദുത്വരാഷ്ട്ര നിർമ്മിതിക്കായുള്ള നിർണായക ചുവടുവയ്പ് നടത്തുകയായിരുന്നു ആർഎസ്എസ്. 1992 ഡിസംബർ ആറിലെ ബാബറി ധ്വംസനത്തിലൂടെ രാജ്യത്ത് അധികാരത്തിലേക്കുള്ള വഴിതുറന്ന ഭൂരിപക്ഷ വർഗീയത, മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണി മുഴക്കുന്ന കാഴ്ചയ്ക്കാണ് പിന്നീടിങ്ങോട്ട് രാജ്യം സാക്ഷ്യംവഹിച്ചത്. ഏറ്റവുമൊടുവിൽ രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭ്യമാക്കാറുള്ള എൻസിഇആർടി പുസ്തകങ്ങളെപ്പോലും ഭരണകൂടത്തിന്റെ സങ്കുചിത താല്പര്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള സംവിധാനമാക്കി പരിവർത്തിപ്പിച്ചിരിക്കുന്നു. ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ നിഷേധിക്കുന്നതുകൊണ്ടുതന്നെയാണ് രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം മറച്ചുപിടിച്ചുകൊണ്ട് ഏകപക്ഷീയമായ ചരിത്രവ്യാഖ്യാനങ്ങളിലൂടെ സ്ഥാപിത താല്പര്യങ്ങൾ നിറവേറ്റുന്നത് മുഖ്യ അജണ്ടയായി അവർ സ്വീകരിച്ചിരിക്കുന്നത്. സംഘ്പരിവാർ വിധേയത്വമെന്ന ഒറ്റ യോഗ്യതയില്‍ അക്കാദമിക കൗൺസിലുകളിൽ ഉപദേശകന്മാരെ കുടിയിരുത്തി സാക്ഷാൽക്കരിക്കുന്ന ചരിത്രപാഠപുസ്തകങ്ങളുടെ വർഗീയവൽക്കരണമെന്ന ഹിഡൻ അജണ്ടയുടെ പ്രകടമായ ഉദാഹരണങ്ങൾ അനവധിയാണ്. 2014ൽ ചരിത്രഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായ വൈ സുദർശനറാവുവും കൗൺസിൽ അംഗങ്ങളും സാമൂഹ്യശാസ്ത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ട ബ്രിജ്ബിഹാറി കുമാറുമെല്ലാം യാതൊരുവിധ അക്കാദമിക് യോഗ്യതകളുമില്ലാത്ത കേവല മോഡിഭക്തർ മാത്രമായിരുന്നു. അതോടൊപ്പം പ്രതിപക്ഷ പാർട്ടികൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ സ്വതന്ത്രമായ അക്കാദമിക് പ്രവർത്തനങ്ങൾക്കും സ്വയംഭരണാധികാരത്തിനും നേരെ ഗവർണർമാരെ ഉപയോഗിച്ചുളള കടന്നുകയറ്റത്തിനും ശ്രമം നടത്തുകയാണ് സംഘ്പരിവാർ ഭരണകൂടം. 

പാഠ്യപദ്ധതികളിൽനിന്ന് മുഗൾ കാലഘട്ടചരിത്രം ഒഴിവാക്കി പുരാണങ്ങളും ഐതിഹ്യങ്ങളും ആധികാരിക സംഭവങ്ങളെന്ന നിലയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുമ്പ് സൃഷ്ടിച്ച വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്സ് പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾകലാം ആസാദിനെ ഒഴിവാക്കിയും ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ള പരാമർശങ്ങളിൽ തിരുത്തലുകൾ വരുത്തിയും ജനാധിപത്യത്തെയും ജനകീയ സമരങ്ങളെയും സംബന്ധിച്ചുള്ള അധ്യായങ്ങൾ പത്താംതരം പാഠപുസ്തകത്തിൽ നിന്ന് നിഷ്കാസനം ചെയ്തുമുള്ള വെറുപ്പിന്റെയും അന്യവൽക്കരണത്തിന്റെയും സിദ്ധാന്തത്തെ കൂടുതൽ കരുത്തോടെ പ്രയോഗവല്‍ക്കരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അന്യമതവിദ്വേഷ പ്രചരണത്തിൽ നിന്നും വർഗീയ ധ്രുവീകരണത്തിൽ നിന്നും ഒരടി പോലും പിന്നോട്ടുപോകാൻ തങ്ങൾ തയ്യാറല്ലെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനമാണ് പാഠപുസ്തക ഭേദഗതിയിലൂടെ ആർഎസ്എസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്. 

TOP NEWS

July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.