26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024
December 13, 2024
November 9, 2024
November 6, 2024

എം എന്‍ സ്മാരകത്തിലേക്ക്

ഗിരീഷ് അത്തിലാട്ട്
December 26, 2024 4:17 pm

പ്രതിസന്ധികളെത്ര നേരിട്ടാലും കരളുറപ്പോടെ നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരെപ്പോലെ, എം എന്‍ സ്മാരകത്തിനും ഒരുപാട് കഥകള്‍ പറയാനുണ്ട്. പിടിച്ചടക്കാനും തകര്‍ക്കാനും ഭരണകൂടങ്ങളും പൊലീസും രാഷ്ട്രീയ എതിരാളികളും ശ്രമിച്ചു. കാലങ്ങള്‍ കടന്നുപോകുന്തോറും പാര്‍ട്ടിക്കു മുന്നിലുള്ള പ്രതിസന്ധികള്‍ വര്‍ധിച്ചപ്പോളും സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളില്‍ ആശ്വാസമാകുന്ന നടപടികള്‍ക്കായി കണ്ണും കാതും തുറന്നുവച്ചു, എം എന്‍ സ്മാരകവും പാര്‍ട്ടിയും.
കേരള രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനമായ നിരവധി സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേന്ദ്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാന മന്ദിരം. 1959ല്‍ നിര്‍മ്മാണം ആരംഭിച്ച് 1962ലാണ് കെട്ടിടം പൂര്‍ത്തിയായത്. ഉദ്ഘാടന ചടങ്ങ് വിപുലമായി നടത്താതെയായിരുന്നു തിരുവനന്തപുരം മോഡല്‍ സ്കൂള്‍ ജങ്ഷന്‍ എന്നറിയപ്പെടുന്ന സ്ഥലത്തെ കെട്ടിടത്തിലേയ്ക്ക് പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തനങ്ങള്‍ മാറിയത്. അതിന് പിന്നിലും ഒരു കാരണമുണ്ടായിരുന്നു.
ഉദ്ഘാടനം വിപുലമായി നടത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയുമായുള്ള യുദ്ധത്തിന്റെ കാലമായിരുന്നതിനാല്‍ ചൈനയുമായി ബന്ധമുണ്ടെന്ന ആരോപണമുന്നയിച്ച് പാര്‍ട്ടിക്കെതിരെയും ഓഫിസിനെതിരെയും ഭരണകൂട നടപടിയുണ്ടാകുമെന്ന പ്രചരണങ്ങളുണ്ടായി. ഏത് നിമിഷവും പാര്‍ട്ടി ഓഫിസ് പിടിച്ചെടുക്കുമെന്ന കിംവദന്തികള്‍ വന്നു. ഇന്റലിജന്‍സ് വഴി അറിഞ്ഞതായിരുന്നു വിവരങ്ങള്‍. തുടര്‍ന്ന് 1962 സെപ്റ്റംബറില്‍ ലളിതമായ ഒരു ചടങ്ങിലായിരുന്നു പാര്‍ട്ടി ഓഫിസ് മാറ്റം. അക്കാലത്ത് ഏത് സമയവും പൊലീസിന്റെ കടന്നുകയറ്റമുണ്ടാകുമെന്ന ആശങ്കയായിരുന്നു പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായിരുന്നത്. പക്ഷെ അത്തരത്തിലുള്ള നടപടികളൊന്നുമുണ്ടായില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മലബാര്‍ കമ്മിറ്റിയും കേരള കമ്മിറ്റിയുമായിട്ടായിരുന്നു ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. മദ്രാസിന്റെ ഭാഗമായിരുന്ന മലബാറിലെ ഓഫിസ് കോഴിക്കോടായിരുന്നു. അതിന് മുമ്പ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞ ചിലയിടങ്ങളിലായിരുന്നു അതിന്റെ ആസ്ഥാനം. ആലപ്പുഴയില്‍ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ ഓഫിസിന്റെ ഭാഗമായി മറ്റൊരു ഓഫിസും.
പിന്നീടാണ് കേരളത്തിന്റെ പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്താകുന്നത്. ആദ്യം പുത്തന്‍ചന്ത എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു. ഇപ്പോള്‍ ആയുര്‍വേദ കോളജ് നിലനില്‍ക്കുന്ന പ്രദേശം. പഴയ രണ്ട് നില വീടായിരുന്നു ആസ്ഥാനം. നിറയെ മൂട്ടകളും അസൗകര്യങ്ങളും നിറഞ്ഞ ഈ കെട്ടിടത്തെ മൂട്ടവനം എന്നായിരുന്നു കെ സി ജോര്‍ജ് വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആ പേരിലാണ് സഖാക്കള്‍ക്കിടയില്‍ ഓഫിസ് അറിയപ്പെട്ടത്. ചെറിയ സ്ഥലത്തുള്ള ഓഫിസില്‍ നിന്ന് പിന്നീട് വെള്ളയമ്പലത്തുള്ള കെട്ടിടത്തിലേക്ക് മാറി. വെള്ളയമ്പലത്തുള്ള വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പാര്‍ട്ടി ആസ്ഥാനം മാറാനുള്ള തീരുമാനവും മുന്നൊരുക്കങ്ങളുമുണ്ടായത്. 

1959ലാണ് സംസ്ഥാന കൗണ്‍സില്‍ ഓഫിസിനുവേണ്ടിയുള്ള സ്ഥലം വാങ്ങുന്നത്. സരോജിനി എന്ന സ്ത്രീയുടേതായിരുന്നു 56 സെന്റ് സ്ഥലം. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരുടെ മുന്‍കയ്യിലായിരുന്നു സ്ഥലം വാങ്ങിയത്. അവിടെയുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ കല്ലും മരവും ഒക്കെ, തൊട്ടുപിന്നിലായി ക്വാര്‍ട്ടേഴ്സ് പണിയുന്നതിന് ഉപയോഗിച്ചു. സി എം എന്ന കുഞ്ഞിരാമന്‍ സി എം ആയിരുന്നു ഓഫിസ് സെക്രട്ടറി. പാര്‍ട്ടി-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന വിജയന്‍ സര്‍ എന്നറിയപ്പെട്ടിരുന്ന സദാനന്ദപൈ അക്കാലം മുതല്‍ തിരുവനന്തപുരം ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്‍കൈയിലായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. വെട്ടുകല്ല് ഉപയോഗിച്ചാണ് ഉറപ്പുള്ള കെട്ടിടം പണിതത്. ഒന്നര ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവായതെന്ന് ദീര്‍ഘകാലം സംസ്ഥാന കൗണ്‍സില്‍ ഓഫിസിന്റെ ഭാഗമായി പ്രവര്‍ത്തിച്ച കെ സുരേന്ദ്രന്‍ ഓര്‍ത്തെടുക്കുന്നു. കുറേക്കാലം ആര്‍ ചെല്ലപ്പനായിരുന്നു ഓഫിസ് സെക്രട്ടറി. സുരേന്ദ്രന്‍ ദീര്‍ഘകാലം സംസ്ഥാന കൗണ്‍സില്‍ ഓഫിസിലെ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി ഓഫിസ് ബ്രാഞ്ചിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍ട്ടി ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴുമായി നിരവധി സംഭവവികാസങ്ങള്‍ക്ക് വേദിയായി ഈ ഓഫിസ്. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കിയ നിര്‍ണായകമായ പല തീരുമാനങ്ങള്‍ക്കും ആദ്യചര്‍ച്ചകള്‍ നടന്നതും ഇവിടെത്തന്നെ. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ പല നേതാക്കളും ഇവിടെയെത്തി. 1964ല്‍ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിന്റെ ഭാഗമായി പല സംഭവവികാസങ്ങള്‍ക്കും പാര്‍ട്ടി ആസ്ഥാന മന്ദിരം സാക്ഷിയായതും സുരേന്ദ്രന്‍ ഓര്‍ത്തെടുക്കുന്നു.
സംസ്ഥാന കൗണ്‍സില്‍ ഓഫിസ് കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ മറുഭാഗത്തുനിന്നുണ്ടായെങ്കിലും അതൊന്നും ഫലം കണ്ടില്ല. പിന്നീട് എംഎന്റെ മരണത്തിന് ശേഷം 1985ലാണ് സി രാജേശ്വരറാവു ആസ്ഥാനമന്ദിരത്തിന് എം എന്‍ സ്മാരകം എന്ന് നാമകരണം ചെയ്തത്. കാലത്തിന് പോലും കേടുപാടുകള്‍ ഏല്‍പ്പിക്കാനാകാത്തവിധം സുശക്തമായ പാര്‍ട്ടിയുടെ സ്വന്തമായ കെട്ടിടം. ആധുനിക കാലത്തിന് യോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ, കൂടുതല്‍ പ്രൗഢിയോടെ എം എന്‍ സ്മാരകം തലയെടുപ്പോടെ നിവര്‍ന്നുനില്‍ക്കുന്നു. വരാനിരിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് കരുത്തേകാന്‍.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.