സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ 73 പൂർണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളും നാല് മിനി ബജറ്റുകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏഴ് പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച നിർമ്മലാ സീതാരാമൻ ഒന്നാമതെത്തിയിരിക്കുന്നു. തീർച്ചയായും അവർക്കതിൽ അഭിമാനിക്കാം. പക്ഷെ ഈ എട്ട് ബജറ്റുകളിലൂടെ രാജ്യത്തെ ഭൂരിപക്ഷം ജനതയ്ക്ക് എന്ത് കിട്ടി? അവരുടെ ജീവിതം എങ്ങനെ മാറി? ഏതു ബജറ്റിലൂടെയും എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ജനങ്ങൾക്കുണ്ടാകും. പൊതുസമൂഹത്തിന് അതിന്റെ ചെറിയ നേട്ടങ്ങൾ കിട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്തെ യഥാർത്ഥ സ്ഥിതിയും ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ സ്ഥിതിയും പരിശോധിച്ചാൽ ഇന്ത്യ ഇന്നും ദയനീയാവസ്ഥയിലാണന്ന് കാണാനാകും.
രാജ്യത്തിന്റെ വളർച്ചയുടെ സിംഹഭാഗവും മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തിന് താഴെയുള്ളവരിൽ കേന്ദ്രീകരിക്കുന്നു എന്നതാണ് വസ്തുത. വളർച്ചയുടെ നേട്ടം 90 ശതമാനത്തിലധികം വരുന്ന സമൂഹത്തിൽ വളരെ കുറച്ചേ എത്തിച്ചേരുന്നുള്ളു എന്നതാണ് ബിജെപി ഭരണത്തിൽ രാജ്യത്ത് സംഭവിക്കുന്ന ദുരന്തം. ബജറ്റ് ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്യത്തോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഈ ബജറ്റ് രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കുന്നതാണ്.’ പ്രധാനമന്ത്രിയുടെ വാക്കും ധനമന്ത്രിയുടെ ബജറ്റും ബിജെപിയുടെ അവകാശവാദങ്ങളും യാഥാർത്ഥ്യങ്ങളുമായി ഒട്ടും ചേർന്നുനിൽക്കുന്നതല്ല.
2025–26 സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ മൊത്തം വരവ് 34.96 ലക്ഷം കോടി രൂപയും ചെലവ് 50.65 ലക്ഷം കോടിയുമാണ്. ഈ ഒരു വർഷം മാത്രം 15.69 ലക്ഷം കോടി കടം വാങ്ങണം. ലോകത്തെ 193 രാജ്യങ്ങളിൽ, ഏറ്റവും വേഗത്തിൽ കടം കുതിച്ചുയരുന്ന രാജ്യം ഇന്ത്യയാണ്. പുതിയ വർഷവും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല എന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ മൊത്തം വരവിന്റെ 37ശതമാനം തുക പലിശ അടവിനായി മാത്രം മാറ്റി വയ്ക്കുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. നിലവിലെ കടം 186 ലക്ഷം കോടി രൂപയാണ്. പുതിയ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇത് 200 ലക്ഷം കോടി കടക്കുമെന്ന് ഉറപ്പാണ്.
സർക്കാരിന്റെ മൊത്തം വരവിൽ 24 ശതമാനം വരുന്നത് വായ്പയിലൂടെയും കടപ്പത്രത്തിലൂടെയുമാണ്. ഇന്‍കം ടാക്സ്-22, ജിഎസ് ടി-18, കോർപറേറ്റ് ടാക്സ്- 17, നികുതിയിതരം (ഡിവിഡൻഡ്, ലാഭം, ഫീസുകൾ)- ഒമ്പത്, എക്സൈസ് ഡ്യൂട്ടി-അഞ്ച്, കസ്റ്റംസ് ഡ്യൂട്ടി- നാല്, വായ്പേതര മൂലധനം- ഒരു ശതമാനം വീതം. ചെലവിന്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്: സംസ്ഥാനങ്ങൾക്കുള്ള വിഹിതം- 22, പലിശ അടവ്- 20, കേന്ദ്ര പദ്ധതികൾ (പ്രതിരോധം, സബ്സിഡികൾ ഒഴികെ)-16, പ്രതിരോധം-എട്ട്, ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള കൈമാറ്റം-എട്ട്, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ-എട്ട്, സബ്സിഡികൾ (ഭക്ഷണം, വളം മുതലായവ)- ആറ്, പെൻഷനുകൾ- നാല്, മറ്റു ചെലവുകൾ- എട്ട് ശതമാനം.
‘രാജ്യത്ത് 25 കോടി കുടുംബങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റി’ എന്നതാണ് സർക്കാരിന്റെ പ്രധാനപ്പെട്ട അവകാശവാദം. രാജ്യത്താകെ 29 കോടി കുടുംബങ്ങളാണുള്ളത്. അതിൽ 12 കോടി കുടുംബങ്ങൾ 10 വർഷങ്ങൾക്കു മുമ്പ് തന്നെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള എല്ലാ സർവേറിപ്പോർട്ടുകളിലും പറയുന്നത്, രാജ്യത്ത് 30–35 ശതമാനം കുടുംബങ്ങൾ ദാരിദ്രരേഖയ്ക്ക് താഴെയാണെന്നാണ്. ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണെന്ന കണക്ക് യഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതുമാണ്. ഈ വസ്തുതകൾ മറച്ചുവച്ചാണ് മോഡി സർക്കാരിന്റെ പ്രചരണം. ബജറ്റില്‍ ആരോഗ്യ രംഗത്തിന് മാറ്റിവച്ചത് 98,311 കോടി മാത്രമാണ്. ഇത് മൊത്തം ജിഡിപിയുടെ 0.27 ശതമാനം മാത്രമാണ്. മിക്ക രാജ്യങ്ങളും ആരോഗ്യ മേഖലയ്ക്ക് രണ്ട് ശതമാനം തുക മാറ്റിവയ്ക്കാറുണ്ട്.
അമേരിക്ക, ചൈന, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വിദ്യാഭ്യാസത്തിന് വേണ്ടി അവരുടെ ജിഡിപിയുടെ ആറ് ശതമാനം തുക മാറ്റിവയ്ക്കുമ്പോൾ, ഇന്ത്യ ഈ ആവശ്യത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത് ജിഡിപിയുടെ 0.36 ശതമാനം മാത്രമാണ്. ലോകത്ത് ഏറ്റവും കൂടുതൽ അക്ഷരം അറിയാത്തവർ അധിവസിക്കുന്ന ഭൂമിയായി ഇന്ത്യ മാറാൻ കാരണം ഈ സമീപനം തന്നെ. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ 100 ശതമാനത്തിലധികം വിലക്കയറ്റമാണ് രാജ്യത്തുണ്ടായത്. എന്നാൽ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവയ്ക്കുന്ന തുകയിൽ ഒരു വർധനവുമില്ല. കൂലി വര്‍ധനയെന്ന ആവശ്യം നിരാകരിക്കപ്പെട്ടു, തൊഴിൽ ദിനങ്ങൾ കൂട്ടുന്നുമില്ല. ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന, 46 ശതമാനം തൊഴിൽ സൃഷ്ടിക്കുന്ന കാർഷിക മേഖലയ്ക്ക് മാറ്റിവച്ചിരിക്കുന്നത് 0.48 ശതമാനം മാത്രമാണ്.
പുതിയ സാമ്പത്തിക വർഷത്തെ മൂലധന ചെലവ് 11.21 ലക്ഷം കോടിയായിരിക്കുമെന്നും ധനക്കമ്മി 4.4 ശതമാനത്തില്‍ ഒതുക്കി നിർത്തുമെന്നും ദേശീയോല്പാദന വളർച്ച (ജിഡിപി) 6.4 ശതമാനം ആയിരിക്കുമെന്നും ബജറ്റ് വിലയിരുത്തുന്നു. റിസർവ് ബാങ്കിൽ നിന്നും മറ്റു ബാങ്കുകളിൽ നിന്നും ഉള്ള ലാഭവിഹിതം ഈ വർഷവും കൂടുമെന്നും ഇതിലൂടെ 2.34 ലക്ഷം കോടി കിട്ടുമെന്നും കണക്കാക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കണമെന്നും അതിലൂടെ 47,000 കോടി രൂപ സമാഹരിക്കണമെന്നും പറയുന്ന ബജറ്റിൽത്തന്നെ, പൊതുമേഖലയിൽ നിന്നുമുള്ള ലാഭവിഹിതമായി 69,000 കോടി രൂപ പ്രതീക്ഷിക്കുന്നു. അതേസമയം തന്നെ എൽഐസി ഉൾപ്പെടെയുള്ള ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74 ശതമാനത്തില്‍ നിന്നും 100 ശതമാനമാക്കാനും ആണവ മേഖലയിൽ കൂടി സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖല ഇല്ലാതാക്കുക എന്ന ബിജെപി-ആർഎസ്എസ് അജണ്ട വാശിയോടെ തന്നെ നടപ്പിലാക്കുവാൻ ബജറ്റിൽ നല്ല ജാഗ്രതയുണ്ട്. ഇന്ത്യയിലെ കോർപ്പറേറ്റുകളെ നിർമ്മലാ സീതാരാമൻ വിശേഷിപ്പിച്ചത് ‘സമ്പത്തിന്റെ സ്രഷ്ടാക്കൾ’ എന്നാണ്.
രാജ്യത്തെയും ജനങ്ങളുടെയും സമ്പത്ത് മുഴുവൻ കോർപറേറ്റുകളിൽ എത്തിക്കുക എന്ന കർമ്മം ഫലപ്രദമായി ബജറ്റുകളിലൂടെ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നു. കോർപ്പറേറ്റ് നികുതി കുറച്ചു കൊടുത്തു. വായ്പകൾ എഴുതിത്തള്ളി. ബജറ്റ് പുറത്തുവന്നപ്പോൾ രാജ്യത്തെ മുഴുവൻ കോർപറേറ്റുകളും ആവേശത്തോടെയാണ് ബജറ്റിനെ സ്വാഗതം ചെയ്തത്. ഇതു സ്വാഭാവികമാണ്. അവർ ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതൽ ഓരോ ബജറ്റിലൂടെയും അവർക്ക് ലഭിക്കുന്നു. അവരും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ബജറ്റിനെ ആഘോഷമാക്കുന്നതിൽ ഒരു പുതുമയുമില്ല. നിർമ്മലാ സീതാരാമന്റെ എല്ലാ ബജറ്റവതരണ സന്ദർഭങ്ങളിലും ആവർത്തിക്കുന്ന കാഴ്ചയാണിത്. രാജ്യത്തെയും കേരളത്തിലെയും ഭൂരിപക്ഷം മാധ്യമങ്ങളും ബജറ്റിനെ ആഘോഷമാക്കിയത്, ആദായനികുതിയിൽ നൽകിയ ഇളവിനെ മുന്‍നിർത്തിയാണ്. വർഷത്തിൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ട എന്നതാണ് പ്രഖ്യാപനം. 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂടി ലഭിക്കുന്നതിലൂടെ ഇത് 12.75 ലക്ഷം രൂപയായി മാറും. നിലവിൽ ഈ ആനുകൂല്യം കിട്ടിയിരുന്നത് ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യം നൽകുന്നു എന്നാണ് ബജറ്റ് പ്രഖ്യാപനം. എന്നാൽ എത്രപേർക്കാണ് ഇതിന്റെ ഗുണം കിട്ടുക എന്ന് പറയുന്നില്ല. ഇന്ത്യയിൽ ആകെ 3.4 കോടി നികുതിദായകരാണുള്ളത്. അതിൽ മാസം, ഒരു ലക്ഷം രൂപയിലധികം വരുമാനമുള്ളവർ ഒരു കോടിയിൽ താഴെയായിരിക്കും. അതായത് രാജ്യത്തെ 143 കോടി ജനങ്ങളിൽ ഒരു ശതമാനത്തിന് താഴെയുള്ളവർക്ക് മാത്രം പ്രയോജനം കിട്ടുന്ന കാര്യമാണ് ധനമന്ത്രി ഏറ്റവും വലിയ സംഭവമായി പ്രഖ്യാപിച്ചതും ബിജെപിയും കോർപറേറ്റ് മാധ്യമങ്ങളും കൊണ്ടാടിയതും.
ആദായനികുതി പ്രഖ്യാപനം കേരളത്തെ എങ്ങനെ ബാധിക്കും എന്ന് കൂടി നോക്കാം. 5.21 ലക്ഷം ജീവനക്കാരും അധ്യാപകരുമാണ് ഇവിടെ ഉള്ളത്. ഇതിൽ ഒരു മാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർ 20 ശതമാനത്തില്‍ താഴെയാണ്. ഫലത്തിൽ ഒരു ലക്ഷത്തിന് താഴെ പേർക്ക് മാത്രം ആനുകൂല്യം കിട്ടുന്ന കാര്യത്തിലാണ്, ഇത്ര വലിയ ആഘോഷം കേരളത്തിലും നടന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തീര്‍ത്തും ദുർബലപ്പെടുത്തുന്ന ഒന്നായി കേന്ദ്രബജറ്റ് മാറി. സുപ്രധാനമായ പ്രഖ്യാപനങ്ങളിലെല്ലാം രാഷ്ട്രീയമായ വിവേചനം പ്രകടമായിരുന്നു. കേരളത്തോട് കാട്ടിയ അനീതിക്ക് ഒരു ന്യായീകരണവുമില്ല. ഇതിന്റെ വിശദാംശങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിനാൽ ആവർത്തിക്കുന്നില്ല. ഇന്ത്യയിൽ ഒരു കുടുംബത്തിന്റെ ശരാശരി ആളോഹരി വാര്‍ഷിക വരുമാനം 66,708 രൂപയാണ്. കോർപറേറ്റുകളുടെ വരുമാനവും മറ്റുള്ളവരുടെ വരുമാനവും കൂട്ടിച്ചേർത്തെടുക്കുന്ന ശരാശരി കണക്കാണിത്. എന്നാൽ പോലും ലോകത്തെ വികസിത രാജ്യങ്ങളിലെ ശരാശരി ആളോഹരി വരുമാനത്തിന്റെ പത്തിലൊന്നു പോലും ഇന്ത്യൻ കുടുംബങ്ങൾക്കില്ല. എത്ര ബജറ്റുകൾ വന്നുപോയിട്ടും ഈ സ്ഥിതിക്ക് മാറ്റവുമില്ല. ഓരോ ബജറ്റിലൂടെയും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തിൽ ഒരു ശതമാനം പുരോഗതിയെങ്കിലും കൈവരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ, ഇന്ന് രാജ്യത്തിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.