19 November 2025, Wednesday

ഇതിലേറെ വ്യത്യസ്തമാകാൻ കഴിയില്ലാത്തവിധം വേറിട്ട രണ്ടു പ്രസ്ഥാനങ്ങള്‍

പി സന്തോഷ് കുമാർ എംപി 
October 7, 2025 4:15 am

മാസങ്ങളുടെ വ്യത്യാസത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ രണ്ട് സംഘടനകളുടെ ശതാബ്ദി വർഷമാണ് 2025. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (സിപിഐ) രാഷ്ട്രീയ സ്വയംസേവക് സംഘവും (ആർഎസ്എസ്) ഒരേ വർഷത്തിലാണ് ഇരു സംഘടനകളും സ്ഥാപിക്കപ്പെട്ടതെങ്കിലും ഇരുവരുടെയും നൂറുവർഷത്തെ പാതകൾ ഇതിലേറെ വ്യത്യസ്തമാകാൻ കഴിയില്ലാത്തവിധം വേറിട്ടതാണ്. സാമ്രാജ്യത്വ ചൂഷണത്തിനെതിരായ തൊഴിലാളികളുടെയും കർഷകരുടെയും യുവാക്കളുടെയും ബുദ്ധിജീവികളുടെയും പോരാട്ടങ്ങളിൽ നിന്നും ചിന്തയിൽ നിന്നുമാണ് സിപിഐ ഉയർന്നുവന്നത്. വളർച്ചയുടെ ഗതിയിൽ സിപിഐ ആഗോള വിപ്ലവ ആശയങ്ങളും രാജ്യത്തുയർന്ന പരിഷ്കർത്താക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ചിന്തകളും സ്വാംശീകരിച്ചു. ആർഎസ് എസ് സാമ്രാജ്യത്വ ഭരണത്തിനെതിരെയല്ല, ഒരു ആഭ്യന്തര ശത്രുവിനെതിരെയാണ് സ്വയം നിർവചിച്ചത്. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം എന്നിവയുടെ മൂല്യങ്ങൾക്ക് മുകളിൽ മതപരമായ സ്വത്വത്തെയും ജാതി ശ്രേണിയെയും കെട്ടി ഉയർത്തി. ഇരു സംഘടനകളും ഇന്ത്യയുടെ വ്യത്യസ്ഥ ദർശനങ്ങൾ തമ്മിലുള്ള ഒരു നൂറ്റാണ്ട് നീണ്ട പോരാട്ടത്തെ വെളിപ്പെടുത്തുന്നു. ഒന്ന് വിമോചനത്തിലും സർവം ഉൾക്കൊള്ളുന്നതിലും വേരൂന്നുമ്പോൾ മറ്റൊന്ന് വിഭജനത്തിനും വേർതിരിവിനും ഊന്നൽ നൽകുന്നു. യൂറോപ്യൻ ഉത്ഭവമുള്ള മാർക്സിസം ഇന്ത്യൻ സാഹചര്യങ്ങൾക്ക് അന്യമാണെന്ന് എതിരാളികൾ ആവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നും തുടരുന്നുമുണ്ട്. ഇത്തരം ആഖ്യാനങ്ങളുടെ സ്വഭാവം തെറ്റിധരിപ്പിക്കുക എന്നതുമാത്രമാണ്.

മാനവികതയുടെ പുരോഗമനവും വിമോചനവും ഉറപ്പാക്കുന്ന ചിന്തകൾ മാനവരാശിക്കു പൊതുവായ പൈതൃകമാണ്. ഇന്ത്യ ബുദ്ധമതം ലോകത്തിന് നൽകിയതുപോലെ ആഗോള ജനാധിപത്യ പാരമ്പര്യങ്ങൾക്ക് നൽകിയ സംഭാവന പോലെ, പോരാട്ടങ്ങളെ സമ്പന്നമാക്കാൻ മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരിൽ നിന്നും അവരുടെ ആശയങ്ങളില്‍ നിന്നും സിപിഐ പ്രചോദനം ഉൾക്കൊണ്ടു. ഇന്ത്യയില്‍ കമ്മ്യൂണിസം ഒരിക്കലും വൈദേശികമായിരുന്നില്ല, ഇന്ത്യയിലെ കമ്മ്യൂണിസം മൂർത്തമായ ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ ഉല്പന്നമാണ്. അടിമത്തത്തിന്റെ നുകം പേറുന്ന കർഷകൻ, നാമമാത്ര വേതനം ലഭിക്കുന്ന തൊഴിലാളി, സാമ്രാജ്യത്വ മേൽക്കോയ്മയ്ക്കെതിരെ പോരാടുന്ന വിദ്യാർത്ഥി എന്നിങ്ങനെ അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവന്റെവും പ്രതീക്ഷയാണ്. ഭാഷയിൽ യൂറോപ്പിൽ നിന്നുള്ള ആശയങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ ഹൃദയമിടിപ്പ് ഭാരതീയമാണ്. ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ശ്രദ്ധാപൂർവം തയ്യാറാക്കിയ സിപിഐയുടെ ഭരണഘടനാ പരിപാടി ഏതൊരു രേഖയെയും പോലെ രൂപത്തിലും ഉള്ളടക്കത്തിലും തദ്ദേശീയമായിരുന്നു. മറ്റുള്ളവർ മടിച്ചുനിന്നപ്പോൾ ആദർശത്തിലൂന്നി തങ്ങളുടെ അംഗങ്ങൾ വർഗീയ സംഘടനകളുമായി സഹകരിക്കരുതെന്ന് നിഷ്കർഷിച്ചത് കമ്മ്യൂണിസ്റ്റുകളായിരുന്നു. കോൺഗ്രസ് പോലും, വിവിധങ്ങളായ നേട്ടങ്ങൾക്കായി ഹിന്ദു മഹാസഭ പോലുള്ള വിഭാഗീയ വിഭാഗങ്ങളുമായി പലപ്പോഴും കൈകോർത്തു. മതേതര ദേശീയതയ്ക്കും വർഗീയ രാഷ്ട്രീയത്തിനും ഇടയിലുള്ള വേർതിരിവുകൾ പലപ്പോഴും കോൺഗ്രസ് മറന്നു. സ്വാതന്ത്ര്യസമരത്തിലാണ് വ്യത്യാസം ഏറ്റവും പ്രകടമായത്. കമ്മ്യൂണിസ്റ്റുകൾ നിർണായക പങ്ക് വഹിക്കുമ്പോൾ ആർഎസ്എസ് ശ്രദ്ധേയമായത് അസാന്നിധ്യത്താലായിരുന്നു. സ്വാതന്ത്ര്യസമരത്തെ സോഷ്യലിസത്തിന്റെ ലക്ഷ്യവുമായി ബന്ധിപ്പിച്ച ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം മുതൽ സുർജ്യ കുമാർ സെന്നിന്റെ രക്തസാക്ഷിത്വം, ചിറ്റഗോംഗ് കലാപം തുടങ്ങി ബ്രിട്ടീഷ് ഭരണത്തിനെതിരായ സായുധ പ്രതിരോധത്തിലും പോരാട്ടത്തിലും കമ്മ്യൂണിസ്റ്റുകാർ കേന്ദ്രബിന്ദുവായി നിലനിന്നു. പിന്നീട് അവർ കർഷകരെയും തൊഴിലാളികളെയും വിദ്യാർത്ഥികളെയും യുവാക്കളെയും സംഘടിപ്പിച്ച് സമൂലപരിഷ്കാരവാദം ഉയർത്തുകയും ഭാഗീക നടപടികളല്ല വേണ്ടത് പൂർണ സ്വാതന്ത്ര്യമാണ് രാജ്യത്തിന് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര ഭരണഘടനാ അസംബ്ലിക്ക് വേണ്ടിയുള്ള ആഹ്വാനം ആദ്യം ഉന്നയിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. യഥാർത്ഥ പോരാട്ടം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായാണെന്ന് ആവർത്തിച്ച് ബ്രിട്ടീഷുകാരുമായി പോരാടാതെ അവരെ പ്രീണിപ്പിച്ച് ആർഎസ്എസ് സ്വാതന്ത്ര്യസമര കാലഘട്ടം ചെലവഴിച്ചു.

1920കളിൽ ഹിന്ദു മഹാസഭയുടെ പ്രസിഡന്റും ഹെഗ്ഡെവാറിന്റെ മാർഗദർശിയുമായ ബി എസ് മൂഞ്ചെ, രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മൂഞ്ചെയുടെ സാന്നിധ്യം മതേതര ദേശീയ നേതാക്കളുടെ കടുത്ത വിമർശനങ്ങൾക്ക് വഴിയായി. അവിടെ നിന്നും അദ്ദേഹം 1931ൽ ഇറ്റലിയിൽ എത്തി പ്രധാനമന്ത്രി ബെനിറ്റോ മുസോളിനിയെ സന്ദർശിച്ചു. ബല്ലില്ല, അക്കാദമിയ ഡെല്ല ഫർണെസിന തുടങ്ങിയ സംഘടനകളിലൂടെ സമൂഹത്തിന്റെ സൈനികവൽക്കരണത്തെക്കുറിച്ച് അറിയാൻ അവസരം നേടി. ഇറ്റാലിയൻ ഫാസിസ്റ്റ് യുവജന സംഘടനയായ ഓപ്പറ നസിയോണലെ ബലില്ലയിലേക്കുള്ള സന്ദർശനം അദ്ദേഹത്തെ സ്വാധീനിച്ചു. തന്റെ ഡയറിയിൽ എഴുതിയതുപോലെ, അവിടെ കണ്ടറിഞ്ഞ ഫാസിസ്റ്റ് സംഘടനകൾക്ക് സമാനമായി ഹിന്ദു സമൂഹത്തെ സൈനികവൽക്കരിക്കാനുള്ള സാധ്യത മൂഞ്ചെയെ വളരെയധികം സ്വാധീനിച്ചു. ഓപ്പറ നസിയോണലെ ബലില്ലയുടെ മാതൃക ആർഎസ്എസ് പകർത്തി. ഗോൾവാൾക്കർ ഉൾപ്പെടെയുള്ള ആർഎസ്എസ് നേതാക്കൾ ഹിറ്റ്ലറുടെ സാംസ്കാരിക ദേശീയതയേയും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ രീതികളെയും പരസ്യമായി പ്രശംസിച്ചു. അതിനെ സ്വംശീകരിച്ചു. ഹിന്ദു വലതുപക്ഷം പ്രചരിപ്പിച്ച വർഗീയ രാഷ്ട്രീയത്തിന്റെ അപകടത്തെക്കുറിച്ച് ഗാന്ധി ബോധവാനായിരുന്നു. അതിനാൽ ദേശീയ പ്രസ്ഥാനത്തെ മതേതരമായി നിലനിർത്തുന്നതിന് ഹിന്ദു മഹാസഭയിൽ നിന്ന് കോൺഗ്രസിനെ വേർപെടുത്തുന്നതിന് മുന്നിട്ടിറങ്ങി. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ കൃത്യമായ സ്വഭാവത്തെക്കുറിച്ച് കോൺഗ്രസിനുള്ളിൽ പോലും അവ്യക്തതയും ആശങ്കയും നിലനിന്നിരുന്നു. കമ്മ്യൂണിസ്റ്റുകൾക്ക് അത്തരം ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. സമത്വം, മതേതരത്വം, അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ എന്നിവയ്ക്കായുള്ള അവരുടെ ആവശ്യങ്ങൾ വ്യക്തവും അചഞ്ചലവുമായിരുന്നു. സാമ്രാജ്യത്വ അധികാരികളിൽ നിന്ന് കടുത്ത അടിച്ചമർത്തൽ നേരിട്ടപ്പോഴും ആ വ്യക്തത അവർക്ക് ധാർമ്മികമായ കരുത്തു പകർന്നു. സ്വാതന്ത്ര്യത്തിനുശേഷവും ആർഎസ്എസിന്റെ അവസരവാദം തുടർന്നു. ഗാന്ധിജിയെ വർഗീയ ഭ്രാന്തനായ നഥുറാം ഗോഡ്സെ വെടിവച്ചു വീഴ്ത്തി. തുടർന്ന് ആർഎസ്എസ് നിരോധിക്കപ്പെട്ടു. നേതാവ് എം എസ് ഗോൾവാൾക്കറെ അറസ്റ്റ് ചെയ്തു. വിദ്വേഷം വളർത്തുന്ന തങ്ങളുടെ പങ്കിനെ തുറന്ന് നേരിടുന്നതിനുപകരം, മുതിർന്ന കോൺഗ്രസ് നേതാക്കളെ തങ്ങൾക്ക് അനുകൂലമാക്കാൻ ആർഎസ്എസ് താണുവണങ്ങി നിന്നു. ഈ രീതി അവരുടെ പ്രവർത്തനങ്ങളിൽ ഉടനീളമുണ്ട്. വാചമടിയിൽ അവസാനിക്കുന്ന പോരാട്ടം, നിലനില്പിനായി എത്രത്തോളം വേണമോ അതിലേറെയും വിട്ടുവീഴ്ചയും കുമ്പീടിലും പാദസേവയും അതിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത്, കമ്മ്യൂണിസ്റ്റുകാർ വിജയിച്ചാലും ഇല്ലെങ്കിലും സുതാര്യരും തത്വാധിഷ്ഠിതരുമായി തുടർന്നു. ഫലമായി നിരോധനങ്ങളും ജയിൽവാസവും പീഡനങ്ങളും നേരിടേണ്ടി വന്നു. അധികാരത്തിലിരിക്കുന്നവരെ അവർ പുകഴ്ത്തിയില്ല, എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു. ആദ്യ പൊതുതെരഞ്ഞെടുപ്പ് നിർണായകമായ ഒരു വിധിയായിരുന്നു.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.