7 December 2024, Saturday
KSFE Galaxy Chits Banner 2

ഭരണഘടനാ വിരുദ്ധമായ പരിഷ്കാരം

സഫി മോഹന്‍ എം ആര്‍
October 23, 2024 4:22 am

ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും വെല്ലുവിളിയായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം. ലോകത്തിലെ ഏറ്റവും വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഈ വൈവിധ്യങ്ങൾ അനുസരിച്ചാണ് ഭരണഘടനയിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും പ്രവർത്തനങ്ങൾ നിർവചിച്ചിരിക്കുന്നത്. നിയമ നിർമ്മാണത്തിലും നടപ്പിലാക്കുന്നതിലും സംസ്ഥാനങ്ങളുടെ പരമാധികാരം ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലും അനുച്ഛേദം 245 മുതൽ 290 വരെയും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ഭരണഘടനയുടെ അടിസ്ഥാന ശിലയായി കേശവാനന്ദ ഭാരതി വിധിന്യായത്തിലും എസ് ആർ ബൊമ്മെ വിധിന്യായത്തിലും സുപ്രീം കോടതി അടിവരയിട്ടപ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം അടിസ്ഥാനശിലയായി ഇന്ദിരാഗാന്ധി വിധിന്യായത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുകളിൽപ്പറഞ്ഞ വിധിന്യായങ്ങളുടെ നഗ്നമായ ലംഘനമാണ്. ലോക്‌സഭയുടെ കാലാവധിക്കനുസരിച്ച് സംസ്ഥാന നിയമനിർമ്മാണ സഭയുടെ കാലാവധി തീരുമാനിക്കുന്നതാണ് ഇതിലെ ഒരു പ്രധാന ന്യൂനത. കൂടാതെ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വരുന്ന സംസ്ഥാന നിയമസഭകൾ ലോക്‌സഭയുടെ കാലാവധി കഴിയുന്നതനുസരിച്ച് ഇല്ലാതാകും എന്നത് ശുദ്ധ അസംബന്ധവും. 

രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയുന്നതിനെക്കാൾ അവയുടെ എണ്ണം അനിയന്ത്രിതമായി കൂടുകയാണ് ഇതിലൂടെ ചെയ്യുക. ഭരിക്കുന്ന സർക്കാരുകളെ വിലയിരുത്തുവാനുള്ള അവകാശം രാജ്യത്തെ സമ്മതിദായകര്‍ക്ക് ഭരണഘടനാപരമാണ്. ഓരോ തെരഞ്ഞെടുപ്പിലും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും പ്രവർത്തനം വിലിയിരുത്തപ്പെടും. ഉദാഹരണത്തിന് ഇപ്പോൾ നടക്കാൻ പോകുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് വിഷയമായി മാറും എന്നതിൽ സംശയമില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ എല്ലാവർഷവും വിലയിരുത്തുവാനുള്ള ജനങ്ങളുടെ അവകാശം നഷ്ടപ്പെടുകയും അത് ഓരോ അഞ്ച് വർഷത്തിലും മതി എന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യ ഏകാധിപത്യ രാഷ്ട്രമായി മാറും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന, പ്രധാനമന്ത്രി നരേന്ദ്ര മോഡി 2018ൽ കൊണ്ടുവന്ന ആശയം നടപ്പിലാക്കണം എന്ന റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയം പഠനവിധേയമാക്കാൻ ഏല്പിച്ച കമ്മിറ്റിയിൽ പ്രതിപക്ഷത്ത് നിന്നും ആരും ഉണ്ടായിരുന്നില്ല എന്നത് നിർഭാഗ്യകരമാണ്. കൂടാതെ രാജ്യത്തെ 50 ശതമാനം വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം ഇല്ലാത്ത കമ്മിറ്റിയാണ് തുഗ്ലക് പരിഷ്കരണങ്ങൾ നിർദേശിച്ചിരിക്കുന്നത്.

ഈ കാര്യങ്ങൾ നടപ്പിലാക്കാൻ ഭരണഘടനയുടെ വിവിധങ്ങളായ അനുച്ഛേദങ്ങളിൽ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. അതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. കേന്ദ്ര സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തി ഭരണഘടനാ ഭേദഗതിക്കായി അവർ ശ്രമിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ പാർലമെന്റിലെ ശക്തമായ പ്രതിപക്ഷമായ ഇന്ത്യ സഖ്യം ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒരു രാഷ്ട്രീയ അജണ്ട മാത്രമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുമ്പോൾ ജനങ്ങൾക്ക് സർക്കാരുകളുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുവാൻ കഴിയാതെ വരുന്നതോടെ തെരഞ്ഞെടുപ്പുകൾ വെറും പ്രഹസനമായി മാറും. ഇതിന്റെ കൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൂടി നടത്തണമെന്ന ശുദ്ധ അസംബന്ധമാണ് റിപ്പോർട്ടിലുള്ളത്. രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയും സൂക്ഷ്മമായി പഠിക്കുവാനുള്ള സമയമോ സാവകാശമോ ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുക എന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ഉദ്ദേശ ലക്ഷ്യം. 

ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന വിധിന്യായത്തിൽ സുപ്രീം കോടതി പൗരന്റെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഈ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. പാർലമെന്ററി ജനാധിപത്യത്തിൽ നിയമനിർമ്മാണ സഭകൾ ജനങ്ങളോട് പ്രതിബദ്ധതയുള്ളവരായിട്ടാണ് പ്രവർത്തിക്കേണ്ടത്. ഈ പ്രതിബദ്ധത ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ അട്ടിമറിക്കുവാനുള്ള ശ്രമം കണ്ടില്ലെന്ന് നടിക്കാൻ കഴിയുകയില്ല. ഇടക്കാല തെരഞ്ഞെടുപ്പുകൾ വിളിച്ചുവരുത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കുന്നതിന് പകരം അത് അനിയന്ത്രിതമായി കൂട്ടുകയും, ദുർബലമായ സംസ്ഥാന സർക്കാരുകളെ ഉണ്ടാക്കുകയും ചെയ്യും. ഭരണഘടനയുടെ അടിസ്ഥാന ശിലയ്ക്കും സുപ്രീം കോടതിയുടെ വിധിന്യായങ്ങൾക്കും എതിരായ ഇത്തരം ഉട്ടോപ്യൻ ആശയങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തം ഓരോ ജനാധിപത്യ വിശ്വാസിക്കും ഉണ്ട്. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു തെരഞ്ഞെടുപ്പ് എന്നീ ആശയങ്ങൾ ഭരണഘടനാപരമല്ല. രാജ്യത്തിന്റെ വൈവിധ്യത്തെയും ഭരണഘടനയെയും വിശ്വാസത്തിലെടുക്കാത്ത ഇത്തരം പരിഷ്കാരങ്ങൾ എതിര്‍ക്കപ്പെടുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.