February 5, 2023 Sunday

ഇന്ത്യൻ വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പ്

പ്രത്യേക ലേഖകന്‍
January 23, 2022 7:00 am

ഗുജറാത്തിൽ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശഹത്യാ പരമ്പര രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഇപ്പോഴും. ആസൂത്രിതമായ വർഗീയ കലാപങ്ങളും വ്യാജ ഏറ്റമുട്ടലുകളും സൃഷ്ടിച്ചാണ് അവിടെ വംശഹത്യാ പരമ്പര അരങ്ങേറിയത്. 2002 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന പ്രസ്തുത വംശഹത്യാ കലാപങ്ങളിൽ അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗികമായി 790 മുസ്‌ലിങ്ങളും 254 ഹിന്ദുക്കളും മരിച്ചു. 2002 ഫെബ്രുവരി 27 ന് അയോധ്യയിൽ നിന്ന് അഹമ്മദാബാദിലേയ്ക്ക് തിരിച്ചുവരികയായിരുന്ന സബർമതി എക്സ്പ്രസിനു നേരെ ഗോധ്രയിൽ വച്ച് തീവയ്പും അക്രമവും നടന്നതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഗോധ്ര തീവണ്ടി അക്രമം ഇപ്പോഴും ദുരൂഹമായി തുടരുന്ന ഒന്നാണ്. കലാപത്തിനു കാരണമാകുന്നതിന് ആസൂത്രിതമായി നടത്തിയതാണ് തീവണ്ടിയിലെ തീപിടിത്തം എന്ന നിഗമനവും ഉണ്ടായിരുന്നു. പക്ഷേ പ്രസ്തുത കലാപം സൃഷ്ടിച്ച മുറിവിൽ നിന്നുണ്ടായ രക്തം ഗുജറാത്തിൽ ബിജെപിയുടെ അധികാരം നിലനിർത്തുന്നതിനും ഡൽഹിയുടെ അധികാരത്തിലേക്ക് വഴിയൊരുക്കുന്നതിനും വളമായി മാറിയെന്നത് പിന്നീടുള്ള ചരിത്രമാണ്.

അന്ന് ഗുജറാത്തിനെ നയിച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായും ഇപ്പോൾ കേന്ദ്രത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെ വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ജൈനോസൈഡ് വാച്ച്’ (വംശഹത്യാ നിരീക്ഷണം) സ്ഥാപകൻ ഡോ. ഗ്രിഗറി സ്റ്റാന്റൺ നല്കിയിരിക്കുന്ന മുന്നറിയിപ്പ് പ്രസക്തമാകുന്നത്. വംശഹത്യക്കെതിരായ കൂട്ടായ്മകളെ ഏകോപിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ദൗത്യം. 24 രാജ്യങ്ങളിലെ ന്യൂനപക്ഷ അവകാശത്തിനും മറ്റുമായി പ്രവർത്തിക്കുന്ന 70 സംഘടനകളെ ഏകോപിപ്പിച്ചാണ് ‘ജൈനോസൈഡ് വാച്ച്’ പ്രവർത്തിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നടക്കുന്ന വംശഹത്യകൾക്കെതിരായി ആഗോള തലത്തിൽ അഭിപ്രായ രൂപീകരണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള സംഘടനകളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതിലും സ്ഥാപകൻ ഡോ. ഗ്രിഗറി സ്റ്റാന്റൺ വലിയ പരിശ്രമങ്ങളാണ് നടത്തിവരുന്നത്.

 


ഇതുംകൂടി വായിക്കാം; വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍


ജനുവരി 12 ന് വാഷിങ്ടണിൽ നടന്ന ചടങ്ങിൽ പ്രവചന സ്വഭാവമുള്ളതും എന്നാൽ സംഭവങ്ങളെ വസ്തുതാപരമായി വീക്ഷിക്കുന്നവർ യാഥാർത്ഥ്യമാവുമെന്ന് ഭയപ്പെടുന്നതുമായ നിരീക്ഷണങ്ങളാണ് ഗ്രിഗറി സ്റ്റാന്റൺ മുന്നോട്ടുവച്ചിരിക്കുന്നത്. 2002ൽ ഗുജറാത്തിൽ നടന്ന കലാപം മുതൽ ഇന്ത്യയില്‍ വംശഹത്യയെക്കുറിച്ച് ജിനോസൈഡ് വാച്ച് മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് തന്റെ വീഡിയോ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി അന്ന് യാതൊരു നടപടിയുമെടുത്തില്ല. എന്നുമാത്രമല്ല അവയെ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുവാൻ ഉപയോഗിക്കുകയും ചെയ്തുവെന്ന് ഗ്രിഗറി സ്റ്റാന്റൺ പറയുന്നുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അതിനുള്ള സാധ്യത ഓരോ ദിവസം കഴിയുമ്പോഴും കൂടിവരികയാണെന്ന് ഗ്രിഗറി സ്റ്റാന്റൺ പറയാതെ തന്നെ നമുക്ക് ബോധ്യമുള്ള വസ്തുതയാണ്.

2014ൽ കേന്ദ്രത്തിൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതു മുതൽ പലരും ഭയപ്പെടുന്നതാണ് ഗുജറാത്തിലേതിനു സമാനമായൊരു വംശഹത്യ ഇന്ത്യയിലാകെ സംഭവിക്കുമെന്ന്. പൗരത്വ ഭേദഗതി നിയമവും കശ്മീരിന്റെ പ്രത്യേകാധികാരങ്ങൾ എടുത്തുകളഞ്ഞതും മുസ്‌ലിങ്ങളെ ലക്ഷ്യം വച്ചുള്ള വിവിധ നിയമ നിർമ്മാണങ്ങളും അതിന്റെ തുടക്കമായിരുന്നുവെന്ന് വ്യക്തമാണ്. അക്കാര്യം ഗ്രിഗറി സ്റ്റാന്റണും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോൾ വംശഹത്യക്കുള്ള സാധ്യത ഓരോ ദിവസം കഴിയുന്തോറും കൂടിവരികയാണ്. കാരണം ബിജെപിക്ക് അതിന്റെ നിലങ്ങൾ നഷ്ടപ്പെടുന്നുവെന്ന തോന്നലുണ്ടായി തുടങ്ങിയിരിക്കുന്നു. കാർഷിക കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നത് ബിജെപിയെ സംബന്ധിച്ച് വലിയ അപമാനമായി. നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും വഴിത്തിരിവാകുമെന്ന് വിലയിരുത്തുന്നത് അതിനാലാണ്. ബിജെപിക്കു തിരിച്ചടിയാണ് സംഭവിക്കുന്നതെങ്കിൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടമാകുമോയെന്ന ഭയാശങ്കയിൽ നിന്ന് ഒരു വംശഹത്യാ പരമ്പര നടന്നാൽ അത്ഭുതപ്പെടാനില്ല. അതിനു മുന്നോടിയാണ് ഇപ്പോൾ മുരത്ത ഹൈന്ദവ വർഗീയവാദികളെ മുന്നിൽ നിർത്തി നടന്നുകൊണ്ടിരിക്കുന്ന സൻസദുകളും മറ്റും. ഇത്തരം ചടങ്ങുകളിൽ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന പരസ്യമായ ആഹ്വാനമാണ് നല്കുന്നത്. മതസൗഹാർദം തകർക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിന് പകരം അത്തരം വിദ്വേഷ പ്രസംഗകരെ സംരക്ഷിക്കുന്ന സമീപനമാണ് ബിജെപി നേതാക്കൾ സ്വീകരിക്കുന്നത്. വിവിധ കോണുകളിൽ നിന്ന് നിരന്തരം ആവശ്യമുയർന്നുവെങ്കിലും പ്രധാനമന്ത്രി മോഡി ഇതുവരെ ഇത്തരം സംഭവങ്ങളെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കുന്നതിന് തയാറായില്ല. എന്നുമാത്രമല്ല നരസിംഹാനന്ദയെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പേരിലാണ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ വിദ്വേഷ പ്രംസഗത്തിന്റെ പേരിലും കേസെടുക്കുകയായിരുന്നു.

 


ഇതുംകൂടി വായിക്കാം; ഇത് കപടനാട്യമോ അഹങ്കാരോന്മാദമോ?


 

ബുള്ളി ബായ്, സുള്ളി ഡീൽ തുടങ്ങിയ പേരുകളിൽ രൂപംകൊള്ളുന്ന ആപ്ലിക്കേഷനുകളുടെ പിറവിയും വംശഹത്യയുടെ ആധുനിക രൂപമാണ്. തങ്ങൾക്കു ലഭിക്കുന്ന സ്ത്രീകളുടെ വിശദാംശങ്ങൾ ഉപയോഗിച്ച് അവരെ വില്പനയ്ക്കോ വാടകയ്ക്കോ വയ്ക്കുന്ന ഇത്തരം പ്രവണതകളും വംശവിദ്വേഷം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തന്നെയാണ്. ഒരുവർഷം മുമ്പ് സുള്ളി ഡീൽ എന്ന ആപ്പിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയുംചെയ്തുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നതും ഇത്തരം ഹീനകൃത്യങ്ങളുടെ വേരുകൾ എവിടെയാണ് ചെന്നുനില്ക്കുന്നത് എന്നതിന്റെ തെളിവാണ്. ഡിസംബറിൽ ബുള്ളി ബായ് എന്ന ആപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയും അതിനെതിരെ ശക്തമായ പ്രതിഷേധവും കോടതി ഹർജികളും ഉണ്ടായപ്പോഴാണ് സുള്ളി ഡീലിനെതിരായ പഴയ കേസിന് ജീവൻ വച്ചത്. മുസ്‍ലിം സ്ത്രീകൾ മാത്രല്ല രാജ്യത്തെ മറ്റൊരു ന്യൂനപക്ഷ വിഭാഗമായ സിഖ് മതത്തിൽപ്പെട്ടവരുടെ പേരുകളും ശത്രുത വർധിപ്പിക്കുന്നതിന് ഉപയോഗിച്ചുവെന്ന പൊലീസിന്റെ പുതിയ വെളിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് സിഖ് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നത്. കാർഷിക കരിനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ തുടക്കം സിഖുസമുദായം കൂടുതലുള്ള പഞ്ചാബിൽ നിന്നായിരുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത പ്രക്ഷോഭത്തിന് പിന്നിൽ ഇന്ത്യാ വിരുദ്ധ ശക്തികളും ഖലിസ്ഥാൻ ഭീകര സംഘടനകളുമാണെന്ന് ബിജെപിയുടെ ഉന്നത നേതാക്കൾ പോലും ആവർത്തിച്ചതാണ്. ആ സമുദയത്തിൽപ്പെട്ടവരെ തന്നെ ഇത്തരം ആപ്പുകൾ ശത്രുത വർധിപ്പിക്കുന്നതിന് ഉപയോഗിച്ചുവെന്നത് യാദൃച്ഛികമല്ല. ഇതെല്ലാം ജൈനോസിഡ് വാച്ചിന്റെ പ്രവചനങ്ങളെയും രാജ്യസ്നേഹികളുടെ ആശങ്കകളെയും ബലപ്പെടുത്തുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.