9 December 2024, Monday
KSFE Galaxy Chits Banner 2

ജീവരക്ഷയ്ക്ക് ജലസംഭരണവും ശുദ്ധീകരണവും

തമലം വിജയന്‍
November 10, 2024 4:12 am

ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ജലത്തിന്റെ ആവശ്യവും വര്‍ധിക്കുന്നു. എന്നാല്‍ ജലത്തിന്റെ വര്‍ധിച്ച ഉപയോഗത്തിന് ആനുപാതികമായി ജലസ്രോതസുകളും ജലത്തിന്റെ അളവും വര്‍ധിക്കുന്നില്ല. നാം അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധിയാണിത്.
ഭൂതലത്തിന്റെ 71 ശതമാനം സമുദ്രമാണ്. 29 ശതമാനം കരപ്രദേശവും. അതില്‍ മൂന്നു ശതമാനം മാത്രമാണ് തടാകങ്ങളും പുഴകളും കായലുകളുമൊക്കെയായിട്ടുള്ളത്. ഒരു ലിറ്റര്‍ കടല്‍ വെള്ളത്തില്‍ 35 ഗ്രാം ഉപ്പുണ്ട്. അത്രയും ജലത്തിന്റെ 75 ശതമാനം ധ്രുവപ്രദേശങ്ങളില്‍ മഞ്ഞായി ഉറഞ്ഞിരിക്കുന്നുവെന്നാണ് കണക്ക്. ഭൂമിയുടെ ആകെ ജലസമ്പത്തില്‍ ഉപയോഗയോഗ്യമായ ശുദ്ധജലം തുച്ഛമാണ്. ഭൂമിയില്‍ എല്ലാ ജീവജാലങ്ങളുടെയും ജീവന്‍ നിലനിര്‍ത്തുന്നതിനും ഭൂമിയെ ഫലസമ്പുഷ്ടമാക്കുന്നതിനും ജലം ആവശ്യമാണ്. ജലമില്ലെങ്കില്‍ പ്രകൃതി വിഭവങ്ങളുടെ കലവറയായ മനോഹരമായ ഈ ഭൂമി മരുഭൂമിയായി മാറും.

ലഭിക്കുന്ന മഴവെള്ളം ഭൂതലത്തില്‍ സംഭരിച്ച് നിര്‍ത്തുവാന്‍ കഴിയണം. കാലാവസ്ഥയില്‍ വന്ന മാറ്റത്താല്‍ ആവശ്യമായ മഴ വേണ്ടസമയത്ത് ലഭിക്കുന്നുമില്ല. മഴയുടെ ഒരംശം നദികളിലും തടാകങ്ങളിലും കായലുകളിലും ഒക്കെ ഉപരിതല ജലമായി സംഭരിക്കുന്നതിനു പുറമേ മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന മഴവെള്ളം ഭൂഗര്‍ഭ ജലമായും സംഭരിക്കാനാവുന്നു. ഭൂമിക്കടിയിലെ ജലശേഖരമാണ് കിണറുകളിലൂടെ ലഭ്യമാകുന്നത്. ഭൂഗര്‍ഭജല സമൃദ്ധിക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശികമായിട്ടുള്ള പരിശ്രമങ്ങള്‍ വേണം.
ജനസാന്ദ്രത കൂടുന്ന പ്രദേശങ്ങളിലും വ്യവസായശാലകളില്‍ നിന്നും ജലം മലിനമാകാന്‍ സാധ്യത വളരെക്കൂടുതലാണ്. നിറമോ ഗുണമോ രുചിയോ ഇല്ലാത്തതും രോഗാണുക്കള്‍ ബാധിക്കാത്തതും കാഠിന്യമില്ലാത്തതുമായ ജലമാണ് ശുദ്ധജലം. കുടിക്കുവാനും ആഹാരം പാചകം ചെയ്യുവാനും ഉപയോഗിക്കുന്ന ജലം സുരക്ഷിതമായ ഉറവിടങ്ങളില്‍ നിന്നുമാത്രം ശേഖരിക്കുക. കുടിവെള്ളത്തില്‍ മാലിന്യം കലരാന്‍ ഇടയാകരുത്. മലവിസര്‍ജനം കക്കൂസില്‍ മാത്രം നടത്തണം. ഭക്ഷണം ചൂടോടെ തന്നെ കഴിക്കണം. തുറന്നുവച്ചിട്ടുള്ള ഭക്ഷണപാനീയങ്ങള്‍ കഴിക്കാതിരിക്കണം. വിഷൂചിക, സന്നിപാത ജ്വരം, വയറിളക്കം, വയറുകടി, പിള്ളവാതം, വിരരോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ മാരകമായ രോഗങ്ങള്‍ക്കും മരണത്തിനും വരെ അശുദ്ധജലം കാരണമായിത്തീരുന്നു.

കിണറുകളിലെ ജലം സുരക്ഷിതമായ ഉറവിടമാണെന്ന് കരുതാനാകില്ല. കാലാകാലങ്ങളില്‍ കിണര്‍ വൃത്തിയാക്കുകയും വെള്ളം മലിനപ്പെട്ടിട്ടില്ലെന്ന് ലാബ് പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുമുണ്ട്. 1,000 ലിറ്റര്‍ കിണര്‍ ജലം ശുദ്ധീകരിക്കുന്നതിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന തോതില്‍ ഉപയോഗിക്കാം. കിണറ്റിലെ ആകെ വെള്ളത്തിനനുസരണമായി വേണ്ട ബ്ലീച്ചിങ് പൗഡര്‍ ഒരു ബക്കറ്റില്‍ കുഴച്ച് കുഴമ്പുരൂപത്തിലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളമൊഴിച്ച് നല്ലവണ്ണം കലക്കിയ ശേഷം 10 മിനിറ്റ് ആ ലായനിയെ അനക്കമില്ലാതെ അടിയാന്‍ അനുവദിക്കുക. ഇങ്ങനെ തെളിഞ്ഞ ക്ലോറിന്‍ ജലത്തെ ശുദ്ധിയുള്ള മറ്റൊരു ബക്കറ്റില്‍ ഒഴിച്ച് ആ ബക്കറ്റ് കിണറ്റിലെ ജലനിരപ്പിനുതാഴെ ഇറക്കിയും ഉയര്‍ത്തിയും പല പ്രാവശ്യം ശക്തിയായി കിണറ്റിലെ ജലത്തെ ഇളക്കുക. ബക്കറ്റിലെ മുഴുവന്‍ ക്ലോറിന്‍ ജലവും കിണര്‍ ജലത്തില്‍ കലര്‍ന്ന് 30 മിനിറ്റിനുശേഷം കിണര്‍വെള്ളം ശുദ്ധജലമാകുന്നു.

മേല്‍ക്കൂരകളിലും പറമ്പുകളിലും സുലഭമായി ലഭിക്കുന്ന മഴവെള്ളത്തെ സംഭരണികളില്‍ ശേഖരിച്ച് ശുദ്ധജലാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാവുന്നതാണ്. നിലവിലുള്ള കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും മഴവെള്ളം പാഴാകാതെ ഉപയോഗിക്കാം. കഴിയുന്നത്രയിടങ്ങളില്‍ മഴക്കുഴികളും തടയണകളും നിര്‍മ്മിച്ചും മാലിന്യമുക്തമായി നദികളെ സംരക്ഷിച്ചും വൃക്ഷങ്ങള്‍ കൂടുതല്‍ നട്ടുപരിപാലിക്കുന്നതിലൂടെയും മഴവെള്ളം മണ്ണിനുള്ളിലേക്ക് എത്തിക്കാം. പുഴകളെ മലിനപ്പെടാതെ സംരക്ഷിച്ചും മലിനപ്പെടുന്നജലം ശുദ്ധീകരിച്ചും ലഭിക്കുന്ന മഴവെള്ളത്തെ പാഴാകാതെ ശേഖരിച്ചും ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള കര്‍മ്മപദ്ധതികളാണ് ജീവരക്ഷയ്ക്കായി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.