September 26, 2022 Monday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

വിശപ്പിനു മേൽ വ്യാപാരം പ്രതിഷ്ഠിക്കപ്പെടുമ്പോൾ

അരുൺ ശ്രീവാസ്തവ
February 10, 2021 6:00 am

കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കരിനിയമങ്ങൾക്കെതിരെ കർഷകർ ആരംഭിച്ച പ്രതിഷേധം രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മാനം കൈവരിച്ച ഘട്ടത്തിലാണ് പ്രതിഷേധക്കാരെ പരസ്യമായി തള്ളി പ്രധാനമന്ത്രി നേരിട്ട് പ്രചരണം ആരംഭിച്ചിരിക്കുന്നത്. കർഷകർ രാജ്യത്തിനും തനിക്കുമെതിരെ പോരാടുകയാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം. കർഷകരും അവർ നടത്തുന്ന പ്രതിഷേധങ്ങളും തന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന തരത്തിലായിരുന്നു നാളിതുവരെ അദ്ദേഹത്തിന്റെ ഇടപെടലുകൾ. കർഷകരുമായി ചർച്ചകൾ നടത്തുന്നതിനുൾപ്പെടെ ചുമതലപ്പെടുത്തിയിരുന്നത് മന്ത്രിസഭയിലെ മറ്റ് കൂട്ടാളികളെയാണ്.

എന്നാൽ സമരം അടിച്ചമർത്തുന്നതിന് മോഡിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന രാഷ്ട്രീയ ഗൂഢാലോചനകളെല്ലാം കർഷക നേതാക്കൾ തുറന്ന് കാട്ടിയതോടെ സംഭവങ്ങളുടെ നിയന്ത്രണം കൈവിട്ടുപോയ അവസ്ഥയിലായി അദ്ദേഹം. അതേ ശൈലിയിൽ കർഷകരും തിരിച്ചടിക്കാൻ തുടങ്ങിയതോടെ കേന്ദ്ര സർക്കാർ പ്രതിസന്ധിയിലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തോടെ പൊള്ളയായ വികസന വാദങ്ങൾക്കു പിന്നിൽ മോഡി സർക്കാർ മറച്ചു പിടിക്കുന്ന കർഷക വിരുദ്ധ നയങ്ങൾ പരസ്യമായി. ഈ ഘട്ടത്തിൽ ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്റെ പരാമർശം പ്രസക്തമാണ്. “വിശപ്പിനു മേൽ വ്യാപാരത്തിനു പ്രാധാന്യമുള്ള” സംവിധാനം രാജ്യത്ത് അനുവദിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പട്ടിണി വർധിച്ചാൽ അതനുസരിച്ചായിരിക്കും വിളകളുടെ വിലയും തീരുമാനിക്കപ്പെടുക. ആവശ്യക്കാരേറുന്നതനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതുപോലെയുള്ള കച്ചവടരീതി കാർഷികോൽപന്നങ്ങളുടെ കാര്യത്തിൽ പറ്റില്ല. ആ സംവിധാനം അനുവദിക്കാനാകില്ലെന്നും അതിന് ശ്രമിക്കുന്നവരെ രാജ്യത്തിന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നോതാക്കൾ പോലും ഇത്തരത്തിൽ പ്രസ്താവനകൾ നടത്താൻ ബുദ്ധിമുട്ടുന്ന നിലവിലെ സാഹചര്യത്തിൽ ഒരു കർഷക നേതാവിന്റെ ഈ തുറന്നടിക്കൽ പ്രാധാന്യം ഉള്ളതാണ്. സമരം ചെയ്യുന്ന കർഷകരെ ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ വിഭജിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെയും ടികായത്ത് തുറന്നടിച്ചു. ‘കർഷക പ്രതിഷേധത്തിന് പിന്നിൽ പഞ്ചാബികൾ മാത്രമാണെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യഘട്ട അവകാശ വാദങ്ങൾ, പിന്നെ സിഖുകാരാണെന്നും ജാട്ടുകളാണന്നും അങ്ങനെ ആരോപണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ ഈ രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായിരിക്കുന്നു.

ചെറുകിട കർഷകരുടെയോ ആയിരക്കണക്കിന് ഏക്കറുകൾ സ്വന്തമായുള്ള ഭൂവുടമകളുടെയോ പ്രതിഷേധമല്ല ഇത്, ഈ പ്രസ്ഥാനം രാജ്യത്തെ മുഴുവൻ കർഷകരുടേതുമാണ്’ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കർഷകരുടെ ജനാധിപത്യ പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്ന മോഡിയുടെ രാഷ്ട്രീയ നിലപാട് സംയുക്ത പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അതിന്റെ ഫലമായി ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ നിന്നെല്ലാം യുവാക്കളുടെ വലിയ നിര പ്രതിഷേധത്തിൽ അണിനിരക്കുകയും ചെയ്യുന്നു. കർഷകർക്ക് പിന്നിൽ അണിനിരക്കുന്നവരുടെ എണ്ണത്തിൽ അനുനിമിഷമുണ്ടാകുന്ന വർധനവ് ചൂണ്ടിക്കാണിക്കുന്നത് മോഡി സർക്കാരിന്റെ നയങ്ങൾ തെറ്റാണെന്നു തന്നെയാണ്. കർഷകരുടെ സ്വയം പ്രഖ്യാപിത രക്ഷകനായ മോഡി തന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ ഇക്കഴിഞ്ഞ ദിവസം നടത്തിയ പരാമർശം അദ്ദേഹത്തെ കൂടുതൽ പരുങ്ങലിലാക്കിയിരിക്കുകയാണ്. മണ്ടികളിലെ മാറ്റം ആദ്യം നിർദ്ദേശിച്ചത് മൻമോഹൻ സിങ്ങാണെന്നും അത് ബിജെപി നടപ്പാക്കിയതിൽ കോൺഗ്രസിന് അഭിമാനിക്കാം എന്നും പറഞ്ഞ മോഡി രാജ്യത്ത് ഒരു തരം ‘സമര ജീവി‘വർഗ്ഗങ്ങൾ രൂപപ്പെട്ടിടുണ്ടെന്നും അവരാണ് ഈ സമരങ്ങൾക്ക് പിന്നിലെന്നും രാജ്യസഭയിൽ കുറ്റപ്പെടുത്തി. അവർക്ക് സമരങ്ങൾ ഇല്ലാതെ ജീവക്കാൻ കഴിയില്ല.

രാജ്യം അവരെ സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹി അതിർത്തിയിലുണ്ടായ ഇരുനൂറിലധികം കർഷകരുടെ മരണവും 24 കർഷകരുടെ ആത്മഹത്യയും പ്രധാനമന്ത്രി എങ്ങനെയാണ് വിവരിക്കുക എന്ന് പ്രതിഷേധങ്ങളിലൂടെ നേതാവായി ഉയർന്നുവന്ന നരേന്ദ്ര മോഡിയുടെ ഈ പരാമർശത്തിന് മറുപടിയായി കർഷക നേതാക്കൾ തിരിച്ചു ചോദിച്ചു. ജീവൻ ബലിയർപ്പിച്ച കർഷകർ പ്രൊഫഷണൽ സമര ജീവികളാണെന്നാണോ മോഡി കരുതുന്നതെന്ന് വ്യക്തമാക്കണമെന്നും ജീവൻ ബലിയർപ്പിച്ച കർഷകരുടെ മേൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ദുഃഖകരമാണെന്നും അവർ പറഞ്ഞു. ‍സ്വതന്ത്ര ഇന്ത്യയിൽ കർഷകർക്കും അവരുടെ പ്രശ്നങ്ങൾക്കും ഇത്രയധികം രാഷ്ട്രീയ പ്രധാന്യം ലഭിക്കുന്നത് ഇതാദ്യമായാണ്. ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് അടിക്കടി മോഡി പറയുന്നു. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ പരാമർശം വലിയ ശരിയാണ്. എന്നാൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ആരാണ് എന്ന് രാഷ്ട്രം ചോദിക്കുന്ന മറുചോദ്യമാണ് പ്രസക്തം. മോഡിയുടെ പ്രസംഗത്തിൽ തന്നെ ഈ ആശയക്കുഴപ്പം പ്രകടവുമാണ്. മുൻപുണ്ടായിരുന്നതുപോലെ തന്നെ കുറഞ്ഞ താങ്ങുവില സമ്പ്രദായം ഇപ്പോഴും നിലവിലുണ്ടെന്നും അത് തുടരുമെന്നുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ടത് നിയമപരമാക്കുന്നില്ല? എംഎസ്‌പി നിയമവിധേയമാക്കാതിരിക്കാൻ അദ്ദേഹം ധാർഷ്ട്യം കാണിക്കുന്നത് എന്തുകൊണ്ടാണ്? താങ്ങുവില എടുത്തുകളയുക എന്നത് തന്നെയാണ് ലക്ഷ്യം എന്ന് വ്യക്തം. പ്രധാനമായി മൂന്ന് പരാമർശങ്ങളാണ് കഴിഞ്ഞ ദിവസം മോഡി രാജ്യസഭയിൽ നടത്തിയത്. ആദ്യം, തന്റെ നടപടിയെ ന്യായീകരിക്കാനായി ഡോ. മൻമോഹൻ സിങ്ങിനെ അനവസരത്തിൽ ഉദ്ധരിച്ചു.

കർഷകർ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു രണ്ടാമത്തേത്. ചർച്ചകൾ പുനരാരംഭിക്കാൻ കർഷകരെ ക്ഷണിക്കുന്നു എന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട പരാമർശം. കർഷക പ്രക്ഷോഭത്തിന്റെ കാരണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഡിക്ക് എങ്ങനെ പറയാനാകും. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കർഷക നോതാക്കളുമായി ഇതിനോടകം 11 ഘട്ടങ്ങളിലായി ചർച്ചകൾ നടത്തുകയും സർക്കാരിന്റെ നിലപാടുകൾ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയുടെ വിവരങ്ങളും വിശദാംശങ്ങളും തോമർ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടാകില്ലെന്ന് വിശ്വസിക്കുക പ്രയാസമാണ്. കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്ന് ഇതിനുമറുപടിയായി കർഷക നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കണമെന്നും ചർച്ച നടത്താൻ കർഷകർ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നുമാണ് സംയുക്ത കിസാൻ മോർച്ച നേതാവ് ശിവകുമാർ കാക്ക പറഞ്ഞത്. പന്ത് ഇപ്പോൾ മോഡിയുടെ കോർട്ടിലാണ്. അദ്ദേഹം തീയതി നിശ്ചയിക്കുകയും തന്റെ കൂട്ടാളികളെ നിയോഗിക്കുന്നതിനുപകരം കർഷകരുമായി നേരിട്ട് ചർച്ച നടത്തുകയും വേണമെന്നും കാക്ക പറഞ്ഞു. അവസാന ഘട്ട ചർച്ചയിൽ 12–18 മാസത്തേക്ക് നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തയാറാണെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നതുപോലും മോഡി അറിയാതെയായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. 1930 മുതൽ പിന്തുടരുന്ന കാർഷിക മാർക്കറ്റിങ് സംവിധാനമാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നതെന്നും കാലോചിതമായ പരിഷ്കാരങ്ങൾ കാർഷിക മേഖലയിൽ വേണമെന്നുമുള്ള മൻമോഹൻ സിങ്ങിന്റെ പരാമർശത്തെയാണ് തന്റെ വാദങ്ങൾ ന്യായീകരിക്കാൻ മോഡി കൂട്ടുപിടിച്ചത്. പരിഷ്കാര നടപടികൾ നടപ്പാക്കാൻ ശരദ് പവാറും മൻമോഹൻ സിങ്ങും ഉൾപ്പെടെയുള്ളവർക്ക് ഭയമായിരുന്നു എന്ന് പരിഹസിച്ച പ്രധാനമന്ത്രി ഇത്തവണ ഒരു വിട്ടു വീഴ്ച്ചയുമുണ്ടാകില്ലെന്നും നിയമങ്ങളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു സഭയിൽ പറഞ്ഞത്.

മൻമോഹൻ സിങ് മണ്ടികളിലെ പരിഷ്കരണത്തിന് വേണ്ടി അഭിപ്രായം ഉന്നയിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ അതിനെ അശ്രയിച്ചു നിൽക്കുന്നവരെയൊന്നും പരിഗണിക്കാതെയുള്ള നിർബന്ധിത നീക്കം അദ്ദേഹം ഒരിക്കലും നടത്തിയിട്ടില്ല. ശരിയായ അവസരത്തിനായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. എന്നാൽ മോഡിയാകട്ടെ ഒരു ചർച്ചകൾക്കും തയാറാകാതെ നിയമം നടപ്പാക്കി. പുതുതായി ആവിഷ്കരിച്ച ഈ മൂന്ന് നിയമങ്ങളെ പരിഷ്കാരങ്ങളിലേക്കുള്ള ആദ്യപടിയായി വിശേഷിപ്പിക്കാനാവില്ല. കർഷകരെ കബളിപ്പിക്കാനും ദരിദ്രരാക്കാനുമെ ഇവ ഉപകരിക്കൂ. കർഷകരെ യാചകരാക്കി അവരുടെ ഭൂമി കോർപ്പറേറ്റുകൾക്ക് വിട്ടുനൽകുക എന്നത് മൻമോഹൻ സിങ്ങിന്റെ നയം ആയിരുന്നില്ല. കുറഞ്ഞ താങ്ങുവില സംബന്ധിച്ച യുപിഎ സർക്കാർ ഓർഡിനൻസ് പിൻവലിച്ചതെങ്ങനെയെന്നുകൂടി മോഡി വിശദീകരിക്കേണ്ടതായിരുന്നു. ഇതെക്കുറിച്ച് മുതിർന്ന ആർഎൽഡി നേതാവ് ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്, ”പാർലമെന്റ് സമ്മേളനം ചേരാത്ത സമയത്തായിരുന്നു അന്നത്തെ കൃഷിമന്ത്രിയായിരുന്ന ശരദ് പവാർ എഫ്ആർപി ഓർഡിനൻസ് കൊണ്ടുവന്നത്. ഇതിനെതിരെ നവംബർ 19 ന് 25,000–30,000 കർഷകരെ അണിനിരത്തി പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ഞങ്ങൾ മാർച്ച് സംഘടിപ്പിച്ചു. എൽ കെ അഡ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലും ഞങ്ങളുടെ റാലിയിലേക്ക് ക്ഷണിച്ചിരുന്നു. കർഷകർ ജന്തർ മന്തറിൽ പ്രതിഷേധം ഇരുന്ന് 3–4 മണിക്കൂറിനുള്ളിൽ, ഓർഡിനൻസ് പിൻവലിച്ചു. ” മോഡി ചെയ്യുന്നതുപോലെ യുപിഎ സർക്കാർ അതിനെ ഒരു അഭിമാനപ്രശ്നമാക്കി ഉയർത്തിക്കാട്ടി കടുംപിടിത്തങ്ങൾ നടത്തിയില്ല. രാജ്യസഭയിലെ മോഡിയുടെ പ്രസംഗം തന്നെ അദ്ദേഹം എത്രത്തോളം പ്രതിരോധത്തിലാണെന്നതിന്റെ സൂചനയാണ്. രാജ്യത്തിന് അകത്തും പുറത്തുമായി വലിയ രാഷ്ട്രീയമാനം നേടി അനുനിമിഷം കൂടുതൽ സജീവമായിക്കൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തെ അദ്ദേഹം ഭയപ്പെടുന്നു. വിദേശ താരങ്ങളുടെ ട്വീറ്റുകളോട് മോഡി സർക്കാർ പ്രതികരിച്ച രീതി ഇതിന് വ്യക്തമായ തെളിവാണ്.

കർഷകരുടെ പ്രക്ഷോഭത്തെ അനുകൂലിച്ച് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ്, അമേരിക്കൻ അഭിഭാഷക മീന ഹാരിസ് (കമല ഹാരിസിന്റെ മരുമകൾ), ഓസ്കാർ ജേത്രി സൂസൻ സരണ്ടൻ തുടങ്ങിയവർ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും തള്ളിപ്പറഞ്ഞും കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ ഈ വിഷയം അന്താരാഷ്ട്രവൽക്കരിക്കുകയായിരുന്നു. അല്ലാത്തപക്ഷം ഈ ട്വീറ്റുകൾ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടേക്കില്ല എന്നതായിരുന്നു വാസ്തവം. രാജ്യത്ത് വിദേശ ശക്തികളുടെ വിനാശകരമായ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്നും അത്തരം പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട് എന്നുമുള്ള മോഡിയുടെ പരാമർശങ്ങളിലും ഈ ഭയവും നിരാശയും പ്രതിഫലിച്ചിട്ടുണ്ട്. കർഷക പ്രക്ഷോഭങ്ങളിലെ സിഖ് പ്രാതിനിത്യത്തെ ഖലിസ്ഥാൻ കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കാൻ ശ്രമിച്ച ബിജെപി ഇപ്പോൾ ഉയർത്തുന്ന പുതിയ അടവാണ് ഈ ‘വിദേശ കൈകടത്തൽ’ ന്യായീകരണങ്ങൾ. ഇപ്പോൾ സിഖ് സമുദായത്തിന്റെയും കർഷകരുടെയും പ്രാധാന്യം പെട്ടെന്നെന്തോ പ്രധാനമന്ത്രിക്ക് മനസ്സിലായതുപോലെയാണ് അദ്ദേഹത്തിന്റെ സമീപനം. സിഖുകാർ രാജ്യത്തിനായി വളരെയധികം സംഭാവനകൾ നൽകിയ സമൂഹമാണെന്നും ചിലർ അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമുള്ള മോഡിയുടെ പരാമർശം തന്റെ തന്നെ മന്ത്രി സഭയിലെയും പാർട്ടിയിലെയും ആളുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിഛായ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരല്പം ഉയർന്നേനെ. പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് കേന്ദ്രം ഏകപക്ഷീയമായ ഒരു തീരുമാനം എടുക്കാൻ പാടില്ലായിരുന്നുവെന്ന രണ്ട് ശങ്കരാചാര്യന്മാരുടെ നിലപാടും പ്രാധാന്യത്തോടെ പരിഗണിക്കണം. എൻഡിഎ സർക്കാരിന്റെ പതിവ് ഏകപക്ഷീയത ജനാധിപത്യത്തിന് മോശം അടയാളമാണെന്നും അതിലൊരാൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമരത്തെ ഒരു തരത്തിലും തകർക്കാനാകുന്നില്ലെന്ന നില വന്നപ്പോൾ കർഷകരുടെ പ്രതിഷേധം ദേശീയതയ്ക്ക് കളങ്കം ഉണ്ടാക്കിയെന്ന് സ്ഥാപിക്കാനാണ് നിലവിൽ കേന്ദ്ര സർക്കാരും ബിജെപിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ശക്തികളുടെ കടന്നുകയറ്റം പോലുളള വാദങ്ങൾ. എന്നാൽ ഇത് പാർട്ടിയെ കൂടുതൽ പരുങ്ങലിലാക്കുകയാണ്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി നേരിടുന്ന കടുത്ത പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ചില ബിജെപി നേതാക്കൾപോലും ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ രംഗത്തു വന്നുതുടങ്ങി. ഈ സംസ്ഥാനങ്ങളിലൊക്കെ ബിജെപി നേതാക്കൾക്ക് സാമൂഹ്യ ബഹിഷ്കരണം നേരിടേണ്ട സാഹചര്യമാണ്. വീട്ടിൽ നിന്ന് പുറത്തു വരാൻ പോലും ഭയന്ന് ചുമരുകൾക്കുള്ളിൽ കഴിച്ചുകൂട്ടേണ്ട സ്ഥിതിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബിജെപി നേതാക്കൾക്ക്. (ഇന്ത്യ പ്രസ് ഏജൻസി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.