16 June 2025, Monday
KSFE Galaxy Chits Banner 2

താലിബാന്‍ ഭരണകൂടത്തിന് കെെകൊടുക്കുമ്പോള്‍

യെസ്‌കെ
May 20, 2025 4:54 am

സമീപ വർഷങ്ങളിൽ, ഉയർന്നുവരുന്ന ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നതിനെന്ന പേരില്‍ വിദേശനയം പുനഃക്രമീകരിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം. മുമ്പ് ശത്രുതാപരമായ ബന്ധങ്ങൾ പുലർത്തിയിരുന്ന ശ്രീലങ്കയിലെ ജനതാ വിമുക്തി പെരമുന (ജെവിപി), അഫ്ഗാനിസ്ഥാനിലെ താലിബാന്‍ എന്നിവരുമായുള്ള ഇടപെടലില്‍ ഈ മാറ്റങ്ങള്‍ പ്രകടമാണ്. കമ്മ്യൂണിസ്റ്റ് ഗ്രൂപ്പായ ജെവിപി നിലവില്‍ ശ്രീലങ്കയില്‍ ഭരണം കയ്യാളുന്നു. കൃത്യമായ ജനാധിപത്യ പ്രക്രിയയിലൂടെയാണ് ജെവിപി അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മറച്ചുവച്ച് ശ്രീലങ്കന്‍ ഭരണകൂടവുമായി കെെകോര്‍ക്കാന്‍ ഇന്ത്യന്‍ ഭരണകൂടം നിര്‍ബന്ധിതമാവുകയായിരുന്നു. പാകിസ്ഥാന്‍ ഭീകരതയുടെ പ്രതിനിധിയായും ഇന്ത്യാവിരുദ്ധ ഭീകരരുടെ രക്ഷാധികാരിയായുമാണ് അടുത്തകാലംവരെ താലിബാനെ ന്യൂഡല്‍ഹി വിലയിരുത്തിയിരുന്നത്. തികച്ചും ജനാധിപത്യവിരുദ്ധ, സ്ത്രീവിരുദ്ധ, മതമൗലികവാദപരമായ അതിന്റെ തത്വങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി താലിബാന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കെതിരെ ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാനില്‍ പരിമിത ജനാധിപത്യമെങ്കിലും നിലനില്‍ക്കുമ്പോള്‍ തികച്ചും മതഭീകരവാദമാണ് താലിബാന്‍ ഭരണകൂടത്തിന്റെ മുഖമുദ്ര.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ താലിബാൻ വിദേശകാര്യമന്ത്രിയുമായി വിവിധ വിഷയങ്ങളില്‍ ധാരണയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ പൗരന്മാര്‍ക്ക് വീണ്ടും വിസ നല്‍കുന്നത് ആലോചിക്കാമെന്ന് ഇന്ത്യ അറിയിച്ചതായി താലിബാൻ പ്രസ്താവിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച താലിബാൻ സർക്കാരിന്റെ നടപടി അഭിനന്ദനാർഹമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എക്സിൽ കുറിച്ചു. അഫ്ഗാനിലെ താലിബാൻ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി സംസാരിച്ചുവെന്നും അഫ്ഗാനിലെ ജനങ്ങളുമായി പരമ്പരാഗതമായി തുടരുന്ന സൗഹൃദത്തെക്കുറിച്ചടക്കം സംഭാഷണം നടന്നുവെന്നും ജയ്ശങ്കറിന്റെ കുറിപ്പിലുണ്ട്. അഫ്ഗാനിലെ ജനതയുടെ വികസനകാര്യങ്ങളില്‍ പിന്തുണ തുടരുമെന്നും കൂടുതല്‍ സഹകരണം ചർച്ചയായെന്നും അദ്ദേഹം കുറിച്ചു. 

താലിബാൻ സർക്കാരുമായി അടുക്കാൻ രണ്ടാം മോഡി സര്‍ക്കാര്‍ മുതല്‍ ശ്രമം നടത്തിവരികയായിരുന്നു. മുതിർന്ന നയതന്ത്രജ്ഞരെ കാബൂളിലയച്ച് താലിബാൻ നേതാക്കളുമായി ഒന്നിലേറെ തവണ ചർച്ച നടത്തി. ജനുവരിയിൽ ദുബായിൽ വിദേശ സെക്രട്ടറി വിക്രം മിസ്രി നയിച്ച ഇന്ത്യൻ സംഘവും വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുത്താഖിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ സംഘവും കൂടിക്കാഴ്ച നടത്തി. അതിനുമുമ്പേ ഗോതമ്പും മരുന്നും കീടനാശിനിയും ലക്ഷക്കണക്കിന് പോളിയോ — കോവിഡ് വാക്സിനുകളുമെല്ലാം മോഡി സർക്കാർ താലിബാൻ സർക്കാരിന് നൽകിയിരുന്നു.
പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള വെല്ലുവിളികളുടെ സാഹചര്യത്തിലാണ് താലിബാൻ ഇന്ത്യയോട് അടുപ്പം കാണിക്കുന്നത്. വ്യാപാര, വിസ പ്രക്രിയകൾ സുഗമമാക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി അഫ്ഗാനിസ്ഥാന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഹാഫിസ് സിയ അഹമ്മദ് പറയുന്നു. ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവനയാകട്ടെ വിസ തുടങ്ങിയ കാര്യങ്ങള്‍ നേരിട്ട് പരാമർശിക്കാതെ, അഫ്ഗാനിസ്ഥാന്റെ വികസന ആവശ്യങ്ങളിലെ പിന്തുണ മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് കാരണങ്ങള്‍ പലതാണ്.
ഒന്നാമതായി 2022 ജൂണിൽ കാബൂളിൽ ഇന്ത്യന്‍ എംബസി ആരംഭിച്ചെങ്കിലും താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. മാത്രമല്ല, അഫ്ഗാന്‍ വിസ തേടുന്നവർക്ക് അപകടസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ സൂചന നൽകിയിട്ടുണ്ട്. കാബൂളിലെ ഇന്ത്യൻ എംബസിക്കാകട്ടെ രാജ്യത്ത് പ്രവർത്തനക്ഷമമായ വിസ സേവനസൗകര്യങ്ങളില്ല. 

താലിബാനുമായി ചങ്ങാത്തം കൂടുംമുമ്പ് തിരിച്ചറിയേണ്ട ഗൗരവമാര്‍ന്ന മറ്റ് വിഷയങ്ങളുമുണ്ട്. ഗ്ലോബൽ സൗത്തിൽ ഒരുപക്ഷേ ഏറ്റവുമാദ്യം യൂറോപ്യൻ സാമ്രാജ്യത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായിരുന്ന നൂർ മുഹമ്മദ് തരാക്കിയായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ ആദ്യ പ്രസിഡന്റ്. 1978 മുതൽ 1992 വരെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അഫ്ഗാൻ ഭരിച്ചു. മറ്റേതൊരു സോഷ്യലിസ്റ്റ് സമൂഹത്തെയും പോലെ പുരോഗമന പക്ഷത്ത് നിന്നുകൊണ്ടുള്ള വൻ പരിഷ്കാരങ്ങൾക്ക് ഈ സര്‍ക്കാരുകള്‍ തുടക്കം കുറിച്ചു. സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്കരണം അഫ്ഗാനിലെ വലതുപക്ഷ സമുദായ കക്ഷികളെ വിളറി പിടിപ്പിച്ചു. ഫ്യൂഡൽ സമുദായ ഗോത്രങ്ങൾ സര്‍ക്കാരിനെതിരെ തിരിയാനുള്ള പ്രധാന കാരണമായി അത് മാറി. 1980ൽ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ നടത്തിയ ഒരു പ്രസംഗം ഇങ്ങനെയാണ്: “ഒരു സ്വതന്ത്ര ഇസ്ലാമിക ജനതയെ കീഴ്പ്പെടുത്താനുള്ള കമ്മ്യൂണിസ്റ്റ് നിരീശ്വരവാദ സര്‍ക്കാരിന്റെ മനഃപൂർവമായ ശ്രമമാണിത്.” അന്നുമുതല്‍ താലിബാന് ആയുധങ്ങളും, പണവും, കറുപ്പും നല്‍കി അഫ്ഗാൻ സർക്കാരിനും സോവിയറ്റുകൾക്കുമെതിരെ യുദ്ധം ചെയ്യിക്കുകയായിരുന്നു അമേരിക്കൻ മുതലാളിത്തം.
1999ൽ വാജ്പേയ് ഭരണകാലത്ത് കാണ്ഡഹാർ വിമാന റാഞ്ചലുണ്ടായപ്പോൾ റാഞ്ചികൾക്ക് സംരക്ഷണമൊരുക്കിയത് അന്നത്തെ താലിബാൻ സർക്കാരായിരുന്നു. അജിത് ഡോവലടക്കമുള്ള ഉദ്യോഗസ്ഥർ കാണ്ഡഹാറിലെത്തി ബന്ദികളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും താലിബാൻ വഴങ്ങിയില്ല. പിന്നീട് മസൂദ് അസറടക്കം ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മൂന്ന് ഭീകരരെ അന്നത്തെ വിദേശമന്ത്രി ജസ്വന്ത് സിങ് കാണ്ഡഹാറിലെത്തിച്ച് താലിബാന് കൈമാറുകയായിരുന്നു. മസൂദ് അസറാണ് പന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ച് ഇന്ത്യയിലുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയത്. 2021 ഓഗസ്റ്റിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാൻ റിപ്പബ്ലിക്കുമായുള്ള ഇന്ത്യയുടെ രണ്ട് പതിറ്റാണ്ടുകളുടെ ബന്ധം പൂര്‍ണമായും തകര്‍ന്നു.

2020 ഫെബ്രുവരിയിൽ അന്നത്തെ ട്രംപ് സർക്കാർ അവരുമായി ദോഹയിൽ വച്ചുണ്ടാക്കിയ കരാറാണ് താലിബാൻ ഭീകരർക്ക് അധികാരത്തിലേക്ക് വീണ്ടും വഴിതുറന്നത്. ഒന്നരവർഷം തികയുംമുമ്പ് അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാൻ പിടിച്ചെടുത്തു. രാജ്യത്തുനിന്ന് അമേരിക്കന്‍ സേനയുടെ പിന്മാറ്റം ആരംഭിച്ച മേയ് അവസാനത്തോടെ തന്നെ ഓരോ പ്രദേശങ്ങൾ പിടിച്ചെടുത്തുകൊണ്ടാണ് താലിബാന്‍ ഭീകരര്‍ ഒടുവില്‍ തലസ്ഥാനമായ കാബൂളും കീഴടക്കിയത്.
നിലവിലെ സാഹചര്യത്തില്‍ അവരുമായുണ്ടാക്കുന്ന നയതന്ത്ര ബന്ധങ്ങള്‍ അവധാനതയോടെ വേണം. അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹിലാരി ക്ലിന്റണ്‍ നടത്തിയ തുറന്നുപറച്ചിൽ ഓര്‍മ്മയിലുണ്ടാവണം. ‘കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാൻ നമ്മൾ താലിബാനെ വളർത്തി, സഹായിച്ചു. ഇന്നവർ മറ്റു രാഷ്ട്രങ്ങൾക്കും നമുക്കുപോലും ഭീഷണിയായി മാറിയിരിക്കുന്നു’ എന്നാണ് ഹിലാരി പറഞ്ഞത്.

Kerala State - Students Savings Scheme

TOP NEWS

June 16, 2025
June 15, 2025
June 15, 2025
June 15, 2025
June 14, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.