20 September 2024, Friday
KSFE Galaxy Chits Banner 2

ആരാണ് സാധുക്കൾ ?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ 22
August 6, 2024 4:02 am

സാധുജന പരിപാലനമാണ് ധർമ്മപരിപാലനം എന്നും ധർമ്മപരിപാലനത്തിന് ആയുധധാരണവും ആവശ്യമെങ്കിൽ ആകാം എന്നുമാണ് രാമായണവും ഭഗവദ്ഗീതയും പഠിപ്പിക്കുന്നതെന്ന് പറയുമ്പോൾ ആരാണ് സാധു എന്ന ചോദ്യമുയരും. സാധുക്കൾ എന്നതിന് ഇരുകാലികളിൽ ബ്രാഹ്മണരും നാല്‍ക്കാലികളിൽ പശുക്കളും എന്ന് അർത്ഥം കല്പിക്കുന്നവരുണ്ടാകാം. ഇങ്ങനെ അർത്ഥകല്പന ചെയ്തവർ വരുത്തിവച്ചതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ അനർത്ഥങ്ങളുടെ ആകത്തുകയാണ് നീചാൽ നീചമായ ജാതിവ്യവസ്ഥയും പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന ആൾക്കൂട്ട ഗുണ്ടായിസവും. പക്ഷേ സാധുക്കൾ ആരാണ് എന്നതിന് ബ്രാഹ്മണനും പശുക്കളുമാണെന്നല്ല അധ്യാത്മരാമായണം മറുപടി പറയുന്നത്. അതിനാൽത്തന്നെ അധ്യാത്മരാമായണ പ്രകാരം ആരാണ് സാധു എന്നു പ്രത്യേകം എടുത്തു കാണിക്കേണ്ടി വരുന്നു.
”സാധവാഃ സമചിത്തായേ നിസ്പൃഹാഃ വിഗതൈഷിണഃ
ദാന്താഃ പ്രശാന്താസ്ത്വദ്ഭക്താഃ നിവൃത്താഖില കാമനഃ”
ഇതാണ് അധ്യാത്മരാമായണത്തിലെ സാധു നിർവചനം.
”സമചിത്തരും ആഗ്രഹമറ്റവരും ഏഷണ ഇല്ലാത്തവരും സംയമികളും പ്രശാന്തരും ഭഗവദ്ഭക്തരും സർവ കാമനകളെയും ത്യജിച്ചവരും ആരോ അവരാണ് സാധുക്കൾ” എന്നാണ് മേലുദ്ധരിച്ച ശ്ലോകത്തിന്റെ അർത്ഥം. (അധ്യാത്മരാമായണം; അരണ്യകാണ്ഡം; സർഗം മൂന്ന്; ശ്ലോകം 37). സമചിത്തത മമതയുള്ളിടത്ത് സംഭവിക്കില്ല. ജാതി, മതം, ദേശം, കുലം, തറവാട്, സ്വത്ത്, മക്കൾ എന്നിവയെ പ്രതിയുള്ള വൈകാരികമായ ഒട്ടിപ്പിടുത്തമാണ് മമത. സ്വന്തം മക്കളോട് വൈകാരികമായ അമിത താല്പര്യമുള്ളവർക്ക് മറ്റുള്ളവരുടെ മക്കളോട് സമചിത്തതയോടെ സ്നേഹം പങ്കിടാനോ നീതി പുലർത്താനോ ന്യായാന്യായങ്ങൾ നിരീക്ഷിച്ച് ഒരു കാര്യത്തിലും നിലപാടെടുക്കാനോ കഴിയില്ല. 

പുത്തൃമമതയുടെ അഭിശപ്തഫലമാണ് മക്കൾ രാഷ്ട്രീയം. മക്കൾ രാഷ്ട്രീയത്തിന് എല്ലാ മക്കളോടും സമഭാവനയിൽ വർത്തിക്കാനാവില്ലല്ലോ. ഇത്തരം മമതകൾ ഒഴിവായ നിലയാണ് ഏഷണകൾ ഇല്ലാത്ത നില. മക്കൾ, ഭാര്യ, ധനം എന്നിവയിലുള്ള മോഹം നിമിത്തം കൈമെയ് മറന്ന് എന്തും ചെയ്തുപോകുന്ന വൈകാരികനിലയാണ് ഏഷണ. ഇതൊക്കെ ഒഴിവാക്കുംവിധം ഭഗവദ് ഭക്തിയാൽ ഉള്ളിൽ വിവേകം തെളിഞ്ഞവരും ബോധവികാസം സംഭവിച്ചവരും എനിക്കും എന്റേതുകൾക്കും എന്ന മമതാകാമനകളെ അതിജയിച്ചവരും ആണ് അധ്യാത്മരാമായണപ്രകാരം സാധുക്കൾ. ഇത്തരം സാധുക്കളെ പരിപാലനം ചെയ്യലാണ് പരമമായ ധർമ്മരക്ഷണം. അതിനായി ആയുധമണിഞ്ഞും പൊരുതുന്നവനാണ് ക്ഷത്രിയൻ അഥവാ അത്തരം ക്ഷത്രിയന്മാരെ മാത്രമേ ജനാധിപത്യ വ്യവസ്ഥയിൽ ആവശ്യമുള്ളൂ.
മത‑ജാതി, കക്ഷി-രാഷ്ട്രീയ മമതകൾ എല്ലാം വെടിഞ്ഞ് സർവരും സാധുക്കളാകുന്ന ചില സ്ഥിതിവിശേഷങ്ങളെങ്കിലും ആപൽക്കാലങ്ങളിൽ ഉണ്ടാകാറുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം അത്തരം സന്ദർഭങ്ങളിൽ ഒന്നാണ്. ജാതി മതാഭിമാന മമതകളും കക്ഷിരാഷ്ട്രീയ പോരും ഒക്കെ മറന്ന് എല്ലാവരും എല്ലാവർക്കും വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു പാരസ്പര്യപ്പെട്ട് പച്ചമനുഷ്യരായി ജീവിക്കുന്ന നിലയാണ് ഇത്തരം ആപൽഘട്ടങ്ങളിൽ ഉണ്ടാവുന്നത്. മമതകളും വിഭാഗീയതകളും മലിനപ്പെടുത്താത്ത മനുഷ്യരുടെ നിസഹായാവസ്ഥകളിൽ സർവമനുഷ്യരും സാധുക്കളാകാവുന്ന സമതാബോധം നേടുന്നു. ഈ നിലയിൽ മമതാബോധമില്ലാത്ത സമതാബോധമുണ്ടാകുമ്പോഴെല്ലാം മനുഷ്യർ എവിടെയായാലും സാധുക്കളാണെന്നു പറയാം. അത്തരം സാധുസംരക്ഷണവും ഉത്തമമായ ധർമ്മസംരക്ഷണമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.