Saturday
23 Feb 2019

ഐഎല്‍ ആന്‍ഡ് എഫ്എസ് നല്‍കുന്ന പാഠം

By: Web Desk | Sunday 7 October 2018 8:09 AM IST


jalakam

മോഡി സര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരു ഉദാഹരണം കൂടി രാജ്യം കാണുകയാണ്. കടത്തില്‍ മുങ്ങി തകര്‍ച്ചയിലേക്കു കൂപ്പു കുത്തിയ ഐഎല്‍ ആന്‍ഡ് എഫ്എസ് കമ്പനി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വകാര്യമേഖലയെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് തങ്ങളുടെ ജീവിതവ്രതമായി എടുത്തിട്ടുള്ള ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെപ്പോലെ ബിജെപിയും. അതുകൊണ്ടാണല്ലോ നവരത്‌നാ, മഹാരത്‌നാ കമ്പനികള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്ന് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു വിളിച്ച പൊതുമേഖലാ വ്യവസായങ്ങളെ ഇല്ലാതാക്കുന്നതിന് നവ ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളായ ഈ രണ്ടു പാര്‍ട്ടികളും മത്സരിക്കുന്നത്.
ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുത്ത ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പബ്ലിക്-പ്രൈവറ്റ്-പാര്‍ട്ടിസിപ്പേഷന്‍ (പി പി പി) കമ്പനിയുടെ കടബാധ്യത 91,000 കോടി രൂപയാണ്. ഇതില്‍ 61 ശതമാനവും ബാങ്കുവായ്പകളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ സ്വകാര്യ വ്യവസായ വാണിജ്യ മേഖലയെന്ന ഊതിവീര്‍പ്പിച്ച ബലൂണിന്റെ പൊള്ളത്തരം എത്രമാത്രമെന്ന് കണ്ണുതുറന്നു കാണാന്‍ ഉദാരവല്‍ക്കരണത്തിന്റെ ശക്തികള്‍ ഇനിയെങ്കിലും തയ്യാറാകണം.
1987 ല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നീ ഗവണ്‍മെന്റുടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് ഐഎല്‍ ആന്‍ഡ് എഫ്എസ് കമ്പനി രൂപീകരിച്ചത്. ഇതിനായി മുന്‍കയ്യെടുത്തത് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനായിരുന്ന മനോഹര്‍ ജെ ഫെര്‍വാനി, ധനകാര്യ മാനേജ്‌മെന്റ് വിദഗ്ധനായ രവി പാര്‍ത്ഥസാരഥി തുടങ്ങിയവരായിരുന്നു. കൂടുതല്‍ ധനസമാഹരണത്തിനായി ജപ്പാനിലെ ഓറിക്‌സ് കോര്‍പ്പറേഷന്‍, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) തുടങ്ങിയ സ്ഥാപനങ്ങള്‍ കമ്പനിയുടെ ഓഹരി പങ്കാളികളായി. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഓഹരി പങ്കാളിയായി. ഇപ്പോള്‍ എല്‍ഐസിക്ക് 25.34 ശതമാനവും ജപ്പാനിലെ ഓറിക്‌സ് കോര്‍പ്പറേഷന് 23.54 ശതമാനവും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് 12.56 ശതമാനവും എച്ച്ഡി എഫ്‌സിക്ക് 9 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7.67 ശതമാനവും എസ്ബിഐയ്ക്ക് 6.5 ശതമാനവും ഐഎല്‍ ആന്‍ഡ് എഫ്എസ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്റ്റിന് 12 ശതമാനവും ഓഹരിയുണ്ട്. നിലവില്‍ 169 സബ്‌സിഡിയറി കമ്പനികളും ഈ ഹോള്‍ഡിംഗ് കമ്പനിക്കുണ്ട്.
കമ്പനിയുടെ ബോര്‍ഡിനെ നീക്കം ചെയ്യുന്ന സാഹചര്യത്തിലേക്കെത്തിച്ച സംഭവ വികാസങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത് തിരിച്ചടയ്‌ക്കേണ്ടിയിരുന്ന ഹ്രസ്വകാല വായ്പയില്‍ 450 കോടിരൂപ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലായെന്ന് കമ്പനി എസ് ഐ ഡി ബി ഐ യെ അറിയിച്ചപ്പോള്‍ മുതലാണ്. തുടര്‍ന്ന് ഐഎല്‍ ആന്‍ഡ് എഫ് എസിന്റെ പല സബ്‌സിഡിയറി സ്ഥാപനങ്ങളും വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ തുടര്‍ച്ചയായ വീഴ്ചകള്‍ വരുത്തുന്നു എന്ന വിവരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇപ്പോള്‍ 91,000 കോടി രൂപയുടെ കടത്തില്‍ മുങ്ങിത്താഴുന്ന കപ്പലായി അടിസ്ഥാന സൗകര്യ-ധനകാര്യ സേവനരംഗത്തെ ഈ കമ്പനി മാറി.
എല്‍ ഐ സി ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളിലെ പൊതുപണം എടുത്ത് ഇത്തരം പി പി പി കമ്പനികള്‍ക്ക് അമ്മാനമാടാന്‍ നല്‍കിയ കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ അനിവാര്യമായ ദുര്യോഗമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുക. 2008 ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ സന്ദര്‍ഭത്തില്‍ യു എസ് എ സര്‍ക്കാര്‍ ചെയ്തതുപോലെ ഇവിടെയും കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ കമ്പനി ലാ ട്രിബ്യൂണലിനെ സമീപിച്ച് കടക്കെണിയില്‍പ്പെട്ട ധനകാര്യ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിനെ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന ഉത്തരവിലൂടെ പിരിച്ചുവിട്ടു. കൊട്ടക് മഹേന്ദ്ര ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ഉദയ് കൊട്ടക് ചെയര്‍മാനായി അഞ്ചു പേരടങ്ങിയ പുതിയ ബോര്‍ഡിനെയും നിയമിച്ചു. 91,000 കോടിയുടെ കടബാധ്യത തീര്‍ക്കുന്നതാണ് പുതിയ ബോര്‍ഡിന്റെ പ്രധാന ചുമതല. കമ്പനിയുടെ ആസ്തിവില്‍പ്പനയില്‍ക്കൂടി 60,000 കോടി രൂപ മാത്രമെ കണ്ടെത്താന്‍ കഴിയൂ എന്നാണ് എല്‍ഐസിയുടെ ചെയര്‍മാന്‍ വി കെ ശര്‍മ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ 1,15,000 കോടിയുടെ ആസ്തി കമ്പനിക്കുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്.
ഐ എല്‍ ആന്‍ഡ് എഫ് എസ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചിട്ടുള്ളത് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2388 കോടി രൂപയാണ് അവര്‍ നല്‍കിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2140 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്ക് 1859 കോടി രൂപയും നല്‍കി. യെസ് ബാങ്ക് എന്ന പ്രൈവറ്റ് ബാങ്ക് 1841 കോടി രൂപയും ഈ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ മറ്റു പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കമ്പനിക്ക് വായ്പകള്‍ കൊടുത്ത കൂട്ടത്തില്‍പ്പെടുന്നു.
2009 ജനുവരിയിലാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡ് എന്ന പ്രൈവറ്റ് കമ്പനിയുടെ ചെയര്‍മാന്‍ രാമലിംഗ രാജു തല്‍സ്ഥാനം രാജിവച്ചു കൊണ്ട് കമ്പനിയുടെ 14,162 കോടി രൂപയുടെ അക്കൗണ്ട് താന്‍ പലരൂപത്തില്‍ തിരിമറി നടത്തി ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ചിട്ടുണ്ട് എന്ന് കുറ്റസമ്മതം നടത്തിയത്. കോടതിയുടെ ശിക്ഷാനടപടികള്‍ പൂര്‍ത്തിയായതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് സത്യം കമ്പനിയെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ വെട്ടിപ്പു നടന്ന ഈ കമ്പനിയില്‍ അതിന്റെ ചെയര്‍മാന്‍ പ്രതിമാസം 20 കോടിരൂപയാണ് ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ എഴുതിയെടുത്തിരുന്നതെന്നാണ് കോടതിയില്‍ വെളിവാക്കപ്പെട്ടത്.
ഐസിഐസിഐ യുടെ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ സ്വാധീനത്താല്‍ വീഡിയോകോണ്‍ ഗ്രൂപ്പിനു വഴിവിട്ടു നല്‍കിയ സഹായമാണ് ഇന്ന് അവര്‍ക്ക് ബാങ്കിന്റെ പടിയിറങ്ങേണ്ടി വന്നതിനു കാരണമായത്. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ പ്രൊമോട്ടറായുള്ള ന്യൂപവര്‍ റിന്യൂവബിള്‍സില്‍ 2010 ല്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂദ് ഒരു സബ്‌സിഡിയറി കമ്പനിയുടെ പേരില്‍ 64 കോടി രൂപ നിക്ഷേപിച്ചു. 2012 ല്‍ ഐ സി ഐ സി ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടിരൂപയുടെ ഒരു വായ്പ അനുവദിക്കുകയും ന്യൂ പവറില്‍ നിക്ഷേപം നടത്തിയ കമ്പനിയുടെ ഉടമസ്ഥാവകാശം ദീപക് കൊച്ചാറിന്റെ കമ്പനിയിലേക്ക് കേവലം 9 ലക്ഷം രൂപയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. വിവാദങ്ങളെ തുടര്‍ന്ന് ചന്ദ കൊച്ചാര്‍ എന്ന ലോകപ്രശസ്ത വനിതയ്ക്ക് രംഗമൊഴിയേണ്ടതായും വന്നു.
കടബാധ്യതമൂലം പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യയിലെ മറ്റൊരു ധനകാര്യ പണമിടപാട് സ്ഥാപനമായ ഐഡിബിഐ ബാങ്കിനെ സഹായിക്കാന്‍ ഈ വര്‍ഷം ജൂലൈയിലാണ് കേന്ദ്ര ഗവണ്‍മെന്റ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനോടാവശ്യപ്പെട്ടത്. ഐ ഡി ബി ഐ യില്‍ നിലവില്‍ 86 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുള്ളത്. ഐഡിബിഐ യുടെ 51 ശതമാനം ഓഹരി എല്‍ഐസി വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ ഈ വര്‍ഷം ഓഗസ്റ്റ് 1 ന് അനുമതിയും നല്‍കി. ഇനി ഗവണ്‍മെന്റിന്റെ ഷെയര്‍ 50 ശതമാനത്തില്‍ താഴെയായിരിക്കും.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യങ്ങളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത ശേഷം രാജ്യംവിട്ട വമ്പന്‍ സ്രാവുകളായ വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോസ്‌കി, നിതിന്‍ സന്ദേശര തുടങ്ങിയവരെല്ലാം ഇന്ത്യന്‍ മുതലാളിത്തത്തിന്റെ പുത്തന്‍ പതിപ്പുകളാണ്. വിത്തെടുത്തു കുത്തുന്നതുപോലെ രാജ്യത്തിന്റെ വിഭവങ്ങള്‍ സ്വകാര്യമേഖലയ്ക്കും സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും കൈമാറിയാല്‍ അത് വികസന കുതിപ്പാകും എന്നു പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നടപടികള്‍ ദേശദ്രോഹപരമാണെന്നു മാത്രമേ പറയാന്‍ കഴിയൂ. പൊതുമേഖല ബാങ്കുകളെയും വ്യവസായ സ്ഥാപനങ്ങളെയും തകര്‍ത്ത് മുന്നോട്ടുപോകുന്ന മോഡി ഭരണകൂടം പൊതുമേഖലാ ഇതര സ്ഥാപനങ്ങളില്‍ നടമാടുന്ന ഈ അരക്ഷിതാവസ്ഥ ഇനിയെങ്കിലും കണ്‍തുറന്നു കാണണം. ഗവണ്‍മെന്റിന്റെ ഓഹരി പങ്കാളിത്തം പരമാവധി കുറച്ചുകൊണ്ടുവന്ന് സ്വകാര്യ മേഖലയ്ക്ക് നിര്‍ണായകമായ സ്വാധീനം കൈവരുത്താനുള്ള നീക്കങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് ജനങ്ങള്‍ കണ്ണുതുറന്നു കാണണം.