August 9, 2022 Tuesday

വെറുപ്പിന്റെ ഗാന്ധിഹത്യകള്‍

പ്രൊഫ. പി എ വാസുദേവൻ
February 15, 2020 2:30 am

മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷിക വേളയില്‍ നാടുഭരിക്കുന്ന സര്‍ക്കാരടക്കം, എല്ലാവരും അദ്ദേഹത്തെ ഓര്‍ക്കുമ്പോഴും ഗാന്ധിമാര്‍ഗത്തിന്റെ പ്രസക്തി നൂതനാര്‍ത്ഥത്തില്‍ തേടുമ്പോഴും, ഒരു ഛോട്ടാ ബിജെപി ജനപ്രതിനിധി ഇവ്വിധം ഒരു ഗാന്ധിവധം കൂടി നടത്തുമെന്നു കരുതിയില്ല. കക്ഷി പറഞ്ഞതിന്റെ പൊരുള്‍ ഇങ്ങനെ- സ്വാതന്ത്ര്യ സമ്പാദനത്തിലും സമരത്തിലും ഗാന്ധിജി കാര്യമായൊന്നും ചെയ്തിട്ടില്ല. ഗാന്ധിജി ഒരു പെരുപ്പിച്ച വ്യക്തിത്വമാണ്. അതുകൊണ്ട് ഒരു രാഷ്ട്രപിതാവ് എന്ന വിശേഷണത്തിന് അര്‍ഹനുമല്ല. ഗാന്ധിജിയെ അന്വേഷകര്‍ പലതരത്തില്‍ വിലയിരുത്തിയിട്ടുണ്ട്. ഇത്ര ഹീനവും കാര്യവിവേചനമില്ലാതെയും ആരും പറഞ്ഞിട്ടില്ല.

അജയ് കുമാര്‍ ഹെഗ്ഡെയ്ക്ക് അതിനുള്ള അറിവേയുള്ളു. ഇത് ഏതോ ഒരു ബിജെപി നേതാവിന്റെ ജല്പനമായി തള്ളിക്കളയാവുന്നതല്ല. മുമ്പും ഗാന്ധി വിമര്‍ശനങ്ങളുണ്ടായിട്ടില്ലെന്നല്ല പറയുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഗാന്ധി പരിഹാസം മുതല്‍, നയ്‌പോളിന്റെ നിശിതമായ പരിഹാസ വിശകലനം വരെ എല്ലാം നാമറിഞ്ഞതാണ്. നയ്‌പോളിന്റെ ഭാഷയില്‍, താഴ്ത്തരം അനുയായികള്‍ അനാവശ്യമായ ഗാന്ധി പുകഴ്ത്തലുകളുടെ ഫലമാണ്. പറഞ്ഞു പെരുപ്പിച്ചത്ര പ്രഭാവമില്ലാത്ത വ്യക്തിയാണ് ഗാന്ധി. നയ്‌പോളിനോട് വിരോധമില്ലാത്തത്, അദ്ദേഹം തന്റെ ന്യായവാദങ്ങള്‍ നിരത്തുന്നതുകൊണ്ടാണ്. അത് അക്കാദമിക് ഡിബേറ്റിന്റെ ഭാഗമാണ്. ഗാന്ധിജിയെ ഒരു ഹിന്ദുവിരോധിയായി കണ്ട ആര്‍എസ്എസിന് അദ്ദേഹത്തെ തിരസ്കരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിഗൂഢമായ മറ്റൊരു രാഷ്ട്രീയലാക്ക് ഉണ്ട്. അവര്‍ക്ക് ഭാവിയില്‍ ഹിന്ദുക്കളെ സ്വന്തം വരുതിയിലാക്കാന്‍ ഗാന്ധിജി തടസ്സമായാലോ. ഗാന്ധിജിയെ ഒരു രാഷ്ട്രീയ ശൂന്യതയില്‍ നിര്‍ത്തിയാല്‍, ഒരു വിഭാഗത്തെ സ്വന്തമാക്കാമല്ലോ. പക്ഷെ ഗാന്ധിജിക്ക് അത് നഷ്ടമല്ലാതെ പോയത്, അദ്ദേഹം ഹിന്ദുത്വവാദം സ്വപ്നത്തില്‍പോലും കണ്ടിരുന്നില്ലാത്തതു കൊണ്ടാണ്. ഗാന്ധിജിയെക്കുറിച്ചുള്ള ഹിന്ദുത്വ വിരോധമങ്ങനെയാവുമ്പോള്‍, മുഹമ്മദലിജിന്ന കാര്യങ്ങള്‍ കുറേക്കൂടി നീട്ടിക്കണ്ടു. ഗാന്ധിജിയെ വധിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന് അദ്ദേഹം ശ്രദ്ധാപൂര്‍വം ക്രാഫ്റ്റ് ചെയ്തൊരു അനുശോചനമറിയിച്ചു. ‘ഹിന്ദു സമുദായം ജന്മം നല്കിയ മഹാന്മാരില്‍ ഒരാളായിരുന്നു മി. ഗാന്ധി’. ‘മഹാനായ ഹിന്ദു’ എന്നും അതിനെ വ്യാഖ്യാനിക്കാം.

ജിന്നയുടെയും സംഘത്തിന്റെയും ഗാന്ധിവിരോധത്തിനും വ്യത്യസ്ത ലക്ഷ്യങ്ങളായിരുന്നു. കൊളോണിയല്‍ അധികാരകേന്ദ്രമായ ബ്രിട്ടനും, മതവര്‍ഗീയ അധികാര കേന്ദ്രമായിരുന്ന (ഇപ്പോഴും ആയ) സംഘവും ഗാന്ധിയെ ശത്രുവായി കാണാന്‍ കാരണം, അഹിംസ സത്യഗ്രഹികളുടെ ശക്തമായ സേനയെ നേരിടാനവര്‍ക്കാവില്ലെന്ന തിരിച്ചറിവായിരുന്നു. അധികാരത്തിന് ഏറ്റവും അകലെയും, എന്നാല്‍ അതിനകത്തുമായിരുന്ന ഗാന്ധിജിയെ അവര്‍ക്ക് സ്വകാര്യ ലാഭത്തിനായി എതിര്‍ക്കേണ്ടതുണ്ടായിരുന്നു. അവരുടെ ഗാന്ധി തിരസ്കാരത്തിന്റെ ഉള്ളറ അതായിരുന്നു. പക്ഷെ അധികാരികളുടെ ഈ തന്ത്രം, ജനങ്ങള്‍ തിരിച്ചറിഞ്ഞതായിരുന്നു അവരുടെ പരാജയം. സംഘപരിവാറിന്റെയും ബിജെപിയുടെയും ആശങ്ക ഇവിടെയാണ്. എന്തൊരുതരം ആക്രോശങ്ങളായിരുന്നു പരിവാറിന്റെ സംഘടിത ശ്രമഫലമായി ഗാന്ധിജിക്കെതിരെ നടത്തിയിരുന്നത്. ഗാന്ധിജിയുടെ ചിത്രത്തിനു നേരെ ഒരു സംഘി ‘മോക്ക് ഷൂട്ടിങ്’ നടത്തുന്നു. ഗാന്ധിവധം നടത്തിയ സ്വന്തം അനുയായിക്ക് അമ്പലം പണിയുന്നു. ഗോഡ്സെ ദിനാചരണം ഏര്‍പ്പാടാക്കുന്നു. സ്വാതന്ത്ര്യസമരത്തിലും, ദേശീയ പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിലും, ഇന്ത്യന്‍ ദേശീയതയെ ദൃഢമാക്കുന്നതിലും ഗാന്ധിജി ഒന്നുമായിരുന്നില്ലെന്നാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പറഞ്ഞുപെരുപ്പിച്ച ഗാന്ധിയാണെന്ന ആക്രോശമായിരുന്നു ഏറ്റവും ഒടുവില്‍ ബിജെപി നേതാവായ ഹെഗ്ഡെയുടേത്.

സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിക്ക് ഒരു പങ്കുമില്ലായിരുന്നത്രെ. ചരിത്രത്തെ എന്നും, പിരിച്ചുടച്ച്, വര്‍ഗീയമായ തങ്ങളുടെ കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിക്കാനായിരുന്നല്ലോ, സംഘപരിവാര്‍ എന്നും ശ്രമിച്ചിരുന്നത്. ഗാന്ധി-നെഹ്റു പാരമ്പര്യം നിഷേധിച്ചാലേ, തങ്ങളുടെ വിഷലിപ്തമായ ചിന്തയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയഗാത്രത്തില്‍ കേറിപ്പറ്റാനാവൂ എന്നാണവരുടെ കണക്ക്. ഗാന്ധിയന്‍ സമരായുധമായ അഹിംസ, ഉപവാസം എന്നിവയും പ്രത്യക്ഷ‑പരോക്ഷ തലങ്ങളിലൂടെ പയറ്റാന്‍ ബിജെപി ശ്രമിച്ചു. ബാബാ രാംദേവിനെ ഉപയോഗിച്ച് അവര്‍ നടത്തിയ നാടകത്തില്‍ ആദ്യം യുപിഎയും വീണു. പ്രണബ്, കപില്‍ സിബല്‍ തുടങ്ങിയ സീനിയര്‍ മന്ത്രിമാര്‍ എയര്‍പോര്‍ട്ടില്‍ പോയി രാംദേവിനെ സ്വീകരിച്ചു. അയാളുടെ ഉപവാസത്തിന്റെ പല ആവശ്യങ്ങളും ഏതാണ്ട് അംഗീകരിക്കുകയും ചെയ്തു. രാംദേവിന്റെ ഗാന്ധിയന്‍ സമരായുധത്തിനു പിന്നില്‍ കാവിപ്രഭയായിരുന്നെന്നറിഞ്ഞ യുപിഎ പിന്മാറി. രാംദേവ് ഇന്നും പരിവാര്‍മുഖമാണ്. ഗാന്ധി സമീപനത്തില്‍, ഇന്നും ബിജെപിക്ക് വ്യക്തതയില്ല. ഗാന്ധിജിയെ തീര്‍ത്തും നിരസിച്ചാല്‍, തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ അസ്തിത്വമുണ്ടാവില്ലെന്നു നേതൃത്വത്തിനറിയാം. എന്നാല്‍ കണിശമായ ഗാന്ധിയന്‍ രാഷ്ട്രീയ ചട്ടക്കൂടില്‍ തങ്ങളുടെ പരിമിത മനുഷ്യദര്‍ശനവും വര്‍ഗീയതയും പുലരില്ലെന്നുമവര്‍ക്കറിയാം. അതുകൊണ്ടാണ് ഒരു ദ്വിതല ഗാന്ധിയന്‍ സമീപനമവര്‍ നടത്തുന്നത്. താഴ്ത്തല നേതാക്കള്‍ക്ക് ഗാന്ധിപഠനത്തിന്റെ വ്യസനമില്ലാത്തതുകൊണ്ട്, ആക്രോശങ്ങളിലൂടെ പൊതുമനസിനെ മെരുക്കാനാണവര്‍ ശ്രമിക്കുന്നത്. അജിത് കുമാര്‍ ഹെഗ്ഡെ അതിലൊരു നിമിത്തമാണ്. രാഷ്ട്രീയവും, ധാര്‍മ്മികസമസ്യകളും, പൊതുജീവിതവും ചേര്‍ന്ന് ഗാന്ധിജി സൃഷ്ടിച്ച ഒരു മണ്ഡലത്തിനു പുറത്തുകടക്കാനുള്ള പരിവാറിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ ലക്ഷണമാണ്, കണ്ണടച്ച് നടത്തുന്ന എതിര്‍പ്പുകള്‍. മറ്റൊരു ഐക്കണ്‍ കണ്ടെത്തി ഗാന്ധിജിയെ ഇല്ലാതാക്കാന്‍ കണ്ടെത്തിയ സര്‍ദാര്‍ പട്ടേല്‍ വാഴ്ത്തും ശരിയായില്ല. ഏതൊക്കെ തരത്തില്‍ വ്യാഖ്യാനിച്ചാലും പട്ടേല്‍ ഒരു പരിവാര്‍ ചിലന്തിവലയില്‍ വീഴുന്ന ഇരയല്ല. പക്ഷെ മറ്റൊരു വിഗ്രഹം പകരം കിട്ടാനില്ലാത്തതുകൊണ്ടാണ് വന്‍പ്രതിമ സ്ഥാപിച്ച്, മറ്റൊരു വഴിത്തിരിവിനു ശ്രമിക്കുന്നത്. ചരിത്രത്തില്‍, നമ്മുടെ പക്ഷപാതിത്വങ്ങള്‍ക്ക് എത്രയെത്ര രക്തസാക്ഷികള്‍ വേണം.

ഗാന്ധിജിക്ക് എതിരാളികളുടെ കുറവുണ്ടായിരുന്നില്ല. ഗാന്ധിവധം ഒരു ചെറിയ പര്യവസാനം മാത്രം. നീരദ് ചൗധരിയുടെ രണ്ടു വോള്യം ആത്മകഥയില്‍ നിശിതമായ ഗാന്ധിവിമര്‍ശനമുണ്ട്. പരിധിയില്ലാത്ത പരിഹാസത്തോടെയാണ് അദ്ദേഹം ചര്‍ക്ക, ഗാന്ധിയുടെ ആട് പ്രേമം, മന്ദബുദ്ധികളായ അനുയായികള്‍ എന്നിവരെക്കുറിച്ച് പറയുന്നത്. റിച്ചാര്‍ഡ് ഗ്രീനര്‍ ‘ഗാന്ധി നോബഡി നോസ്’ (ആരുമറിയാത്ത ഗാന്ധി) എന്ന പുസ്തകവുമെഴുതി. ഇതൊക്കെ അക്കദമിക്സിന്റെ ഭാഗമാണ്. അവര്‍ക്ക് ഗാന്ധിജിയെ അധിക്ഷേപിച്ച് അര്‍ത്ഥവും, അധികാരവും നേടണമെന്നുണ്ടായിരുന്നില്ല. ഒരു പ്രത്യേക മതത്തിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ഗാന്ധിനിന്ദ ഉപയോഗിക്കണമെന്നുമില്ലായിരുന്നു. ഗാന്ധി അനുയായികള്‍ക്കും നീരദ് ചൗധരിയെ വെറുപ്പില്ലാതെ വായിക്കാം. അവരെയൊക്കെ ഒരു ധെെഷണികതലത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വെറുപ്പ് എന്ന ഹീനമായ വികാരമില്ലല്ലോ. ആക്രോശങ്ങളും പ്രതിമയെ വെടിവയ്ക്കലും, ഗോഡ്സെ ആരാധനയുമൊക്കെ എത്തുന്നത് അവിടെയല്ല. ഇത് ഭ്രാന്താണ്. സ്വന്തം വര്‍ഗീയത പരത്താനും അധികാരഭ്രമവും അവരെ ഓരോരോ ഹീനപ്രവര്‍ത്തനങ്ങളിലെത്തിക്കുകയാണ്. മനുഷ്യരുടെ വിഭജനങ്ങളും പകയും വിദ്വേഷവുംകൊണ്ട് നേടേണ്ടതല്ല അധികാരം. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയുടെ ചില വരികള്‍ ഇവിടെ ഓര്‍ക്കാനുണ്ട്. “അധികാരം ലോകത്തോട് പറഞ്ഞു നീ എന്റേതാണ് ലോകം അതിനെ ഒരു സിംഹാസനത്തില്‍ കെട്ടിയിട്ടു. സ്നേഹം ലോകത്തോട് പറഞ്ഞു ഞാന്‍ നിന്റേതാണ്. ലോകം അതിന് സര്‍വതും നല്കി” സര്‍വനാശത്തിനു മുമ്പ് ഓര്‍ക്കാന്‍ പറ്റിയ വരികളാണിവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.