Saturday
23 Feb 2019

അയ്യപ്പനെ കാണാന്‍ ഇനി കൈലാസത്തിലേക്ക് മല ചവിട്ടാം

By: Web Desk | Sunday 7 October 2018 10:32 PM IST


sabarimala woman entry

devika

സ്ത്രീകള്‍ക്ക് പ്രായഭേദമനേ്യ ശബരിമല പൊന്നുപതിനെട്ടാംപടി ചവിട്ടി കലിയുഗവരദനായ അയ്യപ്പനെ ദര്‍ശിച്ചു വണങ്ങാമെന്ന ചരിത്രപ്രധാനമായ സുപ്രിംകോടതി വിധിയുടെ പേരില്‍ എന്തെല്ലാം കോലാഹലങ്ങളാണ് നടക്കുന്നത്. ചെറുതരക്കാരികളായ പെണ്‍പിള്ളേര്‍ പോലും വിധിക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നു. ശബരിമലയിലെ ആചാരപ്പെരുക്കങ്ങള്‍ തകര്‍ത്തെറിയരുതെന്നാവശ്യപ്പെട്ട് പടയ്ക്കിറങ്ങിയവരില്‍ പെണ്ണുങ്ങളാണ് മുന്നില്‍. എന്നാല്‍ ഈ സമരക്കാരുണ്ടോ അറിയുന്നു പൊന്നമ്പലത്തില്‍ നിന്നും നിത്യബ്രഹ്മചാരിയായ അയ്യപ്പഭഗവാന്‍ കൈലാസത്തിലേക്ക് കാടുവാരിയെന്ന്. ഒരു വശത്ത് തന്റെ ബ്രഹ്മചര്യം തകര്‍ക്കാനുള്ള കോടതിയുടെ പുറപ്പാട് മനസിലാക്കാമെന്ന് ശ്രീ ധര്‍മശാസ്താവുതന്നെ പറയുന്നു. സ്ത്രീകള്‍ വരുന്നെങ്കില്‍ വന്നോട്ടെ, പക്ഷേ രക്താഭിഷിക്തരായി തന്റെ മുമ്പില്‍ വരരുതെന്നേയുള്ളൂവെന്നാണ് അയ്യപ്പന്റെ പ്രാര്‍ഥന.
ഇതിനിടയിലാണ് തന്നെ രക്ഷിക്കാനെന്ന പേരില്‍ ഒരു ഉരുപ്പടിയുടെ വരവ്. ശബരിമല താഴമണ്‍തന്ത്രി കുടുംബത്തിലെ തന്ത്രശാലിയായ സാക്ഷാല്‍ കണ്ഠരര് മോഹനര്. ശബരിമലയില്‍ പരിശുദ്ധിയോടെയും ശാസ്ത്രീയമായും പൂജാവിധികള്‍ നടത്തുന്നതിനുള്ള ആചാരമര്യാദകളാണ് സുപ്രിംകോടതി തകര്‍ത്തെറിഞ്ഞിരിക്കുന്നതെന്നാണ് മോഹനരുടെ അരുളപ്പാട്. അതുകൊണ്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തന്ത്രികുടുംബം പങ്കെടുക്കില്ലെന്നും മേല്‍പ്പടിയാന്‍ ഇന്നലെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതെല്ലാം കേട്ടതോടെ അയ്യപ്പസ്വാമി ഇന്നലെ സന്നിധാനത്ത് നിന്ന് പൂങ്കാവനം വഴി കൈലാസത്തിലേയ്ക്ക് പലായനം ചെയ്‌തെന്നാണ് ശ്രുതി. അയ്യപ്പഭക്തരുടെ ഓര്‍മയ്ക്ക് നീളക്കുറവുണ്ടെങ്കിലും ഭഗവാന്‍ എല്ലാമറിയുന്നവനല്ലേ. ഓര്‍മയില്ലേ തന്ത്രി കണ്ഠരര് മോഹനരെ, നാം മറന്നെങ്കിലും കലിയുഗവരദന്‍ മറക്കാത്ത തന്ത്രി.
ഒരു വ്യാഴവട്ടം മുമ്പ്, കഴിഞ്ഞതവണ രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തുലഞ്ഞ കാലത്ത് 2006 ജൂലൈ 23ന് കൊച്ചിയില്‍ ശോഭാജോണ്‍ എന്ന കേരളത്തിലെ ആദ്യത്തെ പെണ്‍ഗുണ്ടയുടെ സങ്കേതത്തില്‍ പതിവുസന്ദര്‍ശകനായ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുന്നു. അയാളെ ഒരു ഗണികയ്‌ക്കൊപ്പം നഗ്നനായി നിര്‍ത്തി ഫോട്ടോയെടുക്കുന്നു. പിന്നീട് ഒരു ബെച്ചു റഹ്മാന്റെയും ശോഭാ ജോണിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ അയാളുടെ തങ്കമേനിയില്‍ നിന്നും തങ്കഅരഞ്ഞാണവും തങ്ക അങ്കിപോലുള്ള വജ്ര-സ്വര്‍ണമാലകളും അയ്യപ്പന്റെ ലോക്കറ്റുള്ള പുണ്യരുദ്രാക്ഷമാലയും തങ്കബ്രേസ്‌ലെറ്റും ഊരിയെടുക്കുന്നു. ഇതോടെ കക്ഷി നൂല്‍ബന്ധമില്ലാത്ത പുണ്യദര്‍ശന്‍. വേശ്യാലയത്തിലെ ഈ സ്ഥിരം പറ്റുവരവുകാരന്റെ പേര് തന്ത്രി കണ്ഠരര് മോഹനര്. തന്നെ ബച്ചു റഹ്മാനും മറ്റും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അപമാനിക്കുകയായിരുന്നുവെന്ന മോഹനരുടെ പരാതി പച്ചക്കള്ളമെന്ന് അന്നത്തെ ഡിഐജി പത്മകുമാര്‍, മുന്‍കൂട്ടി ബുക്ക് ചെയ്‌തെത്തിയ തന്ത്രിപ്രവരന്‍ ഒരു മാസത്തിനുള്ളില്‍ ഇരുപതുതവണ ഈ സങ്കേതത്തില്‍ എത്തിയിട്ടുണ്ടെന്നും ഡിഐജിയുടെ വെളിപ്പെടുത്തല്‍. അക്കാലത്ത് ശബരിമലയിലെ തന്ത്രിപ്പണിയും മോഹനര്‍ക്കായിരുന്നു. ചില വികൃതിപ്പിള്ളേര്‍ ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്നതുപോലെ ശബരിമല സന്നിധാനത്തില്‍ നിന്നും ധര്‍മശാസ്താവിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ ആ ഭക്തശിരോമണിയെ ദേവസ്വംബോര്‍ഡ് കയ്യോടെ തന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കി. ആ മോഹനരാണ് പറയുന്നത് ശുദ്ധമായി പൂജാകര്‍മങ്ങള്‍ ശബരിമലയില്‍ സ്ത്രീസാന്നിധ്യംമൂലം കഴിയില്ലെന്ന്. സ്വാമിയേ ശരണമയ്യപ്പാ.
തന്നെ രക്ഷിക്കാന്‍ കണ്ഠരര് മോഹനര് ഇറങ്ങിയതോടെ ശ്രീകോവിലിനകത്തുനിന്ന് ഇന്നലെ ഒരു കുറിപ്പ് കണ്ടെത്തിയെന്നും അയ്യപ്പസ്വാമി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് മേല്‍ശാന്തി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ ഏല്‍പിച്ചുവെന്നും കേള്‍ക്കുന്നു. ‘മടുത്തു ഭക്തരേ മടുത്തു. ഞാന്‍ പിതാശ്രീ മഹാദേവന്റെ കൈലാസത്തിലെ സന്നിധിയിലേക്ക് പോകുന്നു. പെണ്ണുങ്ങളോട് എനിക്ക് നിങ്ങള്‍ പറഞ്ഞുപരത്തുന്നതുപോലുള്ള വെറുപ്പോ വിദേ്വഷമോ ഇല്ല. അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് വരിക. അവിടെ എന്നോടൊപ്പം പൂര്‍ണയും പുഷ്‌കലയും പിന്നെ സത്യകന്‍ എന്ന മകനുമുണ്ട്. ഗൃഹസ്ഥാശ്രമിയായ അയ്യപ്പന്റെയും ഭാര്യമാരുടെയും മോന്റെയും വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പ്രാര്‍ഥിക്കുന്ന നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ശബരിമലയിലും വരാം എന്നെ ദര്‍ശിക്കാം. പക്ഷേ ഈ സാമദ്രോഹി കണ്ഠരര് മോഹനര് അത് സമ്മതിക്കില്ല. അയാള്‍ ശബരിമലയെ അശുദ്ധമാക്കുമെന്ന് പേടിച്ച് ഞാന്‍ മലയിറങ്ങി കൈലാസത്തിലേക്ക് മല കയറുന്നു. അവിടെ ഞാന്‍ ഗണപതിച്ചേട്ടനോടും മുരുകന്‍ അണ്ണനോടുമൊപ്പം ഉണ്ടാവും.’ എന്നിങ്ങനെയാണ് കുറിപ്പിലെ വാചകങ്ങള്‍ എന്നറിയുന്നു.
‘പൊതുചടങ്ങുകളിലെ വെട്ടുക്കിളിശല്യം’ എന്ന ഒരു മുഴുവന്‍ പേജ് ഫീച്ചര്‍ ഏറെക്കാലം മുമ്പ് ഒരു പ്രമുഖപത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. പൊതുചടങ്ങുകളിലായാലും മൃതദേഹങ്ങളുടെ പൊതുദര്‍ശന ചടങ്ങുകളിലായാലും വെട്ടുക്കിളികളെപോലെ പറന്നിറങ്ങി ശല്യമുണ്ടാക്കുക കുറേ ജന്‍മങ്ങളെക്കുറിച്ചുള്ള ചിരിച്ചു മണ്ണുകപ്പിക്കുന്ന ഫീച്ചര്‍. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ അന്തരിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ മൃതദേഹം അന്ത്യദര്‍ശനത്തിന് വച്ച ചടങ്ങ്. ഒരു ചെറുകിട പത്രത്തിന്റെ തലസ്ഥാന ലേഖകന്‍ ഭൗതികശരീരത്തിന്റെ തലയ്ക്കല്‍ നിന്ന് ഇടയ്ക്കിടെ ഈച്ചയെ ആട്ടിഓടിക്കുന്നതു പോലെ അഭിനയിക്കുന്നു. ഒരീച്ച പോയിട്ട് ഒരു കുറ്റീച്ച പോലും ദര്‍ബാര്‍ ഹാളിലില്ല. എങ്കിലും ഈ ഈച്ചയാട്ട് കെങ്കേമം. കണ്ടുനില്‍ക്കുന്ന ഉന്നതര്‍ ധരിച്ചുകൊള്ളണം സി എച്ചിന്റെ അടുപ്പക്കാരനാണ് കക്ഷിയെന്ന്. പിന്നീട് ശുപാര്‍ശയുമായെത്തിയാല്‍ സി എച്ചിന്റെ ‘വേണ്ടപ്പെട്ടവന്‍’ ആയ ഈച്ചയാട്ടിയുടെ നിവേദനത്തില്‍ അനുകൂലമായ ഉത്തരവിറക്കിക്കൊടുക്കാമല്ലോ. തലസ്ഥാനജില്ലയിലെ പ്രാന്തപ്രദേശത്തെ ഒരു മലയോര മണ്ഡലത്തില്‍ പലതവണ എംഎല്‍എ ആയിരുന്ന ഒരു കോണ്‍ഗ്രസ് നേതാവുണ്ട്. ഏത് പൊതുചടങ്ങുണ്ടായാലും ആ ചടങ്ങുകളിലൊക്കെ ഭദ്രദീപം തെളിക്കല്‍ ഉണ്ടാകുമ്പോള്‍ തിരിയണഞ്ഞുപോകാതെ നാളത്തിനു ചുറ്റും കൈപ്പത്തികൊണ്ട് കോട്ടകെട്ടി ജനശ്രദ്ധയാകര്‍ഷിക്കുന്ന കൈപ്പത്തിക്കാരന്‍.

ഇത്തരം ജന്‍മങ്ങള്‍ക്ക് വംശനാശം സംഭവിക്കാറേയില്ലെന്ന് മുഖ്യമന്ത്രി പിണറായി മാധ്യമങ്ങളുമായി സംസാരിക്കുന്നതുകണ്ടപ്പോള്‍ ബോധ്യമായി. തന്ത്രിവാദ്യത്തില്‍ നാദവിസ്മയം തീര്‍ത്ത ബാലഭാസ്‌കറിന്റെ അകാലവിയോഗത്തില്‍ അനുശോചനം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബലംപിടിച്ചു നില്‍ക്കാറുള്ള പിണറായിയുടെ മുഖത്ത് അസാധാരണമായ ഒരു ശോകഛവി പരന്നിരുന്നു. വിയോഗവ്യഥയുടെ വേപഥവുമായുള്ള പ്രതികരണത്തിനിടയില്‍ മുഖ്യമന്ത്രിയുടെ പിന്നില്‍ നിന്ന റോസ് ഷര്‍ട്ടിട്ട ഒരു ജന്‍മം ചിരിച്ച് ആര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതിലുള്ള ആഹ്ലാദമാണ് അദ്ദേഹം പങ്കുവയ്ക്കുന്നതെന്ന മട്ടില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ഈ ഉരുപ്പടിയുടെ കരണക്കുറ്റിക്കിട്ട് രണ്ട് പെടപെടയ്ക്കാമായിരുന്നുവെന്ന് തോന്നിപോകുന്നു.

നമ്മുടെ പഴയ തിരുവിതാംകൂര്‍ നിയമസഭയിലും പിന്നീട് തിരു-കൊച്ചി നിയമസഭയിലും തര്യത് കുഞ്ഞിത്തൊമ്മന്‍ എന്ന ഒരംഗമുണ്ടായിരുന്നു. തനി കത്തോലിക്കന്‍. കത്തോലിക്കാ പ്രാതിനിധ്യമല്ലാതെ നാക്കെടുത്താല്‍ മറ്റൊരു അക്ഷരവും തര്യതിന്റെ വായില്‍ നിന്ന് പുറത്തുവരില്ല. ഒരു ദിവസം സഭയിലെ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം കൂര്‍ക്കം വലിച്ചുറങ്ങുന്നു. സഭയില്‍ മ്യൂസിയം-മൃശാലകളെക്കുറിച്ചുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കു മന്ത്രി മറുപടി പറയുന്നു. തിരുവനന്തപുരം മൃഗശാലയിലേക്ക് അഞ്ച് ജിറാഫുകളെ വാങ്ങുന്നതാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്കിടെ ഞെട്ടിയുണര്‍ന്ന തര്യത് കുഞ്ഞിത്തൊമ്മന്‍ ആവശ്യപ്പെട്ടു; ‘അതിലൊന്ന് കത്തോലിക്കനായിരിക്കണം’.
ഇതോര്‍ത്തുപോയത് ലോകത്ത് ആത്മഹത്യ ചെയ്യുന്ന അഞ്ച് സ്ത്രീകളില്‍ രണ്ടുപേര്‍ എന്ന തോതില്‍ ഇന്ത്യക്കാരികളെന്ന ലോകാരോഗ്യസംഘടനയുടെ കണക്കു കേട്ടപ്പോഴാണ്. അഞ്ചില്‍ രണ്ട് ഭാരതീയ മഹിളകള്‍ ആയിരിക്കണമെന്ന് തര്യത് കുഞ്ഞിത്തൊമ്മനെപോലെ മോഡിയും ആവശ്യപ്പെട്ടിരുന്നോ.