October 3, 2022 Monday

ചൈനീസ് അധിനിവേശം

കെ പ്രകാശ്ബാബു
ജാലകം
July 5, 2020 5:58 am

കെ പ്രകാശ്ബാബു

യൽരാജ്യങ്ങളുമായി സമാധാനത്തിലും സൗഹൃദത്തിലും കഴിയണമെന്ന ആഗ്രഹവും അഭിപ്രായവുമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്നത് നമ്മുടെ മുഖമുദ്രയിൽ ആലേഖനം ചെയ്യാവുന്ന ഒരു വാക്യം തന്നെയാണ്. രാജ്യത്തിന്റെ പരമാധികാരവും പരസ്പരമുള്ള അനാക്രമണത്തിന്റെയും സഹകരണത്തിന്റെയും പാത അംഗീകരിക്കുകയും ചെയ്യണമെന്ന ആശയത്തെ സ്വതന്ത്ര ഇന്ത്യയും ഉയർത്തിപ്പിടിക്കുന്നു. അതോടൊപ്പം പ്രത്യക്ഷമായി ഒരു സൈനിക സഖ്യത്തിലും ചേരേണ്ടതില്ലായെന്നുകൂടി സ്വതന്ത്ര ഇന്ത്യ തീരുമാനിച്ചപ്പോഴാണ് പണ്ഡിറ്റ് നെഹ്റുവിന്റെ കൂടി നേതൃത്വത്തിൽ ”ചേരിചേരാ പ്രസ്ഥാനം” ലോകത്ത് ഉടലെടുത്തത്. 1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ കശ്മീർ ഉൾപ്പെടെയുള്ള നാട്ടുരാജ്യങ്ങൾ സ്വമേധയാ ഇന്ത്യൻ യൂണിയനിൽ ചേരണമെന്ന സമീപനമാണ് ഇന്ത്യാ ഗവൺമെന്റ് കൈക്കൊണ്ടത്.

സന്നദ്ധമായ നാട്ടുരാജ്യങ്ങളുമായി കൈമാറ്റ ചർച്ചകൾ നടത്തുന്നതിനു മാത്രമുള്ള ഇടപെടലുകൾ മാത്രമെ ഗവൺമെന്റ് നടത്തിയിരുന്നുള്ളു. എന്നാൽ ചില നാട്ടുരാജ്യങ്ങളിൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. ഇന്ത്യയുടെ സമീപനം ഒരിക്കലും ആക്രമണത്തിന്റേതല്ല എന്നതുകൊണ്ടാണ് ഇതെല്ലാം ചൂണ്ടിക്കാണിച്ചത്. 1950 കളുടെ അവസാനം ചൈനയിലെ ഷിൻ ജിയാംങ് പ്രദേശത്തെയും ടിബറ്റിനെയും ബന്ധപ്പെടുത്തി 1200 കി. മീറ്റർ നീളത്തിൽ ഇന്ത്യയുടെ അക്‌സായ്‌ചിൻ പ്രദേശത്തുകൂടി ഒരു റോഡ് വെട്ടാൻ ചൈന ശ്രമിച്ചു. ഹിമാലയൻ അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോഴാണ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായ്യും ചേർന്ന് അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സമാധാനപരമായ സഹവർത്തിത്വം എന്ന നയം അംഗീകരിച്ചുകൊണ്ട് 1954 ഏപ്രിൽ 29 ന് ”പഞ്ചശീലതത്വങ്ങൾ” അടങ്ങിയ കരാർ ഒപ്പുവയ്ക്കുകയും ചെയ്തത്. 1959 ൽ ചൈനീസ് ആക്രമണം ഭയന്ന് ഇന്ത്യയിൽ അഭയം തേടിയ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പേരിൽ ചൈന ഇന്ത്യയെ കുറ്റപ്പെടുത്തുമ്പോഴും ടിബറ്റിനെ ചൈനയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചിരുന്നു.

ദലൈലാമയോട് ഇന്ത്യ മനുഷ്യത്വപരമായ സമീപനം മാത്രമാണ് കാണിച്ചത്. എന്നാൽ അതിന്റെ പേരിലും ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ചൈന തയ്യാറായത്. കരാർ ഒപ്പിട്ട് എട്ടുവർഷം കഴിയുമ്പോഴാണ് ചൈന അക്സായ് ചിൻ പ്രദേശം തങ്ങളുടെ അധീനതയിലാണെന്നും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയുമായി 1962 ൽ യുദ്ധം ആരംഭിച്ചത്. വികസനമോഹം കൊണ്ടുനടക്കുന്ന ചൈന പഞ്ചശീല തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇന്ത്യനതിർത്തിയിൽ ആക്രമിച്ചു കയറിയത്. അക്‌സായ്‌ചിൻ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി സ്ഥലവുമായിരുന്നു അന്ന് ചൈന ആക്രമിച്ചത്. അപ്രതീക്ഷിതമായ ആ യുദ്ധത്തിൽ ഇന്ത്യയ്ക്കെതിരെ 400 സൈനിക ട്രൂപ്പുകളെയാണ് ചൈന നിയോഗിച്ചത്. ആവശ്യമായ മുന്നൊരുക്കമില്ലാത്തതിന്റെ ഫലമായി 3200 ലധികം കിലോമീറ്റർ പ്രദേശം ചൈനയുടെ ആക്രമണത്തിനു വിധേയമായി. അക്‌സായ്‌ചിൻ പ്രദേശത്തിന്റെ നിയന്ത്രണം ചൈന കൈവശപ്പെടുത്തി.

1962 ഒക്ടോബറിൽ തുടങ്ങിയ യുദ്ധം നവംബർ 21 ന് ചൈന സ്വയം വെടിനിർത്തൽ പ്രഖ്യാപിച്ച് അവസാനിപ്പിക്കുകയായിരുന്നു. ചൈനയുടെ 722 ഭടന്മാർ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായത് 1,983 സൈനികരുടെ ജീവനാണ്. മക്‌മോഹൻ രേഖയുടെ തെക്കുവശം നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസിയിലെ അരുണാചൽ പ്രദേശ് പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലും വന്നു. മക്‌മോഹൻ രേഖയെ ചൈന അംഗീകരിക്കുകയില്ല എന്ന വിചിത്രവാദമാണ് ചൈന തുടർന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. 1965 ൽ ഇന്ത്യയും പാകിസ്ഥാനുമായി യുദ്ധം ഉണ്ടായപ്പോൾ ചൈന പാകിസ്ഥാനെ സഹായിക്കാൻ തുനിഞ്ഞിറങ്ങി. 1964 ലാണ് ചൈന അവരുടെ ആദ്യ ആണവ പരീക്ഷണം നടത്തുന്നത്. അതിന്റെ ബലത്തിലാണ് വികസനമോഹിയായ ചൈന പാകിസ്ഥാനെ സഹായിക്കാൻ തയ്യാറായത്. അന്താരാഷ്ട്രമര്യാദകളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള സമീപനമായിരുന്നു ചൈനയുടേത്. പാകിസ്ഥാന്റെ കൈവശമിരുന്ന 1920 ചതുരശ്ര കിലോമീറ്റർ കശ്മീരിന്റെ ഭാഗം ഇന്ത്യയ്ക്ക് ഈ യുദ്ധത്തിൽക്കൂടി തിരിച്ചെടുക്കാനായി. പക്ഷെ ഇന്ത്യയ്ക്കും 540 ചതുരശ്ര കിലോമീറ്റർ സ്ഥലം നഷ്ടമായി.

ഐക്യരാഷ്ട്രസഭയുടെ ഇടപെടലിന്റെ ഫലമായി വെടിനിർത്തൽ ഉണ്ടായി. പിന്നീട് 1966 ജനുവരിയിൽ താഷ്ക്കന്റ് കരാറും ഒപ്പിട്ടു. 1967 സെപ്തംബറിൽ സിക്കിമിനോട് ചേർന്നുള്ള ഇന്ത്യനതിർത്തി പ്രദേശമായ നാഥുലായിലും ഒക്ടോബറിൽ ചോ ലായിലും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ഒരു പ്രകോപനവും ഇല്ലാതെ ആക്രമണം അഴിച്ചുവിട്ടു. അന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. നാഥുലായിലെ നിരവധി ചൈനീസ് ക്യാമ്പുകൾ ഇന്ത്യൻ പട്ടാളം തകർത്തു. സിക്കിം അതിർത്തിയിൽ നിന്നും ചൈനീസ് സേനയെ പൂർണമായും തുരത്താൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 1967 ലെ ഇന്ത്യ‑ചൈന ഏറ്റുമുട്ടലിൽ 88 ഇന്ത്യൻ സൈനികരും 340 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സോവിയറ്റ് യൂണിയന്റെ സഹായവും തേടിയിരുന്നു. അന്ന് ഇന്ത്യ ചൈനയ്ക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയത്.

1971 ൽ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിൽ പരസ്പര സൈനിക സഹായത്തിന്റെ ഒരു കരാറിൽ ഒപ്പിട്ടു. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ പിറവിയുടെ പശ്ചാത്തലത്തിൽ ഈ കരാറിനു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ചൈന പാകിസ്ഥാനെ സഹായിക്കുന്നതിനായി സഹായഹസ്തം നീട്ടി. ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി വീണ്ടും ഏറ്റുമുട്ടേണ്ടി വന്നു. ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ ബംഗബന്ധു ഷേക്ക് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് സ്വതന്ത്രമാവുക തന്നെ ചെയ്തു. കംബോഡിയായിൽ വിയറ്റ്നാം ആധിപത്യമുറപ്പിക്കുന്നു എന്നാരോപിച്ചുകൊണ്ടാണ് 1979 ൽ ചൈന സോഷ്യലിസ്റ്റു രാജ്യമായ വിയറ്റ്നാമിനെ ആക്രമിച്ചത്. അമേരിക്കയുടെ യാങ്കിപ്പടയുമായി യുദ്ധം ചെയ്ത് സഹനത്തിന്റെയും ത്യാഗത്തിന്റെയും പുതിയ പാതകളിൽക്കൂടി സഞ്ചരിച്ച് സോഷ്യലിസത്തിന്റെ പടിവാതിലിലെത്തിയ വിയറ്റ്നാമിനെ കംബോഡിയൻ അധിനിവേശത്തിന്റെ പേരുപറഞ്ഞു കൊണ്ട് ചൈന ആക്രമിച്ചപ്പോൾ സോവിയറ്റ് യൂണിയൻ വിയറ്റ്നാമിനെ സഹായിക്കാനെത്തി.

അമേരിക്കൻ യുദ്ധത്തിൽ വിയറ്റ്നാമിനെ ചൈന സഹായിച്ചിരുന്നു എന്നത് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ചൈനയുടെ വിയറ്റ്നാം ആക്രമണം. പഴയ ഫോർമോസ ദ്വീപായ തയ്‌വാൻ ചൈനയുടെ ഭാഗമായത് അധിനിവേശത്തിന്റെ മാർഗത്തിൽക്കൂടിയാണ്. ഡച്ച്, പോർച്ചുഗൽ, ജപ്പാൻ രാജ്യങ്ങൾ പല ഘട്ടങ്ങളിലായി അവരുടെ കോളനിയായി ഭരിച്ചിരുന്ന രാജ്യമാണ് ടിബറ്റ്. യാർലംങ്, യുവാൻ രാജവംശങ്ങളും പിന്നീട് ദലൈലാമമാരുടെ ലഹ്സ ഗവൺമെന്റും അവിടെ ഭരണം നടത്തിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനും ശേഷമാണ് ചൈന ടിബറ്റിൽ അവകാശവാദം ഉന്നയിക്കുന്നത്. ദലൈലാമയുടെ ലഹ്സ ഭരണവ്യവസ്ഥ ആത്മീയതയുടെ അടിസ്ഥാനത്തിലുള്ളതാണ്. അവിടെ ചൈനീസ് ഭരണരീതി കുറെയേറെ വിഷമകരവുമാണ്. എന്നിട്ടും ഹിമാലയത്തിലെ ഒരു ബഫർ സ്റ്റേറ്റായി കണക്കാക്കി ടിബറ്റിനെ ചൈനയുടെ നിയന്ത്രണത്തിലാക്കുകയാണ് ചൈന ചെയ്യുന്നത്. അയൽരാജ്യങ്ങളിൽ മാത്രമല്ല ലോകരാഷ്ട്രങ്ങളിലെ നിരവധി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്.

വിസ്താരഭയത്താൽ അതിലേക്ക് പോകുന്നില്ല. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഭിന്നിപ്പുകൾ ഉണ്ടാക്കുന്നതിൽ ചൈനയുടെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയില്ല. ഇന്ന് ചൈന സ്വയം മാർക്കറ്റ് എക്കോണമി അഥവാ കമ്പോള സമ്പദ്ഘടന എന്ന വികസന കാഴ്ചപ്പാടിലേക്ക് മാറിയ ഒരു രാജ്യമാണ്. ഉല്പാദക ശക്തികളെക്കാൾ കമ്പോള ശക്തികൾക്ക് മുൻതൂക്കം കൊടുക്കുന്ന (മാർക്സിസ്റ്റിതര) കാഴ്ചപ്പാടിന്റെ ശക്തനായ വക്താവായി ചൈന നിൽക്കുന്നു. ഒരു രാജ്യം അവരുടെ വാണിജ്യാതിർത്തി വികസിപ്പിക്കുന്നതിനെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. എന്നാൽ രാജ്യാതിർത്തി വികസിപ്പിക്കാൻ ചൈന നടത്തുന്ന അധിനിവേശ ആക്രമണം അപലപിക്കപ്പെടേണ്ടതാണ്.

സമാധാനപരമായ സഹവർത്തിത്വം ലോകരാഷ്ട്രങ്ങളുടെ മുദ്രാവാക്യമായി മാറേണ്ടുന്ന ഒരു കാലഘട്ടമാണിത് എന്ന് ചൈനീസ് ഭരണകൂടം മറന്നുപോകരുത്. സമന്വയ ചർച്ചകളിൽക്കൂടി അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനു പകരം ആക്രമണത്തിന്റെ പാത സ്വീകരിക്കുന്നത് ആയുധ കച്ചവടം പ്രധാന വ്യാപാരമായി കാണുന്ന രാജ്യങ്ങൾക്ക് മാത്രമെ താല്പര്യം ജനിപ്പിക്കുകയുള്ളു. ഇന്ത്യയും ചൈനയും ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ രണ്ടു ശക്തികളാണ്. പരസ്പര നയതന്ത്ര ചർച്ചകളിൽക്കൂടി അതിർത്തി തർക്കങ്ങൾ പരിഹരിക്കുകയും യഥാർത്ഥ നിയന്ത്രണ രേഖ അംഗീകരിച്ച് ചൈനീസ് സൈനിക പിന്മാറ്റം ഉറപ്പു വരുത്തുകയും ചെയ്യുന്നതിന് എത്രയും വേഗം ഇരു രാജ്യങ്ങളും സമയം കണ്ടെത്തുകയുമാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.