October 4, 2022 Tuesday

സുസ്ഥിര വികസനം സാമൂഹ്യനീതിയിലൂടെ മാത്രം

കെ ദിലീപ്
നമുക്ക് ചുറ്റും
July 21, 2020 6:12 am

കെ ദിലീപ്

ന്ത്യയിൽ സാമൂഹ്യനീതി നടപ്പിലാവണം എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയാണ്. 1930ൽ സിപിഐ അംഗീകരിച്ച ‘പ്രക്ഷോഭത്തിന്റെ പൊതുവേദി’ എന്ന പ്രമേയത്തിലാണ് സാമൂഹ്യനീതിയുടെ പ്രശ്നം ഇന്ത്യയിൽ ഗൗരവതരമായി ഉന്നയിക്കപ്പെടുന്നത്. “അധ്വാനിക്കുന്ന ദളിതരുടെയും മറ്റ് അശരണരുടെയും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും നിയമപരവുമായ മോചനം സാധ്യമാവണമെങ്കിൽ ജാതിവ്യവസ്ഥയും ബ്രിട്ടീഷ് ഭരണവും പോവണം. അതോടൊപ്പം കാർഷികവിപ്ലവവും സാധ്യമാവണം” എന്നായിരുന്നു പ്രമേയം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. ഇന്ന് രാജ്യത്ത് സംജാതമായിരിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങൾ പടിഞ്ഞാറൻ വികസന മാതൃക അന്ധമായി പിൻതുടർന്നതിന്റെയും ജിഡിപിയുടെ ശതമാനത്തിന്റെ വളർച്ചയാണ് രാജ്യത്തിലെ ജനങ്ങളുടെ പൊതു സാമ്പത്തികവളർച്ചയുടെ അളവുകോൽ എന്ന വികലമായ നിലപാടിന്റെയും പരിണിതഫലമാണ്.

വിയറ്റ്നാം പോലുള്ള കാർഷിക സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ രാജ്യങ്ങൾ ചുരുങ്ങിയ കാലയളവിൽ സോഷ്യലിസ്റ്റ് വികസന മാതൃകയിലൂടെ കൈവരിച്ച വളർച്ച ഇന്ത്യക്ക് പാഠമാവേണ്ടതാണ്. അധ്വാനിക്കുന്നവരുടെയും അശരണരുടെയും ജീവിതം മെച്ചപ്പെടുമ്പോൾ മാത്രമേ രാജ്യത്ത് സുസ്ഥിര വികസനം കൈവരികയുള്ളു. ഇന്ന് നമ്മുടെ രാജ്യത്ത് ‘വികസനം’ ‘പുരോഗതി’ തുടങ്ങിയ സംജ്ഞകളിലൂടെ വിവക്ഷിക്കപ്പെടുന്നത് വലിയ മൂലധന മുടക്കിൽ നടപ്പിലാക്കുന്ന വൻ പദ്ധതികളെ കുറിച്ചാണ്. ഇത്തരത്തിലുള്ള പദ്ധതികളുടെ കൃത്യമായ ഉദാഹരണം അഹമ്മദാബാദ് ‑മുംബെെ ഹൈ സ്പീഡ് റയിൽവേ കോറിഡോർ പദ്ധതി അഥവാ ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ്. 508 കിലോമീറ്റർ ദൂരം, 320 കിലോമീറ്റർ വേഗതയിലോടുന്ന ട്രെയിൻ.

ജപ്പാൻ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ഇപ്പോൾ കണക്കാക്കിയിരിക്കുന്ന ചെലവ് 1.1 ലക്ഷം കോടി രൂപ. ഇതിൽ 88,087 കോടി രൂപ ജപ്പാൻകാരുടെ വായ്പ, ബാക്കി ഗുജറാത്ത്, മഹാരാഷ്ട്ര, സർക്കാരുകൾ വഹിക്കണം. ഇപ്പോൾ തന്നെ എലിവേറ്റഡ് ആയ റയിൽവേ പാത സ്ഥാപിക്കുന്നതിന് 10,000 കോടിയുടെ അധിക ചെലവ് വരുമെന്ന് പറഞ്ഞുകഴിഞ്ഞു. പദ്ധതി ഇനത്തിൽ 2019 ജൂൺ വരെ 3226.8 കോടി രൂപ ചെലവഴിച്ചു എന്നാണ് റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞത്. നിലവിൽ ഈ രണ്ടു പട്ടണങ്ങളും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ദിവസവും 110 തീവണ്ടികൾ ഓടുന്നുണ്ട്. രാത്രി 11.59 ന് പുറപ്പെടുന്ന ബിഡിടിഎസ് എക്സ്പ്രസ്സാണ് അഹമ്മദാബാദിൽ നിന്നും പുറപ്പെടുന്ന അവസാന തീവണ്ടി. (ഇതാണ് കോവിഡ് ലോക്ഡൗണിനു മുമ്പുള്ള സ്ഥിതി) നിലവിൽ ആറ് മുതൽ 12 മണിക്കൂർവരെ യാത്രാസമയം. ഏറ്റവും വേഗതയേറിയ തീവണ്ടി ശതാബ്ദി എക്സ്പ്രസ്, യാത്രാസമയം അഞ്ച് മണിക്കൂർ 47 മിനിട്ട്. ടിക്കറ്റ് നിരക്ക് ഫസ്റ്റ് എസി 1910 രൂപ, ലോക്കൽ തീവണ്ടിയിൽ രണ്ടാം ക്ലാസിന് 90 രൂപ. രസകരമായ ഒരു കാര്യം 2018ൽ മുംബെയിലെ ഒരു വിവരാവകാശ പ്രവർത്തകനായ അനിൽ ഗാൽ ഗലിക്ക് പടിഞ്ഞാറന്‍ റയിൽവേ വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിൽ പറയുന്നത് ഈ റൂട്ടിൽ 40 മുതൽ 44 ശതമാനം വരെ സീറ്റുകളിൽ യാത്രക്കാരില്ലാതെയാണ് തീവണ്ടികൾ സർവീസ് നടത്തുന്നത് എന്നും ഈ സെക്ടറിൽ ഒരു ക്വാർട്ടറിൽ 30 കോടിയുടെ നഷ്ടം റെയിൽവേക്കുണ്ട് എന്നുമാണ്. ഒരു ദിവസം ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം ശരാശരി 9,332 മാത്രമാണ്. ഇനി നമുക്ക് ബുള്ളറ്റ് തീവണ്ടിയുടെ കാര്യം നോക്കാം. ഇപ്പോൾ 24 ബുള്ളറ്റ് തീവണ്ടികൾ ഒരു ദിവസം ഈ റൂട്ടിൽ സർവീസ് നടത്തും എന്നാണ് പ്രഖ്യാപനം.

അഹമ്മദാബാദ് ഐഐടിയുടേയും മറ്റ് സ്വതന്ത്ര ഏജൻസികളുടെയും പഠന റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം 100 ട്രിപ്പുകളിലായി 88,000 മുതൽ 1,18,000 വരെ പേര്‍ യാത്ര ചെയ്താലേ ബുള്ളറ്റ് ട്രെയിൻ ലാഭകരമായി നടത്തിക്കൊണ്ടുപോവാൻ കഴിയുകയുള്ളു. ടിക്കറ്റ് നിരക്ക് 3,000 രൂപ മുതൽ എന്നാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. ഈ തുക മുടക്കിയാൽ നിലവിൽ ഒരു മണിക്കൂർകൊണ്ട് അഹമ്മദാബാദിൽ നിന്നും മുംബെെയിലെത്താനാവും. അതായത് നിലവിൽ ഒരു ദിവസം ശരാശരി 9,332 യാത്രക്കാർ 90 രൂപ മുതൽ 1910 രൂപ വരെ ടിക്കറ്റ് ചാർജ്ജ് നല്കി, 40ശതമാനം സീറ്റുകൾ ബാക്കിയാക്കി, 110 തീവണ്ടികൾ ഓടുന്ന ഒരു റൂട്ടിൽ, ഒരു ദിവസം ശരാശരി ഒരു ‘ലക്ഷം യാത്രക്കാർ, കുറഞ്ഞത് 3,000 രൂപ മുടക്കി ടിക്കറ്റെടുത്ത് യാത്ര ചെയ്താൽ മാത്രം സാമ്പത്തികമായി വിജയിക്കാൻ സാധ്യതയുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 1.1 ലക്ഷം കോടി രൂപ മുടക്കി, അതിൽ 88,087 കോടി പലിശക്കെടുത്ത് നടപ്പിലാക്കിയാൽ അതിന്റെ ദുരിതം കൂടി വന്നു വീഴുന്നത് ഇപ്പോൾ തന്നെ പരിതാപകരമായ അവസ്ഥയിലുള്ള രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മുകളിൽ തന്നെയായിരിക്കും എന്ന് മനസ്സിലാക്കാൻ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രബിരുദം ആവശ്യമില്ല, കുടിപ്പള്ളിക്കൂടത്തിൽ എഞ്ചുവടി തെറ്റാതെ പഠിച്ചാൽ മാത്രം മതി. റയിൽവേ വികസനത്തിനു അത്യന്താപേക്ഷിതമായത് ഇരട്ടപ്പാത എല്ലായിടത്തും വ്യാപിപ്പിക്കുക, കൂടുതൽ സ്ഥലങ്ങൾ തമ്മിൽ റയിൽവേ വഴി ബന്ധിപ്പിക്കുക, കോച്ചുകൾ നവീകരിക്കുക, ചരക്കുനീക്കം വർധിപ്പിക്കുക എന്നതൊക്കെയാണെന്നും ആ മേഖലകളിലാണ് മൂലധന നിക്ഷേപം നടത്തിയാൽ വലിയ വരുമാനം ലഭിക്കുക എന്നൊന്നും അറിയാതെയല്ല ഈ നടപടികൾ. കോർപറേറ്റുകൾക്ക് ലാഭം കൊയ്യാനുതകുന്ന കടലാസു പദ്ധതികൾ ആണ് അത്യുത്സാഹത്തോടെ നടപ്പിലാക്കപ്പെടുന്നത്.

വ്യവസായ മേഖലയിലും ഊർജ രംഗത്തുമൊക്കെ ഇത്തരം തലതിരിഞ്ഞ പദ്ധതികൾ തന്നെയാണ് രൂപപ്പെടുന്നത്. കാലഹരണപ്പെട്ട ആണവ റിയാക്ടറുകൾ ഇറക്കുമതി ചെയ്യാനും വലിയതോതിൽ പരിസ്ഥിതി നാശമുണ്ടാക്കുന്ന പദ്ധതികൾ നടപ്പാക്കാനുമൊക്കെ ശ്രമങ്ങൾ നടക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ പൂർണമായി സ്വകാര്യവൽക്കരിച്ച് കച്ചവടം കൊഴുപ്പിക്കുവാനുള്ള ശ്രമം, ഇവയെല്ലാം തന്നെ രാജ്യപുരോഗതി ഇല്ലാതെയാക്കുവാന്‍ മാത്രമേ ഉതകൂ. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടങ്ങൾ പെരുകിയതിൽ തുടങ്ങി, നോട്ടുനിരോധനം, ജിഎസ്‌ടി എന്നീ തുഗ്ലക്ക് പരിഷ്ക്കാരങ്ങളിലൂടെ തകർന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, കോവിഡ് 19ന്റെ വ്യാപനത്തോടെ സന്ദിഗ്ദ്ധമായ ഒരു സാഹചര്യത്തിൽ എത്തിയിരിക്കയാണ്. അങ്ങേയറ്റം അവധാനതയോടെ സാഹചര്യങ്ങൾ വിലയിരുത്തി അതീവ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. അസംഘടിത മേഖലയിലെ അവിദഗ്ദ്ധ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഏതാണ്ട് പൂർണമായി തന്നെ ഇല്ലാതായിരിക്കുന്നു.

ഇന്ത്യയിലെ മൂലധന നിക്ഷേപത്തിന്റെ 85 ശതമാനം കയ്യാളുന്ന വൻകിട വ്യവസായ മേഖല, പ്രത്യേക സാമ്പത്തിക മേഖലകൾ ഇവയെല്ലാം ചേർന്നു രാജ്യത്തെ തൊഴിലവസരങ്ങളുടെ 45 ശതമാനം മാത്രമാണ് നല്കിയിരുന്നത്. എന്നാൽ മൂലധന നിക്ഷേപത്തിന്റെ 15 ശതമാനം മാത്രം വരുന്ന ഗ്രാമീണ കുടിൽ വ്യവസായങ്ങളും ചെറുകിട വ്യവസായ മേഖലയും ചേർന്ന് തൊഴിലവസരങ്ങളുടെ 55 ശതമാനം നല്കിയിരുന്നു. രാജ്യത്ത് 2007–2008സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 133.67 ലക്ഷം ചെറുകിട, കുടിൽ വ്യവസായ യൂണിറ്റുകൾ ചേർന്ന് 322 ലക്ഷം തൊഴിലവസരങ്ങളും 6,95,126 കോടിയുടെ ഉല്പാദനവും അതിൽ തന്നെ 1,81,426 കോടി രൂപയുടെ കയറ്റുമതിയും സാധ്യമാക്കിയിരുന്നു എന്ന വസ്തുത ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കോർപറേറ് ദല്ലാളന്മാരുടെ ലാപ്‌ടോപ്പ് കണക്കുകളിൽ കാണാൻ സാധ്യതയില്ല.

കാർഷിക മേഖല, ക്ഷീരമേഖല, ചെറുകിട കുടിൽ വ്യവസായങ്ങൾ ഇവയാണ് ഇന്ത്യൻ ജനതയുടെ ജീവവായു എന്നത് ഒരു വസ്തുത മാത്രമാണ്. എന്നാൽ ഇന്ന് ഫിനാൻസ് മൂലധനത്തിന്റെ ഉടമസ്ഥരായ ഏതാനും വ്യക്തികളിലേക്ക് രാജ്യത്തിന്റെ സമ്പത്തു മുഴുവൻ കേന്ദ്രീകരിക്കുന്നതാണ് നാം കാണുന്നത്. 18-ാം നൂറ്റാണ്ടിലെ കോളനിവൽക്കരണത്തിന്റെ അതേ പാതയിലാണ് ഇന്ന് ലോക കോർപറേറ്റുകൾ വികസ്വര രാജ്യങ്ങളെ കൊള്ളയടിക്കുന്നത്. സഖാവ് സ്റ്റാലിൻ ചൂണ്ടിക്കാണിച്ചത് പോലെ ‘കോളനികളെയും മറ്റു പിന്നാക്ക രാജ്യങ്ങളെയും അടിമപ്പെടുത്തുകയും മുറയ്ക്ക് കൊള്ളയടിക്കുകയും ചെയ്യുക, ഒട്ടനവധി സ്വതന്ത്ര രാജ്യങ്ങളെ ആശ്രിത രാജ്യങ്ങളാക്കി മാറ്റുക, പുതിയ യുദ്ധങ്ങൾ സംഘടിപ്പിക്കുക ഇവ ആധുനിക മുതലാളിത്തത്തിന്റെ പ്രമാണിമാർക്ക് പരമാവധി ലാഭം പിഴിഞ്ഞെടുക്കാൻ ഏറ്റവും പറ്റിയ ബിസിനസാണ്’ (സോവിയറ്റ് സോഷ്യലിസത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ).

ഭൂരിപക്ഷം ജനതയെയും കൊള്ളയടിച്ച്, അവരെ നിസ്വരാക്കിക്കൊണ്ടാണ് ഫിനാൻസ് മൂലധനം വളരുന്നത്. ഈ വളർച്ചക്ക് വിരാമമിടാൻ ഇന്ത്യയിലെ ആറര ലക്ഷത്തിലധികം വരുന്ന ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അതിനായി നിർധനരായ മനുഷ്യർക്ക് മേൽ കടത്തിന്റെ നുകം വച്ചുകെട്ടുന്ന പൊങ്ങച്ചത്തിനു മാത്രമുതകുന്ന പദ്ധതികൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ പരിപ്രേക്ഷ്യം രൂപപ്പെടുത്തുവാനുള്ള ശരിയായ ദിശയിലുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, മാന്യമായ തൊഴിൽ എന്നിവ ലഭ്യമാക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുവാനാവണം ഇന്ന് സർക്കാരുകൾ പ്രഥമ പരിഗണന നൽകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.