മലബാർ കലാപങ്ങൾ

കെ ദിലീപ്

നമുക്ക് ചുറ്റും

Posted on July 07, 2020, 5:30 am

കെ ദിലീപ്

സാമൂതിരിയുടെ രാജ്യത്തിൽ ഉൾപ്പെട്ട ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിൽ 1792 മുതൽ 1921 വരെയുള്ള കാലഘട്ടത്തിൽ കുടിയാന്മാർ ജന്മിമാർക്കും അവരെ പിന്തുണച്ച ബ്രിട്ടീഷ് സർക്കാരിനുമെതിരെ നടത്തിയ 830ലധികം കലാപങ്ങളിലെ ഏറ്റവും അവസാനത്തെ കലാപമാണ് 1921 ലെ മലബാർ കലാപം. മലബാർ കലാപങ്ങളിലെ ഏറ്റവും രൂക്ഷമായ ഈ കലാപം 1921 ഓഗസ്റ്റ് 20നു ആരംഭിച്ച് ഓഗസ്റ്റ് 30 വരെ തുടർന്നു. 1921 ഫെബ്രുവരി 16ന് ഖിലാഫത്ത് സമരപ്രചരണത്തിനായി ഏറനാട്ടിലെത്തിയ കെ മാധവൻ നായർ, ഗോപാലമേനോൻ,മൊയ്തീൻ കോയ എന്നീ സ്വാതന്ത്ര്യ സമര സേനാനികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ആറു മാസം ജയിൽശിക്ഷ അനുഭവിച്ച് ഓഗസ്റ്റ് 17 ന് പുറത്തിറങ്ങിയ ഈ നേതാക്കൾക്കു കോഴിക്കോട് വച്ച് വിപുലമായ ഒരു സ്വീകരണ യോഗം മലബാർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.

മലബാറിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഇതിനു തിരിച്ചടി നല്കാൻ ഓഗസ്റ്റ് 19 നു കോഴിക്കോട് കളക്ടർ തോമസിന്റെ നേതൃത്വത്തിൽ ഒരു തീവണ്ടി നിറയെ ബ്രിട്ടിഷ് പട്ടാളം റയിൽ മാർഗം പരപ്പനങ്ങാടിയിലിറങ്ങി തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്തു. മറ്റൊരു സംഘം റോഡ് വഴിയും. ഓഗസ്റ്റ് 20 ന് പുലർച്ചെ പള്ളിയിലും, ഖിലാഫത്ത് കമ്മിറ്റി ഓഫീസിലും, ഖിലാഫത്ത് പ്രവർത്തകരുടെ വീടുകളിലും പരിശോധന നടത്തി പലരെയും അറസ്റ്റ് ചെയ്തു. മമ്പറം പള്ളിയിൽ പൊലീസ് കയറി ആളുകളെ അറസ്റ്റ് ചെയ്തു എന്നൊരു വാർത്ത പരന്നു. പെട്ടെന്നുതന്നെ 2000ത്തിലധികം വരുന്ന ജനക്കൂട്ടം തിരൂരങ്ങാടിയിൽ കേന്ദ്രീകരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഈ ജനക്കൂട്ടത്തിനു നേരെ ബ്രിട്ടിഷ് പട്ടാളം നിറയൊഴിച്ചു. വെടിവയ്പ്പിൽ 300ലധികം പേർ മരിച്ചുവീണു. കുറേപ്പേരെ അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിക്കു മുന്നിൽ എത്തിയ ജനങ്ങളും പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലിൽ സെക്കന്റ് ലഫ്റ്റനന്റ് ജോൺസൺ, ഡിവൈഎസ്‌പി റൗലി എന്നീ ബ്രിട്ടീഷുകാരും അനേകം കോൺസ്റ്റബിൾമാരും കൊല്ലപ്പെട്ടു. പിൻവാങ്ങിയ പട്ടാളം ഫറോക്ക് വരെ വഴിനീളെ കണ്ടവരെയെല്ലാം വെടിവച്ചുകൊന്നു.

ഓഗസ്റ്റ് 21 മുതൽ ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിൽ മുഴുവൻ കലാപം വ്യാപിച്ചു. ഓഗസ്റ്റ് 26ന് പൂക്കോട്ടൂരിലും, 30 ന് തിരൂരങ്ങാടിയിലും കലാപകാരികളും പട്ടാളവുമായി അതിരൂക്ഷമായ ഏറ്റുമുട്ടലുകൾ നടന്നു. തിരൂരങ്ങാടിയിൽ കലാപത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആലി മുസലിയാരെയും 37 അനുയായികളെയും പട്ടാളം അറസ്റ്റ് ചെയ്തു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും മറ്റു നേതാക്കളും കീഴടങ്ങി. ഇവരെല്ലാം തന്നെ ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ടു. കലാപത്തിൽ ബ്രിട്ടീഷ് ഭാഗത്ത് കമാന്റർ ഉൾപ്പെടെ 44 സൈനികരും സർക്കാർ അനുകൂലികളും ജന്മിമാരുമുൾപ്പെടെ 800ലധികം പേർ കൊല്ലപ്പെട്ടു. 2000ത്തിലധികം കലാപകാരികൾ കൊല്ലപ്പെടുകയും 50,000ത്തിലേറെ പേർ ജയിലിലടയ്ക്കപ്പെടുകയും അത്രതന്നെ ആളുകൾ നാട് കടത്തപ്പെടുകയും, 10,000ത്തോളം പേരെ കാണാതാവുകയും ചെയ്തു.

ബ്രിട്ടീഷുകാർ ജാലിയൻവാലാബാഗിൽ നടത്തിയ കൂട്ടക്കുരുതികൾക്ക് സമാനമായ സംഭവങ്ങളാണ് മലബാർ കലാപത്തിലും നടന്നത്. 1921 നവംബർ 17ന് 200 ലധികം കലാപകാരികളെ തിരൂരിൽ നിന്നു കോയമ്പത്തൂരേക്ക്, പട്ടാള ഓഫീസറായിരുന്ന ഹിച്ച്കോക്കിന്റെ ഉത്തരവ് പ്രകാരം ഒരു ഗുഡ്സ് വാഗണിൽ കുത്തിനിറച്ച് കൊണ്ടുപോവുകയും വഴിയിൽ ശ്വാസം മുട്ടി അവരിൽ 64 പേർ മരിക്കുകയും ചെയ്തു. ബാക്കി ബോധരഹിതരായി അവശേഷിച്ചവരിൽ 26 പേർ പുറത്തെടുത്ത ശേഷവും മരിച്ചു. മലബാർ കലാപങ്ങളെ വർഗീയവല്ക്കരിക്കുവാനുള്ള ശ്രമം കലാപകാലത്തു തന്നെ ആരംഭിച്ചിരുന്നു. എന്തായിരുന്നു ഒന്നര നൂറ്റാണ്ടു കാലത്തോളം ചെറിയ കലാപങ്ങളായി നീറി പുകഞ്ഞ് 1921ൽ ഒരു വലിയ സ്ഫോടനമായി മാറിയ ഈ കലാപങ്ങൾക്ക് ആധാരമായ വസ്തുതകൾ? 1792 ലാണ് മലബാർ ബ്രിട്ടിഷ് അധീനതയിൽ വരുന്നത്. അതിനു മുമ്പുള്ള കാലഘട്ടത്തിൽ വിവിധ നാടുവാഴികളുടെ, പ്രധാനമായും സാമൂതിരിയുടെ രാജ്യമായിരുന്നു തെക്കേ മലബാർ.

1761 ൽ മൈസൂർ പടത്തലവൻ ഹെദരാലി സാമൂതിരിയെ തോല്പിച്ച് മലബാർ അധീനത്തിലാക്കിയ ശേഷം 1766 മുതൽ 1790 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന്റെയും പുത്രൻ ടിപ്പുവിന്റെയും അധീനതയിലായിരുന്നു തിരുവിതാംകൂർ ഒഴികെയുള്ള കേരളത്തിലെ മറ്റു നാട്ടുരാജ്യങ്ങൾ. എന്നാൽ മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ പരാജിതനായ ടിപ്പുവിനു 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ അടക്കമുള്ള പ്രദേശങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വിട്ടുകൊടുക്കേണ്ടതായി വന്നു ഹൈദറിന്റെയും ടിപ്പുവിന്റെയും ഭരണകാലത്ത് (1766–1790) മലബാറിലെ നാട്ടുരാജാക്കൻമാരും ബ്രാഹ്മണരും ജന്മിമാരും തിരുവിതാംകൂറിലേക്ക് പലായനം ചെയ്തിരുന്നു.

മെെസൂർ ഭരണം ഭൂമി നേരിട്ട് കർഷകർക്ക് പാട്ടത്തിനു നല്കി ഭൂനികുതിയും കാർഷികോല്പന്നങ്ങൾക്ക് നികുതിയും ഏർപ്പെടുത്തി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടെ മെെസൂർ പടയോട്ട കാലത്ത് നാടുവിട്ട നാട്ടുരാജാക്കന്മാരും ജന്മിമാരും തിരിച്ചെത്തി, ബ്രിട്ടിഷ് അധികാരികളുടെ സഹായത്തോടെ കൃഷിഭൂമി ഒഴിപ്പിച്ചെടുക്കാൻ ശ്രമങ്ങൾ ശക്തമാക്കി. ബ്രിട്ടീഷുകാരാവട്ടെ ഭൂനികുതി ക്രമാതീതമായി ഉയർത്തി കർഷകരുടെ ജീവിതം ദുഃസഹമാക്കി. അതിനാൽ 1800 നും 1805 നും ഇടയിൽ നിരന്തരമായ ലഹളകൾ നടന്നു. 1836, 1843, 1844, 1849, 1851, 1896 വര്‍ഷങ്ങളിലെല്ലാം വലുതും ചെറുതുമായ ലഹളകൾ നടന്നു. 1849 ലെ മഞ്ചേരി കലാപം ഈ കലാപങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. ഹസ്സൻ മൊയ്തീൻ ഗുരുക്കളുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് അധികാരികൾ അടിച്ചേൽപിക്കുന്ന അന്യായമായ നികുതി നല്കില്ല എന്നു തീരുമാനിച്ചുകൊണ്ടായിരുന്നു കർഷകരുടെ കലാപം.

ഈ കലാപങ്ങളെല്ലാം ജന്മിമാരുടെയും അവരുടെ പിണിയാളുകളുടെയും സഹായത്തോടെ അധികാരികൾ അടിച്ചമർത്തി. കുടിയാന്മാരുടെ ഇത്തരം ചെറുത്തുനില്പ് നേരിടാൻ മലബാർ മുസ്‌ലിം ഔട്ട് റേജസ് ആക്ട് എന്നൊരു നിയമം പോലുമുണ്ടായിരുന്നു. ഒരു ഭാഗത്ത് സർക്കാരും ജന്മിമാരും മറുഭാഗത്ത് പാവപ്പെട്ട കർഷകരും. കർഷകരിൽ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽ പെട്ടവരും. ഇതേ കാലഘട്ടത്തിൽ തന്നെ കുടിയായ്മ കർഷകർക്ക് കൃഷിഭൂമിയിൽ അവകാശം ലഭിക്കാനായുള്ള പ്രക്ഷോഭങ്ങൾ മലബാറിലാകെ ഉയർന്നുവന്നു. 1880കളിൽ ആരംഭിച്ച പ്രക്ഷോഭങ്ങൾക്ക് ഒരു ഏകീകൃത രൂപമുണ്ടാവുന്നത് 1920ൽ കുടിയാൻ സംഘം രൂപീകരിച്ചത്തോടെയാണ്. എം പി നാരായണ മേനോൻ, കെ എ കേരളീയൻ, കട്ടിലശ്ശേരി മുഹമ്മദ് മുസലിയാർ തുടങ്ങിയവർ കുടിയാൻ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരാണ്.

കോൺഗ്രസ് സമ്മേളനങ്ങളിൽ ഭൂപരിഷ്കരണം സംബന്ധിച്ച പ്രമേയങ്ങൾ ജന്മിമാർ സംഘടിതമായി എതിർത്തു. 1919ൽ മഞ്ചേരിയിൽ ചേർന്ന അഖില മലബാർ കോൺഗ്രസ് സമ്മേളനത്തിൽ ഭൂമി തങ്ങളുടേതാണെന്ന് ജന്മിമാരും അല്ലെന്ന് കുടിയാന്മാരും വാദിച്ചു. എന്നാൽ ജന്മാവകാശത്തെ അംഗീകരിക്കുവാൻ 1300ലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം തയ്യാറായില്ല. ജന്മിമാർ യോഗം ബഹിഷ്ക്കരിച്ചു. ഇത്തരത്തിൽ ദീർഘമായ ഒരു കാലഘട്ടത്തിൽ കൃഷിഭൂമിക്കായുള്ള അവകാശത്തെ ചൊല്ലി ജന്മിമാരും കർഷകരും തമ്മിൽ നടന്ന തർക്കങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പരിസമാപ്തിയാണ് 1921 ലെ മലബാർ കലാപം. ഖിലാഫത്ത് പ്രസ്ഥാനം അതിനു വഴിമരുന്നായി മാറി എന്നു മാത്രം. 1920ൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ നിന്നുള്ള മാപ്പിള കർഷകരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റി രൂപീകൃതമായത് 1921 ജനുവരി 30 നു മാത്രമായിരുന്നു.

സമാധാനപരമായ സത്യഗ്രഹ മാർഗത്തിലൂടെയുള്ള ഖിലാഫത്ത് സമരം രക്തരൂക്ഷിതമായ മലബാർ കലാപമായി മാറിയതിനുള്ള പ്രത്യക്ഷ കാരണം 1921 ഓഗസ്റ്റ് 20ന് യാതൊരു പ്രകോപനവുമില്ലാതെ തിരൂരങ്ങാടിയിൽ ബ്രിട്ടിഷ് സൈന്യം നടത്തിയ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായ, 300ലധികം ജനങ്ങൾ മരിച്ചു വീണ വെടിവയ്പ്പാണ്. സാമൂഹ്യ, രാഷ്ട്രീയ നേതാക്കൾക്ക് സമാധാന പ്രവർത്തനം നടത്താൻ അനുവാദം നല്കാതെ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കർഷകർക്കെതിരെ ആക്രമണമഴിച്ചുവിട്ട ബ്രിട്ടിഷ് പട്ടാളമാണ് രൂക്ഷമായ കലാപത്തിനു വഴിയൊരുക്കിയത്.

മലബാർ പ്രവിശ്യയുടെ കളക്ടറും പിന്നീടു് തിരുവിതാംകൂർ കൊച്ചി റസിഡൻറുമായിരുന്ന എ മാക്ഗ്രിഗർ 1873 ലെ കുളത്തുർ കലാപത്തെക്കുറിച്ച് ലഭിച്ച റിപ്പോർട്ടിൽ ഇങ്ങനെ എഴുതി ‘ഒന്നാമതായി മലബാർ മാപ്പിളമാരുടെ അതിക്രമങ്ങളെ സംബന്ധിച്ചിടത്തോളം അവ അടിസ്ഥാനപരമായി കാർഷിക സ്വഭാവമുള്ളതാണെന്ന് പൂർണമായി ബോധ്യപ്പെട്ടിരിക്കുന്നു. ഭൂവുടമ വർഗങ്ങളുടെ ഭീകരപ്രവർത്തനങ്ങൾ നേരിടാനുളള ഉപാധി മാത്രമാണ് മാപ്പിളമാരുടെ ഭ്രാന്തൻ ചെയ്തികൾ’ ഈ വിലയിരുത്തൽ 1921 ലെ കലാപത്തെ സംബന്ധിച്ചിടത്തോളവും വാസ്തവമാണ്.